Image

രൂപയുടെ നഷ്‌ടം; ഡോളറിന്റെ നേട്ടം

ജി.കെ. Published on 28 November, 2011
രൂപയുടെ നഷ്‌ടം; ഡോളറിന്റെ നേട്ടം
ഡോളറിനെതിരായ രൂപയുടെ മൂല്യം കഴിഞ്ഞ ചൊവ്വാഴ്‌ച അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കിലേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ യഥാര്‍ഥത്തില്‍ തകര്‍ന്നത്‌ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. രൂപയുടെ മൂല്യം, നാണ്യപ്പെരുപ്പവും, ഭക്ഷ്യവിലപ്പെരുപ്പവും എന്നീ വാക്കുകളൊക്കെ അപരിചിതമായിരുന്ന സാധാരണക്കാര്‍ പോലും ഡോളറിനെതിരെ രൂപയുടെ താഴോട്ടുള്ള പോക്കു കണ്‌ട്‌ അന്തം വിട്ടു. കാരണം കയറ്റുമതിയേക്കാള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക്‌ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ കാര്യം പിന്നെ പറയാനുണ്‌ടോ.

പെട്രോളിന്‌ രണ്‌ടു രൂപ കൂട്ടിയത്‌ കുറച്ചിട്ട്‌ ഒരാഴ്‌ച തികഞ്ഞില്ല. അതിനുമുമ്പാണ്‌ രൂപ ഈ കൊല്ലച്ചതി ചെയ്‌ത്‌. പെട്രോളിന്‌ വീണ്‌ടും അഞ്ചു രൂപയെങ്കിലും കൂട്ടാന്‍ പെട്രോളിയം കമ്പനികള്‍ക്ക്‌ പറയാന്‍ മറ്റൊരു കാരണമായി. രൂപയുടെ മൂല്യമിടിവ്‌ തുടര്‍ന്നാല്‍ നഷ്‌ടത്തിന്റെ പെരുപ്പിച്ച കണക്കുകളുമായി അവര്‍ പെട്രോള്‍ വിലവര്‍ധിപ്പിച്ച്‌ ഏത്‌ അര്‍ധരാത്രിയും സാധാരണക്കാരന്റെ വയറ്റത്തടിക്കും. രാജ്യത്തിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 79 ശതമാനവും ഇറക്കുമതിയാണെന്ന കാര്യം കൂടി ഇവിടെ പരിഗണിക്കേണ്‌ടതുണ്‌ട്‌. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി 24,589 കോടിയായിരുന്നെങ്കില്‍ ഇറക്കുമതി 35,069 കോടിയായിരുന്നു.

പണപ്പെരുപ്പം ഇപ്പോള്‍ത്തന്നെ രണ്‌ടക്കത്തിനടുത്താണ്‌. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ അത്‌ 12 ശതമാനവും കടക്കും. അപ്പോള്‍ പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താനെന്ന പേരില്‍ റിസര്‍വ്‌ ബാങ്ക്‌ വായ്‌പാ നിരക്കു വര്‍ധനയെന്ന വജ്രായുധം വീണ്‌ടും പുറത്തെടുക്കും. ഇപ്പോള്‍ തന്നെ 20 മാസത്തിനിടയില്‍ 13 തവണയാണ്‌ വായ്‌പാ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ഇനിയും നിരക്കുയര്‍ത്തിയാല്‍ അതിന്റെ പലിശഭാരം താങ്ങാന്‍ സാധാരണക്കാരന്റെ ചുമലുകള്‍ക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. ഇതിനെല്ലാം പുറമെ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഇലക്‌ട്രോണിക്‌ ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെയെല്ലാ വില ഉയരാന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇടയാക്കും.

ഗൃഹോപകരണ കമ്പനികള്‍ മൊത്തംഘടകത്തിന്റെ മൂന്നിലൊന്നും ഇറക്കുമതി ചെയ്യുകയാണ്‌. മുന്‍നിര ഗൃഹോപകരണ കമ്പനികളൊക്കെ ഇപ്പോള്‍ തന്നെ ടിവി, ഫ്രിഡ്‌ജ്‌, വാഷിംഗ്‌ മെഷീന്‍ എന്നിവയുടെ വില 10 ശതമാനം ഉയര്‍ത്തിക്കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും തെരഞ്ഞെടുത്ത മോഡലുകളില്‍ 10-12 ശതമാനം വര്‍ധന വരുത്തിയിട്ടുണ്‌ട്‌. വിദേശ യാത്രകളും വിദേശ യൂണിവേഴ്‌സിറ്റികളിലെ പഠനവും ഇനി ചെലവേറിയതാവും.

ഡല്‍ഹിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തു നിന്നു വിദേശ യാത്രയ്‌ക്കു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ തന്നെ 20 ശതമാനം കുറവു വന്നിട്ടുണ്‌ട്‌. നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കുള്ള ശീതകാല പാക്കേജുകളില്‍ 17-18ശതമാനം കുറവു രേഖപ്പെടുത്തിയതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഒക്‌ടോബര്‍ മാസത്തില്‍ 70-80 ശതമാനമായിരുന്ന നിലയില്‍ നിന്നാണ്‌ ഇത്തരത്തില്‍ ഇടിവു വന്നിരിക്കുന്നത്‌.

വിദേശ വായ്‌പകളെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും രൂപയുടെ മൂല്യത്തകര്‍ച്ച കനത്ത തിരിച്ചടിയാണ്‌. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഡോളര്‍ നിരക്കില്‍ എടുത്ത വിദേശ വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നത്‌ സംസ്ഥാനത്തിന്‌ വന്‍ ബാധ്യതയാകും. വായ്‌പയും അതിന്‍െറ പലിശയും ഡോളറില്‍ തന്നെയാണ്‌ തിരിച്ചടയ്‌ക്കേണ്‌ടത്‌.

രൂപ വീഴുമ്പോള്‍ ചിരിക്കുന്ന പ്രവാസികള്‍

രൂപയുടെ മൂല്യമിടിയുമ്പോള്‍ മനസ്സിടിയുന്ന ഇന്ത്യക്കാരന്റെ ആകുലതകളാണ്‌ ഇവയെങ്കില്‍ രൂപയുടെ മൂല്യമിടിവ്‌ കണ്‌ട്‌ ഉള്ളില്‍ ചിരിക്കുന്ന ഒരു കൂട്ടരുണ്‌ട്‌. അത്‌ മറ്റാരുമല്ല പ്രവാസി ഇന്ത്യാക്കാരാണ്‌. ഇവര്‍ക്കുപുറമെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ച്ച നേരിട്ട കയറ്റുമതിക്കാര്‍ക്കും ഐടി സ്ഥാപനങ്ങള്‍ക്കും വിലയിടിവ്‌ ഗുണകരമാണ്‌. വിദേശ കറന്‍സി ഇന്ത്യയിലെത്തുമ്പോള്‍ കൂടുതല്‍ രൂപ ലഭിക്കുമെന്നതു പ്രവാസികളെ സന്തോഷിപ്പിക്കുന്നത്‌. ഇതേത്തുടര്‍ന്നു നാട്ടിലേക്കുള്ള പ്രവാസിപ്പണമൊഴുക്കില്‍ 40% വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്‌ട്‌. 60 ലക്ഷം പ്രവാസികളുളള കേരളത്തിനും വിലയിടിവുകൊണ്‌ട്‌ നേട്ടമുണ്‌ടെന്ന്‌ സാരം. വിദേശ പണം ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന പലിശയും ലഭിക്കും.

വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ ഇപ്പോള്‍ തന്നെ തമ്മില്‍ മത്സരം തുടങ്ങിയിട്ടുണ്‌ട്‌. ഡോളറുകളില്‍ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ ഉയര്‍ന്ന പലിശ വാഗ്‌ദാനം ചെയ്‌താണ്‌ ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്‌. വിദേശ ഇന്ത്യക്കാരുടെ ഡോളര്‍, രൂപ എന്നിവയിലുള്ള നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞ ദിവസം ബാങ്കുകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു.

നിലവില്‍ ലണ്‌ടന്‍ ഇന്റര്‍ ബാങ്ക്‌ നിരക്കിനേക്കാള്‍ 1.25 ശതമാനം കൂടുതല്‍ പലിശ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്ക്‌ ബാങ്കുകള്‍ക്ക്‌ നല്‍കാനാകും. ആഗോള സാമ്പത്തിക അനിശ്‌ചിതത്വവും മറ്റു നിക്ഷേപ മേഖലയിലെ അരക്ഷിതത്വവും കണക്കിലെടുത്ത്‌ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ കൂടുതല്‍ പണമയക്കുമെന്നാണ്‌ ബാങ്കുകള്‍ വിലയിരുത്തുന്നത്‌.

യൂറോ മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം ഇനിയും അവസാനിക്കാത്ത സാഹചര്യത്തില്‍ ആഗോള നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക്‌ മാറുന്നതാണ്‌ രൂപയുടെ മൂല്യമിടിവിനുള്ള ഇപ്പോഴത്തെ കാരണം. ഇന്ത്യന്‍ വിപണികളിലെ നിക്ഷേപം ഡോളറിലേക്കും യുഎസ്‌ ട്രഷറി ബോണ്‌ടുകളിലേക്കും മാറുന്ന പ്രവണതയാണ്‌ ഇപ്പോഴത്തേത്‌. രൂപക്കു പുറമേ, മിക്ക ഏഷ്യന്‍ കറന്‍സികളും ഡോളറിനെതിരെയുള്ള വിനിമയത്തില്‍ തകര്‍ച്ചയിലാണ്‌. ഇന്തോനേഷ്യന്‍ രൂപ രണ്‌ടു മാസത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കും സിംഗപ്പൂര്‍ ഡോളര്‍, മലേഷ്യന്‍ കറന്‍സി റിംഗിറ്റ്‌ എന്നിവ ആറാഴ്‌ചയിലെ ഏറ്റവും താഴ്‌ന്ന വിനിമയവുമാണ്‌ കഴിഞ്ഞ ആഴ്‌ച രേഖപ്പെടുത്തിയത്‌.

2009 മാര്‍ച്ചിലാണ്‌ ഇന്ത്യന്‍ കറന്‍സി നിലവിലേതിന്‌ സമാനമായ സാഹചര്യം നേരിട്ടത്‌. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കില്‍ യുഎസ്‌ ഡോളറിന്റെ സാന്നിധ്യം ശക്തമായി തുടരുമെന്നും 2009 ല്‍ നേരിട്ടതിനെക്കാള്‍ വലിയ തകര്‍ച്ചയാകും ഇന്ത്യന്‍ കറന്‍സി വരും ദിവസങ്ങളില്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും ചൂണ്‌ടികാണിക്കപ്പെടുന്നു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തുടരുമ്പോള്‍ തന്നെ കറന്‍സി രംഗത്ത്‌ ഡോളര്‍ ആധിപത്യം ഉറപ്പിക്കുകയാണ്‌. അങ്ങനെയാണെങ്കില്‍ പ്രവാസികളുടെ ചിരി ഇനിയും തുടരുമെന്നര്‍ഥം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക