Image

വിന്‍സന്റ്‌ ബോസ്‌ മാത്യു നിര്‍മ്മിച്ച ആനി ടീച്ചറുടെ കഥ: 'പുഴപോലവള്‍'

പ്രസാദ്‌ എഡ്വേര്‍ഡ്‌ Published on 06 August, 2014
വിന്‍സന്റ്‌ ബോസ്‌ മാത്യു നിര്‍മ്മിച്ച  ആനി ടീച്ചറുടെ കഥ: 'പുഴപോലവള്‍'
ബസിലും, ജീപ്പിലും, കാല്‍നടയായി ഏകദേശം 40 കിലോമീറ്ററുകളോളം ഇരുവശത്തുമായി യാത്രചെയ്‌തു വേണം ആനി ടീച്ചര്‍ക്ക്‌ നാട്ടിന്‍പുറത്തുനിന്ന്‌ വനമേഖലയിലുള്ള ആദിവാസി സെന്റില്‍മെന്റ്‌ കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെത്താന്‍. ഒരു ജീവിത ഉപാധി എന്നതിനേക്കാളുപരി സാമൂഹ്യസേവനം കൂടിയാണ്‌ ആനി ടീച്ചര്‍ക്ക്‌ ഈ സ്‌കൂളിലെ അധ്യാപനം. ആരും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാത്ത ഈ സേവനം പക്ഷേ ആത്മാര്‍ത്ഥതയോടെ ആനി ടീച്ചര്‍ കൊണ്ടു പോകുന്നു.

സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടയില്‍ അപ്രതീക്ഷിതമായി ആനി ടീച്ചര്‍ക്കുണ്ടാകുന്ന അതി സങ്കീര്‍ണ്ണമായ ദുരന്തങ്ങളുടെ ആവിഷ്‌ക്കാരമാണ്‌ ``പുഴപോലവള്‍'' എന്ന ഈ സിനിമ.

ബോസ്‌ എന്റര്‍ടെയ്‌നേഴ്‌സിന്റെ ബാനറില്‍ വിന്‍സന്റ്‌ ബോസ്‌ മാത്യു നിര്‍മ്മിച്ച്‌, നവാഗതനായ പ്രസാദ്‌ ജി എഡ്വേര്‍ഡ്‌ സംവിധാനം ചെയ്യുന്ന ``പുഴപോലവള്‍'' വ്യത്യസ്ഥമായ ഒരു ആസ്വാദന ശൈലിയിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സമകാലിക കേരള സമൂഹം വളരെ ഉത്തരവാദിത്വ ബോധത്തോടെയും ആഴത്തിലും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. തൊഴിലിന്റെ മഹത്വവും സാമൂഹികതയും തിരിച്ചറിഞ്ഞ ആനി ടീച്ചര്‍ ആണ്‌ ഇതിലെ കേന്ദ്രകഥാപാത്രം.

സ്‌കൂളിലേയ്‌ക്കുള്ള യാത്രയ്‌ക്കിടിയില്‍ ആനക്കൂട്ടങ്ങളും വന്യജീവികളുമാണ്‌ ടീച്ചറെ ആദ്യം പ്രതിസന്ധിയിലാക്കുന്നത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ പരിസരത്തു നിന്നും മല്ലി എന്ന പെണ്‍കുട്ടി അപ്രത്യക്ഷമായത്‌ മറ്റൊരു പ്രശ്‌നമായി. തിരിച്ചു വീട്ടിലേയ്‌ക്കുള്ള യാത്രയില്‍ തന്നെകാത്ത്‌ മറ്റൊരു ദുരന്തവും കാടിന്റെ വന്യതയില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ ആനി ടീച്ചര്‍ അറിഞ്ഞിരുന്നില്ല. ആ ദുരന്തം അവര്‍ക്ക്‌ താങ്ങാവുന്നതിന്‌ അപ്പുറമായിരുന്നു.

വളരെ വ്യത്യസ്‌തവും പുതുമ നിറഞ്ഞതുമായ ഒരു പ്രമേയം കാടിന്റെ വന്യതയെയും മനോഹാരിതയെയും പശ്ചാത്തലമാക്കിയാണ്‌ ഒരുക്കിയിരിക്കുന്നത്‌.

കോട്ടൂര്‍, പൊത്തോട്‌, മണ്ണാംകോട്‌, കാണിത്തടം തുടങ്ങിയ വന്യജീവി മേഖലകളിലും ചിത്രാജ്ഞലിയിലുമായിരുന്നു ചിത്രീകരണം. അഗസ്‌ത്യാര്‍ വനം ബയോളജിക്കല്‍ പാര്‍ക്കിന്റെയും കോട്ടൂര്‍, പേപ്പാറ വനമേഖലകളുടെയും ഭംഗി ഈ ചിത്രത്തില്‍ കാണാം. ജീപ്പിലും കാല്‍നടയിലുമായി ദൂര്‍ഘടമായ യാത്ര ചെയ്‌താണ്‌ സിനിമ ചിത്രീകരിച്ചത്‌. കോട്ടൂര്‍, പേപ്പാറ നിവാസികളുടെയും വനം വകുപ്പിന്റെയും നിര്‍ലോഭമായ സഹകരണവും പിന്തുണയും സിനിമയ്‌ക്ക്‌ ലഭിച്ചെന്ന്‌ സംവിധായകന്‍ പറഞ്ഞു.

ഈസ്റ്റ്‌ കോസ്റ്റിന്റെ നിരവധി പ്രോഗ്രാമുകളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രസാദ്‌ ജി എഡ്‌വേര്‍ഡിന്‌ ഷോര്‍ട്ട്‌ ഫിലിം, ആല്‍ബം, ഡോക്യുമെന്ററി, പരസ്യചിത്രങ്ങള്‍ എന്നിവ സംവിധാനം ചെയ്‌ത അനുഭവ സമ്പത്തുണ്ട്‌.

തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കുന്ന കിഴക്ക്‌ പടിഞ്ഞാറ്‌ എന്ന സിനിമയുടെ കഥയും തിരിക്കഥയും ഒരുക്കുന്ന കെ.റെജികുമാര്‍ ആദ്യമായി തിരക്കഥ ഒരുക്കിയത്‌ ഈ ചിത്രത്തിനാണ്‌.

പ്രജിത്ത്‌ ഭാസ്‌കറാണ്‌ ഛായാഗ്രാഹകന്‍. നമുക്ക്‌ പാര്‍ക്കാന്‍, പിയാനിസ്റ്റ്‌ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്‌ പ്രിജിത്താണ്‌.

നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ആനി ടിച്ചറെ അവതരിപ്പിക്കുന്നത്‌ ഗോപികാ സുരേഷാണ്‌.

തിരുവനന്തപുരം കാരേറ്റ്‌ സ്വദേശിനിയാണ്‌ ഗോപിക. നിഷ്‌കളങ്ക ഭാവവും സൗന്ദര്യവും അഭിനയ മികവും ഒത്തിണങ്ങിയ താരമാണ്‌ ഗോപിക. സാഹസിക രംഗങ്ങളില്‍ ഗോപിക മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. തമിഴില്‍ ഉടന്‍ പുറത്തിറഞ്ഞാന്‍ പോകുന്ന `ആറാംവെട്രിമൈ' എന്ന ചിത്രത്തിലെ നായിക കൂടിയായ ഗോപിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്‌.

3 പതിറ്റാണ്ടുകള്‍ക്കപ്പുറം അമേരിക്കയില്‍ കുടിയേറിയ വിന്‍സന്റ്‌ ബോസ്‌ മാത്യു അമേരിക്കയിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലെ ഭാരവാഹി കൂടിയാണ്‌. നിരവധി സ്റ്റേജ്‌ ഷോകളുടെ അമരക്കാരനും നല്ല സിനിമകളുടെ വക്താവും കൂടിയായ ഇദ്ദേഹം ആദ്യമായാണ്‌ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക്‌ കടന്നു വരുന്നത്‌.

ആനി ടീച്ചറുടെ കൂട്ടുകാരി ശോഭയെ പുതുമുഖം ശ്രുതിരാജ്‌ അവതരിപ്പിക്കുന്നു. ആലപ്പുഴ ചെട്ടിക്കുളങ്ങര ഈരേഴ സ്വദേശിനിയാണ്‌ ശ്രുതിരാജ്‌. ഉപനീഷ്‌ ഉണ്ണികൃഷ്‌ണന്‍, മാസ്റ്റര്‍ ഹാമിന്‍ ഹാഫിസ്‌, അച്യുതന്‍ ചാങ്കുര്‍, ബേബി യമീമ തുടങ്ങിയവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങള്‍.

ഗാനരചന - മുരുകന്‍ കാട്ടാക്കട, എഡിറ്റിംഗ്‌-പ്രദീപ്‌ അഭേദാനന്ദപുരം, കലാസംവിധാനം - മനു പെരുന്ന, സ്റ്റില്‍സ്‌ - കനകദാസ്‌, കോസ്റ്റ്യൂം - അനാമിക, അസോസിയേറ്റ്‌ ഡയറക്ടേഴ്‌സ്‌ - റോബിന്‍ അലക്‌സ്‌, ദീപു ചായ്‌ക്കുളം, മാത്യു ജെറോം, മേക്കപ്പ്‌ - സുനില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പാപ്പച്ചന്‍ ധനുവച്ചപുരം, യൂണിറ്റ്‌ - ചിത്രാജ്ഞലി.
വിന്‍സന്റ്‌ ബോസ്‌ മാത്യു നിര്‍മ്മിച്ച  ആനി ടീച്ചറുടെ കഥ: 'പുഴപോലവള്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക