Image

നാറ്റോ ആക്രമണം: സമഗ്ര അന്വേഷണം നടത്തുമെന്ന്‌ യുഎസ്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 27 November, 2011
നാറ്റോ ആക്രമണം: സമഗ്ര അന്വേഷണം നടത്തുമെന്ന്‌ യുഎസ്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: നാറ്റോ ആക്രമണത്തില്‍ 28 പാക്‌്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ്‌ സമഗ്ര അന്വേഷണം വാഗ്‌ദാനം ചെയ്‌തു. സംഭവത്തില്‍ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനും പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഹിലരി ക്ലിന്റന്‍, ജോയിന്റ്‌ ചീഫ്‌സ്‌ ഓഫ്‌ സ്‌റ്റാഫ്‌ ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്‌സി, അഫ്‌ഗാനിസ്‌ഥാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ അലന്‍ എന്നിവര്‍ പാക്ക്‌ അധകൃതരുമായി ബന്ധപ്പെട്ടു. പാക്കിസ്‌ഥാനിലെ യുഎസ്‌ അംബാസഡര്‍ കാമറണ്‍ മുണ്‌ടറും പാക്ക്‌ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഹിലരിയും പനേറ്റയും സംയുക്‌ത പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. പാക്കിസ്‌ഥാന്റെ സൈനിക അതിര്‍ത്തി പോസ്‌റ്റിനു നേരെയുണ്‌ടായ ആക്രമണം അന്വേഷിക്കാന്‍ യുഎസ്‌ പ്രതിജ്ഞാബദ്ധമാണ്‌. അന്വേഷണത്തിന്‌ യുഎസ്‌ എല്ലാ സഹകരണവും നല്‍കുമെന്നും വിഷയത്തില്‍ പാക്‌ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുമെന്നും ഹിലരി പ്രസ്‌താവനയില്‍ പറയുന്നു.

ബ്ലാക്‌ ഫ്രൈഡേ സൂപ്പര്‍ ഹിറ്റെന്ന്‌ വ്യാപാരികള്‍

ന്യൂയോര്‍ക്ക്‌: അവധിക്കാല ഷോപ്പിംഗ്‌ സീസണിനു തുടക്കം കുറിച്ചുകൊണ്‌ട്‌ ഷോപ്പിംഗ്‌ മാളുകളില്‍ വെള്ളിയാഴ്‌ച തുടങ്ങിയ ബ്ലാക്‌ ഫ്രൈഡേ വ്യാപാരത്തില്‍ നേരിയ സംഘര്‍ഷമുണ്‌ടായെങ്കിലും സംഗതി സൂപ്പര്‍ ഹിറ്റാണെന്ന്‌ വ്യാപാരികള്‍. വ്യാപാരികള്‍ക്ക്‌ പത്തു മുതല്‍ 14 ശതമാനം വരെ വില്‍പന വര്‍ധന ഉണ്‌ടായതായി റീട്ടെയില്‍ എക്‌സ്‌പേര്‍ട്ട്‌ ബ്രിട്ട്‌ ബീമര്‍ പറഞ്ഞു. ബ്ലാക്‌ ഫ്രൈഡേയുടെ ഭാഗമായി ഷോപ്പുകള്‍ നേരത്തെ തുറന്നത്‌ ഉപഭോക്താക്കള്‍ക്ക്‌ സൗകര്യമായി. ബ്ലാക്‌ ഫ്രൈഡേ വിലക്കുറവിന്റെ ഭാഗമായി വെള്ളിയാഴ്‌ 42 ഇഞ്ച്‌ ടിവി വെറും 199 ഡോളറിന്‌ വരെ ലഭ്യമായിരുന്നെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ ഇത്രയും വലിയ സൗജന്യം പ്രതീക്ഷിക്കേണ്‌ടെന്നാണ്‌ ബീമര്‍ പറയുന്നത്‌.

അതേസമയം സൗജന്യമായും വില കുറച്ചും നല്‍കിയ സാധനങ്ങള്‍ കൈയടക്കാനുള്ള തിക്കിലും തിരക്കിലുംപെട്ട്‌ പലര്‍ക്കും പരിക്കേറ്റത്‌ ബ്ലാക്‌ ഫ്രൈഡേ വ്യാപാരത്തിന്‌ തുടക്കത്തില്‍ തിരിച്ചടിയായി. ലോസ്‌ ഏയ്‌ഞ്ചല്‍സില്‍ വാള്‍മാര്‍ട്ടിന്റെ കടയില്‍ ഒരു സ്‌ത്രീ കൂടുതല്‍ സാധനങ്ങള്‍ കൈയടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടത്തിനു നേരെ മുളകുപൊടി വിതറിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ ഫലമായി തിക്കിലും തിരക്കിലും പെട്ട്‌ 20 പേര്‍ക്കു പരിക്കേറ്റു. ഓറിഗണില്‍ ഇത്തരം ഒരു കടയില്‍ വിലകുറച്ചു കൊടുക്കുന്ന തോര്‍ത്തു വാങ്ങാന്‍ ആളുകള്‍ ഉന്തും തള്ളും നടത്തുന്നതിന്റെ ചിത്രം യൂ ട്യൂബില്‍ വന്നതും യുഎസില്‍ രാജ്യവ്യാപകമായ ചര്‍ച്ചയ്‌ക്ക്‌ ഇടയാക്കി.

പാക്‌ സൈനികരുടെ മരണം; പാക്‌ - യു എസ്‌ ബന്ധത്തില്‍ വീണ്‌ടും വിള്ളല്‍

ഇസ്‌ലാമാബാദ്‌: അമേരിക്കയുമായുള്ള സഖ്യത്തിന്റെ പേരില്‍ ജനരോഷവും തീവ്രവാദി ആക്രമണങ്ങളും നേരിടുന്ന പാക്‌ ഭരണകൂടത്തിന്‌ ശനിയാഴ്‌ചത്തെ നാറ്റോ ആക്രമണത്തില്‍ 28 സൈനികര്‍ കൊല്ലപ്പെട്ടത്‌ പുതിയ തലവേദനയാവുന്നു. സഖ്യകക്ഷിയുടെ കൈകളാല്‍ ഇത്രയധികം സൈനികര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിനെതിരെ പാക്കിസ്ഥാനിലെങ്ങും ജനങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. ഉസാമാ ബിന്‍ ലാദന്‍ വധത്തെത്തുടര്‍ന്ന്‌ യുഎസ്‌-പാക്‌ ബന്ധത്തിലുണ്‌ടായ വിള്ളല്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വം കൊണ്‌ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ്‌ നാറ്റോ സൈനികര്‍ പാക്‌ ഭടന്‍മാര്‍ക്കുനേരെ വ്യോമാക്രമണം നടത്തിയത്‌.

പാക്‌ സൈനികര്‍ കൊല്ലപ്പെട്ട പശ്‌ചാത്തലത്തില്‍ ബലൂചിസ്‌ഥാനിലെ വ്യോമ താവളം ഉപയോഗിക്കുന്നതിനു യുഎസിനു വിലക്കേര്‍പ്പെടുത്തുമെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗീലാനി അറിയിച്ചു. 15 ദിവസത്തിനകം വ്യോമതാവളം ഒഴിഞ്ഞുപോവാന്‍ യുഎസ്‌ സൈന്യത്തോട്‌ ആവശ്യപ്പെടുമെന്നും ഗീലാനി പറഞ്ഞു..
പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി വിളിച്ചുചേര്‍ത്ത മന്ത്രിസഭ പ്രതിരോധ സമിതി അംഗങ്ങളുടെ അടിയന്തരയോഗത്തിലാണ്‌ ഈ തീരുമാനം. പാക്കിസ്‌ഥാന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്‌ക്കും നേരെയാണ്‌ ഇന്നലെ ആക്രമണമുണ്‌ടായതെന്ന്‌ ഗീലാനി പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടും. പാക്കിസ്‌ഥാനെ ആക്രമിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്‌ മറൈനുകള്‍ അടുത്തവര്‍ഷം അഫ്‌ഗാനില്‍ നിന്ന്‌ പിന്‍വാങ്ങും

കാബൂള്‍: അടുത്ത വര്‍ഷം മാര്‍ച്ചോടെ അഫ്‌ഗാനിസ്ഥാനില്‍ നിന്നു യുഎസ്‌ മറൈനുകള്‍ പൂര്‍ണമായും പിന്‍വാങ്ങും. ജനറല്‍ ജെയിംസ്‌ എഫ്‌. അമോസാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഹെല്‍മന്ദ്‌ പ്രവിശ്യയിലാണു മറൈനുകള്‍ ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത്‌. അഫ്‌ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുകയാണ്‌ ഇവരുടെ ദൗത്യം. ജീവിതകാലം മുഴുവന്‍ തങ്ങള്‍ക്ക്‌ അഫ്‌ഗാനില്‍ തുടരാന്‍ സാധിക്കില്ലെന്ന്‌ അമോസ്‌ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ 300 യുഎസ്‌ മറൈനുകളാണ്‌ അഫ്‌ഗാനില്‍ കൊല്ലപ്പെട്ടത്‌.

ചൊവ്വാ ദൗത്യത്തിനായി മാഴ്‌സ്‌ റോവര്‍ വിക്ഷേപിച്ചു

ഫ്‌ളോറിഡ: ചൊവ്വ ഗ്രഹത്തെക്കുറിച്ചു വിശദമായി പഠിക്കാന്‍ നാസ നിര്‍മിച്ച മാഴ്‌സ്‌ റോവര്‍ വാഹനം വിക്ഷേപിച്ചു. അറ്റ്‌ലാസ്‌-5 റോക്കറ്റിലാണു വാഹനം ചൊവ്വയില്‍ എത്തിക്കുന്നത്‌. പ്രാദേശിക സമയം 10.02 നു ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഒരു ടണ്ണാണു വാഹനത്തിന്റെ ഭാരം. അടുത്ത വര്‍ഷം ഓഗസ്റ്റ്‌ രണ്‌ടിനു വാഹനം ചൊവ്വയിലിറങ്ങും.

മുന്‍നിശ്ചയിച്ചിരുന്നതിനെക്കാള്‍ എട്ടരമാസങ്ങള്‍ക്കു ശേഷമാണു വിക്ഷേപണം നടന്നത്‌. ചൊവ്വയില്‍ ജീവന്റെ ശേഷിപ്പുണ്‌ടോ എന്നാകും വാഹനം പ്രധാനമായും പരിശോധിക്കുക. ഇതിനായി ഇവിടുത്തെ കല്ലും മണ്ണും ശേഖരിക്കും. 2.5 ബില്യണ്‍ ഡോളര്‍ ചെലവിട്ടാണു വാഹനം നിര്‍മിച്ചിരിക്കുന്നത്‌. നാസ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ചൊവ്വ ദൗത്യമാണിത്‌. പത്തടിയാണു വാഹനത്തിന്റെ നീളം. ക്യാമറ, ലേസര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്‌ട്‌. ആറു ചക്രങ്ങളിലാണ്‌ ഇതിന്റെ സഞ്ചാരം.

കെന്നഡി വധം റിപ്പോര്‍ട്ട്‌ ചെയ്‌ത ടോം വിക്കര്‍ അന്തരിച്ചു

റോഷസ്റ്റര്‍: മുന്‍ യുഎസ്‌ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയുടെ വധം നേരില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ന്യൂയോര്‍ക്‌ ടൈംസ്‌ ലേഖകന്‍ ടോം വിക്കര്‍ (85)അന്തരിച്ചു. ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന്‌ റോഷസ്റ്ററിലെ വസതിയില്‍ വെള്ളിയാഴ്‌ചയായിരുന്നു അന്ത്യമെന്ന്‌ ഭാര്യ പമേല അറിയിച്ചു.
1961ല്‍ വൈറ്റ്‌ ഹൗസ്‌ ലേഖകനായാണ്‌ വിക്കര്‍ ന്യൂയോര്‍ക്‌ ടൈംസില്‍ തന്‍െറ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്‌. പിന്നീട്‌ പത്രത്തിന്റെ വാഷിംഗ്‌ടണ്‍ ബ്യൂറോ ചീഫായി. തുടര്‍ന്ന്‌, അസോസിയേറ്റ്‌ എഡിറ്ററായും സേവനമനുഷ്‌ഠിച്ചു.

1963ലെ കെന്നഡി വധം നേരിട്ട്‌ റിപ്പോര്‍ട്ടുചെയ്‌ത മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ എന്ന നിലയിലാണ്‌ വിക്കര്‍ മാധ്യമ ലോകത്ത്‌ അറിയപ്പെടുന്നത്‌. അന്ന്‌ കെന്നഡിയുടെ വാഹന വ്യൂഹത്തില്‍ വിക്കറുമുണ്‌ടായിരുന്നു. വാര്‍ത്തകള്‍ എഴുതിയ ഉടന്‍ ഫോണില്‍ വിളിച്ചു പറയുകയായിരുന്നുവെന്ന്‌ പിന്നീട്‌ അദ്ദേഹം തന്റെ അനുഭവക്കുറിപ്പില്‍ എഴുതുകയുണ്‌ടായി. 1962-92 കാലത്ത്‌ ന്യൂയോര്‍ക്‌ ടൈംസില്‍ അദ്ദേഹം കൈകാര്യം ചെയ്‌ത `ഇന്‍ ദി നാഷന്‍' എന്ന കോളവും ഏറെ ശ്രദ്ധേയമായിരുന്നു. ഇരുപതോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക