Image

റമദാന്‍ ചിന്തകള്‍ (ഡോ.ഡി. ബാബു പോള്‍)

Published on 23 July, 2014
റമദാന്‍ ചിന്തകള്‍ (ഡോ.ഡി. ബാബു പോള്‍)
മദീനയില്‍ അവതരിച്ച അസ്സല്‍സല എന്ന അധ്യായത്തിലെ അവസാനസൂക്തങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു:

ഫമന്‍ യഅ്‌മല്‍ മിഥ്‌ഖാല ദര്‍റതിന്‍ ഖൈറന്‍ യറ:

വമന്‍ യഅ്‌മല്‍ മിഥ്‌ഖാല ദര്‍റതിന്‍ ശര്‍റന്‍ യറ:

അങ്ങനെ, അണുത്തൂക്കം നന്മ ചെയ്‌തവന്‍ അത്‌ കാണും, അണുത്തൂക്കം തിന്മ ചെയ്‌തവന്‍ അതും കാണും എന്നര്‍ഥം.

റമദാനെ വ്രതശുദ്ധിയോടെ അനുധാവനം ചെയ്‌ത വിശ്വാസികള്‍ക്ക്‌ മാത്രമല്ല, ഈശ്വരവിശ്വാസികളായ എല്ലാവര്‍ക്കും ഒരേസമയം പ്രത്യാശയും ഉത്‌കണ്‌ഠയും ഉണര്‍ത്തുന്ന സൂക്തങ്ങളാണിവ.

അതിസമ്പന്നയായ ഒരു സ്‌ത്രീ മരിച്ചു. നരകത്തിലായിരുന്നു അവരെ പാര്‍പ്പിച്ചത്‌. അവരാണെങ്കില്‍ ശീതീകരിച്ച മുറികളും ശീതീകരിച്ച കാറുകളും ഒക്കെ ശീലിച്ചാണ്‌ ഭൂമിയില്‍ കഴിഞ്ഞുവന്നത്‌. അതുകൊണ്ട്‌ നരകാഗ്‌നി അവര്‍ക്ക്‌ സാധാരണക്കാര്‍ക്കെന്നതിലേറെ അസഹനീയമായിരുന്നു. അവര്‍ മേലോട്ട്‌ നോക്കി ഗബ്രിയേല്‍ (ജിബ്രീല്‍) മാലാഖയോട്‌ കെഞ്ചി: അയ്യോ, വയ്യായേ, രക്ഷിക്കണേ. കുറെ കേട്ടപ്പോള്‍ മാലാഖ ഈശ്വരനോട്‌ ചോദിച്ചു: നാം വല്ലതും ചെയ്യേണ്ടതുണ്ടോ? ഈശ്വരകല്‍പന അനുസരിച്ച്‌ മാലാഖ അവരോട്‌ ഇങ്ങനെ പറഞ്ഞു: ഭൂമിയില്‍ ജീവിക്കുമ്പോള്‍ ആര്‍ക്കെങ്കിലും വല്ല നന്മയും ചെയ്‌തിട്ടുണ്ടോ എന്ന്‌ ആലോചിക്കുക; ഒറ്റനോട്ടത്തില്‍ ഇവിടത്തെ പുസ്‌തകങ്ങളില്‍ ഒന്നും കാണുന്നില്ല. അറുത്ത കൈക്ക്‌ ഉപ്പിടാതെ കഴിഞ്ഞ ഒരായുസ്സ്‌. ഒടുവില്‍ അവര്‍ ഓര്‍ത്തെടുത്തു. അയലത്തെ ഒരു സ്‌ത്രീ ഒരുനാള്‍ സഹായം തേടി വന്നപ്പോള്‍ ഭക്ഷണമൊന്നും കൊടുത്തില്‌ളെങ്കിലും ഒരു ചുവന്നുള്ളി കൊടുത്തിട്ടുണ്ട്‌. അവര്‍ ഗബ്രിയേലിനെ വിവരം അറിയിച്ചു. ?ശരി, നോക്കട്ടെ? എന്ന്‌ മാലാഖ. നോക്കിയപ്പോള്‍ കണ്ടു. അവരുടെ പേരിലുള്ള അലമാരയില്‍ സ്വര്‍ണനിര്‍മിതമായ ഉള്ളി ഇരിക്കുന്നു. സ്വര്‍ഗത്തിലെ ഗുമസ്‌തന്മാരും എന്‍.ജി.ഒമാരാണല്‌ളോ. അവര്‍ പുസ്‌തകത്തില്‍ എഴുതാന്‍ വിട്ടുപോയതാണ്‌. സംഗതി സ്‌റ്റോക്കിലുണ്ട്‌.

ഈശ്വരകല്‍പന അനുസരിച്ച്‌ ഗബ്രിയേല്‍ ആ ഉള്ളി താഴേക്ക്‌ എറിഞ്ഞുകൊടുത്തു: നീ ഇതില്‍ പിടിക്കുക. ആ സ്‌ത്രീ ഉള്ളിയില്‍ തൊട്ടതും ഉള്ളി അവരെയുംകൊണ്ട്‌ സ്വര്‍ഗത്തിലേക്ക്‌ ഉയരാന്‍ തുടങ്ങി.

ഈ കഥക്ക്‌ ഒരു രണ്ടാം ഭാഗമുണ്ട്‌. ഈ ധനാഢ്യ രക്ഷപ്പെടുന്നത്‌ കണ്ട അനേകം ആത്മാക്കള്‍ അവരുടെ കാലില്‍ തൂങ്ങി. ലംബമാനമായ ഒരു മനുഷ്യച്ചങ്ങല. ചൂട്‌ ലേശം ശമിച്ചപ്പോഴാണ്‌ ആ സ്‌ത്രീ അത്‌ ശ്രദ്ധിച്ചത്‌. തന്‍െറ കാലില്‍ തൂങ്ങി ഒരുവന്‍. അവന്‍െറ കാലില്‍ മറ്റൊരുവന്‍. അങ്ങനെ കുറെ പേര്‍. അവര്‍ക്ക്‌ അരിശം വന്നു. `ഞാനാണ്‌ ഉള്ളി കൊടുത്തത്‌. ഉള്ളി കൊടുത്തതുകൊണ്ടാണ്‌ എന്നെ സ്വര്‍ഗത്തിലേക്ക്‌ എടുക്കുന്നത്‌. എന്‍െറ ഉള്ളിയുടെ ബലത്തില്‍ ഇവന്മാരങ്ങനെ സുഖിക്കേണ്ട'. അവര്‍ കാല്‍ ശക്തിയായി കുടഞ്ഞു. കാലുപിടിച്ചവരുടെ കാര്യം അധോഗതിയായി. അവരൊക്കെ താഴെ നരകാഗ്‌നിയിലേക്ക്‌ പതിച്ചു. ഒപ്പം ഒന്നുകൂടി സംഭവിച്ചു. ഉള്ളിക്കാരി വല്യമ്മയുടെ കൈ ഉള്ളിയില്‍നിന്ന്‌ വിട്ടുപോയി. അവരും തിരികെ നരകാഗ്‌നിയിലത്തെി.

ഒരു ചുവന്നുള്ളിയുടെ ദാനംപോലും സര്‍വശക്തന്‍ അറിയാതിരിക്കുന്നില്ല. അതേസമയം, അതിന്‍െറ നന്മ തനിക്കുമാത്രം അവകാശപ്പെട്ടതാണ്‌ എന്ന സ്വാര്‍ഥചിന്തയും അവിടുന്ന്‌ അറിയാതിരിക്കുന്നില്ല.

വേദപുസ്‌തകത്തില്‍നിന്ന്‌ ഒരു അന്യാപദേശകഥ ഉദ്ധരിക്കാം.

സ്വര്‍ഗരാജ്യം തന്‍െറ ദാസന്മാരുമായി കണക്ക്‌ തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോട്‌ സദൃശം. അവന്‍ കണക്ക്‌ നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്ത്‌ കടമ്പെട്ട ഒരുത്തനെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവന്‌ വീട്ടുവാന്‍ വകയില്ലായ്‌മയാല്‍ അവന്‍െറ യജമാനന്‍ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ്‌ കടം തീര്‍പ്പാന്‍ കല്‍പിച്ചു. ആ ദാസന്‍ വീണ്‌ അവനെ നമസ്‌കരിച്ചു. യജമാനനേ എന്നോട്‌ ദയ തോന്നേണമേ. ഞാന്‍ സകലവും തന്നുതീര്‍ക്കാം എന്നുപറഞ്ഞു. അപ്പോള്‍ ആ ദാസന്‍െറ യജമാനന്‍ മനസ്സലിഞ്ഞ്‌ അവനെ വിട്ടയച്ചു. കടവും ഇളച്ചുകൊടുത്തു. ആ ദാസന്‍ പോകുമ്പോള്‍ തനിക്ക്‌ നൂറ്‌ വെള്ളിക്കാശ്‌ കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ട്‌ തൊണ്ടക്ക്‌ പിടിച്ചുഞെക്കി: നിന്‍െറ കടം തീര്‍ക്കുക എന്ന്‌ പറഞ്ഞു. അവന്‍െറ കൂട്ടുദാസന്‍ എന്നോട്‌ ക്ഷമ തോന്നേണമേ, ഞാന്‍ തന്നുതീര്‍ക്കാം എന്ന്‌ അവനോട്‌ അപേക്ഷിച്ചു. എന്നാല്‍, അവന്‍ മനസ്സില്ലാതെ ഉടനെ ചെന്ന്‌ കടംവീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു. ഈ സംഭവിച്ചത്‌ അവന്‍െറ കൂട്ടുദാസന്മാര്‍ കണ്ടിട്ട്‌ വളരെ ദു:ഖിച്ചു. ചെന്ന്‌ സംഭവിച്ചതൊക്കെയും യജമാനനെ ബോധിപ്പിച്ചു... യജമാനന്‍ കോപിച്ച്‌ അവന്‍ കടമൊക്കെയും തീര്‍ക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയില്‍ ഏല്‍പിച്ചു (ബൈബ്‌ള്‍, പുതിയ നിയമം, മത്തായിയുടെ സുവിശേഷം, അധ്യായം 18, വാക്യങ്ങള്‍ 2335, ചാത്തുമേനോന്‍െറ വിവര്‍ത്തനം).

നമ്മുടെ നന്മകള്‍ എത്ര ചെറുതായിരുന്നാലും അതിന്‌ ഈശ്വരസന്നിധിയില്‍ വിലയുണ്ട്‌. നമ്മുടെ തിന്മകള്‍ എത്ര ചെറുതായിരുന്നാലും അവ ശ്രദ്ധിക്കപ്പെടും എന്നത്‌ ആ നാണയത്തിന്‍െറ മറുവശം. നാം ഒരു ഉള്ളി കൊടുത്താല്‍ അത്‌ സര്‍വശക്തന്‍ കാണും. അതിന്‌ പ്രതിഫലം തരുകയും ചെയ്യും. എന്നാല്‍, മറ്റുള്ളവര്‍ അതിന്‍െറ പേരില്‍ രക്ഷപ്പെടുന്നത്‌ നമുക്ക്‌ ഇഷ്ടമല്ല എന്നു വന്നാല്‍ ഹൃദയവിചാരങ്ങളെ അറിയുന്നവനായ ഈശ്വരന്‌ അത്‌ അഹിതമായി ഭവിക്കുകയും ചെയ്യും.

റമദാനില്‍ നോമ്പ്‌ നോല്‍ക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍, അത്‌ കേവലം ശാരീരികമായ അനുഷ്‌ഠാനമായി ചുരുങ്ങരുത്‌. ശാരീരികമായ അനുഷ്‌ഠാനത്തിന്‌ ശാരീരികമായ ഗുണം കിട്ടും. പത്തുപന്ത്രണ്ട്‌ മണിക്കൂര്‍ ജലപാനം കൂടാതിരുന്നാല്‍ പെരിടോണിയത്തില്‍ വിവരം അറിയും. അതിന്‍െറ ഫലമായി ശരീരത്തിന്‍െറ രോഗപ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യും. അതിന്‌ നോമ്പ്‌ വേണ്ട. പട്ടിണി കിടന്നാല്‍ മതി. വെറുതെ പട്ടിണി കിടക്കുന്നതല്ല നോമ്പ്‌.

നോമ്പ്‌ എല്ലാ മതങ്ങളിലുമുണ്ട്‌. ഉപവാസവും ഉണ്ട്‌. ക്രിസ്‌തുമതത്തില്‍ നവയുഗസഭകള്‍ക്ക്‌ നോമ്പില്‌ളെങ്കിലും ഉപവാസം അവരും പ്രയോഗിക്കാറുണ്ട്‌. ആഹാരത്തിന്‍െറ ഉള്ളടക്കമാണ്‌ നോമ്പിന്‍െറ പ്രത്യേകത. മാംസം, മത്സ്യം, മുട്ട, പാലും പാലുല്‍പന്നങ്ങളും എന്നിവ വര്‍ജിക്കുക, പകല്‍ രണ്ടു നേരം ഭക്ഷണം വെടിയുക, ലൈംഗികബന്ധം ഒഴിവാക്കുക, ഇങ്ങനെയൊക്കെയാണ്‌ ചട്ടം. അടിച്ച വഴിയേ പോകാത്തവരെ പോകുന്ന വഴിയേ അടിക്കാന്‍ നിയമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്‌ ഇക്കാലത്ത്‌. എങ്കിലും നോമ്പും ഉപവാസവും ആധ്യാത്മികചര്യകളായി അംഗീകരിക്കപ്പെടുകയും വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു. നോമ്പുകാലത്ത്‌ ദീര്‍ഘമായ പ്രാര്‍ഥനകളും സാഷ്ടാംഗപ്രണാമവും ഉണ്ട്‌. അന്ത്യോഖ്യന്‍പാരമ്പര്യത്തിലെ ഒരു പ്രാര്‍ഥനയില്‍ വായിക്കുന്നത്‌: ആത്മാവും ശരീരവും ഒരുമിച്ച്‌ നോമ്പുനോല്‍ക്കേണ്ടിയിരിക്കുന്നതിനാല്‍ ശരീരം ഭക്ഷണത്തെ വെടിയുമ്പോള്‍ ആത്മാവ്‌ തിന്മപ്പെട്ട വിചാരങ്ങളെയും വെടിയേണ്ടതാകുന്നു.

ഹിന്ദുമതത്തില്‍ ഏകാദശിവ്രതം എന്നൊന്നുണ്ട്‌. ആഹാരനിയമത്തോടുകൂടിയും മാംസവും മൈഥുനവും വര്‍ജിച്ചും ആചരിക്കുന്ന ദശമി, പിറ്റേന്ന്‌ (11ാം ദിവസം) ഭക്ഷണം തീര്‍ത്തും ഉപേക്ഷിക്കണം. അതിനടുത്ത നാള്‍ ഭക്ഷണം കഴിക്കുന്നതാകട്ടെ `ഭോക്ഷ്യേഹം പുണ്ഡരീകാക്ഷശരണം മേ ഭവാച്യുത' എന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടാകണം. ഞാന്‍ പാരണം ചെയ്‌ത്‌ ഉപവാസം അവസാനിപ്പിക്കുകയാണ്‌; ഈശ്വരാ അങ്ങാണ്‌ എന്‍െറ ആശ്രയം. അതായത്‌, ഏത്‌ മതത്തിലും മാനസികാവസ്ഥയാണ്‌ പ്രധാനം. അനുഷ്‌ഠാനങ്ങള്‍ ഉപാധികളാണ്‌, അന്തിമലക്ഷ്യങ്ങളല്ല എന്നാണ്‌ ഇത്‌ ഓര്‍മിപ്പിക്കുന്നത്‌.

ഈ റമദാനില്‍ രണ്ടിടങ്ങളില്‍ രക്തം ചൊരിയപ്പെടുകയാണ്‌. ഗസ്സയിലെ ദുരന്തത്തിന്‌ കിട്ടുന്ന പ്രാധാന്യം ഇറാഖിലേതിന്‌ കിട്ടുന്നില്‌ളെങ്കിലും ജീവന്‍െറ വില രണ്ടിടത്തും ഒരുപോലെയാണല്‌ളോ.

ഫലസ്‌തീനികളുടെ പോരാട്ടത്തിന്‌ ഖുര്‍ആന്‍ പിന്തുണ നല്‍കുന്നു എന്നു പറയാം. യുദ്ധസംബന്ധമായി അവതീര്‍ണമായ ആദ്യ സൂക്തങ്ങളില്‍നിന്ന്‌ ഇതിന്‌ ന്യായം കണ്ടത്തൊം. രണ്ടാം അധ്യായത്തിലും 22ാം അധ്യായത്തിലും മറ്റുമായി യുദ്ധം സംബന്ധിച്ച ്‌ കാണുന്ന നിര്‍ദേശങ്ങള്‍ കാച്ചിക്കുറുക്കിയെടുത്താല്‍ അടിച്ചേല്‍പിക്കപ്പെടുന്ന യുദ്ധമാണ്‌ ചെയ്യാന്‍ അനുവാദം ഉള്ളത്‌ എന്ന്‌ വ്യക്തമാണ്‌. അതുകൊണ്ട്‌ ഫലസ്‌തീന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുന്നതുവരെ യുദ്ധം ന്യായീകരിക്കാന്‍ വകുപ്പുണ്ട്‌. പരിധി വിടരുത്‌, അതിക്രമം അരുത്‌ എന്നേ ഉള്ളൂ. `വഖാതിലൂ ഫീ സബീലില്ലാഹില്ലദീന യുഖാതിലൂനകും വലാ തഅ്‌തദൂ ഇന്നല്ലാഹ ലാ യുഹിബ്ബുല്‍ മുഅ്‌തദീന്‍' എന്നാണ്‌ രണ്ടാം അധ്യായത്തിലെ 190ാം സൂക്തം പറയുന്നത്‌. ഫലസ്‌തീനികള്‍ മുസ്ലിംകള്‍ മാത്രമല്ല, എങ്കിലും രാഷ്ട്രീയകാരണങ്ങളാല്‍ ഇസ്രായേലിനെ എതിര്‍ക്കുന്നവരെ ഒഴിച്ചാല്‍ മുസ്ലിംകള്‍ മാത്രമാണ്‌ ഫലസ്‌തീനികള്‍ക്ക്‌ അനുകൂലമായി സംസാരിച്ചുകാണുന്നത്‌. ഈ സത്യം വിശകലനവിധേയമാകേണ്ടതുണ്ട്‌. ശ്രീലങ്കയില്‍ സമാന സാഹചര്യം ഉണ്ടായപ്പോള്‍ ആരൊക്കെ ഇരകള്‍ക്കൊപ്പം നിന്നു എന്ന്‌ ചോദിക്കുന്നവരുടെ ഉദ്ദേശ്യം ശുദ്ധമല്ല, എങ്കിലും ചോദ്യം അപ്രസക്തമല്ല അങ്ങനെയൊരു വിശകലനത്തില്‍.

ഇറാഖില്‍ നടക്കുന്നതിന്‌ ഒരു ന്യായവും കാണുന്നില്ല. ക്രിസ്‌ത്വബ്ദം ഒന്നാം നൂറ്റാണ്ട്‌ മുതല്‍ ക്രിസ്‌തുമതം നിലനിന്ന പ്രദേശം. പുതിയ മതം വന്നു, അത്‌ പ്രബലമായി, ശരി. ഇപ്പോള്‍ സ്വയം ഖലീഫയായി പ്രഖ്യാപിച്ചയാള്‍ ക്രിസ്‌ത്യാനികളോട്‌ പറയുന്നു, മതം മാറുകയോ ജന്മനാട്‌ ഉപേക്ഷിക്കുകയോ ജിസ്യ നല്‍കുകയോ ചെയ്യാതിരുന്നാല്‍ കൊന്നുകളയും. ഞാന്‍ വായിച്ച ഖുര്‍ആന്‍ ഈ നിലപാടിനെ സാധൂകരിക്കുന്നില്ല. ഇംഗ്‌ളണ്ടും ഫ്രാന്‍സും അമേരിക്കയും എണ്ണയും കുര്‍ദിശ്‌ വികാരങ്ങളും ശിയാസുന്നി ഭേദങ്ങളുമൊക്കെ കലുഷിതമാക്കുന്ന ആ നാട്ടിലെ അവസ്ഥയെക്കുറിച്ച്‌ ഒഴുക്കനായി പറഞ്ഞുപോകാവുന്നതല്ല. എങ്കിലും നിരപരാധികളുടെ രക്തം ബോധപൂര്‍വം ചൊരിയുന്നത്‌ കരുണാനിധിയായ സര്‍വശക്തന്‌ ഇഷ്ടപ്പെടാനിടയില്ല. എല്ലായിടത്തും ശാന്തി പുലരട്ടെ എന്ന്‌ പ്രാര്‍ഥിക്കുക നാം. ഭാരതത്തിന്‍െറ സുരക്ഷിതത്വത്തില്‍ അഭിരമിക്കുന്ന നമുക്ക്‌ മറ്റെന്ത്‌ ചെയ്യാനാകും?
റമദാന്‍ ചിന്തകള്‍ (ഡോ.ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക