Image

രാമായണത്തിലൂടെ - 6- മരണം മുന്‍കൂട്ടി കണ്ട രാവണന്‍; രാമായണത്തിലെ കലാകാരന്‍

അനില്‍ പെണ്ണുക്കര Published on 31 July, 2014
രാമായണത്തിലൂടെ - 6- മരണം മുന്‍കൂട്ടി കണ്ട രാവണന്‍; രാമായണത്തിലെ കലാകാരന്‍
സ്വന്തം മരണം മുന്‍കൂട്ടികണ്ട് തന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്ന, തന്റെ നിലപാടു തറയില്‍ ഉറച്ചുനില്‍ക്കുന്ന രാമായണത്തിലെ ഏറ്റവും പ്രധാനകഥാപാത്രമാണ് രാവണന്‍.
രാവണന്‍ ദുഷ്ടനാണെങ്കിലും രാമായണത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഒരു വ്യക്തിത്വമുള്ളതുപോലെ രാവണനുമുണ്ട് കറ കളഞ്ഞ ഒരു വ്യക്തിത്വം. ലൗകിക ജീവിതത്തില്‍ എങ്ങനെ മോക്ഷം നേടാം എന്ന് ഓരോ കഥാപാത്രത്തിലൂടെ പറയുമ്പോള്‍ മനുഷ്യന്‍ താമരയെപ്പോലെ ആയിരിക്കണമെന്ന് രാമായണം പറയുന്നു.

ചേറിലും ചെളിയിലും വേര് താഴ്ത്തി ജീവിക്കുന്ന താമര. പക്ഷെ അതിന്റെ ഒരിലയില്‍ പോലും ദുര്‍ഗ്ഗന്ധമില്ല. ഇതളുകള്‍ വിടര്‍ത്തി ജലത്തിനു മീതേ തലയുയര്‍ത്തി നില്‍ക്കുകയാണ് താമര. മനുഷ്യനും അങ്ങനെതന്നെ വേണം ജീവിക്കാന്‍. നമ്മുടെ പരിസ്ഥിതി എത്ര മോശമായാലും, ദുര്‍ഗന്ധപൂരിതമായാലും ശരി അതിന്റെ സ്പര്‍ശഗന്ധങ്ങള്‍ അല്പം പോലും മനസിലും ശരീരത്തിലും ഏല്‍പ്പിക്കാതെ വ്യക്തിത്വത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് മേലെയാണ് രാവണനും നില്‍ക്കുന്നത്.

അയാളുടെ അനുഭവമണ്ഡലം, പ്രവൃത്തി പരസരം എല്ലാം മലീമസമാണ്. പക്ഷെ അയാളുടെ സംസാരം നോക്കൂ. എത്ര ഉജ്ജ്വലമാണ്. പ്രവൃത്തിയാകട്ടെ, ചിന്തിക്കുന്നതാകട്ടെ, കറയറ്റ വ്യക്തിത്വത്തോടെയും കിടയറ്റ യോദ്ധാവും, പ്രതിഭാധനനായ കലാകാരനുമാകുന്നു രാവണന്‍. സംഹാര പ്രക്രിയകളില്‍ പോലും അയാള്‍ സൗന്ദര്യം കണ്ടെത്തുന്നു. വിധിയുടെ അനിവാര്യതയ്‌ക്കെതിരെയാണ് രാവണന്‍ പോരാടുന്നത്. അധര്‍മ്മത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചയാളാണെങ്കിലും തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട്, ആവിശ്വാസത്തിന്റെ മണ്ണില്‍ കാലുറപ്പിച്ചുകൊണ്ടാണ് രാവണന്‍ സ്വന്തം ശക്തിയും വ്യക്തിത്വവും തന്റേടത്തോടെ ഉയര്‍ത്തിക്കാട്ടുന്നത്. ഒരു ഏകാകിക്ക് ഉണ്ടാകുന്ന ഭയമില്ലായ്മയാണ് രാവണന്റെ വ്യക്തിത്വത്തിന്റെ കാതല്‍. അതുകൊണ്ടാണ് രാവണന്‍ വളരെ ധൈര്യപൂര്‍വ്വം ഇങ്ങനെ പറഞ്ഞത്.
“പരമാത്മാ യദാ രാമ: പ്രാര്‍ത്ഥിതോ ബ്രഹ്മണാ കില
മാം ഹന്തും മാനുഷോ ഭുത്വായത്‌നാദിഹസമാഗത”
ഈശ്വരനായ രാമന്‍ മനുഷ്യരൂപത്തില്‍ എന്നെ കൊല്ലാനായി വന്നതാണെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അതുതന്നെ ചെയ്യും!

ഈ ആര്‍ജ്ജവമാണ് രാവണന്റെ കരുത്ത്.


രാമായണത്തിലൂടെ - 6- മരണം മുന്‍കൂട്ടി കണ്ട രാവണന്‍; രാമായണത്തിലെ കലാകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക