Image

രാമായണമാസം (ലേഖനം: ജോണ്‍ ഇളമത)

ജോണ്‍ ഇളമത Published on 04 August, 2014
രാമായണമാസം (ലേഖനം: ജോണ്‍ ഇളമത)
എല്ലാ മതങ്ങളും വിരല്‍ ചൂണ്ടുന്നത് നന്മയിലേക്കാണ്….. എന്താണ് നന്മ?
ഒരൊറ്റ മതമുണ്ട്, ഉലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പരാത്മ ചൈതന്യം!

എന്ന കവി വാക്യത്തിലേക്കിറങ്ങി ചെല്ലുമ്പോള്‍ നാം ദര്‍ശിക്കുന്നത്, അതു തന്നെയല്ലേ!- 'സ്‌നേഹം' അപ്പോള്‍ എല്ലാ മതങ്ങളുടെയും അടിസ്ഥാനവും അതു തന്നെ! ഭാരതീയ ദര്‍ശനത്തിലും സ്‌നേഹം തന്നെ ഈശ്വരചൈതന്യം. അതിന് സര്‍വ്വ സമ്മേളനത്തിന്റെ ആവശ്യകത പോലുമില്ല. മനുഷ്യനെ ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്ക്, ഈശ്വരനെ ദര്‍ശിക്കാനാവില്ല. ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്ക്, ഈശ്വരനെ ദര്‍ശിക്കാനാവില്ല. ഈശ്വരനെ ദര്‍ശിക്കാനാകത്തവര്‍ക്ക്, മനുഷ്യനേയും ദര്‍ശിക്കാനാവില്ല!

മതവൈര്യങ്ങളുണ്ടാക്കുന്ന ആഘാതം ലോകത്തില്‍ ചില്ലറയൊന്നുമില്ല. കേരളമൊരു മതഭ്രാന്താലയം ആകുന്നത്, എന്തുകൊണ്ട് എന്ന ചിന്ത ഈ അവസരത്തില്‍ ഉചിതം തന്നെ! കണ്ടു കൂടായ്മയും, തൊട്ടുകൂടായ്മയും, ആര്‍ഷഭാരതം ഉപേക്ഷിച്ചിട്ട് കാലമെത്രയായി. എന്നാല്‍ ദുര്‍ഘടമായ യഥാസ്തിക മതചിന്ത, മനസ്സില്‍ ഉരുണ്ടു കൂടി മറ്റൊരു നീരാളിയായി ഭാരതമാകെ പടര്‍ന്നു കിടക്കുന്നു, നമ്മുടെ ജന്മനാടായ കേരളത്തിലും ഈ അവസരത്തിലാണ് രാമായണത്തിന്റെ പ്രസക്തി! കാലാകാലങ്ങളില്‍ ഈശ്വരന്‍ ജന്മമെടുത്തത് ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ വേണ്ടി തന്നെ! ത്രേദായുഗത്തില്‍ ശ്രീരാമനായും, ദ്വാപരയുഗത്തില്‍, ശ്രീകൃഷ്ണനായും ജന്മമെടുക്കുന്ന ഭഗവാന്‍, ഭഗവദ് ഗീതയിലൂടെ പാടുന്നത്, പുതിയ മാനവരാശിയുടെ പുതിയ വേദാന്തമാണ്, ധര്‍മ്മത്തിന്റെ ഗീത! എന്നാല്‍ മനുഷ്യര്‍ ഇന്നും, ഭീഷ്മരേപ്പോലെയോ, അറു പഴഞ്ചന്‍ ധര്‍മ്മത്തിന്റെ ചിതല്‍പുറ്റില്‍ ഒളിച്ച്, പരസ്പരം ഒളിയമ്പുകള്‍ അയക്കുന്നു.

എല്ലാ മതങ്ങളും, ധര്‍മ്മ പുനഃസ്ഥാപനത്തിന്റെ മന്ത്രമാണുരുവിടുന്നത്. ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍ പാടിയതും, അതുതന്നെ, സംഭവാമി യുഗേ, യുഗേ! യുഗയുഗാന്തരങ്ങളായി എല്ലാ മതങ്ങളും അതു തന്നെ പാടുന്നു. എത്ര പേര്‍ അതു ശ്രവിക്കുന്നു? ധര്‍മ്മപുരാണം ഒരു വഴിക്ക്, മനുഷ്യപുരാണം മറ്റൊരു വഴിക്ക്! സ്‌നേഹത്തിന്റെ മന്ത്രത്തെ സ്വാര്‍ത്ഥത മൂടുന്നു. മനുഷ്യജീവിതത്തില്‍, നിഷ്‌കാമകര്‍മ്മം ഒറ്റപ്പെടുമ്പോള്‍, പരസ്പരം വാളോങ്ങി നില്‍ക്കുന്ന അഹങ്കാരമായി മനുഷ്യനെ നാം എവിടെയും ദര്‍ശിക്കുന്നു. ഒറ്റപ്പെട്ടു നില്‍ക്കുന്ന യഥാസ്തിക മതചിന്ത അപകടകരം തന്നെ! മതങ്ങളുടെ വേലിക്കെട്ടില്‍ നിന്ന്, മനുഷ്യന്‍ സ്വന്തം തത്വചിന്ത കോറിയിടുന്നു! ഞാന്‍ നമ്പൂതിരി ആണ്, ക്ഷത്രിയനാണ്, വൈശ്യനാണ്, എന്നാല്‍ ശൂദ്രനാകാനോ, ദളിതനാകാനോ ആര്‍ക്കും മനസ്സില്ല. ഇതു വീണ്ടു വിചാരത്തിനു എടുക്കേണ്ട വിഷയം തന്നെ! എല്ലാ ഹിന്ദുക്കളും, ബ്രാഹ്മണരും, എല്ലാ ക്രിസ്ത്യാനികളും, പകലോമറ്റക്കാരും, എല്ലാ മുസല്‍മാന്‍മാരും, തങ്ങളുമായിരിക്കുക അസംഭവ്യം! എന്നാല്‍ അവരുടെ ചിന്തയില്‍ അവര്‍ക്കു മനുഷ്യരെ കാണാന്‍ കഴിയുന്നുണ്ടോ എന്നതാണ് ചിന്താവിഷയം! അവിടെയാണ്, സ്‌നേഹം, അല്ലെങ്കില്‍ യഥാര്‍ത്ഥ ഈശ്വരന്റെ അംശമായി, അല്ലെങ്കില്‍ പരമാത്മാവിന്റെ അംശമായി അവര്‍ മാറുന്നത്. ആര് ഉന്നത ചിന്തയില്‍ ആഢ്യത്വം കൈവരിക്കുന്നുവോ, അവര്‍ ഉല്‍കൃഷ്ട കുലമഹിമയുള്ളവര്‍ എന്നതില്‍ രണ്ടു പക്ഷവുമില്ല. ഉന്നത ചിന്ത എന്നത് പരമാണുവിലുണ്ട് അതില്‍ പരിസ്പുരണ മെന്ന കവി വാക്യം തന്നെ! ചുരുക്കത്തില്‍ മനുഷ്യനെ അവന്റെ പ്രവര്‍ത്തിയും, വചനവും, ഉന്നതചിന്തയുമത്രെ ഉല്‍കൃഷ്ഠനാക്കുന്നത്.
നമ്മുടെ ജീവിതത്തില്‍, രാമായണമാസവും, ഈസ്റ്ററും റംസാനുമൊക്കെ ഒഴുകി പോകുന്നു. വെറും വൃതമെടുക്കലോ, നോമ്പോ, ശബരിമല ദര്‍ശനമോ, ഒക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി നമ്മേ തുറിച്ചു നോക്കുന്നു.  വ്രതശുദ്ധിയുടെ നാളുകളിലൂടെ പുനഃരുദ്ധാനവും, പുതിയ ജന്മവും, അല്ലെങ്കില്‍ വീണ്ടും ജനനവും കരഗതമാകുന്നില്ലെങ്കില്‍, ഈ ഓട്ടപ്രദിക്ഷണത്തിന് എന്തര്‍ഥം! മതങ്ങള്‍ മനുഷ്യ നന്മക്കായിരിക്കണം. എല്ലാ പ്രവാചകന്മാരും അതുതന്നെയല്ലേ പ്രഘോഷിച്ചത്. എന്നാല്‍ ആ പ്രഘോഷണങ്ങളൊക്കെ പ്രവര്‍ത്തിയില്ലാത്ത വചനങ്ങളായി ചത്തു മണ്ണടിയുന്നു!

പലകാലങ്ങളില്‍ ജന്മമെടുത്ത്, ധര്‍മ്മം പുനഃസ്ഥാപിച്ച ഭഗവാന്മാര്‍, ഭൂമിയെ വിട്ടുപേക്ഷിക്കേണ്ട പരിതഃസ്ഥിതിയില്‍ എത്തി കൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്കു വേണ്ടാത്ത ധര്‍മ്മത്തെപ്പറ്റി, ഈശ്വരന്‍ വ്യാകുലനായിരിക്കുന്ന ഈ കാലഘട്ടം കലിയുഗത്തിന്റേതു തന്നെയല്ലേ! പ്രളയവും, പകര്‍ച്ചവ്യാധികളും അഗ്നിജ്വാലകളും, ഭൂമി എന്ന സൗരയൂഥത്തിലെ മനോഹര ഗോളത്തെ വിഴുങ്ങാന്‍ അത്യാര്‍ത്തിയോടെ അടുത്തു കൊണ്ടിരിക്കുന്നുവെങ്കില്‍, ആരാണിതിനുത്തരവാദികള്‍! നാം തന്നെ, നാം മാത്രം!!
രാമായണമാസം (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
Sudhir Panikkaveetil 2014-08-04 03:37:48
മനുഷ്യനെ ദർസിക്കാൻ കഴിയാത്തവർക്ക് ഈശ്വരനെ
ദർശിക്കാൻ കഴിയില്ല ..ജാതി മത ചിന്തകൾക്കതീതമായ് ഈശ്വര സങ്കൽപ്പത്തെക്കുരിച്ച്
ശ്രീ ഇളമത എഴുതുന്നു.  ഉത്കൃഷ്ട ചിന്തകള്
വായനക്കാരിൽ നിറയാൻ പര്യാപ്തമായ വിധത്തിൽ. ഏതെങ്കിലും ഒരു മതത്തിന്റെ
ചങ്ങലക്കുള്ളിൽ കുടുങ്ങി കിടക്കാതെ വിശ്വ മാനവികതയുടെ വിശാലതയിലേക്ക് മനുഷ്യർ ഇറങ്ങി വരണം. നല്ല ലേഖനം... ഒരൊറ്റ മതമുണ്ടുലകിന്നുയരാം, പ്രേമമതൊന്നാല്ലൊ
പരക്കെ നമ്മെ പാലമ്രുതൂട്ടും പാർവ്വണ ശശി ബിംബം.
വിദ്യാധരൻ 2014-08-04 04:26:39
"മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം.." എന്ന വയലാർ ഗാനവും നിങ്ങളുടെ ലേഖനവും സമാന ചിന്തകളെ വച്ച് പുലർത്തുന്നു. അഭ്യസ്തവിദ്യരെങ്കിലും നായെരെന്നും ഈഴവെനെന്നും ഒക്കെ മാറ്റി നിറുത്തി വേദാന്തത്തെ വളച്ചൊടിച്ചു പൊരുൾ തിരിക്കുമ്പോഴും, അവർക്ക് അവാർഡു കൊടുത്തും പോന്നാടയിട്ടും സ്വീകരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുകയാണ് നമ്മളുടെ സാഹിത്യകാരന്മാർ എന്ന് പറയുന്നവർ. പ്രൊഫെസ്സർ, ഡോക്ടർ എന്നൊക്കെ കേട്ടാൽ മതി, ഏതോ സർവ്വന്ജനെ കണ്ട മട്ടാണ് പിന്നെ. വാത്മീകി ഏത് സർവ്വകലാശാലയിൽ നിന്നാണോ ഡിഗ്രി എടുത്തത്? ചിതൽപുറ്റ് സർവ്വകലാശാല ആയിരിക്കും? ക്രിസ്തു ദേവൻ ഏതു സർവ്വ കലാശാലയിൽ നിന്നാണോ ഡിഗ്രി എടുത്തത് ? ഗലീലിയുടെ താഴ്വാരങ്ങളിൽ അടിച്ചമർത്തപെട്ട കുരെപെരല്ലാതെ ഔര് സർവ്വകലാശാല ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നില്ല? അദ്ദേഹം ബുദ്ധിജീവികളുടെ തലസ്ഥാനമായ ജെറുസലേം അവഗിക്കുകയായിരുന്നു ചെയ്തത്. ജാതിമതങ്ങൾക്ക് ആപ്പുറത്തു സ്നേഹം എന്ന പാശത്തിൽ മനുഷ്യർ ബന്ധിതരാണെന്ന് കാട്ടി കൊടുക്കുവാൻ ഈ ഹൃസ്വ ലേഖനത്തിനും അതിന്റെ കർത്താവിനും കഴിഞ്ഞിരിക്കുന്നു. അഭിനന്ദനം
Vargeeyan 2014-08-04 04:54:41
ഹിന്ദുക്കള്‍ക്ക് എന്തു പറ്റി? എന്നു മുതല്‍ ആണു ഉമ്മന്‍ ചാണ്ടി 'ക്രിസ്ത്യാനി' ആയത്? മനോരമ, മാത്രുഭൂമി എന്നിവയിലെയൊക്കെ കമന്റുകള്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഹിന്ദുക്കളെല്ലാം സുരേഷ് ഗോപിയുടെ പക്ഷത്ത്. ക്രിസ്ത്യന്‍-മുസ്ലിംപേരുള്ളവര്‍ ചാണ്ടിയുടെ പക്ഷത്ത്. ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കാം, എതിര്‍ക്കാം. പക്ഷെ അതില്‍ മതത്തെ കൊണ്ടു വരുന്നത് എന്തിനു?
അതോ മതപരമായല്ലാതെ ഒന്നിനെയും കാണാന്‍ പറ്റാത്ത സ്ഥിതി കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സംഭവിച്ചോ? ഉത്തരേന്ത്യിലെ വിവരമില്ലാത്തവര്‍ വര്‍ഗീയം കളിക്കുന്നതു കണ്ട് അതു കേരളത്തില്‍ അതു കൊണ്ടു വരണോ? മറ്റു സമുദായങ്ങള്‍ നിങ്ങളോടു എന്തു ദ്രോഹം ചെയ്തു?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക