Image

ആഘാതപഠനത്തിന് റൂര്‍ക്കി ഐ.ഐ.ടിയുമായി കരാര്‍

Published on 29 November, 2011
ആഘാതപഠനത്തിന് റൂര്‍ക്കി ഐ.ഐ.ടിയുമായി കരാര്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് പഠിക്കാനായി റൂര്‍ക്കി ഐ.ഐ.ടിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്നു. ആഘാതപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധരുമായി മുല്ലപ്പെരിയാര്‍ പദ്ധതിയുടെ ചുമതലയുള്ള എഞ്ചിനീയറാണ് കരാര്‍ ഒപ്പിടുക.

ഡാം തകരുകയാണെങ്കില്‍ ഏതെല്ലാം മേഖലകളെ അത് ബാധിക്കും, എത്ര വെള്ളം-ഏതെല്ലാം പ്രദേശങ്ങളില്‍ ഒഴുകിയെത്തും, ഇതിന് എത്ര സമയമെടുക്കും തുടങ്ങി അടിയന്തര സാഹചര്യം നേരിടാന്‍ മുന്‍കൂര്‍ തയ്യാറെടുക്കാന്‍ വേണ്ട വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ലഭിക്കേണ്ടത്. ഒന്നരമാസത്തിനുള്ളില്‍ പഠനറിപ്പോര്‍ട്ട് ലഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയാണ് ഇതിനായി വിദഗ്ദ്ധസംഘത്തിന് നല്‍കുക. നേരത്തെ ഡാമിന്റെ ദുര്‍ബലാവസ്ഥ സംബന്ധിച്ച് റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധര്‍ പഠനം നടത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമപരമായ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഈ റിപ്പോര്‍ട്ട് കൂടി സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുന്നില്‍ ഹാജരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത് നിര്‍വഹിക്കുമെന്നും പുതിയ ഡാം എന്ന ആവശ്യം തമിഴ്‌നാട് അംഗീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക