Image

മുല്ലപ്പെരിയാര്‍: മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് ഹൈക്കോടതി

Published on 30 November, 2011
മുല്ലപ്പെരിയാര്‍: മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനായി സ്വീകരിക്കുന്ന നടപടികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദുരന്തനിവാരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി അഡ്വേക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചു.

കേസില്‍ പ്രധാനമന്ത്രിയെ എതിര്‍കക്ഷിയാക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്‌ടെന്നും ഹൈക്കോടതി അറിയിച്ചു. മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണം. സുരക്ഷിത സ്ഥാനങ്ങളെ പറ്റിയും രക്ഷാമാര്‍ഗങ്ങളെ പറ്റിയും നിര്‍ദേശം നല്‍കണം. നിയമസഭ ചേരലും പ്രമേയം പാസാക്കലും സാവകാശം ചെയ്യാമെന്നും ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള മുന്‍ കരുതലുകളാണ് അടിയന്തരമായി സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുളമാവ്, ചെറുതോണി അണക്കെട്ടുകളിലെ ജനലനിരപ്പ് കുറയ്ക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി വൈദ്യുതോല്‍പാദനം കൂട്ടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാവിക സേനയ്ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക