Image

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം

കാരൂര്‍ സോമന്‍ Published on 18 July, 2014
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം
ലണ്ടന്‍ : യുകെയിലെ പ്രമുഖ സംഘടനയായ ലണ്ടന്‍ മലയാള സാഹിത്യവേദി ഏര്‍പ്പെടുത്തിയ മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചുള്ള പുരസ്‌ക്കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ അര്‍ഹനായി. 2014 ജൂലായ് 19 തീയതി എന്‍ഫീല്‍ഡിലെ പോട്ടേഴ്‌സാറില്‍ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രമുഖ സംഗീതജ്ഞന്‍ ജയന്‍(ജയവിജയ) പുരസ്‌കാരം നല്‍കും.

ഇതേ ചടങ്ങില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിറുത്തി നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രമുഖ മലയാള ചലച്ചിത്ര സംഗീത സംവിധായകനും കീ ബോര്‍ഡ് വിദഗ്ദനുമായി ആല്‍ബര്‍ട്ട് വിജയനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയുമായ സിസിലി ജോര്‍ജിനും നല്‍കുമെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യജീവിതത്തില്‍ കാരൂര്‍ സോമന്റെ 28 കൃതികള്‍ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി പ്രമുഖ പ്രസാധകരാല്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇപ്പോഴും പ്രമുഖ പ്രസിദ്ധീകരണങ്ങളിലും വാര്‍ഷീകപ്പതിപ്പുകളിലും നിരന്തരം എഴുതുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസകാലത്ത് എഴുതിയ നാടകം നക്‌സല്‍ബന്ധം ആരോപിച്ച് പോലീസ് കേസായതിനെ തുടര്‍ന്ന് നാട് വിടേണ്ടി വന്ന കാരൂര്‍സോമനെ പിന്നീട് സാഹിത്യലോകം കാണുന്നത് പ്രധാനമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന സാഹിത്യകാരനായിട്ടാണ്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ജീവിച്ച കാരൂര്‍ സോമന്‍ കലാസാംസ്‌കാരിക സംഘടനകളില്‍ നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ യുകെയിലെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ സാഹിത്യവിഭാഗം കണ്‍വീനറും ജ്വാല ഈമാഗസിന്റെ ചീഫ് എഡിറ്ററുമാണ്.
അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് കാണികള്‍ക്കായി കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. പ്രമുഖ കലാകാരനായ മനോജ് ശിവ നേതൃത്വം കൊടുക്കുന്ന വിബീറ്റ്‌സ് അവതരിപ്പിക്കുന്ന മധുരമി എന്ന സംഗീതവും നൃത്തവും സമന്വയിപ്പിച്ചുള്ള പരിപാടി മുഖ്യാകര്‍ഷണമായിരിക്കും.
റജി നന്തികാട്ട് നേതൃത്വം കൊടുക്കുന്ന ലണ്ടന്‍ മലയാള സാഹിത്യവേദി ഇതിനോടകം നിരവധി കര്‍മ്മപരിപാടികള്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി നടത്തിയിട്ടുണ്ട്.


ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക