Image

മഹര്‍ഷിമാര്‍ക്ക്‌ നമസ്‌കാരം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 02 August, 2014
മഹര്‍ഷിമാര്‍ക്ക്‌ നമസ്‌കാരം (ലേഖനം: സാം നിലമ്പള്ളില്‍)
നമ്മുടെ രചനകള്‍ ദേവലോകത്തിരുന്ന്‌ വിശ്വാമിത്രനും, വിദ്യാധരനും, പരമശിവനും, നാരദമഹര്‍ഷിയും മറ്റും വായിക്കുന്നുണ്ടെന്ന്‌ അറിയുമ്പോള്‍ ആര്‍ക്കാണ്‌ അഭിമാനം തോന്നാതിരിക്കുക; എനിക്ക്‌ തീര്‍ച്ചയായും തോന്നാറുണ്ട്‌. അവരുടെ അഭിപ്രായങ്ങള്‍ നല്ലതായാലും മോശമായാലും ഞാന്‍ ആര്‍ത്തിയോടെ വായിക്കാറുമുണ്ട്‌. ഇമലയാളിക്ക്‌ പരലോകത്തും വായനക്കാരുള്ളതിന്റെ പേരില്‍ പത്രാധിപര്‍ക്കും അഭിമാനംകൊള്ളാം. ഈ ദുഷ്‌ടഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അവരാരും നല്ല വായനക്കാരായിരുന്നു എന്നുള്ളതിന്‌ രേഖകളില്ല. സ്വര്‍ക്ഷലോകത്തില്‍ മറ്റുജോലികളൊന്നും ഇല്ലാത്തതിന്റെ പേരിലായിരിക്കും അവര്‍ വായതുടങ്ങിയതെന്ന്‌ അനുമാനിക്കാം; നല്ലതുതന്നെ.

ഈ എളിയ എഴുത്തുകാരനായ ഞാന്‍ എന്തെങ്കിലും മണ്ടത്തരങ്ങള്‍ എഴുതിയാല്‍ അതും അവര്‍ വായിക്കുന്നുണ്ടെന്ന്‌ അറിയുമ്പോള്‍ രോമാഞ്ചം കൊള്ളാതെയിരിക്കുന്നത്‌ എങ്ങനെയാണ്‌; തലയില്‍ രോമമില്ലെങ്കിലും. എഴുത്തുകാരന്റെ തലയില്‍ രോമമില്ലാത്തതിനെപ്പറ്റി ഒരു മഹര്‍ഷി പരാതിപ്പെട്ടത്‌ വായിക്കാന്‍ ഇടയായി. `എന്തുചെയ്യാന്‍, വയസായിപ്പോയില്ലേ, മോനേ?' എന്ന്‌ ഏതോ സിനിമയില്‍ കേട്ടത്‌ ഞാനും ഇവിടെ ആവര്‍ത്തിക്കട്ടെ. ഇനിയിപ്പോള്‍ മുടികിളിര്‍പ്പാക്കാനൊന്നും സാധ്യമല്ലല്ലോ? മഹാനായ ബഷീര്‍ മുഴുക്കഷണ്ടി ആയിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ കെയറോഫില്‍ ഞാനും സമാധാനിക്കുകയാണ്‌. പിന്നെ, മുടിയുണ്ടായട്ടും വലിയ കാര്യമൊന്നും ഇല്ല. ചകിരിച്ചോറിന്റെ മുകളില്‍ നല്ലതുപോലെ പുല്ലുകിളിക്കുമെന്നാണ്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്‌. ചിലകഷണ്ടിക്കാര്‍ ചകിരിമെത്ത പോലത്തെ വിക്ഷും വെച്ചുകൊണ്ട്‌ നടക്കുന്നതിലും ഭേദമല്ലേ ഉള്ളമുടിയുംകൊണ്ട്‌ നടക്കുന്നത്‌?

ഞാനൊരു വലിയ എഴുത്തുകാരനാണെന്ന്‌ ഭാവിക്കാറില്ലെന്ന്‌ എന്നെ പരിചയമുള്ളവര്‍ക്ക്‌
അറിയാം. ഞാന്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്‌. എന്നുവെച്ച്‌ പേടിത്തൊണ്ടനല്ല. നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും വിളിക്കാനുള്ള തന്റേടം എനിക്കുണ്ട്‌. അമേരിക്കയില്‍ വന്നതിനുശേഷം നല്ല മലയാളംകൃതികളൊന്നും ഞാന്‍ വായിച്ചിട്ടില്ല. അതിനെപ്പറ്റിയാണ്‌ ഞാന്‍ തുറന്നെഴുതിയത്‌; ചിലര്‍ക്കൊന്നും ഇഷ്‌ടപ്പെടില്ലെന്ന്‌ മനസിലാക്കിക്കൊണ്ടുതന്നെ.

അസൂയ മനുഷ്യസഹജമാണ്‌. എനിക്കും അസൂയയുണ്ട്‌. എം.ടി. വാസുദേവന്‍ നായരോടും, മുകുന്ദനോടും, ടി. പത്മനാഭനോടും മറ്റും; അവരെപ്പോലെ പ്രശസ്ഥനാകാന്‍ സാധിക്കാകത്തതിന്റെ പേരില്‍. പക്ഷേ, പൊട്ടക്കുളത്തിലെ തവളകളോട്‌ എനിക്ക്‌ അസൂയയില്ല, സഹതാപമേയുള്ളു. നിങ്ങള്‍ എന്നും ഈ പൊട്ടക്കുളത്തില്‍തന്നെ കഴിയാനാണോ ഇഷ്‌ടപ്പെടുന്നത്‌? ഈ മനോഹരമായ ഭൂമി നിങ്ങള്‍ക്ക്‌ കാണേണ്ടേ; ഇവിടെ വസിക്കുന്ന സന്ദരന്മാരേയും സുന്ദരികളേയും കാണേണ്ടേ? അവരെ കണ്ടെങ്കിലല്ലേ നിങ്ങള്‍ക്കും ഉറൂബ്‌ എഴുതിയതുപോലെ ഒരു `സുന്ദരന്മാരും സുന്ദരികളും' എഴുതാന്‍ സാധിക്കൂ. ഇത്‌ പറഞ്ഞതിന്‌ എന്നോട്‌ വഴക്കിടേണ്ട കാര്യമില്ല. അവാര്‍ഡുകള്‍ക്കുവേണ്ടി പരക്കംപായതെ നല്ലകൃതികള്‍ എഴുതാന്‍നോക്കൂ. മഹാന്മാരുടെ കൃതികള്‍ വായിക്കു; എന്നിട്ട്‌ അവരെപ്പോലെയാകാന്‍ ശ്രമിക്ക്‌.

അവാര്‍ഡ്‌ കിട്ടണമെന്ന്‌ എനിക്കും ആഗ്രഹമുണ്ട്‌, കാഷ്‌ അവാര്‍ഡ്‌ ആയിരിക്കണമെന്ന്‌ മാത്രം. റിട്ടയര്‍ചെയ്‌ത്‌ ചെറിയ പെന്‍ഷനും സോഷ്യല്‍ സെക്യൂറിറ്റിയും ഒക്കെയായി ജീവിക്കുന്ന എനിക്ക്‌ പണത്തിന്‌ ബുദ്ധിമുട്ടുകളുണ്ട്‌. അതുകൊണ്ടാണ്‌ കാഷ്‌ അവാര്‍ഡ്‌ കിട്ടണമെന്ന്‌ ആഗ്രഹിക്കുന്നത്‌. എഴുത്തുകാരന്റെ കഞ്ഞിയെന്നും കുമ്പിളില്‍തന്നെ ആയിരുന്നു. ബഷീര്‍ കടകള്‍തോറും കയറിയിറങ്ങി തന്റെ പുസ്‌തകങ്ങള്‍ വിറ്റിട്ടാണ്‌ റേഷന്‍വാങ്ങാന്‍ പണമുണ്ടാക്കിയിരുന്നത്‌. വിശ്വസാഹിത്യകാരനായിരുന്ന ഷേക്ക്‌സ്‌പിയറിന്റെ കാര്യവും കഷ്‌ടംതന്നെ ആയിരുന്നു. ഒരു പതിനായിരം ഡോളറെങ്കിലും കാഷ്‌ അവാര്‍ഡുകൊടുക്കുന്ന സാഹിത്യമത്സരമുണെങ്കില്‍ എന്റെ കൃതികളും അയക്കാമെന്ന്‌ ഉദ്ദേശിക്കുകയാണ്‌; അയ്യായിരം ആയാലും വേണ്ടില്ല. വെറും പുരസ്‌കാരം ആര്‍ക്കുവേണം? എന്നാലും കേരളസാഹിത്യ അക്കാഡമിയുടെ പുരസ്‌കാരത്തിനായി എന്റെ പുസ്‌തകം അയക്കാന്‍ ഉദ്ദേശമുണ്ട്‌. കെ.കെ.പി.പി പാര്‍ട്ടിക്കാരനാണ്‌ ഞാന്‍.

മഹര്‍ഷിമാരായ വിദ്യാധരനോടും, വിശ്വാമിത്രനോടും, നാരദനോടും ഒരപേക്ഷ: ഞാന്‍ എഴുതുന്നതിനെ വിമര്‍ശ്ശിക്കാന്‍ നിങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. എഴുത്തുകാരനെ വ്യക്തിപരമായി ആക്ഷേപിക്കരുത്‌. നിങ്ങളെപ്പോലെതന്നെ വികാരങ്ങളുള്ള സാധാരണക്കാരനാണ്‌ ഞാനും. വിദ്യാധരന്‍ യുക്തിസഹജമായിട്ടാണ്‌ പലതും എഴുതാറുള്ളത്‌. ഇംഗ്‌ളീഷില്‍ എഴുതുന്ന വിദ്യാധരനെയല്ല ഉദ്ദേശിച്ചത്‌. അല്ല, അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നതേയില്ലല്ലോ. ആരോ കള്ളനെന്ന്‌ വിളിച്ചതിന്റെപേരില്‍ പിണങ്ങിയാണെന്ന്‌ തോന്നുന്നു. `ഓടരുത്‌ അമ്മാവ, ആളറിയാം' എന്നൊരു സിനിമയുണ്ടായിരുന്നല്ലോ, പണ്ട്‌. ഇംഗ്‌ളീഷിലായാലും മലയാളത്തിലായാലും എഴുത്തിന്റെ ശൈലികൊണ്ട്‌ ആളെ തിരിച്ചറായാം ആന്‍ (സോറി, പേര്‌ പറയാന്‍ പാടില്ലല്ലോ.)

മഹര്‍ഷിമാര്‍ക്ക്‌ എന്റെ നമസ്‌കാരം.
മഹര്‍ഷിമാര്‍ക്ക്‌ നമസ്‌കാരം (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
നാരദർ 2014-08-03 08:26:06
സാം എന്നെ വല്ലാതെ തെറ്റ് ധരിച്ചിരിക്കുന്നു. സാം മാത്രമല്ല ചരിതത്തിലും എന്നെ ഒരു ഏഷണിക്കാരനായിട്ടും അസൂയക്കാരനായിട്ടും മറ്റുള്ളവരെ തമ്മിൽതല്ലിപ്പിക്കുന്നവനായിട്ടുമോക്കെയാണ് ചിത്രികരിചിരിക്കുന്നത്. അത് ഒരു തെറ്റായ ധാരണയാണ്. എന്നാൽ അതിന്റെ പിന്നിലെ സോദ്ദേശ്യത്തെ കാണാൻ കഴിയാതെപോകുന്നത് വളെരെ മനസ്താപം ഉണ്ടാക്കുന്ന സംഗതിയാണ്. പരമേശരനും വായനക്കാരനും വിദ്യാധരനും പിന്നെ നിങ്ങളും എല്ലാം ഈ മലയാള സാഹ്ത്യം, പ്രവാസി സാഹിത്യം, അമേരിക്കയിലെ എഴുത്തുകാർ, അവരുടെ അവാർഡു ജ്വരം, വായന എന്നിങ്ങനെ ഉള്ള വിഷയങ്ങളെ ചൊല്ലി കലഹിക്കുമ്പോൾ, നിങ്ങളുടെ തലയിൽ എന്താണ് ഉള്ളത്, പപ്പാണോ അതോ അതിലും കാര്യമായ എന്തെങ്കിലും അകത്തുണ്ടോ എന്ന് ദൂരെ മാറി ഇരുന്നു രസത്തോടെ ആസ്വതിക്കയാണ് ഞാൻ. ഞാൻ മനസിലാക്കിയടത്തോളം പരമേശ്വരന്റെ തലയിൽ നിന്ന് വായിൽ കൂടി മ ...കു എന്ന രണ്ടക്ഷരം മാത്രമേ വരുന്നുള്ളൂ. പിന്നെ അദ്ദേഹത്തിന്റെ വായനശാലയിൽ പൂച്ച സാഹിത്ത്യത്തിന്റെ ഒരു ശേഖരം തന്നെയുണ്ടെന്നു തോന്നുന്നു. നാടൻ പൂച്ച, കണ്ടൻ പൂച്ച തുടങ്ങി അനേക പൂച്ചകളെ ക്കുറിച്ച് ഇദ്ദേഹം ഒരു പ്രവീണൻ ആണെന്നു തോന്നുന്നു. എന്നാലും ഇയാളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് മ്യാവു മ്യാവു എന്ന ശബ്ദമാണ് പക്ഷെ പുറത്തേക്ക് വരുന്നത് മ --കൂ എന്ന ശ്ബ്ധ്മാണ്. ആരെങ്കിലും കൊരനാവള്ളിക്ക് പിടിച്ചതായിരിക്കും. പക്ഷേ ഒന്ന് സൂക്ഷിച്ചോണം - മാന്ത്! അതെപ്പെഴ വരുന്നത് എന്ന് അറിയില്ല. ഇതിൽ ഏറ്റവും അപകടകാരികൾ വായനക്കാരനും വിദ്യാധരനുമാണ്. പേരിൽ നിന്ന് തന്നെ അറിയാമല്ലോ അത്ര പെട്ടെന്ന് ഇവർ , എന്തെങ്കിലും ലേഖനവും കവിതയും കഥയും ഒക്കെ എഴുതി ഈ -മലയാളിവഴി കടത്തി ഒരു അവാർഡു മേടിക്കാൻ ഇവർ അനുവതിക്കില്ലെന്ന്. സി. എൻ എൻ ന്നിലെ 'ദി ഹണ്ട് ' എന്ന പോലെ ' ആരാണ് വിദ്യാധരൻ?" എന്ന പേരിൽ ഒരു അന്വേഷണം നടക്കുന്നുണ്ട്. ആമസോണ്‍ തുടങ്ങിയ ഏജെൻസി വഴി അന്വേഷണവും നടക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചരിയത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇപ്പോൾ നിങ്ങൾ ഇങ്ങനെ ഒരു ലേഖനം എഴുതാൻ തയാറായതും നാരദന്റെ സമ്മർദ്ധം അല്ലെന്നു നിങ്ങൾക്ക് നിഷേധിക്കാനാവില്ല. പിന്നെ തലയിലെ കഷണ്ടിയെക്കുറിച്ചു ആരും ദുഖിക്കേണ്ട . കാരണം മുന്നിൽ കഷണ്ടിയുള്ളവർ സെക്സിയും, പിന്നിൽ കഷണ്ടിയുള്ളവർ ചിന്തകരും, മുന്നിൽനിന്ന് പിൻഭാഗം വരെ കഷണ്ടിയുള്ളവർ, തങ്ങൾ, സെക്സിയാണെന്ന് ചിന്തിച്ചു വെറുതെ സമയം കളയുന്നവരാണ്. നിറുത്താൻ സമയമായി. ദേവലോകത്ത് നിന്ന് ഒരു കോൾ വന്നു. അടുത്ത അസയിൻമേന്ടായിരിക്കും. ആർക്കറിയാം ഏതു വിവരംകെട്ടവന്മാരുടെ നടുവിലെക്കാണ് എന്നെ പറഞ്ഞയാക്കാൻ പോകുന്നതെന്ന്. പറഞ്ഞുകേട്ടടത്തോളം ഏതോ അമേരിക്കയിലെ മഹാസംഘടനയുടെ മീറ്റിങ്ങിലേക്കാണെന്നു തോന്നുന്നു. അടുത്ത വർഷത്തേക്കുള്ള ഗൂഡാലോചന അല്ല കൂടിയാലോചന മീട്ടിങ്ങാണെന്ന് തോന്നുന്നു. ഏതായാലും ഇഷ്ടം പോലെ 'പാര' കൂടെ കൊണ്ടുപോകുന്നുണ്ട്‌. അതിൽ ഏറ്റവും വലുത് ഒരു പാരയിൽ നിന്ന് ഒൻപതു പാരവരെ, നാനാ വശത്തേക്കും തൊടുത്തു വിടാവുന്ന 'നാനത്വത്തിൽ ഏകം, എന്ന സർവ്വ സംഹാരിയാണ്. ഇതിനെ ചെറുത്തു നില്ക്കാൻ 'വൈകാരിക വിക്ഷോപങ്ങളിൽ നിന്ന്. മാറി നിന്ന് യുക്തിപരമായി ഒരു ചർച്ചയിൽ ഇടപെടാൻ കഴിവുള്ളവർക്ക് മാത്രമേ കഴിയു. എന്റ ഈ എളിയ ശ്രമം എന്നെ കുറിച്ചുള്ള അബദ്ധധാരണകൾ മാറ്റാൻ സഹായിക്കും എന്ന് കരുതുന്നു.
വിശ്വാമിത്ര മഹർഷി 2014-08-03 10:34:48
എന്തിനാണ് സാം നിങ്ങൾ എന്നെ ഉണർത്താൻ ശ്രമിക്കുന്നത്. നോം തപസ്സിലാണെന്നറിഞ്ഞുകൂടെ? സുന്ദരികളെക്കുറിച്ചുള്ള ലേഖനങ്ങളും, നാരദരുടെ സെക്സിയായിട്ടുള്ള കഷണ്ടിതലകളും നോമിന്റെ മനസ്സിനെ കുലുക്കുന്നു. എങ്കിലും പണ്ട് മേനക എന്നെ ഇളക്കിയതിന്റെ ഷോക്ക് ഇതുവരെയും വിട്ടുപോകാത്തതുകൊണ്ട് ബലം പിടിച്ചിരിക്കുകയാണ്. ദയവു ചെയ്ത് എന്നെ വെറുതെ വിടൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക