Image

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടനെ നിരീക്ഷണ ക്യാമറാ സ്ഥാപിയ്‌ക്കണം: ഓര്‍മ

ജോര്‍ജ്‌ നടവയല്‍ Published on 28 November, 2011
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടനെ നിരീക്ഷണ ക്യാമറാ സ്ഥാപിയ്‌ക്കണം: ഓര്‍മ
ഫിലഡല്‍ഫിയ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ ഭീതിദമാക്കുന്ന ദുരന്തം ഒഴിവാക്കാന്‍ പുതിയ അണക്കെട്ടു നിര്‍മ്മിയ്‌ക്കണമെന്ന ജസ്റ്റീസ്‌ തോമസ്‌ കമ്മീഷന്റെ നിഗമനം നടപ്പാക്കണമെന്ന്‌ ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക -ഓര്‍മ- ദേശീയ നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗ്‌, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക്‌ അയച്ച അടിയന്തിര ഫാക്‌സ്‌ സന്ദേശത്തിലാണ്‌ ഓര്‍മ ഈ അഭ്യര്‍ത്ഥന ഉയര്‍ത്തിയത്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണാവസ്ഥ നിരീക്ഷിച്ച്‌ പെട്ടെന്നുള്ള മുന്‍ കരുതലുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കുമായി അണക്കെട്ടിനെ സദാ നിരീക്ഷിക്കുൂന്ന `വെബ്‌ ക്യാമറാ' സ്ഥാപിയ്‌ക്കണമെന്നും സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. ഈ ക്യാമറ സംവിധാനം ഫലപ്രദമായി ഉപയോഗിച്ച്‌ മുന്നറിയിപ്പുകള്‍ നല്‍കാന്‍ വിദഗ്‌ദ്ധന്മാരെ ചുമതലപ്പെടുത്തുകയും വേണം.

ലോകമെങ്ങുമുള്ള മലയാളികള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആപത്ഭീഷണാവസ്ഥ മുന്നില്‍ കണ്ട്‌ മുറവിളി ഉയര്‍ത്തണമെന്ന്‌ ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക-ഓര്‍മ- അഭ്യര്‍ത്ഥിയ്‌ക്കുന്നു.

ഓര്‍മാ ദേശീയ പ്രസിഡന്റ്‌ സിബിച്ചന്‍ ചെമ്പ്‌ളായില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ പ്രമേയം അവതരിപ്പിച്ചു. സ്‌പോക്‌സ്‌ പേഴ്‌സണ്‍ ജോര്‍ജ്‌ നടവയല്‍ `മുല്ലപ്പെരിയാര്‍ കേരളത്തിന്റെ കണ്ണീര്‍ പെരിയാര്‍' എന്ന പ്രബന്ധം അവതരിപ്പിച്ചു. ചര്‍ച്ചയ്‌ക്ക്‌ ജോസ്‌ ആറ്റുപുറം, അനിയന്‍ മൂലയില്‍, പോള്‍ തെക്കും തല എന്നിവര്‍ നേതൃത്വം നല്‍കി.

മുല്ലപ്പെര്യാര്‍ അണക്കെട്ട്‌ ഭീഷണമാകാന്‍ കാരണം ഇനി പറയുന്ന വസ്‌തുതകളാണ്‌:

115 വര്‍ഷത്തെ പഴക്കം, കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയുമാണ്‌ നിര്‍മ്മിതി വസ്‌തുക്കള്‍, സുര്‍ക്കിയില്‍ പണിഞ്ഞിട്ടും ഇനിയും ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക അണക്കെട്ട്‌, ഡ്രയിനേജ്‌ ഗാലറികളില്ലാത്ത അണക്കെട്ട്‌; അതിനാല്‍ ജലമര്‍ദ്ദം കൂടും, നിര്‍മ്മിതിയില്‍ ജോയന്റുകള്‍ ഇല്ലാത്ത അണക്കെട്ട്‌- ഒറ്റ ബ്ലോക്കിലുള്ള നിര്‍മ്മാണരീതി, ജലമര്‍ദ്ദം കണക്കിലെടുക്കാതെ നിര്‍മ്മിച്ച അണക്കെട്ട്‌, സ്‌പില്‍വേകള്‍ വളരെ കുറവ്‌, സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന്‌ ഒലിച്ചു പോയതിനാല്‍ പൊട്ടലുകള്‍ നിറഞ്ഞ അണക്കെട്ട്‌ നിര്‍മ്മിതി, തുടക്കം മുതലേ ചോര്‍ച്ച, 1922,1928-35, 1961-65 വര്‍ഷങ്ങളില്‍ സിമന്റു ചാന്തു കൊണ്ടാണ്‌ ചോര്‍ച്ചകള്‍ അടച്ചത്‌, വര്‍ഷം തോറും 30.4 ടണ്‍ എന്ന പ്രകാരം 50 വര്‍ഷങ്ങളിലായി 1500ലധികം ടണ്‍ സുര്‍ക്കി ഒലിച്ചു പോയി, ഭൂകമ്പ സാദ്ധ്യതാ പഠനം നടത്തിയിട്ടില്ല, ഭ്രംശമേഖലകളായ ഉടുമ്പന്‍ ചോലയും കമ്പവും ചേരുന്ന സ്ഥലത്താണ്‌ അണക്കെട്ട്‌ എന്നത്‌ ഭൂകമ്പ സാദ്ധ്യതയുടെ ആപത്‌ കരിനിഴല്‍ വീഴ്‌ത്തുന്നു, ബേബീ ഡാമിന്റെ അടിയിലെ ചോര്‍ച്ച ഭയങ്കരം, ബേബീ ഡാം ഭ്രംശ മേഖലയിലാണ്‌,പരിസര ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി വര്‍ദ്ധിപ്പിക്കുന്നു, പെരിയാര്‍ നദി ഒഴുകുന്നത്‌ ഭ്രംശ മേഖലയിലാണ്‌, അണക്കെട്ടിനെ നിരീക്ഷിയ്‌ക്കുന്നില്ല, നിരീക്ഷണോപകരണങ്ങള്‍ കാലഹരണപ്പെട്ടു, ജലമര്‍ദ്ദം കുറയ്‌ക്കാന്‍ ജല നിരപ്പ്‌ 136 അടിയായി കുറയ്‌ക്കണമെന്നും സ്‌പില്‍വേകള്‍ കൂട്ടണമെന്നും 1919ല്‍ തന്നേ കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്‌, സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ അണക്കെട്ടിനു മുകളിലുണ്ടാക്കിയ കോണ്‍ക്രീറ്റ്‌ ക്യപ്പിംഗ്‌ ഉപകാരശൂന്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടനെ നിരീക്ഷണ ക്യാമറാ സ്ഥാപിയ്‌ക്കണം: ഓര്‍മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക