Image

അമ്മ മനസ്സിന്റെ താളം- ഗീത രാജന്‍

Published on 26 November, 2011
അമ്മ മനസ്സിന്റെ താളം- ഗീത രാജന്‍
ഒരു പെരുന്നാളിന്റെ ദിനത്തിലായിരുന്നു അത്.

മരുന്നിന്റെ മണം നിറഞ്ഞ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ഭാരം നിറയുന്നത് ഞാനറിഞ്ഞു. ഈ മണം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു….എന്ത് കൊണ്ടാണെന്നറിയില്ല. ആശുപത്രിയുടെ മണം എപ്പോഴും ഒരു മരണത്തെ ഓര്‍മ്മിപ്പിക്കുന്നത് പോലെ. മനം മടിപ്പിക്കുന്ന ആ ഗന്ധത്തിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ അവളെ കാണാനായി പിടിച്ചുക്കൊണ്ടിരുന്നു. എന്റെ ബാല്യകാല സഖി. സ്‌ക്കൂളില്‍ എനിക്കുണ്ടായിരുന്ന ഏക കൂട്ടുകാരി. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവളെ കാണാന്‍ പോവുകയാണ്…പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ കുറുകെ കാലത്തിന്റെ തേരോട്ടം വരുത്തിയ 12 വര്‍ഷങ്ങളുടെ വിടവ്.

ലോകത്തിന്റെ നിഷ്‌കളങ്കത മുഴുവന്‍ അവളില്‍ മാത്രമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അത്രയ്ക്ക് ഹൃദ്യമായിരുന്നു അവളുടെ പെരുമാറ്റം, ഹൃദയത്തില്‍ തൊട്ട സ്‌നേഹം. നന്മ മാത്രം കൈമുതലായുള്ള അവളുരടെ സാന്നിധ്യം പോലും നമ്മളില്‍ നന്മ നിറയ്ക്കും, തുളസിക്കതിരിന്റെ നൈര്‍മല്ലയമായിരുന്നു അവള്‍ക്ക്. ഒരു പൂത്തുമ്പിയുടെ ഓജസും ചുറുചുറുക്കും. അവളാകാന്‍ കഴിഞ്ഞെങ്കില്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്.

ആ അവളാണ് ഇന്ന് ആശുപത്രി കിടക്കയില്‍ . പ്രതീക്ഷയുടെ അവസാന കണികയും നഷ്ടപ്പെട്ടു. തീരാവേദനയില്‍ . മനസ് ആകെ അസ്വസ്ഥമായിരുന്നു..വര്‍ഷങ്ങള്‍ക്കു ശേഷം ജീവന്റെ ഒരു ഭാഗം തന്നെ ആയിരുന്നവളെ കാണാന്‍ പോവുകയാണ്…ആ സന്തോഷത്തിനേക്കാള്‍ അവളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വേദനയായിരുന്നു ഉള്ളില്‍ …

അവള്‍ എന്നും എല്ലാ കാര്യത്തിലും മുന്‍പിലായിരുന്നു…അവളുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമൊക്കെ വേഗത കൂടുതലാണെന്ന് എപ്പോഴും തോന്നിയിരുന്നു! പ്രണയം വിവാഹം കുടുംബം, കുട്ടികള്‍ ഇതൊക്കെ അവളുടെ കിനാക്കളില്‍ കടന്നു വന്നത് ഒരുപാടു നേരത്തെ ആയിപ്പോയില്ലേ എന്നൊരു സംശയം എനിക്കെപ്പോഴും ഉണ്ടായിരുന്നു…17 വയസില്‍ വിവാഹം. അതും ഇഷ്ടപ്പെട്ട പുരുഷനുമായി…അവള്‍ അവനോടൊപ്പം മദ്രാസിലേക്ക് യാത്രയായി. അവസാനത്തെ കൂടിക്കാഴ്ച അതായിരുന്നു. 12 വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍.

അവളുടെ മുറിയുടെ നമ്പര്‍ കണ്ടുപിടിച്ചു വാതിക്കല്‍ എത്തിയപ്പോള്‍ …ശ്വാസഗതി വല്ലാതെ കൂടിയോ? എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത് എന്ന ആശങ്കയായിരുന്നു മനസ് നിറയെ. വാതിക്കല്‍ മുട്ടി കാത്തു നില്‍ക്കുമ്പോള്‍ നിമിഷങ്ങള്‍ക്ക് പോലും മണിക്കൂറിന്റെ ദൈര്‍ഘ്യമുണ്ടെന്നു തോന്നി പോയി.
വാതില്‍ തുറന്ന് ഒരു തല പുറത്തേക്കു വന്നു. ഒരു പരിചയവും ഇല്ലാത്ത മുഖം. മുറി മാറിയോ?

'അഞ്ജലി…?'

'ഉം…' ഒരു മൂളല്‍ മാത്രം. മറ്റൊന്നും മിണ്ടാതെ അവര്‍ വാതില്‍ തുറന്ന് തന്നു…

ആശുപത്രിക്കിടക്കയിലെ അവള്‍ . അവള്‍ മയക്കത്തിലാണെന്നു തോന്നി. വര്‍ഷങ്ങള്‍ അവളില്‍ വല്ലാത്ത മാറ്റം വരുത്തിയിരിക്കുന്നത് പോലെ. ഇത് എന്റെ പ്രിയപ്പെട്ട കൂട്ടുക്കാരി തന്നെയോ? പ്രസരിപ്പിന്റെയും സന്തോഷിന്റെയും പര്യായമായിരുന്ന അവള്‍ … ഇപ്പോള്‍ ദുഃഖങ്ങള്‍ അടിഞ്ഞു കൂടിയ ഏതോ തുരത്തു പോലെ. അവളുടെ മുഖത്ത് നോക്കി നില്‍ക്കെ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു മനസ്സിന്റെ അടിത്തട്ടില്‍ .
വിളിച്ചുണര്‍ത്തണോ?

മയങ്ങാനുള്ള ഇന്‍ജെക്ഷന്‍ കൊടുത്ത് ഉറക്കിയതെയുള്ളൂ…വല്ലാത്ത ബഹളം ആയിരുന്നു…'
എന്റെ മനസ് വായിച്ചതുപോലെ അവര്‍ പറഞ്ഞു.

'കുഞ്ഞു പോയതോടെ അഞ്ജലി മോള്‍ ആകെ മാറിപ്പോയി…മാനസിക നില ശരിയായിട്ടില്ല.'

മുറ്റം നിറയെ ഓടിക്കളിക്കാന്‍ കുട്ടികള്‍ വേണമെന്ന് പറയുമായിരുന്നു അവള്‍ . പഠിക്കുക. നല്ല ജോലി നേടുക എന്ന എന്റെ ചിന്തകളുടെ ലോകത്തില്‍ അവളുടെ ഈ കാഴ്ച്ചപ്പാടുകളൊക്കെ തികച്ചും തമാശയായി തോന്നിയിരുന്നു. പക്ഷേ അവളുടെ ലോകം അതായിരുന്നു. ഉദയന്‍ …അവളുടെ മാമയുടെ മകന്‍. കുട്ടിക്കാലത്ത് തന്നെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച അവളുടെ ലോകം. പഠിക്കാന്‍ അവള്‍ മോശമായിരുന്നില്ല. എന്നാലം അവളുടെ ലോകം പഠിത്തമോ ജോലിയോ ഒന്നുമല്ല. ഉദയന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച് അവനു ഇഷ്ടപ്പെട്ടതൊക്കെ വച്ചുണ്ടാക്കി കൊടുത്ത്. അവന്റെ മാത്രമായ ഒരു ലോകമായിരുന്നു അവളുടേത്.അവനും അവളെ ജീവനായിരുന്നു. സ്‌ക്കൂളില്‍ ആയിരുന്ന കാലം മുതല്‍ എനിക്ക് അവനെ അറിയാമായിരുന്നു. പക്ഷെ….ആ സന്തോഷങ്ങള്‍ക്കിടെ. അവളുടെ വല്ല്യ മോഹമായിരുന്ന ഒരു കുഞ്ഞ്….അതു മാത്രം ഒരു കുറവായി ബാക്കി വച്ചു…പല തവണ അവള്‍ ഗര്‍ഭം ധരിച്ചുവെങ്കിലും അവയൊന്നും ഉറച്ചു നിന്നില്ല. ചികിത്സകള്‍ ….മരുന്നുകള്‍ ….അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ ….ഒരു കുഞ്ഞിക്കാലു കാണാനുള്ള അവളുടെ മോഹം . അടങ്ങാത്ത ആഗ്രഹം. ഒടുവില്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി. പൂര്‍ണമായ വിശ്രമം.
ബെഡില്‍ നിന്നു പോലും അനങ്ങാതെ … ശ്രദ്ധിച്ചു… മൂന്നു മാസങ്ങള്‍ കഴിഞ്ഞു കിട്ടിയാല്‍ …പിന്നെ പേടിക്കാനില്ല. അങ്ങനെയാണ് ഡോക്ടര്‍ പറഞ്ഞത്. അവളെ പരിചരിക്കുന്നതില്‍ അവനും അവളുടെ അമ്മയും ഒക്കെ വളരെയധികം ശ്രദ്ധിച്ചു.

അങ്ങനെ ആ മൂന്നു മാസങ്ങള്‍ കടന്നുകിട്ടി. ഹാവൂ…വല്ലാത്ത ആശ്വാസം തോന്നി. ഇനി പേടിക്കാനില്ല. അവള്‍ ഉത്സാഹവതിയായി. പതിനൊന്നു വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകാന്‍ പോകുന്നതിന്റെ ആഹ്ലാദം. അവള്‍ ആ കുഞ്ഞിനെ താലോലിച്ചു തുടങ്ങി…9 മാസങ്ങള്‍ …. ആ കുഞ്ഞി മുഖം കാണാന്‍ അവള്‍ വല്ലാതെ കൊതിച്ചു. നേരത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു ….അതനുസരിച്ച് അവള്‍ ആശുപത്രിയില്‍ എത്തിയത്… എല്ലാ പരിശോധനകളിലും നോര്‍മല്‍ . പേടിക്കാന്‍ ഒന്നുമില്ല.

ആശുപത്രിയില്‍ എത്തിയ മൂന്നാം ദിനം. വയറിനുള്ളിലെ കുഞ്ഞു….നിശ്ചലമായത് പോലെ….അനക്കം തീരെ ഇല്ല.

'എന്ത് പറ്റി…നീ ചവിട്ടും തൊഴിയും ഒക്കെ നിര്‍ത്തിയോ…'
അവള്‍ ചോദിച്ചു.

അവള്‍ അമ്മയോട് പറഞ്ഞു.
'അമ്മ…അവന്റെ അനക്കം കുറഞ്ഞത് പോലെ…..ഡോക്ടറോട് പറഞ്ഞാലോ.'

'ഹേ നിനക്ക് തോന്നുന്നതാവും…' അമ്മ അവളെ ആശ്വസിപ്പിക്കാന്‍ അങ്ങനെ പറഞ്ഞെങ്കിലും വല്ലാത്ത ഒരു ആശങ്കയുണ്ടായി…ഡോക്ടറെ അിറയിച്ചു…ഡോക്ടര്‍ എത്തി ….വീണ്ടും പരിശോധനകള്‍ .

'കുഞ്ഞു മരിച്ചിരിക്കുന്നു…' ഇടി തീപ്പോലെ ആ വാര്‍ത്ത ആ കുടുംബത്തില്‍ വീണു.

പെട്ടെന്നു ഓപ്പറേഷന്‍ വേണം. ഇല്ലെങ്കില്‍ അമ്മയുടെ ജീവനും കൂടി അപകടത്തിലാണ്.
എന്താണ് സംഭവിക്കുന്നത് എന്ന് അവള്‍ക്കു മനസിലായില്ല.

അവളെ ഓപ്പറേഷന്‍ തീയ്യേറ്ററിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍. ഒടുവില്‍ അവള്‍ മാത്രം ജീവനോടെ പുറത്തു വന്നു. അവനാകെ തകര്‍ന്നുപോയി. അവളെ കൂടി നഷ്ടപ്പെടാന്‍ അവനു വയ്യായിരുന്നു അതുകൊണ്ട് തന്നെ കുഞ്ഞു മരിച്ചത് അവളെ അറിയിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. കുഞ്ഞിനു ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നും അവളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചു കൊണ്ടിരുന്നു. മൂന്നു ദിവസങ്ങള്‍ ആ വിശ്വാസത്തില്‍ കടന്നു പോയി.മുലയൂട്ടാനാകാതെ അവളുടെ മാറിടങ്ങള്‍ വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. അവള്‍ ആരും കാണാതെ കരഞ്ഞു. വേദന സഹിച്ചു. ഓരോ ദിവസവും. മൂന്നാം ദിനം. ദൂരെ നിന്നാണെങ്കിലും കുഞ്ഞിനെ കാണണമെന്ന് അവള്‍ വല്ലാതെ വാശിപിടിച്ചു. അവളോട് എന്ത് പറയും? അവനു മനസിലായില്ല.

ഡോക്ടര്‍ പറഞ്ഞു:- 'ഇനി അവള്‍ അതറിയുന്നത് തന്നെയാണ് നല്ലത്… എന്നാണെങ്കിലും അവള്‍ അ
ിയണമല്ലോ…ഒരു സത്യം എത്രനാള്‍ മൂടിവെയ്ക്കാനാവും… '

അങ്ങനെ അവളെ അതറിയിക്കുന്ന ദൗത്യം ഡോക്ടര്‍ തന്നെ ഏറ്റെടുത്തു.

'അഞ്ജലി…നീ വളരെ ചെറുപ്പമാണ്…ഒരു കുഞ്ഞു നിനക്ക് ഇനിയും ഉണ്ടാകും…. നീ വിഷമിക്കരുത്…'

'ഡോക്ടര്‍ ….എന്താ….എന്താ നിങ്ങള്‍ പറയുന്നത്….എന്റെ മോന്‍ . എന്റെ കുഞ്ഞ്…'

'സമാധാനിക്കൂ അഞ്ജലി…. ദൈവം നമുക്കതിനെ തന്നില്ല.'

'അയ്യോ….എന്റെ…എന്റെ കുഞ്ഞ്'അതൊരു അലര്‍ച്ചയായിരുന്നു.

നിങ്ങള്‍ കള്ളം പറയുന്നു. എനിക്ക് എന്റെ കുഞ്ഞിനെ വേണം…എനിക്ക് വേണം. ആ കരച്ചില്‍ ആശുപത്രിയെ തന്നെ നടുക്കി. വല്ലാത്ത ഒരു ഭാവം കൈവരിച്ചത് പോലെ …അവളാകെ മാറി…
അഞ്ജലി. നീ സമാധാനിക്കൂ. ഡോക്ടര്‍ അവളെ പിടിച്ചു കട്ടിലില്‍ കിടത്താന്‍ ശ്രമിച്ചു.

ആ കൈ തട്ടി മാറ്റി. അവള്‍ ആകെ മാറി. എല്ലാം തച്ചുടക്കാനുള്ള ആവേശം.

പെട്ടെന്ന് ഡോക്ടര്‍ നേഴ്‌സിനെ വിളിച്ചു. സെടെഷന്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും ബലമായി പിടിച്ചു വച്ചു. ഇന്‍ജക്ഷന്‍ കൊടുത്തു. അവള്‍ ഉറക്കത്തിലേക്ക് ഊര്‍ന്നുപോയി.

എല്ലാവരുടെയും മുഖത്ത് ആശങ്കയും ആശ്വാസവും ഒരുപോലെ നിഴല്‍ വീശി.

'പേടിക്കാനൊന്നുമില്ല. ഉണരുമ്പോള്‍ ഒക്കെ ശരിയാവും…ഉദയന്‍ നിങ്ങള്‍ അവളുടെ കൂടെ തന്നെ വേണം കേട്ടോ'

ഡോക്ടറുടെ വാക്കുകള്‍ . ഒരു പാവയെപ്പോലെ അവന്‍ തലകുലുക്കി.

പക്ഷെ….എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അവള്‍ . മറ്റൊരു ലോകത്തില്‍ …. അവിടെ അവളും സങ്കല്‍പ്പത്തിലെ അവളുടെ കുഞ്ഞും മാത്രം.

ഉണരുന്ന നിമിഷങ്ങളില്‍ ഒരു ഭ്രാന്തിയെപ്പോലെ…

'അല്പം മുന്‍പ് ഉണര്‍ന്നു ഭയങ്കര ബഹളം ആയിരുന്നു…അടുത്ത റൂമിലെ കുഞ്ഞിനെ എടുക്കാനായി ശ്രമിച്ചു…അങ്ങനെ വീണ്ടും ഇന്‍ജക്ഷന്‍ കൊടുത്തു ഉറക്കിയതാണ്….'

അവര്‍ പറഞ്ഞു നിരത്തിയപ്പോള്‍ വല്ലാതെ കരയുന്നുണ്ടായിരുന്നു…ആ കണ്ണീരിന്റെ
നനവ് എന്നിലേക്ക് പടരുന്നത് ഞാനറിഞ്ഞു.

ഒരു പെണ്ണിന് ഇതില്‍ കൂടുതല്‍ എന്താണ് സംഭവിക്കാനുള്ളത്? കാത്ത് കാത്തിരുന്നു മാതൃത്വത്തിന്റെ ചവിട്ടു പടിക്കല്‍ എത്തിയിട്ട് വീണു പോയ അവള്‍ ഇനി ഒരു ജീവിതത്തിലേക്ക് എന്നാണ് തിരിച്ചു വരിക?

അവളുടെ മുഖത്തേക്ക് വെറുതെ നോക്കിയിരുന്ന ഞാന്‍ ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി
നടന്നു …വയ്യ… ഞാന്‍ ആകെ തളര്‍ന്നു പോകുന്നത് പോലെ…!! അവളെ ഒരു ജീവിതത്തിലേക്ക് തിരികെ വിളിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് അപ്പോള്‍ കഴിയുമായിരുന്നുള്ളൂ.
അമ്മ മനസ്സിന്റെ താളം- ഗീത രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക