Image

തൊമ്മന്‍കുത്തിന്റെ വശ്യതയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 26: ജോര്‍ജ്‌ തുമ്പയില്‍)

Published on 12 July, 2014
തൊമ്മന്‍കുത്തിന്റെ വശ്യതയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 26: ജോര്‍ജ്‌ തുമ്പയില്‍)
അതൊരു ഡിസംബര്‍ മാസമായിരുന്നു. ക്രിസ്‌മസിന്‌ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്‌. ഞാനും സുഹൃത്ത്‌ ജോസ്‌ മുണ്ടന്‍ചിറയും കൂടി ഒരുമിച്ചായിരുന്നു അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്‌. ജോസും ഭാര്യ സരോ, മക്കളായ ലൊറെയ്‌നും മാത്യുവും കേരളത്തില്‍ തൊടുപുഴയിലായിരുന്നു താമസം. നാട്ടിലേക്ക്‌ പോകുന്നതിനു മുന്‍പേ ഞങ്ങള്‍ തൊടുപുഴയില്‍ ജോസിന്റെ വീട്ടിലെത്തുന്ന കാര്യവും തൊമ്മന്‍കുത്തിലേക്ക്‌ യാത്ര പോകുന്ന കാര്യവും തീരുമാനിച്ചിരുന്നു.

തൊമ്മന്‍കുത്തിലേക്കുള്ള യാത്ര ഏറെ രസകരമായിരുന്നു. ജോസിന്റെ വീട്ടിലേക്ക്‌ ഞാനും കുടുംബവും നടത്തിയ യാത്രയാണ്‌ ഈ സുന്ദരസുരഭില ദേശത്ത്‌ ഞങ്ങളെ എത്തിച്ചത്‌. തൊടുപുഴയില്‍ നാഗപ്പുഴയിലാണ്‌ ജോസിന്റെ വീട്‌. ഉച്ചയോടു കൂടി ചെല്ലുമെന്ന്‌ അറിയിച്ചിരുന്നതു കൊണ്ട്‌ ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിരുന്നു. നല്ല നാടന്‍ കോഴിക്കറി. അതും വറുത്തരച്ച്‌ കുരുമുളകു പൊടിയൊക്കെ തൂവി ഗംഭീരമായി തന്നെ ജോസിന്റെ അമ്മ, പേരമ്മ (ഞങ്ങള്‍ പേരമ്മയെന്നായിരുന്നു ജോസിന്റെ അമ്മയെ വിളിച്ചിരുന്നത്‌. പേരമ്മ ഇപ്പോഴില്ല) വിളമ്പി തന്നു. നേരത്തെ, ഞങ്ങള്‍ ന്യൂവാര്‍ക്കില്‍ താമസിക്കുന്ന സമയത്ത്‌ പേരമ്മയുമായി വളരെ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്നതാണ്‌. പേരമ്മയുടെ സ്‌നേഹവും വാത്സല്യവും ഏറെ അനുഭവിച്ചിരുന്നതിനാല്‍ തൊടുപുഴയില്‍ ജോസിന്റെ വീട്ടില്‍ വച്ചു വിളമ്പി തന്നെ ഭക്ഷണത്തിന്‌ പതിവിലുമേറെ രുചികരമായി അനുഭവപ്പെട്ടു. അതിഥികളെ മനസ്സറിഞ്ഞു സത്‌ക്കരിക്കാനുള്ള പേരമ്മയുടെ മനസ്സും മുന്‍പേ ഞങ്ങള്‍ക്ക്‌ അറിയാമായിരുന്നു.. വയറും ഞങ്ങളുടെ മനസ്സും നിറഞ്ഞു തന്നെ നിന്നുവെന്നതാണ്‌ സത്യം.. എല്ലു കപ്പയായിരുന്നു പേരമ്മയുടെ മെനു. (എല്ല്‌ കപ്പ എന്നോര്‍ത്തു ഞെട്ടണ്ട, പച്ചക്കപ്പയും ബീഫും ചേര്‍ത്ത്‌ ഹൈറേഞ്ച്‌ കത്തോലിക്കര്‍ തയ്യാറാക്കുന്ന സ്‌പെഷ്യല്‍ ഫുഡ്‌ ഐറ്റമാണിത്‌) ഭക്ഷണം കുശാലായി എന്നു വേണം പറയാന്‍. നാഗപ്പുഴ, കല്ലൂര്‍കാട്‌, തഴുവംകുന്ന്‌ എന്നീ ചുറ്റുവട്ടത്തൊക്കെ ഞങ്ങള്‍ക്ക്‌ കൂടി പരിചയമുള്ള ജോസിന്റെ ബന്ധുമിത്രാദികളാണ്‌ താമസിക്കുന്നത്‌. അവിടെ നിന്നുള്ള കത്തോലിക്ക ബിഷപ്പായ തോട്ടുമാരിക്കല്‍ പിതാവിന്റെ ജാബുവ രൂപതയ്‌ക്ക്‌ വേണ്ടി ഫണ്ട്‌ ശേഖരണത്തിന്‌ ഗായകന്‍ ബിനോയ്‌ ചാക്കോയുടെ ഭക്തി ഗാനമേള ന്യൂജേഴ്‌സിയില്‍ നടത്തിയ കാര്യവും ഞങ്ങള്‍ അയവിറക്കി. ജോസിന്റെ പറമ്പിലൊക്കെ നല്ല കാര്‍ഷികവിളകളൊക്കെ തല ഉയര്‍ത്തി നില്‍ക്കുന്നു. ദൂരെ പാറക്കെട്ടുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന നല്ല പ്രകൃതി ദൃശ്യം, ജോസിന്റെ വീടിന്റെ സിറ്റൗട്ടില്‍ ഇരുന്നാല്‍ കാണാം. ജോസിന്റെ പറമ്പിലൂടെ നാണം കുണുങ്ങിയെ പോലെ കിണുങ്ങിയൊഴുകുന്ന കൊച്ചു പളുങ്കരുവിയുടെ സ്വരവും കാതില്‍ തത്തിക്കളിച്ചു നിന്നു.

അങ്ങനെ, ഞങ്ങള്‍ ഭക്ഷണാനന്തരം തൊമ്മന്‍കുത്തിലേക്ക്‌ പുറപ്പെടാനൊരുങ്ങി. ഞങ്ങളുടെ വാഹനമോടിച്ചിരുന്നത്‌ സന്തതസഹചാരി പാമ്പാടിക്കാരന്‍ ബിജുവായിരുന്നു. ബിജുവാണ്‌ ഡ്രൈവിങ്‌ സീറ്റിലെങ്കില്‍, സീറ്റ്‌ ബല്‍റ്റിനോളം സുരക്ഷിതത്വമാണ്‌ അനുഭവപ്പെടുക. ഇന്നോവയിലായിരുന്നു യാത്ര. നല്ല യാത്ര സുഖമുള്ള വണ്ടി. വളവുകളും തിരിവുകളൊന്നും അറിയുന്നതേയില്ലെന്ന്‌ ജോസിന്റെ ഭാര്യ സരോയുടെ കമന്റ്‌. മൈലേജ്‌ അല്‍പ്പം വീക്കാണെങ്കിലും ദൂരയാത്രയ്‌ക്കും പ്രത്യേകിച്ച്‌ ഹൈറേഞ്ച്‌ യാത്രകള്‍ക്കും പറ്റിയ വണ്ടിയാണിതെന്ന്‌ ജോസിന്റെ അകമ്പടി മറുപടി.

അന്തരീക്ഷം അല്‍പ്പം കനത്തു നിന്നു. തനതു പ്രകൃതിയുടെ ഇത്തിരി ഊര്‍ജശ്വാസം ശ്വസിക്കാമെന്നു കരുതി ഗ്ലാസ്സ്‌ അല്‍പ്പം മാറ്റിയെങ്കിലും തണുത്ത കാറ്റ്‌ അകത്തേക്ക്‌ അടിച്ച്‌ കയറിയതോടെ ആ ഉദ്യമം വേണ്ടെന്നു വച്ചു. അന്തരീക്ഷത്തിന്‌ നല്ല തണുപ്പ്‌ ഫീല്‍ ചെയ്യുന്നുണ്ട്‌. ഡിസംബര്‍ മാസത്തെ മഞ്ഞ്‌ ഒന്ന്‌ മാറി നിന്നിട്ടേയുള്ളു. സഞ്ചാരികള്‍ ഏറെ പേരും എറണാകുളത്തു നിന്നും കോട്ടയത്തു നിന്നുമാണ്‌ ഇവിടേക്ക്‌ വരുന്നതെന്നു ജോസ്‌ പറഞ്ഞു. വണ്‍ഡേ ടൂര്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക്‌ വിശ്രമിക്കാനും റിലാക്‌സ്‌ ചെയ്യാനും പറ്റിയ സ്ഥലമാണിത്‌. കാടിനുള്ളിലൂടെ ട്രക്കിങ്ങിനുള്ള സൗകര്യവും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ടത്രേ.

തൊമ്മന്‍കുത്ത്‌ വെള്ളച്ചാട്ടത്തില്‍ നിന്നും അല്‍പ്പം അകലെയായി വണ്ടി നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. വെള്ളച്ചാട്ടത്തിന്‌ ഇരമ്പം നന്നായി തന്നെ മുഴങ്ങുന്നുണ്ട്‌. നല്ല പ്രകൃതി സുന്ദരമായ സ്ഥലം. കാടിന്റെ വന്യത മുഴക്കി കൊണ്ട്‌ ചീവീടുകളുടെ ഇളം നാദത്താല്‍ അവിടെങ്ങും മുഖരിതമായിരുന്നു. ഇവിടം പണ്ട്‌ ദേവസുന്ദരികളുടെ കുളിക്കടവായിരുന്നെന്നാണു്‌ പ്രാദേശികമായി പ്രചാരമുള്ള ഐതിഹ്യമെന്നു ജോസ്‌ പറഞ്ഞു. വനംവകുപ്പിന്റെ കവാടം മറികടന്ന്‌ ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ കരയിലേക്ക്‌ നടന്നു. 20 രൂപയുടെ ഒരു പാസ്‌ എടുക്കണമെന്ന്‌ ഞങ്ങളെ തടഞ്ഞ്‌ ഒരു ഗാര്‍ഡ്‌ പറഞ്ഞു. ഇരുപതെങ്കില്‍ ഇരുപത്‌, എന്നാല്‍ എന്തിനാണ്‌ ഈ പൈസ കൊടുത്തതെന്ന്‌ ഞങ്ങള്‍ക്ക്‌ പിടികിട്ടിയില്ലെന്നത്‌ വേറെ കാര്യം. പ്രകൃതി ഒരുക്കിയ സൗന്ദര്യം നുകരാന്‍ ഇരുപതു രൂപയോ.. മുന്‍പ്‌ വാഗമണ്ണിലും ഇതു തന്നെ കണ്ടു. വെറെയും സന്ദര്‍ശകര്‍ അവിടെയുണ്ടായിരുന്നു. നല്ല സുന്ദരമായ കാഴ്‌ച. വേനല്‍ തുടങ്ങാന്‍ പോകുന്നതിന്റെ സൂചനകള്‍ കാണാമായിരുന്നുവെങ്കിലും വെള്ളച്ചാട്ടത്തില്‍ വെള്ളത്തിന്‌ തെല്ലും കുറവുണ്ടായിരുന്നില്ല. ഘനഗാംഭീര്യത്തോടെയാണ്‌ വെള്ളം പതഞ്ഞൊഴുകി വരുന്നത്‌.

ഇതിനുപുറമേ, ഏഴുനിലക്കുത്ത്‌ എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി സമീപപ്രദേശത്തു തന്നെയുണ്ട്‌. ഇവയ്‌ക്കിടയിലുള്ള പ്രവാഹപാതയില്‍ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്‌. ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാല്‍ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം. വേനല്‍ക്കാലത്ത്‌ ഇവിടം ട്രക്കിങ്ങ്‌ നടത്തുന്നതിന്‌ വളരെ അനുയോജ്യമാണെന്ന്‌ ജോസ്‌ പറഞ്ഞു. മഴക്കാലത്ത്‌ അപകടസാധ്യത കൂടുതലാണ്‌. ഇപ്പോള്‍ ട്രക്കിങ്ങിന്‌ വനംവകുപ്പ്‌ വേണ്ട സഹായം ചെയ്‌തു കൊടുക്കുന്നുണ്ടെന്നു ജോസ്‌ പറഞ്ഞു. എന്നാല്‍ അതിനുള്ള താത്‌പര്യം അവരുടെ ഭാഗത്തു നിന്നുള്ളതായി തോന്നിയതേയില്ല. സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന മട്ടിലായിരുന്നു അവരുടെ കാര്യങ്ങള്‍. സന്ദര്‍ശകരുടെ ഇരുപതു രൂപയിലാണ്‌ അവരുടെ കണ്ണെന്നു തോന്നിച്ചു.

ഏഴ്‌ നിലക്കുത്തുകള്‍ ഉള്‍പ്പെടുന്ന 12 വെള്ളച്ചാട്ടങ്ങളാണ്‌ തൊമ്മന്‍കുത്തിലുള്ളത്‌. അവധികള്‍ പ്രമാണിച്ച്‌ നിരവധി പേരാണ്‌ തൊമ്മന്‍കുത്തിലേക്ക്‌ എത്തുന്നതേ്രത. വെള്ളച്ചാട്ടം കാണാന്‍ കാട്ടിലൂടെയുള്ള യാത്രയാണ്‌ രസകരമെന്നു ജോസ്‌ പറഞ്ഞു. സാഹസികത നിറഞ്ഞ ഈ യാത്ര ആരെയും കാടിനോട്‌ അടുപ്പിക്കുമത്രേ. വെള്ളച്ചാട്ടത്തിന്‌ അരികിലൂടെയുള്ള യാത്ര പക്ഷേ അല്‍പ്പം അപകടം നിറഞ്ഞതാണ്‌. സഞ്ചാരികളുടെ സുരക്ഷക്ക്‌ ആവശ്യമായ നടപടികള്‍ ഇല്ലാത്തതാണ്‌ പ്രധാന വെല്ലുവിളി. വെള്ളച്ചാട്ടത്തിന്റെ ഒരു അരികിലായി ഒരു ബോര്‍ഡ്‌ കണ്ടു. ഇവിടെ 26 ജീവനുകളാണ്‌ ഇതുവരെ പൊലിഞ്ഞിരിക്കുന്നത്‌, അടുത്തത്‌ നിങ്ങളാവാതിരിക്കാന്‍ ശ്രദ്ധിക്കുക... എന്ന്‌ എഴുതിയത്‌ വായിച്ചപ്പോഴെ നെഞ്ചിന്റെ ഉള്ളില്‍ നിന്നൊരു കാളല്‍. കുത്തിന്‍െറ സ്വഭാവവും വെള്ളച്ചാട്ടത്തിന്‍െറ ഗതിയും അറിയാതെ ഇവിടേക്കിറങ്ങുന്ന യുവാക്കളാണ്‌ അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയുമെന്നു ജോസ്‌ പറഞ്ഞു. രസകരമായ ഗുഹകളും ഉണ്ട്‌ ഈ തൊമ്മന്‍ കുത്തില്‍. പ്ലാപൊത്ത്‌ ഗുഹ, പളുങ്കന്‍ അള്ള്‌, അടപ്പന്‍ ഗുഹ, ഭീമന്‍ കട്ടിലും കസേരയും, മന്തിക്കാനം അള്ള്‌, നരകന്‍ അള്ള്‌ എന്നിവയാണീ ഗുഹകള്‍. കുരിശുമല, ചാഞ്ഞ പാറ, തൊപ്പി മുടി, നെല്ലി മുടി എന്നിങ്ങനെ മനോഹരമായ വ്യൂ പോയിന്റുകളും ഉണ്ടിവിടെ.

ഞങ്ങള്‍ ആവേശത്തോടെ അല്‍പ്പ ദൂരം വെള്ളച്ചാട്ടത്തിന്റെ ഓരം പറ്റി നടന്നു. പാറപ്പുറത്ത്‌ വഴുക്കല്‍ തെളിഞ്ഞു കാണുന്നുണ്ട്‌. ഞങ്ങള്‍ക്കൊപ്പം കാറ്റും കിളികളും വന്നു. അവരുടെ സല്ലാപത്തിനൊപ്പിച്ച്‌ തൊമ്മന്‍കുത്തിലെ ജലതന്ത്രികള്‍ വീണമീട്ടിക്കൊണ്ടിരുന്നു. മനസ്സില്‍ ആഹ്ലാദത്തിന്റെ വേലിയേറ്റം. കണ്ണില്‍ കാഴ്‌ചകളുടെ ഹരിതമനോഹരമായ പൂരപ്പറമ്പ്‌ തെളിഞ്ഞു നിന്നു.

(തുടരും)

എങ്ങനെ ഇവിടെ എത്തിച്ചേരാം ?

അങ്കമാലിയില്‍ നിന്നും പെരുമ്പാവൂര്‍ വഴി മൂവാറ്റുപുഴയില്‍ എത്തി; അവിടെ നിന്നും മൂന്നാര്‍ റൂട്ടിലേക്ക്‌ തിരിഞ്ഞു പോത്താനിക്കോട്‌ പൈങ്ങോട്ടുര്‍ വഴി വണ്ണപ്പുറം ജംക്ഷനില്‍ എത്തി അവിടെ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ പിന്നീട്‌ കാണുന്ന ഗുരുദേവ മന്ദിരത്തില്‍ നിന്നും ഇടത്തേക്ക്‌ തിരിഞ്ഞു തൊമ്മന്‍ കുത്തില്‍ എത്തിച്ചേരാം.

തൊടുപുഴ വഴിയും ഇവിടെ എത്തി ചേരാം, പക്ഷേ കുറച്ചു ദൂരം കൂടുതാലാണീ റൂട്ട്‌.

ദൂരം: തൃശൂര്‍ തൊമ്മന്‍ കുത്ത്‌ 93 കിലോമീറ്റര്‍

ദൂരം: എറണാകുളം തൊമ്മന്‍ കുത്ത്‌ 70 കിലോമീറ്റര്‍

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ്‌ ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. തൊമ്മന്‍ കുത്ത്‌ ടൂറിസം വിവരങ്ങള്‍ക്ക്‌ ഈ നമ്പറില്‍ ബന്ധപ്പെടാം : 9544343575

വീഡിയോ കാണുക.....
തൊമ്മന്‍കുത്തിന്റെ വശ്യതയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 26: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
NGJEROME 2014-07-12 11:27:17
You have forgotten  Dr, Paulson  
he was having  a 12 room lodge in the starting point of Thommen kuthu  
we used to meet and having partys at this lodge

NG Jerome
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക