Image

ദുഖസത്യങ്ങള്‍ (കവിത: രവി നായര്‍)

Published on 12 July, 2014
ദുഖസത്യങ്ങള്‍ (കവിത: രവി നായര്‍)
മാനത്തിന്‍ അതിര്‍വരമ്പുകള്‍ ഭേദിയ്‌ക്കും
കടലിന്റെ വേലിയേറ്റം
ഇക്കരെ, താളത്തില്‍ ചിതറിത്തെറിക്കും
മനസ്സിന്റെ മിന്നലാട്ടം.

ശിരസ്സും മനസ്സും വേറിട്ട്‌ പോകുമാ
റലറി വിളിക്കുന്ന കൊടുങ്കാറ്റായ്‌
വേദനയുടെ പടവുകള്‍ താണ്ടി
യെത്തുന്നു ദുഖസത്യങ്ങള്‍.

മനസ്സേ നീയാം ശിലയെ
തകര്‍ത്തെറിയുന്ന നഗ്‌നസത്യത്തിന്‍ കൊടുങ്കാറ്റ്‌ !

യുഗങ്ങളായ്‌ വേദന തിന്നുന്ന മനുഷ്യനും
തീപ്പൊരിയായ്‌ ഇളകി മറിയുന്ന മനസ്സിനും
ഇടയില്‍ ഒരു ഈയാംപാറ്റ പൊലെ !

എന്തിനെന്നെ നീ കരയിക്കുന്നു,
ഞാനൊരു വെറും പിഞ്ചു പൈതല്‍,
കാലത്തിന്റെ കരാളഹസ്‌തങ്ങളാല്‍
മുറിവേല്‌പിക്കപെട്ടു മരവിച്ചുപോയ
വെറും പാഴ്‌മരം !

ഇനിയുമിനിയുമെത്രയോ ദൂരങ്ങള്‍ താണ്ടാനായ്‌
വെമ്പുന്ന പാദങ്ങള്‍ തളരുന്നുവോ..
ഇനിയുമിനിയുമെത്രയോ സ്വപ്‌നങ്ങള്‍ കാണാനായ്‌
തുടിയ്‌ക്കുന്ന ഹൃദയം തകരുന്നുവോ..

ആരാണെന്നെ കരയിയ്‌ക്കുന്നതെന്നറിയില്ല !
ആരോ ഒരാള്‍..
ഏതോ ഒരാള്‍ക്കൂട്ടം ..

കാലത്തിന്‍റെ കണക്കുപുസ്‌തകത്തിലെ
വെറുമൊരേടാണല്ലോ ഞാന്‍ !
മനസ്സിന്‍റെ വികൃതികള്‍ക്കും
കോടാനുകോടി കണ്ണുകളുടെ ശാപങ്ങള്‍ക്കും
ഇരയായി ജ്വലിച്ചുതീരുന്ന
ഒരു ഭംഗിയുള്ള പുസ്‌തകത്തിന്‍റെ പുറംചട്ട !

ഒരു പോയ ജന്മത്തിന്‍റെ സുകൃതം !

ആരും എന്നെ നോക്കി ചിരിക്കുന്നില്ല
ഞാനോ എല്ലാവരെയും നോക്കി ചിരിക്കുന്നു
പിന്നെ എല്ലാവരെയും നോക്കി കരയുന്നു
അവരാദ്യം എന്നെ നോക്കി കരഞ്ഞൂ,
പിന്നെയിളിച്ചൂ, ചവിട്ടിയരച്ചൂ..

എന്‍റെ കാതുകള്‍ക്കിപ്പോള്‍
ശ്രവണശക്തി നന്നേ കുറഞ്ഞു
ചിരികളും കരച്ചിലുകളും
ഞാനിപ്പോള്‍ കേള്‍ക്കുന്നെയില്ല ...

കേള്‍ക്കുന്നത്‌ സ്വന്തംഹൃദയത്തിന്‍
തേങ്ങല്‍ മാത്രം !

ആരോ ചൂഴ്‌ന്നെടുക്കുന്ന സ്വന്തം കരളിന്റെ
യലര്‍ച്ച മാത്രം !!
ദുഖസത്യങ്ങള്‍ (കവിത: രവി നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക