Image

ഇനി മഞ്ജു സ്വയം സഞ്ചരിക്കട്ടെ

ജയമോഹന്‍ എം Published on 29 July, 2014
ഇനി മഞ്ജു സ്വയം സഞ്ചരിക്കട്ടെ
അങ്ങനെ അവസാനം മഞ്ജുവാര്യര്‍ മനസു തുറന്നിരിക്കുന്നു. തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന്റെ തുറന്നു പറച്ചില്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് മലയാളികളുടെ ഇന്റര്‍നെറ്റ് സൗഹൃദങ്ങളിലൂടെ ലോകമെങ്ങും ഓടുകയാണ്. ഒരുപക്ഷെ മഞ്ജുവിന്റെ ഇത്തരമൊരു തുറന്നു പറച്ചില്‍ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതുകൊണ്ടാവണം മാധ്യമങ്ങളും ഈ ഫേസ്ബുക്ക് പോസ്റ്റിന് വലിയ വാര്‍ത്താ പ്രധാന്യം തന്നെ കൊടുത്തു.
'തന്റെ ജീവിതത്തിലെ തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തിലും പ്രശ്‌നങ്ങള്‍ വീഴ്ത്തുന്നു എന്നു വരുമ്പോഴാണ് ഇത്തരത്തിലൊരു കുറിപ്പെഴുതുന്നത് എന്ന ആമുഖത്തോടെയാണ് മഞ്ജുവിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഞാനും ദിലീപേട്ടനും ചേര്‍ന്ന് വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ചത് തികച്ചും സ്വകാര്യമായ കാര്യമാണെന്നാണ് മഞ്ജു ആദ്യമേ പറഞ്ഞുവെക്കുന്നത്. ഒപ്പം അത് തന്റെ സ്വകാര്യതയായി കണ്ട് തന്നെ വെറുതെവിടണമെന്നും മഞ്ജു അഭ്യര്‍ഥിക്കുന്നു. എന്നാല്‍ തന്റെയും ദിലീപിന്റെയും വിവാഹമോചനത്തിന് പിന്നില്‍ തന്റെ സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയ്കുതാ വര്‍മ്മ, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, ശ്വേതാ മേനോന്‍ എന്നിവരാണെന്ന പ്രചാരണം വ്യാപകമാണെന്നും അത് തന്നെ വേദനിപ്പിക്കുന്നവെന്നും തന്റെ തീരുമാനത്തിന് ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും മഞ്ജു കുറിപ്പില്‍ വിശദീകരിക്കുന്നു. മാത്രമല്ല അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് തനിക്ക് ദുഖമുണ്ടാക്കുന്ന കാര്യമാണെന്നും മഞ്ജുകൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഈ വിശദീകരണത്തിനു ശേഷം ദിലീപിന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവാനും കലാജീവിതത്തില്‍ ദിലീപ് കൂടുതല്‍ ഉയരങ്ങളില്‍ എത്താനും മഞ്ജു ആശംസകള്‍ നല്‍കുന്നുണ്ട്.
പിന്നീടുള്ളത് മകളോടുള്ള മനസു തുറക്കാലണ്. തന്റെ മകള്‍ മീനാക്ഷി അച്ഛന്റെ സംരക്ഷണയില്‍ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുള്ളതായി മഞ്ജു പറയുന്നു. മാത്രമല്ല അവളുടെ അവകാശത്തിന് മേല്‍ പിടിവലി നടത്തി അവളെ ദുഖിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജുവിന്റെ തുറന്നുപറച്ചിലുണ്ട്.
ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നും ഒരു സിനിമയുടെ വിജയം ഒന്നുമാകില്ലെന്നും മഞ്ജുകുറിപ്പിലൂടെ പങ്കു വെക്കുന്നു.
യു നെവര്‍ റിയലൈസ് ഹൗ സ്‌ട്രോങ് യുആര്‍ അണ്‍റ്റില്‍ ബീയിംഗ് സ്‌ട്രോങ് ഈസ് ദ ഒണ്‍ലി ഓപ്ഷന്‍ യു ഹാവ് ലെഫ്റ്റ് എന്ന ബോബ് മാര്‍ണിയുടെ വരികള്‍ കുറിച്ചുകൊണ്ടാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏതാണ്ട് ~ഒരു വര്‍ഷക്കാലമാകുന്നു വിവാഹ ജീവിതത്തില്‍ നിന്നും വിട്ടുമാറി മഞ്ജു പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഇതിനിടയില്‍ നൃത്തത്തില്‍ മഞ്ജുവിന്റെ അരങ്ങേറ്റമുണ്ടായി. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. സാക്ഷാല്‍ ബച്ചനൊപ്പം കല്യാണ്‍ ജൂവലറിയുടെ പരസ്യത്തിലെത്തി. തന്റെ അനുഭവ കഥകള്‍ (വിവാഹ ജീവിതത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ ഒഴിച്ചുള്ളവ) മഞ്ജു പുസ്തകമാക്കി. പിന്നീട് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലേക്കെത്തിയ മഞ്ജുവിനെയാണ് എല്ലാവരും കണ്ടത്. സിനിമയൊരു സൂപ്പര്‍ ഹിറ്റ്. മലയാള സിനിമയില്‍ നായികയ്ക്ക് സ്ഥാനമുണ്ടെന്ന് കാലങ്ങള്‍ക്ക് ശേഷം മഞ്ജു വീണ്ടും തെളിയിച്ചു. സിനിമ സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍ വേര്‍പിരിയലിനായി കോടതിയിലെത്തിയ മഞ്ജിവിനെയും ദിലീപിനെയുമാണ് ജനങ്ങള്‍ കണ്ടത്. ഇതിനിടയില്‍ വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പുറത്തു പറഞ്ഞുകൊണ്ട് ദിലീപിന്റെ അഭിമുഖം പ്രമുഖ വാരികയില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ഭാഗം ന്യായീകരിക്കുമ്പോഴും മഞ്ജുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദിലീപിന്റെ അഭിമുഖം അവസാനിക്കുന്നത്.
ഇതേ പോലെ തന്നെ ദിലീപിന് വരും ജീവിതത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് മഞ്ജുവിന്റെ കുറിപ്പ് എത്തുമ്പോള്‍ അതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. മഞ്ജു ദിലീപ് വിവാഹത്തകര്‍ച്ചക്ക് പിന്നില്‍ പ്രധാന കാരണക്കാരായി ചലച്ചിത്ര ലോകത്ത് പറയപ്പെടുന്നത് സംയുക്ത, ഗീതുമോഹന്‍ദാസ്, ഭാവന, പൂര്‍ണ്ണിമ, ശ്വേതാ മേനോന്‍ എന്നിവരുടെ പേരുകളായിരുന്നു. ഇവരുമായുള്ള അടുപ്പമാണ് സിനിമയിലേക്ക് വീണ്ടുമൊരു താത്പര്യം മഞ്ജുവില്‍ എത്തിച്ചതെന്നും സിനിമയിലേക്ക് മടങ്ങാനുള്ള മഞ്ജുവിന്റെ തീരുമാനം വിവാഹമോചനത്തിലെത്തിയെന്നുമാണ് ചലച്ചിത്രലോകത്തെ അടക്കം പറച്ചില്‍. മഞ്ജുവിന്റെ ഈ സുഹൃത്തുക്കള്‍ സിനിമയിലേക്കുള്ള മടക്കത്തെ പിന്തുണച്ചുവെന്നും പറയപ്പെടുന്നു. മഞ്ജുവിനെ സിനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ദിലീപ് ലോബിയില്‍ നിന്നുള്ള വിവിധ സമര്‍ദ്ദങ്ങള്‍ സ്വാഭാവികമായും സംഭവിച്ചിരിക്കാം. പലരെയും സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സാഹചര്യം വരെയുണ്ടായി എന്ന് പറയപ്പെടുന്നു. മലയാള സിനിമയില്‍ ദിലീപിന്റെ സ്‌നേഹവും സഹായവും ഏറെ ലഭിച്ചിട്ടുള്ള വലിയൊരു വിഭാഗം എപ്പോഴുമുണ്ട്. അവര്‍ മറ്റാരും പറഞ്ഞില്ലെങ്കിലും ദിലീപിനെ തകര്‍ക്കാന്‍ ശ്രമിച്ചവരെ ഒറ്റപ്പെടുത്താന്‍ തീര്‍ച്ചയായും തയാറാകും. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ ബിജുമേനോന്‍ അടക്കമുള്ളവര്‍ സമീപകാലത്ത് നേരിടുന്നുണ്ടെന്നാണ് ചലച്ചിത്രലോകം പറയുന്നത്. ഈ സാഹചര്യത്തിലാണ് തന്റെ സുഹൃത്തുക്കള്‍ തെറ്റുകാരല്ല എന്ന തുറന്നു പറച്ചിലുമായി മഞ്ജു രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ മഞ്ജുവിന്റെ കുറിപ്പില്‍ തന്റെ സ്വകാര്യ ജീവിതം ഇനിയും വിവാദമാക്കരുതെന്ന അഭ്യര്‍ഥനകൂടിയുണ്ട്. ഏറെ ശ്രദ്ധേയമാകുന്നത് അതീവം ഹൃദ്യമായി ഒരുക്കിയിരിക്കുന്ന ആ കുറിപ്പാണ്. ഒരു എഴുത്തുകാരിയുടെ എല്ലാ തീവ്രതയും മഞ്ജുവിന്റെ കുറിപ്പില്‍ കാണാം. ഉള്ളിലെ വേദന തുറന്നെഴുതുമ്പോള്‍ ആര്‍ക്കും അല്പം ആഴമുള്ള വാചകങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ച. എന്നാല്‍ പക്വതയുള്ള എഴുത്തിന്റെ പ്രകടനം മഞ്ജുവിനെ വ്യത്യസ്തയാക്കുന്നു. താന്‍ ഇനി തന്റെ സ്വകാര്യതയില്‍ മാത്രമൊതുങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജു ഇതിനാല്‍ വ്യക്തമാക്കി കഴിഞ്ഞു.
എന്തായാലും മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതത്തില്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ വേണ്ടിയിരുന്നു എന്നത് തന്നെയാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ കാണുന്ന കമന്റുകള്‍ തന്നെ വ്യക്തമാക്കുന്നത്. മഞ്ജുവിനോട് മിനാക്ഷിയിലേക്കും ദിലീപിലേക്കും മടങ്ങാന്‍ ആവിശ്യപ്പെടുന്നവരും, സ്ത്രീയുടെ ഭാവശുദ്ധിയുടെ ഉപദേശം നല്‍കുന്നവരും, കുടുംബം എന്ന സിസ്റ്റത്തെ തകര്‍ക്കരുത് എന്ന് അപേക്ഷിക്കുന്നവരുമാണ് കമന്റുമായി എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും. ഒരു സ്ത്രീക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ പോലും എത്രബുദ്ധിമുട്ടാണ് ഇന്നും നമ്മുടെ നാട്ടിലെന്ന് മനസിലാക്കാന്‍ ഈയൊരു കുറിപ്പ് മതി.
മഞ്ജുവും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സെലിബ്രിറ്റികളായതിനാല്‍ വാര്‍ത്തകളാകും എന്നത് ഉറപ്പാണ്. അതില്‍ നിന്ന് എത്ര ശ്രമിച്ചാലും മഞ്ജുവിനോ ദിലീപിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ല. പക്ഷെ അവരുടെ ജീവിതത്തിലേക്ക് കടന്നു ചെന്ന് ഉപദേശം കൊടുക്കേണ്ട ആവിശ്യം മലയാളിക്കില്ല എന്നതും ഓര്‍മ്മിക്കേണ്ടതാണ്. ഇവിടെയാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രസക്തമാകുന്നത്. അവര്‍ തീര്‍ച്ചയായും അവരുടെ വഴി തിരഞ്ഞെടുത്തിരിക്കുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും നല്ല സിനിമകള്‍ക്ക് മാത്രം കാത്തിരിക്കുകയാണ് പ്രേക്ഷകനെന്ന നിലയില്‍ മലയാളിക്ക് അഭികാമ്യം.
ഇനി മഞ്ജു സ്വയം സഞ്ചരിക്കട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക