Image

പാനലില്ലാതെയും വിജയിക്കാമെന്നു തെളിയിച്ച് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍

Published on 10 July, 2014
പാനലില്ലാതെയും വിജയിക്കാമെന്നു തെളിയിച്ച് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍
ഇലക്ഷന്‍ സമയത്തുണ്ടാകുന്ന പാനലുകളും പാനലുകളുടെ അകമ്പടിയില്‍ സജീവമാകുന്ന ഗ്രൂപ്പിസവും വന്‍ പതനത്തിലേക്കു നയിച്ച ഫൊക്കാനയുടെ ചരിത്രത്തില്‍ നിന്നു പാഠം ഉള്‍കൊണ്ടാണ് താന്‍ തന്റെ തിരഞ്ഞെടുപ്പു ക്രമീകരണങ്ങള്‍ നടത്തിയതെന്ന് ഫോമയുടെ തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍ പ്രസ്താവിച്ചു. സാധാരണജനങ്ങളുടെയിടയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച പരിചയവും, തിരഞ്ഞെടുക്കപ്പെട്ടാല്‍ ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവുണ്ടെങ്കില്‍ അതംഗീകരിക്കാനും, തിരഞ്ഞെടുക്കാനും ജനങ്ങള്‍ തയ്യാറാണെന്നും തെളിയിക്കുകയായിരുന്നു ലക്ഷ്യം. പൂര്‍ണ്ണമായും സ്വാതന്ത്രമായി മല്‍സരിക്കുമ്പോഴുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പാനലില്‍ ഉള്‍പ്പെടുന്നതാണ്. ഏതുവിധേനയും ഇത് സംഭവിക്കാതെ നോക്കുകയായിരുന്ന തന്റെ ഏറ്റവും വലിയ കടമ്പ. രണ്ടു പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളോടും തനിക്ക് നല്ല പരിചയവും, ബന്ധവും ഉണ്ടായിരുന്നു. വൈസ് പ്രസഡന്റ് സ്ഥാനത്തേക്ക് ആരെയും അവര്‍ നിര്‍ദ്ദേശിക്കുകയില്ല എന്ന ഉറപ്പ്  രണ്ടു പേരോടും താന്‍ നേടി. രണ്ടുപേരും ആ വാക്ക് പാലിക്കുകയും ചെയ്തു. ഇതിന് തനിക്ക് അവരോടുള്ള അകൈതവമായ കടപ്പാട് വില്‍സണ്‍ അറിയിച്ചു.
ഫോമക്കു വേണ്ടിയും, വാഷിംഗ്ടണ്‍ ബാള്‍ട്ടിമോര്‍ കമ്മ്യൂണിറ്റിയിലും താന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് വാഷിംഗ്ടണ്‍ ബാള്‍ട്ടിമൂര്‍ കമ്മ്യൂണിറ്റി ഫെബ്രുവരിയില്‍ തന്നെ നിര്‍ദ്ദേശിച്ചത്. ഒരു ഇലക്ഷന്‍ ഉണ്ടാവില്ല എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഇത്ര കഠിനമായ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഞങ്ങളാരും തയ്യാറുമായിരുന്നില്ല. എന്നാല്‍ രണ്ടു മാസത്തിനുശേഷം എന്റെ നല്ല സുഹൃത്തായ വിന്‍സെന്റ് ബോസും, പിന്നീട് ഫോമയുടെ സീനിയര്‍ ലീഡറായ കുര്യന്‍ വര്‍ഗ്ഗീസും മല്‍സരരംഗത്തെത്തിയതോടെ സംഗതിയുടെ കിടപ്പു മനസ്സിലായി. പിന്നീടങ്ങോട്ട് കലാലയ രാഷ്ട്രീയത്തില്‍ പയറ്റിയ തന്ത്രങ്ങളും, അവിടെ നിന്നും പഠിച്ച പാഠങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരുഗ്രന്‍ പ്രചാരണമായിരുന്നു. എന്നാലും ജയം മുന്‍വാതിലിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ദേശീയ തലത്തില്‍ ഫോമക്ക് വേണ്ടി അഹോരാത്രം പണിയെടുത്തിട്ടുള്ള വാഷിംഗ്ടണ്‍ ബാള്‍ട്ടിമൂര്‍ മേഖലയിലെ എല്ലാ സീനിയര്‍ നേതാക്കളും അനുദിനം ഒന്നിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുവനേതാക്കളും എനിക്കു വേണ്ടി അരയും, തലയും മുറുക്കി ഗോദായിലിറങ്ങിയപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അതോടൊപ്പം ഫോമ എന്ന സംഘടനക്കു ബീജാവാപം നടത്തിയ നേതാക്കളും തന്റെ കഴിവുകള്‍ അംഗീകരിക്കുന്നുണ്ടെന്നുള്ള അറിവ് തന്റെ മനസ്സിന് ഏറ്റവും ശക്തിപകര്‍ന്ന അനുഭവമായി. ഇത്രയൊക്കെയായപ്പോള്‍ നേര്‍ക്കുനേരുള്ള ഒരു പോരാട്ടത്തില്‍ ജയിക്കാമെന്ന് ഏതാണ്ടുറപ്പിച്ചു.
കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ സംഭവിക്കാവുന്ന വോട്ടുമറിക്കലും, ഡീല്‍ ഉണ്ടാക്കലും നടക്കാതെ നോക്കുന്നതിന് ഏറ്റവും ശക്തമായ ഒരു തിരഞ്ഞെടുപ്പു പ്രചാരണ പരിപാടി ഞങ്ങളാവിഷ്‌ക്കരിച്ചു. ഡെലിഗേറ്റ്‌സ് പലരും വരുന്നത് സ്ഥാപിത താല്‍പര്യങ്ങളോടെയാണെങ്കിലും, അവരും നല്ല മനുഷ്യരാണെന്നും നല്ല പ്രവര്‍ത്തനങ്ങളും, പുതിയ പദ്ധതികളും അവരുടെ മനസ്സിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ എല്ലാവരുടെ വോട്ടും കിട്ടാല്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കാവുമെന്നും ഞങ്ങളുറച്ചു വിശ്വസിച്ചു. കുടുംബ-സുഹൃത്ത് ബന്ധങ്ങള്‍ പ്രധാനമാണെങ്കിലും, അതിലും പ്രധാനം സംഘടനയാണെന്നുള്ള ഒരു സന്ദേശവും ഞങ്ങളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിലൂടനീളമുണ്ടായിരുന്നു. പ്രയാത്തിലും, ഫൊക്കാന-ഫോമ കണ്‍വെന്‍ഷന്‍ പരിചയത്തിന്റെ കാര്യത്തിലും, അമേരിക്കയിലും കുടുംബാംഗങ്ങളുടെ എണ്ണത്തിലും തന്റെ ബഹുദൂരം മുന്നിലുള്ള എതിരാളികളോടേറ്റു മുട്ടാന്‍ തനിയ്ക്കുള്ളത് പ്രവര്‍ത്തന പരിചയവുമായിരുന്നു കാരണം. ആ സമീപനം വിജയിച്ചു എന്നുള്ളതില്‍ വളരെയധികം സന്തോഷവും, അഭിമാനവുമുണ്ട്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ നല്ല പരിചയമുള്ള തന്റെ ഭാര്യ ആശയെയും തിരഞ്ഞെടുപ്പു പ്രചാരണത്തിനിറക്കിയത് വളരെയധികം സഹായിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് ജനങ്ങളെ അറിയിക്കുവാനും ഇതു വഴി സാധിച്ചു. വാഷിംഗ്ടണ്‍ ബാള്‍ട്ടിമോര്‍ റീജിയണില്‍ നിന്നുള്ള പ്രതിനിധികള്‍ നടത്തിയ അവിസ്മരണീയ തിരഞ്ഞെടുപ്പു പ്രചാരണം തന്റെ കണ്ണുകളെ അക്ഷരാര്‍ത്ഥത്തില്‍ ഈറനണിയിച്ചു. തന്നോടു ഇത്രമാത്രം സ്‌നേഹവും, തന്നില്‍ ഇത്രമാത്രം പ്രതീക്ഷകളും ഇവര്‍ക്കെല്ലാമുണ്ടെന്നത് തന്നെ കൂടുതല്‍ കര്‍മ്മനിരനാക്കുന്നു. വളരെയധികം കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പ്രസിഡന്റ് ആനന്ദന്‍ നിരവേലിന്റെ വരുന്ന രണ്ടു വര്‍ഷങ്ങള്‍, മറ്റുള്ള കമ്മറ്റി അംഗങ്ങളോടൊപ്പം അദ്ദേഹത്തിന്റെ വലംകൈയ്യായി നിന്ന് ഫോമാ ചരിത്രത്തിലെ ഏറ്റവും നല്ല രണ്ടു വര്‍ഷങ്ങളാക്കണമെന്നാണ് ആഗ്രഹം. അതിന് വേണ്ട എല്ലാ സഹായങ്ങളും അമേരിക്കന്‍ മലയാളി സമൂഹം ഞങ്ങള്‍ക്ക് തരുമെന്ന് ഉറപ്പുണ്ട്. അതിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


പാനലില്ലാതെയും വിജയിക്കാമെന്നു തെളിയിച്ച് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക