Image

രാമായണത്തിലൂടെ-11- രാമനില്‍ നിന്നാരംഭിച്ച് പല രാമന്മാരില്‍ അവസാനിക്കുന്ന രാമായണം- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 10 August, 2014
രാമായണത്തിലൂടെ-11- രാമനില്‍ നിന്നാരംഭിച്ച് പല രാമന്മാരില്‍ അവസാനിക്കുന്ന രാമായണം- അനില്‍ പെണ്ണുക്കര
രാമായണത്തിന് ഒരു വലിയ സംസ്‌ക്കാരമുണ്ട്. അത് ത്രേതായുഗ സംസ്‌ക്കാരം മാത്രമല്ല. സീതാരാമസംസ്‌കാരം മാത്രമല്ല. മനുഷ്യചിത്തവൃത്തികളുടെയും പ്രകൃതിയുടേയും ഭൂമിയിലെ മറ്റ് ജീവജാല വര്‍ഗ്ഗങ്ങളുടെയും അതിവിശാലവും അഗാധവുമായ ഒരു സംസ്‌കാരമാണ്. രാഘവനിലേക്കു ഇളയാത്രകള്‍ തുടങ്ങുന്നത് ഒരു രാമനില്‍ നിന്നാണെങ്കിലും അത് അവസാനിക്കുന്നത് പല രാമന്മാരിലും സീതമാരിലുമുണ്ട്.

രാമകഥ വേദങ്ങളിലുണ്ട് എന്നൊരു മിഥ്യാധാരണ രാമായണ സംസ്‌കാരത്തെ വേദസംസ്‌കാരവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഋഗ്വേദത്തില്‍ കാണുന്ന രാമദശരഥ കഥ രാമായണസംബന്ധമായ വ്യക്തിവാചികമല്ല. വേദത്തില്‍ 'ദശരഥന്‍' എന്ന വാക്കിനര്‍ത്ഥം പത്തു രഥങ്ങളുടെ തലവനായ സേനാപതി എന്നും രാമന് 'രമണീയന്‍' എന്നുമാണഅ അര്‍ത്ഥം. സീതയെപ്പറ്റി ഋഗ്വേദത്തിലും അഥര്‍വത്തിലും ചില ബ്രാഹ്മണങ്ങളിലും പരാമര്‍ശങ്ങളുണ്ട്. അത് രാമ പത്‌നിയായ സീതയല്ല. വേദങ്ങളിലെ കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചുള്ള ഭാഗങ്ങളില്‍ ഉഴവുചാല്‍, ഭൂമി, യജ്ഞം, കലപ്പ എന്നീ അര്‍ത്ഥങ്ങളിലാണ് സീതാശബ്ദം ഉപയോഗിച്ചിരിക്കുന്നത്. രാമായണവും മഹാഭാരതവും വേദങ്ങളാല്‍ കാലപ്പഴക്കമുള്ളവയാണെന്ന് സ്ഥാപിക്കുവാന്‍  ശ്രമിക്കുന്നത് സംയുക്തമായ കാരണങ്ങളല്ല. രാമനും കൃഷ്ണനും യഥാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഭാഗമാണ്. രാമകൃഷ്ണന്മാര്‍ മിഥ്യയാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ഒരു താല്പര്യമായിട്ടു മാത്രമേ വൈദിക സംസ്‌കാരത്തില്‍ രാമകഥയെ കാണാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് പറയേണ്ടതുള്ളൂ.

പ്രധാനമായും ആറ് പ്രാചീന രാമകഥകള്‍ മലയാളത്തിലുണ്ട്. ചീരാമന്റെ രാമചരിതം, അയ്യപ്പന്‍പിള്ള ആശാന്റെ രാമകഥാപാട്ട്, നിരണത്ത് രാമപ്പണിക്കരുടെ കണ്ണശ്ശരാമായണം, പുനം നമ്പൂതിരിയുടെ രാമായണം ചമ്പു, എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം, കേരളവര്‍മ്മയുടെ കേരളരാമായണം എന്നിവയാണത്. കെ.വി. കരുമന്‍ ഗുരുക്കള്‍ എന്ന മുസ്ലീം പണ്ഡിതന്റെ രാമായണം കിളിപ്പാട്ടും കണ്ടു കിട്ടിയിട്ടുണ്ട്. കൂടാതെ രാമായണം ആട്ടക്കഥയും പ്രസിദ്ധമാണ്. കണ്ണശ്ശരാമായണം വാല്‍മീകി രാമായണത്തിന്റെ ഒരു സംക്ഷിപ്ത വിവര്‍ത്തനമാണ്. കേരളവര്‍മ്മരാമായണം വാല്‍കമീകി രാമായണത്തിന്റെ സ്വതന്ത്ര തര്‍ജ്ജമയാണ്. മറ്റ് ഒട്ടനവധി സാഹിത്യരൂപങ്ങളില്‍ വാല്‍മീകി രാമായണവും, അധ്യാത്മരാമായണവും തര്‍ജ്ജമകളും വ്യാഖ്യാനങ്ങളുമായി വന്നുവെങ്കിലും എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെവെല്ലാന്‍ മറ്റൊന്നിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അവിടെയാണ് ഭക്തി എന്ന വലിയ സത്യത്തെ നാം തിരിച്ചറിയുന്നത്.


രാമായണത്തിലൂടെ-11- രാമനില്‍ നിന്നാരംഭിച്ച് പല രാമന്മാരില്‍ അവസാനിക്കുന്ന രാമായണം- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക