Image

കര്‍മ്മനിരതമായ വിശ്വാസവും ഭക്തിയും (നിയുക്ത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടുമായി അഭിമുഖം)

Published on 25 July, 2014
കര്‍മ്മനിരതമായ വിശ്വാസവും ഭക്തിയും (നിയുക്ത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടുമായി അഭിമുഖം)
നിയുക്ത ബിഷപ്പ്‌ മോണ്‍ ജോയി ആലപ്പാട്ടിന്റെ മാതാവ്‌ റോസി ആലപ്പാട്ട്‌ നിര്യാതയായിട്ട്‌ സെപ്‌റ്റംബറില്‍ ഒരുവര്‍ഷമാകും. ബിഷപ്പിന്റെ സ്ഥാനാരോഹണവും ചിക്കാഗോയില്‍ സെപ്‌റ്റംബറിലായിരിക്കും.

`
ഒരുപാട്‌ സ്‌നേഹവും കരുതലും ഉണ്ടായിരുന്നു അമ്മയ്‌ക്ക്‌. ജീവിതത്തില്‍ വലിയ പ്രകാശമായിരുന്നു അമ്മ. അതുപോലെ തന്നെ വലിയ സ്ഥാനത്തു നില്‍ക്കുന്ന ഒരാളെപ്പോലെയാണ്‌ വൈദീകനായതുമുതല്‍ അമ്മ തന്നെ കണ്ടത്‌.' പിതാവ്‌ വര്‍ഗീസ്‌ ആലപ്പാട്ട്‌ 28 വര്‍ഷം മുമ്പ്‌ മരിച്ചതിനാല്‍ അമ്മയായിരുന്നു ജീവിതത്തില്‍ മുഖ്യം.

ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ സ്ഥാനത്തേക്ക്‌ പല പേരുകളും കേട്ടിരുന്നെങ്കിലും ജോയി അച്ചന്റെ പേര്‌ അക്കൂടെ ഇല്ലായിരുന്നു. അതിനാല്‍ നിയമന വാര്‍ത്ത 'സര്‍പ്രൈസ്‌' ആയിരുന്നു.

രണ്ടു ദശാബ്‌ദമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നാടിനെപ്പറ്റി നല്ല ഓര്‍മ്മകളേയുള്ളൂ. അമേരിക്കയെപ്പറ്റി വ്യക്തമായ ധാരണ
കളുണ്ടുതാനും. നാട്ടിലെ രൂപതകളും പള്ളികളുമൊക്കെ സ്വന്തം മണ്ണില്‍ നൂറ്റാണ്ടുകളായി ഉള്ളതാണ്‌. അതു നമ്മുടെ വീടാണ്‌. ഇവിടെ നാം പ്രവാസികള്‍ തന്നെ. ഇവിടുത്തെ ദേശീയ ജീവിതത്തിലേക്ക്‌ നാം ഇനിയും ഇഴുകിച്ചേര്‍ന്നിട്ടില്ല. അതിനു സമയമെടുക്കും.

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌ ചിക്കാഗോ രൂപതയിലെ അംഗങ്ങള്‍. നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്‌തകളില്‍ നിന്നുമൊക്കെ വന്നവര്‍. അവയെല്ലാം സമന്വയത്തില്‍ പോകുന്നു എന്നതു വലിയ കാര്യം തന്നെ. പഴയ തലമുറയും പുതിയ തലമുറകളും തമ്മിലുള്ള വിടവ്‌ മാത്രം വ്യക്തമാണ്‌. കൂടുതലായുള്ള ആശയവിനിമയത്തിലൂടെ വേണം അതു കുറയ്‌ക്കാന്‍.

രൂപത വരുന്നതിനു മുമ്പ്‌ ചിലര്‍ക്കെങ്കിലും അതിനോട്‌ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അതില്ല. രൂപതകൊണ്ട്‌ ഒരുപാട്‌ ഗുണങ്ങളുണ്ടായി. നമ്മുടെ ജീവിത രീതികള്‍ തന്നെ അത്‌ ഉയര്‍ത്തി. രൂപത വന്നില്ലായിരുന്നുവെങ്കില്‍ കുറെപ്പേര്‍ മറ്റ്‌ സംവിധാനങ്ങളിലേക്കോ സഭയിലേക്ക്‌ ചേക്കേറുകയും നാം പരസ്‌പര ബന്ധമില്ലാത്ത സമൂഹമായി മാറുകയും ചെയ്യുമായിരുന്നു.

പുതിയ തലമുറയില്‍ വിശ്വാസ തീക്ഷണതയ്‌ക്ക്‌ കുറവില്ല. നൂറുവര്‍ഷം കഴിഞ്ഞും സീറോ മലബാര്‍ പള്ളികള്‍ ഇവിടെ നിലനില്‍ക്കും. രണ്ടു
തരം ഐഡന്റിറ്റികളാണ്‌ നമ്മെ വ്യതിരിക്തരാക്കുന്നത്‌. ഇന്ത്യക്കാര്‍ എന്നതാണ്‌ ഒന്ന്‌. രണ്ടാമത്തേത്‌ പ്രത്യേകമായ ആരാധനാരീതി. എങ്കിലും ആരാധന പുതിയ തലമുറയ്‌ക്കായി കൂടുതല്‍ ഇംഗ്ലീഷില്‍ തന്നെ വേണമെന്നതാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കത്തീഡ്രല്‍ പള്ളി നിറയുന്നത്‌ ഇംഗ്ലീഷ്‌ കുര്‍ബാന ചൊല്ലുമ്പോഴാണ്‌. എഴുനൂറില്‍പ്പരം കുട്ടികളാണ്‌ വേദപാഠം പഠിക്കുന്നത്‌.

പുതിയ തലമുറ പിഴച്ചുപോകുന്നു എന്നു പറയുന്നതും ശരിയല്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവരുടെ ശൈലി വ്യത്യസ്‌തമാരിക്കാം. പഴയ തലമുറയ്‌ക്ക്‌ അത്‌ അപ്പാടെ ഇഷ്‌ടപ്പെട്ടു എന്നു വരില്ല. അതിനെ പക്ഷെ കണ്ണടച്ച്‌ പഴിക്കരുത്‌. മുന്‍വിധിയോടെ അവരെ സമീപിക്കുകയുമരുത്‌.
കോളജില്‍ പോകുമ്പോള്‍ അവര്‍ പള്ളി കാര്യങ്ങളിലൊക്കെ പിന്നോട്ടുപോകാറുണ്ടെങ്കിലും പിന്നെയും മടങ്ങിവരുമെന്നുറപ്പ്‌.

രൂപതയില്‍ സ്വന്തം സ്ഥാപനങ്ങളൊക്കെ കുറവാണെന്നതാണ്‌ ഒരു പ്രശ്‌നം. ഉള്ളതൊക്കെ മോര്‍ട്ട്‌
ഗേജ്‌   അടയ്‌ക്കുന്നതും. അപ്പോള്‍ പിന്നെ അതു വിശ്വാസിസമൂഹത്തിനു പ്രാരാബ്‌ദം തന്നെ. നാട്ടിലില്ലാത്തതാണ്‌ ഇത്‌.

ചിക്കാഗോ രൂപതയുടെ സഹായ മെത്രാനാണെങ്കിലും ബന്‍സെന്ന എന്ന രൂപതയുടെ ബിഷപ്പായാണ്‌ മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്‌. ടൂണീഷ്യയില്‍ പണ്ടെങ്ങോ ഉണ്ടായിരുന്ന രൂപതയാണത്‌. ഇപ്പോഴില്ല. ഈ രൂപതയുടെ പേരില്‍ മുമ്പ്‌ ബിഷപ്പുമാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വേറെ ആരുമില്ല.

മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനെ സഹായിക്കുക, അദ്ദേഹം നല്‍കുന്ന ചുമതലകള്‍ നിര്‍വഹിക്കുക എന്നിവയാണ്‌ സഹായ മെത്രാന്റെ പ്രധാന ജോലികള്‍. പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനാണോ എന്നൊന്നും അറിയില്ല. ചിക്കാഗോ രൂപതയുടെ അധികാര പരിധി അമേരിക്ക മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ (മാര്‍ അങ്ങാടിയത്ത്‌ കാനഡയുടെ അപ്പസ്‌തോലിക്‌
വിസിറ്റേറ്ററുമാണു.) കാലക്രമേണ പുതിയ സംവിധാനങ്ങള്‍ ഉണ്ടായിക്കൂടെന്നുമില്ല.

ഇപ്പോഴത്തെ കോയമ്പത്തൂര്‍ ബിഷപ്പ്‌ അടക്കം രണ്ടു ബിഷപ്പുമാരും ഒട്ടേറെ വൈദീകരും, കന്യാസ്‌ത്രീകളും ആലപ്പാട്ട്‌ കുടുംബത്തില്‍ നിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ഈ കുടുംബ പശ്ചാത്തലം തന്നെ ദൈവവിളി തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. തൃശൂര്‍ കാട്ടൂരിലെ മൂലകുടുംബത്തില്‍ നിന്ന്‌ പറപ്പൂക്കര വന്ന്‌ മുന്‍ഗാമികള്‍ താമസമാക്കിയതാണ്‌. പള്ളിയോട്‌ അടുത്തായിരുന്നു വീട്‌. അതിനാല്‍ പള്ളിയുമായി കൂടുതല്‍ ബന്ധപ്പെട്ട്‌ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കാനായി. എന്തുകൊണ്ടാണ്‌ വൈദീകനായത്‌ എന്ന്‌ കൃത്യമായി പറയാന്‍ ഒരു കാര്യമില്ല. ഇവയെല്ലാം സ്വാധീനിച്ചു, ദൈവം അതിനു വഴിയൊരുക്കി.

പാശ്ചാത്യലോകത്ത്‌ ഭൗതീകതയും മതം വേണ്ടെന്ന ചിന്താഗതിയും ശക്തിപ്പെട്ടതാണ്‌ ആത്മീയതയ്‌ക്ക്‌ മങ്ങലേല്‍പിക്കുന്നത്‌. ഇതൊരു തെറ്റായ ചിന്താഗതിയാണ്‌. ഭൗതീകതകൊണ്ടുമാത്രം നാം എങ്ങും എത്തുന്നില്ല.

വിശ്വാസങ്ങളെ ശക്തിപ്പെടുത്തുകയാണ്‌ ഇത്തരം സാഹചര്യത്തില്‍ വേണ്ടത്‌. സഭയ്‌ക്ക്‌ മാനുഷീകവും ദൈവീകവുമായ വശങ്ങളുണ്ട്‌. എന്നും ദൈവാത്മാവിന്റെ ശക്തി സഭയെ നയിക്കുന്നതായി കാണാം. അതു വ്യക്തികളിലൂടെയോ പ്രസ്ഥാനങ്ങളിലൂടെയൊക്കെയോ ആകാം. ജോണ്‍ പോള്‍ മാര്‍പാപ്പ ലോകമെങ്ങും ആദരിക്കപ്പെടുന്നു. മദര്‍ തെരാസയും ഫ്രാന്‍സീസ്‌ മാര്‍പാപ്പയും അങ്ങനെ തന്നെ. പ്രശസ്‌തിയൊന്നുമില്ലെങ്കിലും നിശബ്‌ദമായ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നവരുടെ എണ്ണം അസംഖ്യം. ഉദാഹരണത്തിനു ഫാ. സേവ്യര്‍ വട്ടായില്‍ തന്നെ. അദ്ദേഹത്തിന്റെ ധ്യാനം കേട്ട്‌ മദ്യപാനം തുടങ്ങി തിന്മകളില്‍ നിന്നു മോചിതരായ എത്രയോ പേരുണ്ട്‌.

സഭയിലുണ്ടാകുന്ന ചെറിയ തെറ്റുകളാണ്‌ സമൂഹം പലപ്പോഴും പെരുപ്പിച്ച്‌ കാണിക്കുന്നത്‌. ഇതൊരു ഗൂഢാലോചനയെന്നു പറയാം.

വിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്‌ നാം പ്രചോദനം ഉള്‍ക്കൊള്ളേണ്ടത്‌. കന്യാമറിയത്തിന്റേയും യൗസേഫ്‌ പിതാവിന്റേയും മധ്യസ്ഥത തേടാം.

തന്റെ പേരുകാരനായ വിശുദ്ധ ജോണ്‍ നെപ്പോമുസിന്‍ ചെക്ക്‌ റിപ്പബ്ലിക്കിലെ വൈദീകനായിരുന്നു. കുമ്പസാര രഹസ്യത്തിന്റെ പേരില്‍ അദ്ദേഹം രക്‌സാക്ഷിത്വം വഹിക്കുകയായിരുന്നു. കേരളത്തില്‍ നാലഞ്ചു പള്ളികള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ളത്‌.

കേരളത്തില്‍ രണ്ടു വിശുദ്ധര്‍കൂടി ഉടനെ നാമകരണം ചെയ്യപ്പെടുന്നു. അവരുടെയൊക്കെ ജീവിതം വലിയ പ്രചോദനമാണ്‌ നമുക്ക്‌ നല്‍കുന്നത്‌. സാമൂഹിക പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ചാവറ അച്ചനേയും, പ്രാര്‍ത്ഥനയുടെ ശക്തി ഏവുപ്രാസ്യാമ്മയേയും നമ്മുടെ മാതൃകാപുരുഷരാക്കുന്നു.

കേരളത്തില്‍ മതഭിന്നതകളില്ലാത്ത നല്ല കാലം മാത്രമാണ്‌ അച്ചന്‌ അറിയാവുന്നത്‌. ജാതി-മത ചിന്തകളൊന്നും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. തൃശൂര്‍ പൂരം കാണാന്‍
താന്‍ പോയത്‌  എല്ലാവരും പങ്കെടുക്കുന്ന ആഘോഷമെന്ന നിലയിലാണ്‌. ക്രൈസ്‌തവര്‍ നടത്തുന്ന വിദ്യാലയങ്ങളിലും ആശുപത്രികളിലുമൊക്കം മറ്റു മതസ്ഥരാണ്‌ കൂടുതല്‍ വരുന്നത്‌. അവിടെയൊന്നും ഭിന്നതയ്‌ക്ക്‌ പ്രസക്തിയില്ല.

സഭകള്‍ തമ്മില്‍ കൂടുതല്‍ യോജിച്ച്‌ മുന്നോട്ടു പോകണമെന്നതില്‍ അദ്ദേഹത്തിന്‌ സംശയമൊന്നുമില്ല. ചിക്കാഗോയില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റാണ്‌.
ന്യുജെഴ്‌സിയിലായിരുന്നപ്പോഴും എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.
പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടാന്‍ ഒന്നിച്ചു നില്‍ക്കുന്നതാണ്‌ എപ്പോഴും നല്ലത്‌. പരസ്‌പരം പഠിക്കാനും ഇതു സഹായിക്കും. പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തെ തുടര്‍ന്ന്‌ പ്രതിക്ഷേധ റാലിക്ക്‌ എല്ലാ വിഭാഗക്കാരും പങ്കെടുത്തതു തന്നെ ഉദാഹരണം.

അടിക്കുറിപ്പ്‌:

ക്‌നാനായ വിഭാഗത്തില്‍ നിന്ന്‌ ഒരു സഹായമെത്രാനെയാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. അതുണ്ടാവാത്തതിനാല്‍ എന്തെങ്കിലും സംവിധാനം ഒരുപക്ഷെ ഉണ്ടാകുമാ
യിരിക്കും എന്നു കരുതണം.

ചിക്കാഗോ രൂപത റോമിന്റെ നേരിട്ടുള്ള കീഴിലാണെങ്കിലും സീറോ മലബാര്‍ സിനഡിന്റെ കൂടെ അറിവോടെയാണ്‌ സഹായ മെത്രാന്റെ നിയമനം.
കര്‍മ്മനിരതമായ വിശ്വാസവും ഭക്തിയും (നിയുക്ത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടുമായി അഭിമുഖം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക