Image

ജോസഫ് സ്റ്റാലിന്റെ മകള്‍ ലെന പീറ്റേഴ്‌സ് അന്തരിച്ചു

Published on 29 November, 2011
ജോസഫ് സ്റ്റാലിന്റെ മകള്‍ ലെന പീറ്റേഴ്‌സ് അന്തരിച്ചു
വാഷിംഗ്ടണ്‍ : സോവിയറ്റ് സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഏകമകള്‍ ലെന പീറ്റേഴ്‌സ് യുഎസില്‍ അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് യുഎസിലെ ഒരു വൃദ്ധസദനത്തിലായിരുന്നു അന്ത്യം. സ്വെറ്റ്‌ലേന അല്ലിലുയേവ എന്നാണ് യഥാര്‍ഥ പേര്.

സ്റ്റാലിന് രണ്ടാം ഭാര്യ നടാഷയിലുള്ള മകളാണ് സ്വെറ്റ്‌ലാന. സ്വെറ്റ്‌ലാനയ്ക്ക് ആറു വയസു മാത്രം പ്രായമുള്ളപ്പോള്‍ മാതാവ് നടാഷ ആത്മഹത്യ ചെയ്തു. മോസ്‌കോ സര്‍വകലാശാലയില്‍ നിന്നു വിദ്യാഭ്യാസം നേടിയ ശേഷം പരിഭാഷകയായും ഇംഗ്ലീഷ് അധ്യാപികയായും ജോലി ചെയ്തു. പതിനെട്ടാം വയസില്‍ സ്വെറ്റ്‌ലാന വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ ഏറെ വൈകാതെ സ്റ്റാലിന്‍ ഭരണകൂടം സൈബീരിയയിലെ തടങ്കലിലടച്ചു. ഇതേ തുടര്‍ന്ന് സ്വെറ്റ്‌ലാന, പിതാവ് സ്റ്റാലിന്റെയും സോവിയറ്റ് കമ്മ്യൂണിസത്തിന്റെയും കടുത്ത വിമര്‍ശകയായി മാറി. രണ്ടാം വിവാഹത്തില്‍ സ്വെറ്റ്‌ലാനയ്ക്ക് ഒരു മകളുണ്ട്. 1964-ല്‍ ഇന്ത്യക്കാരനായ ബ്രിജേഷ് സിങ്ങിനെ ഇവര്‍ വിവാഹം ചെയ്തു. 1967-ല്‍ ഇവര്‍ അമേരിക്കയിലേക്കു പോയി. 1970ല്‍ ശില്‍പിയായ വില്ല്യം പീറ്റേഴ്‌സിനെ വിവാഹം കഴിച്ചു.

പിതാവിന്റെ പേരുകൊണ്ടു തന്നെ താനൊരു രാഷ്ട്രീയ തടവുകാരിയായിരിക്കുമെന്ന് ഇവര്‍ ഒരിക്കല്‍ പറഞ്ഞു. കമ്മ്യൂണിസത്തെയും പിതാവ് സ്റ്റാലിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമര്‍ശിച്ച് സ്വെറ്റ്‌ലാന അമേരിക്കയില്‍ നടത്തിയ വാര്‍ത്താസമ്മേളനം വന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക