Image

മൈക്കിള്‍ ജാക്‌സന്റെ ഡോക്ടര്‍ക്ക് നാലു വര്‍ഷം തടവ്( അങ്കിള്‍സാം വിശേഷങ്ങള്)

Published on 30 November, 2011
മൈക്കിള്‍ ജാക്‌സന്റെ ഡോക്ടര്‍ക്ക് നാലു വര്‍ഷം തടവ്( അങ്കിള്‍സാം വിശേഷങ്ങള്)


ലോസ്ഏയ്ഞ്ചല്‍സ് : പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ അന്ത്യനിമിഷങ്ങളില്‍ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറെയെക്ക് നാലു വര്‍ഷം തടവ് ശിക്ഷ. ആറാഴ്ച നീണ്ട വിചാരണക്കൊടുവില്‍ അമേരിക്കയിലെ ലോസ്ആഞ്ചല്‍സ് കോടതി, ജാക്‌സന്റെ മരണത്തിന് ഡോക്ടര്‍ മുറെ ഉത്തരവാദിയാണെന്ന് കണെ്ടത്തിയിരുന്നു. കേസില്‍ ഉടനീളം മുറെ നുണകളുടെ ഒരു പരമ്പര തന്നെയാണ് നടത്തിയതെന്ന് ജഡ്ജി മൈക്കിള്‍ പാസ്റ്റര്‍ പറഞ്ഞു. പൊറുക്കാന്‍ പാടില്ലാത്ത വിശ്വാസവഞ്ചനയാണ് മുറെ ജാക്‌സനോടു കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രോപ്പോഫോള്‍ എന്ന മയക്കുമരുന്ന് ബോധപൂര്‍വം അമിതമായ അളവില്‍ കുത്തിവെച്ചതാണ് ജാക്‌സന്റെ മരണത്തിന് കാരണമായതെന്ന് പാസ്റ്റര്‍ വ്യക്തമാക്കി. മുറെയുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. ജാക്‌സന്റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രോസിക്യൂഷനും പ്രതിഭാഗവും ജനുവരിയില്‍ ചര്‍ച്ച നടത്തും. 2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ ലോസ്ആഞ്ചല്‍സിലെ താമസസ്ഥലത്ത് മരിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം വേദിയില്‍ തിരിച്ചെത്തുന്നതിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപം: യുഎസ് സ്വാഗതം ചെയ്തു

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷപം അനുവദിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്തു. യുപിഎ സര്‍ക്കാര്‍ തീരുമാനം ഇന്ത്യാ-യുഎസ് സാമ്പത്തിക സഹകരണം ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിദേശകാര്യവക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ തീരുമാനം ഇരുരാജ്യങ്ങള്‍ക്കും പുതിയ അവസരങ്ങളൊരുക്കുന്നതിനൊപ്പം ഇന്ത്യന്‍ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂട്ടുമെന്നും ടോണര്‍ വ്യക്തമാക്കി.

ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപത്തിനെതിരെ ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് ആ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യമൂല്യങ്ങളെയാണ് എടുത്തുകാണിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കാനും അവരുടെ ആശങ്ക പങ്കുവെക്കാനും കഴിയുന്നു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നതെന്നും ടോണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുക ഈ രംഗത്തെ യുഎസ് കുത്തക കമ്പനികള്‍ക്കാണെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ടോണറുടെ പ്രതികരണം.

യുഎസ് സര്‍ക്കസ് കമ്പനിക്ക് റെക്കോര്‍ഡ് പിഴ

ന്യൂയോര്‍ക്ക് : മൃഗസംരക്ഷണച്ചട്ടം ലംഘിച്ച കേസില്‍ പ്രമുഖ യുഎസ് സര്‍ക്കസ് കമ്പനിയായ ഫീല്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഇന്‍കിന് റെക്കോര്‍ഡ് പിഴ. 2007 ജൂണ്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൃഗസംരക്ഷണച്ചട്ടം ലംഘിച്ചതിന് 2,70000 ഡോളര്‍ പിഴ അടക്കണമെന്നാണ് പ്രശസ്തമായ റിംഗ്‌ളിംഗ് ബ്രദേഴ്‌സിനും ബാര്‍നം ആന്‍ഡ് ബെയ്‌ലി സര്‍ക്കസിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഇന്‍കിനോട് യുഎസ് കൃഷി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മൃഗസംരക്ഷണ ചട്ടം ലംഘിച്ചതിന് യുഎസില്‍ ചുമത്തുന്ന ഏറ്റവും ഉയര്‍ന്ന പിഴയാണിത്.

മൃഗങ്ങളെ ചങ്ങലക്കിടുക, ആനകളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് നിയന്ത്രിക്കുക, മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ തന്നെ പുലകിള്‍ക്ക് തീറ്റകൊടുക്കുക എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സും അനിമല്‍
പ്രൊട്ടക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടും പരാതിയുമായി രംഗത്തെത്തിയത്.

ബോണ്‍ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കണമെന്ന് യുഎസ്

വാഷിംഗ്ട
ണ്‍ ‍: അഫ്ഗാനില്‍ നിന്നുള്ള നാറ്റോ പിന്‍മാറ്റം ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ബോണ്‍ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, അടുത്തമാസം നടക്കാനിരിക്കുന്ന ബോണ്‍ സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി യൂസഫ് റസാ ഗീലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ബോണ്‍ സമ്മേളനത്തില്‍ 90 രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. അഫ്ഗാനിസ്ഥാന്റെ ഭാവി തീരുമാനിക്കപ്പെടുന്ന സമ്മേളനം പാക്കിസ്ഥാന്‍ ബഹിഷ്‌കരിക്കരുതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മുഖ്യപങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് -പാക്കിസ്ഥാന്‍ ബന്ധം പുനസ്ഥാപിക്കാനാവും: മാര്‍ട്ടിന്‍ ഡെംപ്‌സെ

വാഷിംഗ്ടണ്‍ : യുഎസ് - പാക്കിസ്ഥാന്‍ ബന്ധം ഏറ്റവും മോശമായ നിലയിലാണെങ്കിലും പുനസ്ഥാപിക്കാനാവുമെന്ന് യുഎസ് സംയുക്ത സേന തലവന്മാരുടെ സംഘത്തിന്റെ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഡെംപ്‌സെ. നാറ്റോ ആക്രമണത്തില്‍ 24 സൈനികര്‍ നഷ്ടപ്പെട്ട പാക്കിസ്ഥാന്റെ രോഷം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതേകുറിച്ച് സൈന്യം അന്വേഷണം നടത്തുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ സംഭവത്തെ അപലപിക്കാന്‍ തയാറായില്ല.

ആക്രമണത്തില്‍ പ്രതിഷേധിച്ചു അഫ്ഗാനിലേക്കുള്ള അതിര്‍ത്തി കവാടങ്ങള്‍ പാക്കിസ്ഥാന്‍ അടച്ചത് നാറ്റോ സൈന്യത്തിന് സാധനങ്ങളുമായി അഫ്ഗാനിസ്ഥാനിലേക്കു പോകുന്ന വാഹനങ്ങളെ ബാധിക്കില്ലെന്ന് മാര്‍ട്ടിന്‍ ഡെംപ്‌സെ പറഞ്ഞു. നാറ്റോ സൈന്യത്തിന് സാധനങ്ങളുമായി അഫ്ഗാനിസ്ഥാനിലേക്കു പോകുന്നതിന് മറ്റു മാര്‍ഗങ്ങള്‍ തേടും. പാക്കിസ്ഥാനിലെ ഷംസിയില്‍ പ്രവര്‍ത്തിക്കുന്ന യുഎസിന്റെ രഹസ്യ വ്യോമസേനാ താവളം 15 ദിവസത്തിനകം അടച്ചുപൂട്ടാന്‍ പാക്ക് ഭരണകൂടം ആവശ്യപ്പെട്ടത് തിരിച്ചടിയാണെന്നും എന്നാല്‍ ഇത് സൈന്യത്തെ നിര്‍വീര്യമാക്കില്ലെന്നും ഡെംപ്‌സെ പറഞ്ഞു. മേയ് രണ്ടിന് ഉസാമ ബിന്‍ ലാദനെ യുഎസ് വധിച്ചതിനെ തുടര്‍ന്നു വഷളായ പാക്ക്-യുഎസ് ബന്ധത്തെ കഴിഞ്ഞ ദിവസത്തെ നാറ്റോ ആക്രമണത്തില്‍ 24 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത് കൂടുതല്‍ ഉലച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക