Image

ഈറന്‍മഴയില്‍, ഇഞ്ചത്തൊട്ടിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 30: ജോര്‍ജ്‌ തുമ്പയില്‍)

Published on 09 August, 2014
ഈറന്‍മഴയില്‍, ഇഞ്ചത്തൊട്ടിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 30: ജോര്‍ജ്‌ തുമ്പയില്‍)
മഴ പെയ്‌താല്‍ കേരളത്തിലെ കാടുകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. നൂല്‍മഴയ്‌ക്കിടയിലൂടെ മഞ്ഞ്‌ കയറി വരുന്നതു വരുന്നത്‌, അപ്രതീക്ഷിതമായെത്തുന്ന ആത്മാര്‍ത്ഥ സുഹൃത്തിനെ പോലെയാണ്‌.. തൂവെള്ള നിറത്തില്‍ അപ്പൂപ്പന്‍ താടി പോലെ മഞ്ഞ്‌ ഒഴുകി നടക്കുന്നു.. ഈ സൗന്ദര്യം ലോകത്തിലെ എവിടെ ചെന്നാലും കാണാന്‍ കഴിയില്ലെന്നു തോന്നി. അത്രയ്‌ക്ക്‌ സുന്ദരവും സുരഭിലവുമായ കാഴ്‌ച. ഒപ്പം പശ്ചാത്തലസംഗീതം പോലെ കിളികളുടെ ആരവമുഴക്കവും. കാടിനോട്‌ പ്രിയം തോന്നുന്നത്‌ ഈ അവസരത്തിലാണ്‌. കേരളത്തിലെ യാത്രകളേറെയും കാടുകളിലേക്ക്‌ ആയതു പോലും ഈ സൗന്ദര്യത്തിന്റെ മാസ്‌മരികത ഒന്നു നുകരാന്‍ വേണ്ടിയായിരുന്നുവെന്നു പറയാം. പറയാം. ഞങ്ങള്‍ കോതമംഗലത്തിലേക്കുള്ള വഴി വിട്ട്‌ നേര്യമംഗലം റൂട്ടിലാണ്‌ ഇപ്പോള്‍ സഞ്ചരിക്കുന്നത്‌. ജോസഫ്‌ സാര്‍ കുശലസംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. എന്റെ മനസ്സു മുഴുവന്‍ നിബിഡവനത്തിനുള്ളിലെ ഭീകരമായ കാഴ്‌ചകളില്‍ ഉഴറി നിന്നുവെന്നതാണ്‌ സത്യം.

വാഹനത്തിലിരിക്കുമ്പോള്‍ പുറത്ത്‌ പെരിയാറിന്റെ ഒരു കൈവഴി ദൃശ്യമായി തുടങ്ങി. ഇഞ്ചത്തൊട്ടി വഴിയാണ്‌ ഞങ്ങളുടെ യാത്ര. ഇവിടെയൊരു വലിയ തൂക്കുപാലമുണ്ട്‌. അതൊന്നു കാണണം. മടങ്ങണം. ഈ വഴി കടന്നു പോകുന്നത്‌ നേര്യമംഗലത്തേക്കാണ്‌. മൂന്നാറിലേക്ക്‌ പോകാനുള്ള എളുപ്പ വഴി. ഇവിടെ നിന്നു നേര്യമംഗലം ഭാഗത്ത്‌ എത്തി നേരെ, അടിമാലി വഴി മൂന്നാറിലേക്ക്‌ കടക്കാം. വഴിയ്‌ക്ക്‌ വീതി കുറവാണ്‌. എന്നാല്‍ തിരക്ക്‌ ഒട്ടുമേയില്ല. നല്ല സ്വച്ഛന്ദമായ ഗ്രാമീണഭംഗി. വഴിയില്‍ ഗ്രാമത്തിന്റെ എല്ലാ നന്മകളുമെന്നതു പോലെ, ചില ജലാശയങ്ങളും പിന്നെ കവുങ്ങും വാഴയും മറ്റു കൃഷിയും കാണാം. വെള്ളം കയറികിടക്കുന്നത്‌ ഭൂതത്താന്‍ കെട്ട്‌ ഡാമിലെ ക്യാച്ച്‌മെന്റ്‌ ഏരിയയിലെ ജലമാണ്‌. ഇതൊക്കെയും കേരള വാട്ടര്‍ അതോറിട്ടിയുടെ കീഴിലുള്ള സ്ഥലമാണെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. ക്യാച്ച്‌മെന്റ്‌ ഏരിയയിലെ വെള്ളം പിന്‍മാറി തുടങ്ങുമ്പോള്‍ ഈ സ്ഥലം പ്രാദേശികവാസികള്‍ക്ക്‌ ചെറിയ തുകയ്‌ക്ക്‌ കൃഷി ആവശ്യത്തിനു വേണ്ടി മാത്രം ലേലത്തിനു കൊടുക്കാറുണ്ടത്രേ. അങ്ങനെ പാട്ടത്തിനെടുത്ത ഭൂമിയിലാണ്‌ കൃഷി. മുന്‍പ്‌ ജോസഫ്‌ സാറിന്റെ ഒരു സുഹൃത്തായിരുന്ന ഒരു പ്ലാന്റര്‍ക്ക്‌ ഇവിടെ മാഞ്ചിയം കൃഷിയുണ്ടായിരുന്നത്രേ. അങ്ങനെ ജോസഫ്‌ സാര്‍ ഈ റൂട്ടില്‍ പലപ്പോഴും വന്നിട്ടുണ്ട്‌.

വഴിയില്‍ ഒരിടത്ത്‌ ഒരു ഗ്രാമീണമായ ചെറിയ ചായ്‌പ്‌ കണ്ടു. അതൊരു ചായക്കടയായിരുന്നു. ചില്ലിട്ട അലമാരിയില്‍ പഴംപൊരിയും ഉണ്ടംപൊരിയും പരിപ്പുവടയും തത്തിക്കളിക്കുന്നു. എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി. ചായകടയില്‍ തിരക്കു കുറവായിരുന്നു. ഇവിടെയാണ്‌ കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നായ ഇഞ്ചത്തൊട്ടി തൂക്കുപാലം. ഈ കാഴ്‌ച കാണാനായിരുന്നു ഞങ്ങള്‍ ഇത്രയും ദൂരം യാത്ര ചെയ്‌തു വന്നത്‌. വണ്ടി ഇവിടെ വരെയേ പോകൂ.

ചായകടയില്‍ ഒരു അമ്മച്ചി ഇരുന്നു നല്ല കായ്‌ വറുക്കുന്നുണ്ടായിരുന്നു. അടുപ്പിലെ ഭീമന്‍ ചീനചട്ടിയില്‍ വെളിച്ചെണ്ണയില്‍ മുങ്ങിനിവരുന്ന കായ്‌ വറുത്തത്‌ കണ്ടപ്പോള്‍ അരകിലോ വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌ സത്യം. കൊളസ്‌ട്രോളിനെയൊന്നും ഭയക്കേണ്ടതില്ലെന്ന ജോസഫ്‌ സാറിന്റെ പിന്തുണ കൂടി കിട്ടിയതോടെ, ഒരുകൈ വാരി രൂചിച്ചു നോക്കി. കാഴ്‌ചയില്‍ കണ്ട മഞ്ഞ നിറത്തിനൊപ്പം രുചിയുടെ ഉഗ്രന്‍ കൂട്ട്‌. നല്ല വിറകില്‍, അടുപ്പില്‍ വച്ചുള്ള പാചകമാണ്‌, അതാണ്‌ ഇത്രയ്‌ക്ക്‌ ടേസ്റ്റ്‌ കിട്ടുന്നതെന്ന്‌ ജോസഫ്‌ സാര്‍. കടയില്‍ വാങ്ങാന്‍ കിട്ടുന്നതൊക്കെയും മായമാണത്രേ. വെളിച്ചെണ്ണയും കൊള്ളില്ല, കരിഞ്ഞുപോവാതിരിക്കാന്‍ വേറെ കെമിക്കലുകളും ചേര്‍ക്കും. പോരാത്തതിന്‌ ഗ്യാസില്‍ വേവിക്കുന്നതിന്‌ പഴയ രുചികളൊക്കെയും കൈമോശം വന്നു പോകുമത്രേ. വീണ്ടും വീണ്ടും തിന്നാന്‍ തോന്നിക്കുന്ന രുചി. വീട്ടിലേക്ക്‌ രണ്ടു കിലോ പാഴ്‌സലും പറഞ്ഞ്‌ ഏല്‍പ്പിച്ചു. നല്ല ഗംഭീരമായ ഒരു ചായകുടിക്ക്‌ ശേഷം ഞങ്ങള്‍ തൂക്കുപാലത്തിനു സമീപത്തേക്ക്‌ നടന്നു.

കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയില്‍ നിന്ന്‌ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പാലമാണിത്‌. ഇരു ചക്ര വാഹന ഗതാഗതം നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ അറിയിപ്പ്‌ പാലത്തിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്‌. ഞങ്ങള്‍ മെല്ലെ പാലത്തിലേക്ക്‌ കയറി രണ്ടു ചുവടു വച്ചതും പാലം ഒന്നനങ്ങിയോന്ന്‌ ഒരു സംശയം. താഴേയ്‌ക്ക്‌ നോക്കിയപ്പോള്‍ പെരിയാറിന്റെ ശാന്തമായ ഭീകരത. ജോസഫ്‌ സാര്‍ പേടിയൊന്നുമില്ലാതെ മുന്നോട്ടു നടക്കുന്നു. പാലത്തിന്റെ നടുവു വരെ ഒരു തരത്തില്‍ എത്തി. അവിടെ നിന്ന്‌ ചില ചിത്രങ്ങളെടുത്തു. പശ്ചാത്തലമായി തട്ടേക്കാടിന്റെ സൗന്ദര്യം നിറഞ്ഞു നിന്നു. ചില സ്‌പോട്ടുകള്‍ പോലെ മഞ്ഞ്‌ ചില കുത്തും കോമയുമിട്ട്‌ നില്‍ക്കുന്നതു കണ്ടപ്പോള്‍ കണ്ടു കണ്ടങ്ങനെ നില്‍ക്കാന്‍ തോന്നി. മാനത്ത്‌ ഒരു മഴക്കാറ്‌ രൂപം കൊള്ളുന്നു. ചെറിയ കാറ്റ്‌. പാലത്തിലൂടെ ഓടാന്‍ പറ്റില്ല. അതു കൊണ്ട്‌ വേഗത്തില്‍ തിരിച്ചു നടന്നു. പെട്ടെന്ന്‌ പാലം വല്ലാതെ ഒന്നു കുലുങ്ങി. കൈവരികളില്‍പിടിച്ചു നിന്നപ്പോള്‍ പാലത്തിലൂടെ ചിലര്‍ ഓടി വരുന്നതാണ്‌ കണ്ടത്‌. വല്ലപ്പോഴുമുള്ള കെഎസ്‌ആര്‍ടിസി വണ്ടികളില്‍ ഒന്ന്‌ തൊട്ടടുത്ത്‌ എത്തിയിട്ടുണ്ട്‌. അതില്‍കയറാനുള്ള പരക്കം പാച്ചിലാണ്‌.

ഞങ്ങള്‍ പാലത്തില്‍ നിന്ന്‌ താഴേയ്‌ക്ക്‌ ഇറങ്ങി. ആദ്യം കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട്‌ ഇടുക്കി ജില്ല രൂപീകരിച്ചപ്പോല്‍ അതിന്റെ ഭാഗമായി മാറിയെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. പിന്നീട്‌ ഇഞ്ചത്തൊട്ടി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ ലയിപ്പിക്കുകയായിരുന്നു. 1967ല്‍ ഇടുക്കി പദ്ധതിയില്‍ നിന്നും കുടിയിറക്കിയ കൃഷിക്കാരെ ഇഞ്ചത്തൊട്ടി ഒന്നാം ബ്‌ളോക്കില്‍ കുടിയിരുത്തുകയുണ്ടായി. ഇഞ്ചത്തൊട്ടിയില്‍ മുനിയറകളുണ്ടെന്നു ജോസഫ്‌ സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. പ്രാചീനകാലത്ത്‌ ഇവിടെ എങ്ങനെ ജനങ്ങള്‍ താമസിച്ചിരുന്നുവെന്നതാണ്‌ എന്നെ അതിശയിപ്പിച്ചത്‌.

ഞങ്ങള്‍ വണ്ടിയില്‍ കയറി. തിരിച്ച്‌ കോതമംഗലത്തേക്ക്‌ വരുന്ന വഴി ഒരു റിസോര്‍ട്ട്‌ കണ്ടു. തപോവന്‍ ഗ്രീന്‍ കൗണ്ടി റിസോര്‍ട്ട്‌ . മനോഹരമായ നിര്‍മ്മിതി. പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്നു. ഇരുട്ടു വീണു തുടങ്ങിയിരുന്നു, മഴയും. ഡ്രൈവര്‍ വണ്ടിയില്‍ ഒരു പാട്ട്‌ വച്ചു തന്നു. മുഹമ്മദ്‌ റാഫിയുടെ ഒരു പഴയ പാട്ട്‌. ജോസഫ്‌ സാറിനു റാഫിയെ വലിയ ഇഷ്ടമാണ്‌. മഴ ശക്തി പ്രാപിച്ചു. ഞാന്‍ പാട്ടില്‍ ലയിച്ചിരുന്നു കണ്ണുകളടച്ചു.

(തുടരും)

എത്തിച്ചേരാന്‍:

കോതമംഗലം തട്ടേക്കാട്‌ വഴിയില്‍ പുന്നേക്കാട്‌ കവലയില്‍ നിന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ നേര്യമംഗലത്തേക്ക്‌ പോകുന്ന വഴിയിലാണ്‌ ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്‌. തട്ടേക്കാട്‌ പക്ഷിസങ്കേതം സന്ദര്‍ശിച്ചിട്ട്‌ മൂന്നാര്‍ പോകുന്നവര്‍ക്ക്‌ പുന്നേക്കാട്‌ നേര്യമംഗലം വഴിയിലൂടെ പോയാല്‍ 15 കിലോമീറ്റര്‍ കുറവുമാണ്‌.

പെരിയാറിന്‌ കുറുകെയാണ്‌ ഈ തൂക്കുപാലം നിര്‍മ്മിച്ചിരിക്കുന്നത്‌. ഭൂതത്താന്‍ കെട്ട്‌ അണക്കെട്ടിലേക്കെത്തുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ്‌ പാലം സ്ഥിതി ചെയ്യുന്നത്‌. കേരളസര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ അലൈഡ്‌ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ കമ്പനിയാണ്‌ ഈ തൂക്കുപാലത്തിന്റെ രൂപകല്‌പനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്‌. 185 മീറ്ററര്‍ നീളമുള്ള ഇതിന്‌ ജലാശയത്തില്‍ നിന്ന്‌ 200 മീറ്ററോളം ഉയരമുണ്ട്‌.
ഈറന്‍മഴയില്‍, ഇഞ്ചത്തൊട്ടിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 30: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക