Image

ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി മുടക്കാന്‍ ഇന്നസെന്റും ഉണ്ണികൃഷ്ണനും ശ്രമിച്ചുവെന്ന് വിനയന്‍

Published on 13 August, 2014
ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി മുടക്കാന്‍ ഇന്നസെന്റും ഉണ്ണികൃഷ്ണനും ശ്രമിച്ചുവെന്ന് വിനയന്‍
'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് എം.പിക്കെതിരേയും ഫെഫ്ക പ്രസിഡന്റും തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെതിരേയും ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇരുവരും അകമഴിഞ്ഞു 'സഹായിച്ചിട്ടും' തന്റെ പുതിയ ചിത്രമായ സൂപ്പര്‍മാന്‍ 3 ഡി പ്രദര്‍ശനത്തിനു തയാറായെന്നാണ് വിനയന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മുടക്കാനായി ഇന്നസെന്റും ഉണ്ണികൃഷ്ണനും നടത്തിയ ശ്രമങ്ങള്‍ വ്യക്തമായി പറഞ്ഞാണ് വിനയന്റെ പരിഹാസം.

ചിത്രത്തില്‍ അഭിനയിക്കുന്നതില്‍നിന്ന് നടന്‍ ഷമ്മി തിലകനെ ഇന്നസെന്റ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. അഡ്വാന്‍സ് തുക മടക്കി നല്‍കി അദ്ദേഹം സിനിമയില്‍നിന്ന് പിന്മാറി. സംഗീത സംവിധാനം നിര്‍വഹിക്കുന്നതില്‍നിന്ന് എം. ജയചന്ദ്രനെ ഉണ്ണികൃഷ്ണന്‍ ഭീഷണിപ്പെടുത്തി. സിനിമയില്‍നിന്ന് പുറത്താക്കുമെന്ന ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട ജയചന്ദ്രന്‍ തന്നോടു വിവരം പറഞ്ഞപ്പോള്‍ പിന്മാറാന്‍  താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിനയന്‍ വെട്ടിത്തുറന്നു പറയുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിലെ പ്രസ്‌കത ഭാഗങ്ങള്‍ ഇപ്രകാരമാണ്.: തിലകന്‍ ചേട്ടനോടുള്ള സ്മരണ ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ മകനായ ഷമ്മി തിലകനെ ഈ ചിത്രത്തില്‍ സഹകരിപ്പിക്കാന്‍ തീരുമാനിക്കുകയും അഡ്വാന്‍സ് കൊടുത്ത് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിത്രം തുടങ്ങുന്നതിന് ഒരാഴ്ച്ച മുന്‍പ് വിനയന്റെ ചിത്രത്തിനു വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുക്കാന്‍ ശ്രീ ഇന്നസെന്റ് നേരിട്ടു വിളിച്ചു പറഞ്ഞു എന്ന് ഷമ്മി എന്നോട് പറയുന്നു. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു വാശി പിടിച്ച അമ്മയുടെ നേതാവ് ഭീഷണി സ്വരത്തില്‍ ഷമ്മിയോട് സംസാരിച്ചപ്പോള്‍ ശക്തനായ അനശ്വരനടന്‍ ശ്രീ തിലകന്റെ മകന്‍ ഒന്നു വിറച്ചെന്നു തോന്നുന്നു. അദ്ദേഹം വാങ്ങിയ അഡ്വാന്‍സ് അമ്പതിനായിരം രൂപ തിരിച്ചുതന്ന് പിന്തിരിയുന്നു.

അതുപോലെ എന്റെ വീട്ടില്‍ വന്ന് സംസാരിച്ച് സംഗീത സംവിധാനത്തിന്റെ ചുമതല ഏറ്റെടുക്കുകയും വീണ്ടും താങ്കളുടെ ചിത്രം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ് പിരിയുകയും ചെയ്ത പ്രശസ്തനായ ശ്രീ എം. ജയചന്ദ്രന്‍ ബി ഉണ്ണികൃഷ്ണന്റെ ഭീഷണിയും മാനസിക പീഡനവും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്നെന്നോട് പറഞ്ഞു. വിനയന്റെ ചിത്രം ചെയ്താല്‍ പിന്നെ ഇന്‍ഡസ്റ്റ്രിയില്‍ വച്ചേക്കില്ല എന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്രെ! തികച്ചും ഒരു കലാകാരന്റെ ഹൃദയമുള്ള ശ്രീ ജയചന്ദ്രന്റെ നിറകണ്ണുകളോടെയുള്ള വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തന്നെയാണ് പറഞ്ഞത് ജയന്‍  ഇത്രയും വല്യ മാനസികസംഘര്‍ഷമൊന്നും എടുക്കണ്ട ഞാന്‍ മോഹന്‍ സിതാരയെക്കൊണ്ട് സംഗീതം ചെയ്യിച്ചോളാമെന്ന്. ഇവര്‍ രണ്ടുപേരും എന്റെ ധാരാളം ചിത്രങ്ങല്‍ക്ക് സംഗീതം ചെയ്തിട്ടുള്ളവരാണ്.

ഞാനിതാരെയും കുറ്റപ്പെടുത്താനോ മോശക്കാരനാക്കാനോ വേണ്ടി എഴുതുന്നതല്ല. എന്റെ ഫേസ്ബുക് പേജില്‍ എല്ലാ ഉത്തരവാദിത്തത്തോടും കൂടി കുറിക്കുന്ന ഈ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ വിലയിരുത്തണം.

ഞാന്‍ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ അഞ്ചൊ ആറൊ ചെറുപ്പക്കാരായ നടന്‍മാര്‍ ഇന്ന് പ്രമുഖരായിട്ടുണ്ട്. അവരെ പോലും ഭീഷണിപ്പെടുത്തി എന്നോട് സഹകരിപ്പിക്കാതിരിക്കാന്‍ ഈ മാന്യന്‍മാര്‍ക്ക് കഴിഞ്ഞേക്കാം. പക്ഷെ ഈ വിലക്കിനെയെല്ലാം അവഗണിച്ച് വിനയന്‍ സിനിമകള്‍ ചെയ്യുകയും പ്രശസ്ത താരങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ആ സിനിമകള്‍ അത്യാവശ്യം പ്രേക്ഷകര്‍ കാണുകയും ചെയ്യുന്നു എന്നതാണ് അമ്മയുടെയും ഫെഫ്കയുടെയും ഇന്നത്തെ ദുഖമെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും അവരുടെ സ്വാധീനവും ഗഌമറും ഉപയോഗിച്ച് എല്ലാ മാധ്യമ രംഗത്തും ഓണ്‍ലൈന്‍ രംഗത്തും എന്ന തമസ്‌കരിക്കാനും എന്റെ സിനിമയെ അനൗണ്‍സ്‌മെന്റ് സ്‌റ്റേജില്‍ തന്നെ പരാജയപ്പെടുത്താനും അവര്‍ കൂട്ടായി ശ്രമിക്കുന്നത്.

ഈ കള്ളനാണയങ്ങള്‍ക്കു മുന്നില്‍ കൈ നീട്ടിയിട്ട് ഒരു സിനിമ ചെയ്യുന്നതിലും ഭേദം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ഇവരുടെ ഒന്നും മുന്നില്‍ തലകുനിക്കാതെ സിനിമ ചെയ്യുന്ന ധാരാളം ചെറുപ്പക്കാര്‍ ഇന്ന് കടന്നുവരുന്നുണ്ട്. ആ പുതിയ തലമുറ കാര്യസാദ്ധ്യത്തിനായി ആരുടെയും കാലുപിടിക്കില്ല എന്നു നമുക്കു പ്രതീക്ഷിക്കാം.

അമ്മയും ഫെഫ്കയും മാഫിയ സംഘടനെയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറക്കെ പറഞ്ഞതിന്റെ പേരില്‍ മാത്രമാണ് തിലകന്‍ എന്ന മഹാനടനെ ഊരുവിലക്കാനും പീഡിപ്പിക്കാനും അവര്‍ തയ്യാറായത് എന്ന കാര്യം ഒരു മലയാളിയും വിസ്മരിച്ചു കാണില്ല.

അത് ഫാസിസമാണ് എന്ന് പറഞ്ഞ് തിലകന്‍ ചേട്ടനെയും എന്നെയും സപ്പോര്‍ട്ട് ചെയ്യാന്‍ അന്ന് ഒരു സുകുമാര്‍ അഴീക്കോട് മാഷ് മാത്രമാണുണ്ടായിരുന്നത്. അഴീക്കോട് മാഷും തിലകന്‍ ചേട്ടനും ഇന്നില്ല. എങ്കിലും ഞാന്‍ എന്റെ പോരാട്ടവുമായി മുന്നോട്ടു പോകുന്നു.

അമ്മയുടെയും ഫെഫ്കയുടെയും നിലപാടുകളെ നിരാകരിച്ച് എന്നോടൊപ്പം നിന്ന സീനിയര്‍ നടന്‍ മധുസാറുള്‍പ്പടെ ഒരുപാടുപേരുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. 'ലിറ്റില്‍ സൂപ്പര്‍മാന്‍' തീര്‍ച്ചയായും ഒരു നല്ല ദൃശ്യാനുഭവമായിരിക്കും എന്നു ഞാന്‍ ഉറപ്പു തരുന്നു  മനസ്സില്‍ തട്ടുന്ന ഒരു കുടുംബ കഥ ഇതിലുണ്ട്. 12 വയസ്സുകാരനെ നായകനാക്കിയ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം എന്നു ഇതിനെ വിശേഷിപ്പിക്കാം. നിങ്ങളുടെ സ്‌നേഹവും സഹകരണവും ഉണ്ടാകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക