Image

പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഐപാക്‌ നിവേദനം നല്‍കും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 26 November, 2011
പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഐപാക്‌  നിവേദനം നല്‍കും
ന്യൂയോര്‍ക്ക്‌: IPAC വെബ്‌സൈറ്റ്‌ www.pravasiaction.com ലൂടെ പ്രചരിപ്പിച്ചിരിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളും പരാതികളുമടങ്ങിയ നിവേദനം ഒരു ലക്ഷം വോട്ടോടുകൂടി 2012 ജനുവരി 7 ന്‌ ജയ്‌പൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തില്‍ വെച്ച്‌ ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രതിഭാ പാട്ടീലിനും, പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനും, വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണക്കും, കൈമാറുമെന്ന്‌ IPAC കോണ്‍സുലര്‍ അഫയേഴ്‌സ്‌ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ തോമസ്‌ ടി. ഉമ്മനും ഡോ. ശ്രീധര്‍ കാവിലും ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ഇതിനോടകം തന്നെ പ്രവാസികളുടെ 14 ആവശ്യങ്ങളടങ്ങിയ നിവേദനം ബഹു. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനും ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിനും നല്‍കിയിട്ടുണ്ട്‌. അവയില്‍ 5 ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി ഉറപ്പു നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ശേഷിക്കുന്ന ആവശ്യങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനാണ്‌?IPAC പ്രതിനിധി സംഘം ലക്ഷ്യമിടുന്നത്‌.

പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ ഫീസ്‌ നിര്‍ത്തലാക്കുക, ഓ.സി.ഐ. കാര്‍ഡില്‍ കാലോചിതമായ പരിഷ്‌ക്കാരം വരുത്തുക, കോണ്‍സുലേറ്ററുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കോണ്‍സുലേറ്റുകളിലെ ടെലഫോണ്‍/ഇ-മെയില്‍ സംവിധാനം മെച്ചപ്പെടുത്തി ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനുള്ള സൗകര്യമൊരുക്കുക, പ്രവാസികള്‍ക്ക്‌ ദോഷകരമായി ഭവിക്കാവുന്ന ഇരട്ട നികുതി സമ്പ്രദായം പിന്‍വലിക്കുക, പ്രവാസികളുടെ സ്വത്തിനും സമ്പത്തിനും സംരക്ഷണം നല്‍കുന്ന നിയമം കൊണ്ടുവരിക എന്നിവയാണ്‌?IPAC മുന്നോട്ടു വെച്ചിരിക്കുന്ന ആവശ്യങ്ങള്‍.

പ്രവാസികളുടെ ന്യായമായ ഈ ആവശ്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ ഐക്യമാണ്‌ പ്രധാന ഘടകം. ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ അഥവാ IPAC ന്റെ മുഖ്യ ലക്ഷ്യവും പൊതുജനസേവനമാണ്‌. വ്യക്തിപരമായി നിങ്ങള്‍ക്ക്‌ പ്രശ്‌നങ്ങളില്ലാതിരിക്കാം. പക്ഷെ, നിരവധി പേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ ചൂഷണങ്ങള്‍ക്ക്‌ വിധേയരാകുന്ന കാഴ്‌ചയാണ്‌ നാം നിത്യവും കാണുന്നത്‌. കാലങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ നാം ഒറ്റക്കെട്ടായി പൊരുതിയാലേ നമുക്ക്‌ അര്‍ഹതപ്പെട്ടവ നേടിയെടുക്കാന്‍ കഴിയൂ.

IPAC ന്റെ വെബ്‌സൈറ്റില്‍ നിങ്ങളുടെ പരാതികള്‍, കോണ്‍സുലേറ്റുകളില്‍ നിങ്ങള്‍ നേരിട്ട തിക്താനുഭവങ്ങള്‍, ഉദ്യോഗസ്ഥരുടെ മര്യാദയില്ലാത്ത പെരുമാറ്റം എന്നിവ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്‌. അതോടൊപ്പം, നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്‌. ഈ വോട്ടുകളും പരാതികളുമാണ്‌ IPAC ന്റെ ശക്തി.

ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവുമായുള്ളIPAC പ്രതിനിധികളുടെ കൂടിക്കാഴ്‌ചയില്‍ ഈ പരാതികള്‍ക്കും വോട്ടുകള്‍ക്കുമാണ്‌ ഏറെ പ്രാധാന്യം. അതുകൊണ്ട്‌ എല്ലാവരും www.pravasiaction.com സന്ദര്‍ശിച്ച്‌ വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഐപാക്‌  നിവേദനം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക