Image

സ്വീകരണം (കഥ: സാം നിലമ്പള്ളില്‍)

Published on 14 August, 2014
സ്വീകരണം (കഥ: സാം നിലമ്പള്ളില്‍)
`നമ്മളിവിടെ മലയാളി അസോസിയേഷനൊക്കെ ഒണ്ടാക്കീട്ട്‌ എന്നാചെയ്യാനാ?' ഏതു കാര്യത്തിനും ഉടക്കിടുന്ന സ്വഭാവക്കാരനായ സണ്ണി കുഞ്ചെറിയയുടേതായിരുന്നു സംശയം.

`നമുക്കിവിടെ പലകാര്യങ്ങളും ചെയ്യാനുണ്ടല്ലോ? ഓണവും ക്രസ്‌മസ്സും ഒക്കെ ആഘോഷിക്കണമെങ്കില്‍ ഒരു സംഘടനയുള്ളത്‌ നല്ലതല്ലേ?' വട്ടപ്പറമ്പില്‍ എന്ന്‌ എല്ലാവരും വിളിക്കുന്ന സക്കറിയ തോമസ്‌ ചോദിച്ചതിനെ കൂടിയിരുന്നവരില്‍ പലരും ശരിവച്ചു.

`ഇതുകേട്ടാല്‍തോന്നും നമ്മളിവിടെ ക്രിസ്‌മസ്സ്‌ ആഘോഷിക്കാതെ ഇരിക്കയാണെന്ന്‌.'

`സണ്ണിച്ചായന്‍ വീട്ടിലിരുന്നല്ലേ ആഘോഷിക്കുന്നത്‌? ഇത്‌ നമ്മള്‍ മലയാളികള്‍ ഒന്നിച്ചിരുന്ന്‌ ആഘോഷിക്കുന്ന കാര്യമാ പറയുന്നത്‌.' വറുഗീസ്‌ രാജന്‍ വിശദീകരിച്ചു.

`എനിക്കിതിന്റെ ആവശ്യം മനസിലാകുന്നില്ല, ഇതൊക്കെ പണച്ചെലവിനും സമയനഷ്‌ട്ടത്തിനും ഇടയാക്കുന്ന കാര്യങ്ങളാ.' സംഘടിക്കുവിന്‍ ശക്തരാകുവിന്‍ എന്ന മുദ്രാവാക്യത്തില്‍ വിശ്വാസമില്ലാത്ത ആളാണ്‌ സണ്ണി.

`അതിയാനങ്ങനാ,' മിസസ്സ്‌ റേച്ചല്‍ സണ്ണി പറയും. `ഒരു കാര്യവും അങ്ങേരെക്കൊണ്ട്‌ നടപ്പില്ല. നിങ്ങളിപ്പോഴല്ലേ കണ്ടൊള്ളു, ഞാന്‍ എത്ര നാളുകൊണ്ട്‌ കാണുന്നതാ?'

`അങ്കിളിന്‌ താല്‍പര്യമില്ലെങ്കില്‍ പങ്കെടുക്കേണ്ട,' സണ്ണിയുടെ ഒരു ബന്ധുവും, റേച്ചല്‍ എപ്പോഴും ഭര്‍ത്താവിനെപ്പറ്റി പറയുന്ന അഭിപ്രായം കേട്ടറിവുള്ളവനുമായ സാബു പറഞ്ഞു. `ഞങ്ങളെന്തായാലും സംഘടനയുമായി മുമ്പോട്ട്‌ പോകാന്‍ തീരുമാനിച്ചിരിക്കുകയാ.'

`എന്നാപ്പിന്നെ നിങ്ങള്‌ തീരുമാനിച്ചോ, എന്നെ കൂട്ടേണ്ട.'

`അങ്കിളിനെ കൂട്ടുന്നില്ല, പകരം ഞങ്ങള്‌ റേച്ചലാന്റിയെ കൂട്ടിക്കോളാം,' സാബു പറഞ്ഞതുകേട്ട്‌ തലതിരിച്ച്‌ ഗൗരവത്തില്‍ അവനെ ഒന്ന്‌ നോക്കിയട്ട്‌ സണ്ണി വാക്കൗട്ട്‌ നടത്തി.

വറുഗീസ്‌ രാജന്‍ പുറകേചെന്നു. പാര്‍ക്കിങ്ങ്‌ ലോട്ടില്‍വെച്ച്‌ കാറില്‍ കയറാന്‍ തുടങ്ങിയ സണ്ണിയെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു. `അച്ചായന്‍ ദേഷ്യപ്പെട്ടു പോകല്ലേ, ഏതുകാര്യത്തിനും ഒരു വിട്ടുവീഴ്‌ച ഒക്കെ വേണ്ടേ? പിള്ളാരെന്തോ പറഞ്ഞെന്നുംവെച്ച്‌.'

`അവനൊരു അഹങ്കാരിയാ, ആ സാബു. ഞാനവന്റെ വകേലൊരമ്മാച്ചന്‍ ആണെന്നുള്ള ബഹുമാനമെങ്കിലും അവന്‌ വേണ്ടേ? അവനെപ്പോലുള്ളവരുടെ സംഘടനയില്‍ പങ്കെടുക്കാന്‍ എന്നെ കിട്ടത്തില്ല,' അതും പറഞ്ഞ്‌ സണ്ണി വണ്ടിവിട്ടുപോയി.

എന്തോ കളഞ്ഞ അണ്ണാനെപ്പോലെ വറുഗീസ്‌ രാജന്‍ കുറെനേരം പോയവണ്ടിയും നോക്കിനിന്നു. ഈ സമയം സംഘടന രൂപീകരിക്കാനനുള്ള തീരുമാനം കയ്യടിച്ച്‌ പാസ്സാക്കി കഴിഞ്ഞിരുന്നു.

`ഇനി അടുത്ത പരിപാടി എന്നതാ?' `കേക്കെ' കോട്ടയം എന്ന തൂലികാനാമത്തില്‍ ചില്ലറ കവിതകളൊക്കെ എഴുതാറുള്ള കരുണാകരന്‍ പിള്ളയാണ്‌ ചോദിച്ചത്‌.

`ഇനി എന്നതാ? ഇവിടെകൊറെ കുക്കിയും ഡ്രിങ്ക്‌സും ഇരിപ്പുണ്ട്‌. അത്‌ ഫിനീഷുചെയ്‌തിട്ട്‌ നമ്മള്‍ വീട്ടില്‍ പോകുന്നു.'

`അതല്ല ചോദിച്ചത്‌. നമ്മുടെ സംഘടനക്ക്‌ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടേ?'

`അതിനിപ്പോള്‍ നമ്മള്‍ കുറച്ചുപേരല്ലേ ഇവിടുള്ളു. പിന്നീട്‌ വിശാലമായ ഒരു മീറ്റിങ്ങ്‌ വിളിച്ചുകൂട്ടിയിട്ട്‌ അതിനെപ്പറ്റി തീരുമാനിക്കാം.'

മലയാളികളെ ബന്ധപ്പെടാനുള്ള ചുമതല വട്ടപ്പറമ്പിലിനെ ഏല്‍പിച്ചിട്ട്‌ എല്ലാവരും പിരിഞ്ഞു പോയി. അടുത്ത ദിവസം സാബു പറഞ്ഞാണ്‌ ഭര്‍ത്താവ്‌ വാക്കൗട്ട്‌ നടത്തിയ കാര്യം റേച്ചല്‍ ആന്റി അറിയുന്നത.്‌ ഭാര്യ ആരോടോ സംസാരിക്കുന്നതിനിടയില്‍ ഭമീറ്റിങ്ങീന്ന്‌ ഇറങ്ങിപ്പോയോ, അതുകൊള്ളാമല്ലോ. ഞാന്‍ ചോദിക്കാം? എന്ന്‌ പറയുന്നത്‌ കേട്ടപ്പോള്‍ തന്നെപ്പറ്റിയാണെന്ന്‌ മനസിലായതുകൊണ്ട്‌ ഒന്നുമറിയാത്തതുപോലെ ന്യൂസ്‌പേപ്പര്‍ വായിക്കുന്നതായിട്ട്‌ അഭിനയിച്ചുകൊണ്ട്‌ സണ്ണി കൗച്ചില്‍ ചാരിയിരുന്നു. ഫോണ്‍വിളി കഴിഞ്ഞ്‌ ഭൂമികുലുക്കംപോലെ അടുത്തേക്ക്‌ വന്നിട്ട്‌ പേപ്പര്‍ പിടിച്ചുവാങ്ങിക്കൊണ്ട്‌ അവര്‍ ചോദിച്ചു.

`തല തിരിച്ചുപിടിച്ച്‌ കൊണ്ടാണോഡോ പേപ്പര്‍ വായിക്കുന്നത?'

അപ്പളാണ്‌ മനസിലായത്‌ പേപ്പര്‍ തിരിച്ചുപിടിച്ചിരിക്കയാണെന്ന്‌. ഒരു ചമ്മിയ ചിരി പാസാക്കിക്കൊണ്ട്‌ പറഞ്ഞു `ഓ. ഞാന്‍ വായിക്കയല്ലായിരുന്നു. ഒരു പടം നോക്കീതാ.'

`പടം തലതിരിച്ചുനോക്കാന്‍ ഇയാടെ തല തിരിഞ്ഞുപോയോ? അതെങ്ങെനാ തലതിരിഞ്ഞ സ്വഭാവമല്ലേ കയ്യില്‍. താനിന്നലെ മീറ്റിങ്ങിന്‌ പോയിരുന്നോ?'

`പോയല്ലോ. അവിടെ എന്തോ അസോസിയേഷന്‍ ഉണ്ടാക്കുന്നതിനെപറ്റി ഒക്കെ ചര്‍ച്ച ചെയ്യുകയായിരുന്നു.'

`എന്നിട്ട്‌ താന്‍ അവിടുന്ന്‌ വാക്കൗട്ട്‌ നടത്തിയോ?'

`ഏയ്‌, ആരു പറഞ്ഞു വാക്കൗട്ട്‌ നടത്തിയെന്ന്‌? എനിക്ക്‌ നല്ല സുഖം തോന്നിയില്ല; അതുകൊണ്ട്‌ അവിടെ പറഞ്ഞിട്ടാണല്ലോ പോന്നത്‌.'

`എന്നിട്ടിപ്പോള്‍ സാബു പറഞ്ഞത്‌ താന്‍ അവിടെ വഴക്കിട്ടിട്ടാണ്‌ പോന്നതെന്ന്‌.'

`അവനങ്ങനെ പറഞ്ഞോ? എന്നാ അവനോടൊന്ന്‌ ചോദിച്ചിട്ടുതന്നെ കാര്യം.' എഴുന്നേല്‍ക്കാന്‍ ഭാവിച്ച സണ്ണിയെ അവിടെ പിടിച്ചിരുത്തിയിട്ട്‌ റേച്ചലമ്മ തുടര്‍ന്നു.

`ഒരുകാര്യം ഞാന്‍ പറഞ്ഞേക്കാം. എനിക്ക്‌ നാണക്കേടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുത്‌. കേട്ടോഡോ മണ്ണുണ്ണി.' താടിക്ക്‌ ഒരു തട്ടുകൊടുത്തിട്ട്‌ അവള്‍ പോയി. ചെറുതായിട്ട്‌ വേദനിച്ചെങ്കിലും അത്രയും കൊണ്ട്‌ അവസാനിച്ചല്ലോ എന്ന സമാധാനത്തോടെയും, തനിക്ക്‌ കിട്ടിയതിന്റെ ബാക്കി അടുത്ത പ്രാവശ്യം സാബുവിനെ കാണുമ്പോള്‍ അവന്‌ കൊടുക്കണം എന്ന്‌ വിചിരത്തോടെയും കുറെനേരം അവിടിരുന്നിട്ട്‌ എഴുന്നേറ്റുപോയി.

അടുത്ത പ്രാവശ്യത്തെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ മിസസ്സ്‌ റേച്ചലിന്റെ കൂടെ സണ്ണിയും പോയിരുന്നു.

`ഞാന്‍ വരണോ, റേച്ചലേ?' വീണ്ടും വലിഞ്ഞുകേറി ചെല്ലുന്നതിലെ നാണക്കേടോര്‍ത്ത്‌ ചോദിച്ചു.

`പിന്നെ ഞാനൊറ്റക്ക്‌ പോകാനോ? വേഗന്ന്‌ ഒരുങ്ങി വന്നോ.' റേച്ചല്‍ പോകാന്‍ റെഡിയായികഴിഞ്ഞിരുന്നു.

പിണങ്ങിപ്പോയ സണ്ണിച്ചായന്‍ ഭാര്യയുടെ പിന്നാലെ ഗമയില്‍ വരുന്നതുകണ്ട്‌ വറുഗീസ്‌ രാജന്‍ ചിരിച്ചു. `അച്ചായന്‍ വരുമെന്ന്‌ ഞാന്‍ വിചാരിച്ചില്ല.'

`നമ്മള്‍ മലയാളികളുടെ ഒരാവശ്യമല്ലേ? ഞാനായിട്ട്‌ മാറി നില്‍ക്കുന്നത്‌ ശരിയല്ലല്ലോ?' സണ്ണി പറഞ്ഞു.

ഭര്‍ത്താവ്‌ പറഞ്ഞത്‌ അപ്രൂവ്‌ ചെയ്യുന്ന രീതിയില്‍ റേച്ചല്‍ പുഞ്ചിരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്ത്‌ കഴിഞ്ഞപ്പോള്‍ ഭാവിപരിപാടികള്‍ എന്തൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി
ചര്‍ച്ച ചെയ്‌തു. ക്രിസ്‌മസ്സും ഓണവും ഒക്കെ വരാന്‍ ഇനിയും മാസങ്ങള്‍ കിടക്കുന്നതുകൊണ്ട്‌ വാര്‍ത്തക്കുവേണ്ടി എന്തെങ്കിലും ഒരു പരിപാടി നടത്തിയാലോ എന്ന്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ പിള്ളയാണ്‌ നിര്‍ദേശിച്ചത്‌. ആര്‍ക്കങ്കിലും എന്തെങ്കിലും അഭിപ്രായം പറയാനുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍.


`നമുക്ക്‌ ഒരു സൗന്ദര്യ മല്‍സരം നടത്തിയാലോ?' കൂട്ടത്തില്‍ സുന്ദരിയായ പ്രിയാമണി നിര്‍ദ്ദേശിച്ചു.

`അതിനിപ്പം നമ്മള്‌ സുന്ദരികളെ അന്വേഷിച്ച്‌ എവിടെപ്പോകും? ഇവിടെ നമ്മുടെ ഇടയില്‍ സുന്ദരികളാരും ഇല്ലല്ലോ.' സാബു പറഞ്ഞതുകേട്ട്‌ പ്രയാമണി ഒന്ന്‌ ചളിച്ചെങ്കിലും എല്ലാവരും ചിരിച്ചകൂട്ടത്തില്‍ പങ്കുചേര്‍ന്നു.

`ഒരു വോളിബോള്‍ ടൂര്‍ണമെന്റ്‌ ആയാലോ?' നാട്ടില്‍ പണ്ട്‌ അല്‍പസ്വല്‍പം വോളിബോള്‍ കളിച്ചിട്ടുള്ള വറുഗീസ്‌ രാജന്റെ സജഷന്‍.

`അതൊക്കെ നമുക്ക്‌ പിന്നീട്‌ ആലോചിക്കാവുന്നകാര്യമാണ്‌.' പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ വടക്കേവിള പറഞ്ഞു. പണച്ചിലവില്ലാത്ത എന്തെങ്കിലും, വാര്‍ത്താ പ്രാധാന്യമുള്ള എന്തെങ്കിലും?.'

`കേരളത്തില്‍നിന്ന്‌ ഒരുമന്ത്രി അമേരിക്കയില്‍ വരുന്നുണ്ടെന്ന്‌ ഞാനിന്നലെ പേപ്പറില്‍ വായിച്ചു. അദ്ദേഹത്തിന്‌ ഒരു സ്വീകരണം കൊടുത്താലോ?' നിര്‍ദ്ദേശം മിസ്‌റ്റര്‍ സണ്ണിയുടേതായിരുന്നു.

`അതൊരു നല്ല അഭിപ്രായമാണല്ലോ?' പ്രസിഡണ്ടും, സെക്രട്ടറിയും ഒരുപോലെ പറഞ്ഞു. വലിയ പണച്ചിലവും ഇല്ല; വാര്‍ത്താ പ്രാധാന്യവും കിട്ടും. മന്ത്രിയുമായി ബന്ധപ്പെടാന്‍ പ്രസിഡണ്ടിനേയും സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ട്‌ യോഗംപിരിഞ്ഞു.

`പിന്നൊരുകാര്യംകൂടി പറയാനുണ്ട്‌,' വട്ടപ്പറമ്പില്‍ ഓര്‍മിപ്പിച്ചു. `അഥവാ മന്ത്രി വരികായാണെങ്കില്‍ എല്ലാവരും മുണ്ടുടുത്തുകൊണ്ട്‌ വരാന്‍ ശ്രദ്ധിക്കണം; കാരണം അദ്ദേഹം അന്റാര്‍ട്ടിക്കയില്‍ പോയാലും മുണ്ടാണ്‌ ഉടുക്കാറുള്ളത്‌.'

അതിനിപ്പം മുണ്ടിനെവിടെപ്പോകും എന്ന്‌ സാബുചോദിച്ചത്‌ ശരിയാണല്ലോയെന്ന്‌ പലരും വിചാരിച്ചു. ഇനി ഭാര്യയുടെ വെള്ളസാരി മടക്കിയുത്തുകൊണ്ട്‌ വന്നല്‍ മതിയോ?

`തനിക്ക്‌ ഇത്രയും ബുദ്ധിയുണ്ടെന്ന്‌ ഞാന്‍ വിചാരിച്ചില്ല,' തിരിച്ചുപോകുമ്പോള്‍ കാറില്‍വെച്ച്‌ റേച്ചല്‍ ഭര്‍ത്താവിനോട്‌ പറഞ്ഞു. വിവാഹജീവിതത്തില്‍ ആദ്യമായി ഭാര്യയില്‍നിന്ന്‌ ഒരു അഭിനന്ദനം കിട്ടിയ സന്തോഷത്താല്‍ അഭിമാനപുളകിതനായി സണ്ണി ഞെളിഞ്ഞിരുന്നു.

`പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. മന്ത്രിവന്ന്‌ ഫോട്ടോ എടുക്കുമ്പം അയാടെ അടുത്തുതന്നെ നിന്നേക്കണം. പത്രത്തിലെക്കെ വരുന്ന ഫോട്ടോയാ.'

`അതുപിന്നെ പ്രത്യേകം പറയണോ? അക്കാര്യം ഞാനേറ്റു.'

മലയാളി അസോസിയേഷന്റെ ഷണം സ്വീകരിച്ച്‌ മന്ത്രി വരികയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്‌തു. മറുപടി പ്രസംഗത്തില്‍ അദ്ദേഹം അമേരിക്കയില്‍ ജീവിക്കുന്ന കേരളീയര്‍ നല്ലതുപോലെ `മലയാലം' സംസാരിക്കുന്നതുകേട്ട്‌ താന്‍ അത്ഭുതപ്പെട്ടുപോയെന്ന്‌ പറഞ്ഞു. ആത്മഹത്യചെയ്യാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അതിനുള്ള എളുപ്പമാര്‍ക്ഷം കേരളത്തില്‍ പണംമുടക്കി വ്യവസായങ്ങള്‍ ആരംഭിക്കുകയാണ്‌. നോക്കുകൂലിയെന്ന അത്ഭുതപ്രതിഭാസം കണ്ടുപിടിച്ച കേരളീയര്‍ രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാണെന്നും; കേരളത്തിലെ റോഡുകള്‍ സോമാലിയയിലേതുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ എത്രയോ നല്ലതാണെന്നും; റോഡുകളുടെ വീതി മുപ്പതില്‍നിന്ന്‌ പതിനഞ്ചു മീറ്ററായി കുറക്കണമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തമിള്‍നാടുമായി ഉണ്ടാക്കിയ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത്‌ വര്‍ഷത്തെ കരാര്‍ കേരളം ബുദ്ധിപൂര്‍വ്വം ചെയ്‌തതാണ്‌. കാരണം ആയിരം വര്‍ഷത്തേക്കായിരുന്നു കരാറെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? അമേരിക്കയില്‍ ഇടക്കിടെവന്ന്‌ നിങ്ങളെയൊക്കെ കാണാന്‍ ആഗ്രഹമുണ്ടെന്ന്‌ പറഞ്ഞുകൊണ്ട്‌ അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.

ചിക്കനും, ബീഫും, പോര്‍ക്കും എല്ലാം അടങ്ങിയ വിഭവസമൃദ്ധമായ ഡിന്നര്‍ ഒരുക്കിവെച്ചിരുന്നെങ്കിലും അദ്ദേഹം അതൊന്നും കഴിച്ചില്ല. കഞ്ഞിയുണ്ടോ എന്ന്‌ ചോദിച്ചു.

`എന്താ വയറ്റില്‍ അസുഖം വല്ലതും?'

`ഏയ്‌, അതൊന്നുമല്ല. ഞാന്‍ കഞ്ഞിയേ കുടിക്കാറുള്ളു. കൂടെ ചെറുപയര്‍ പുഴുങ്ങിയതും പപ്പടം ചുട്ടതും.'

`അത്‌ വേണമെങ്കില്‍ ഇപ്പോള്‍തന്നെ റെഡിയാക്കാമല്ലോ?' മൂന്നാലുപേര്‍ അവരവരുടെ വീടുകളിലേക്ക്‌ വണ്ടിവിട്ടു. ഫോട്ടോ എടുപ്പും മറ്റും കഴിഞ്ഞപ്പോഴേക്കും ഒരുപറ കഞ്ഞിയും പയറുപുഴുങ്ങിയതും മേശപ്പുറത്ത്‌ നിരന്നു. അമേരിക്കയില്‍ വന്നതിനുശേഷം കഞ്ഞികുടിച്ചിട്ടില്ലാത്ത അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രിയോടൊപ്പമിരുന്ന്‌ കഷായം കുടിക്കുന്നതുപോലെ കഞ്ഞികുടിച്ചു.

മന്ത്രിക്ക്‌ സ്വീകരണം കൊടുത്ത വാര്‍ത്ത ഫോട്ടോസഹിതം പേപ്പറുകളില്‍ വന്നത്‌ എല്ലാവരും ആവേശത്തോടെ വായിച്ചു. മന്ത്രിയുടെ സമീപത്ത്‌ നില്‍ക്കാന്‍ ഭാരവാഹികളും അല്ലാത്തവരും മത്സരമായിരുന്നു. റേച്ചല്‍ പറഞ്ഞതുപോലെതന്നെ സണ്ണിയും മുന്‍പന്തിയില്‍തന്നെ കയറിനിന്നു. എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ റേച്ചലാണ്‌ കണ്ടുപിടിച്ചത്‌, `അല്ല, മന്ത്രിയെവിടെ?'

`ശരിയാണല്ലോ?' സണ്ണി ഫോട്ടോയില്‍ പരതിനോക്കി. അസോസിയേഷന്‍ ഭാരവാഹികളും അല്ലാത്തവരുമുണ്ട്‌, മന്ത്രിയൊഴിച്ച്‌. മുന്‍പില്‍ കയറിനില്‍ക്കാന്‍ എല്ലാവരും ബദ്ധപ്പെട്ടപ്പോള്‍ ഒരുപക്ഷേ, മന്ത്രി പുറകിലായിപ്പോയതാവാം.


സാം നിലമ്പള്ളില്‍
sam3nilam@yahoo.com
സ്വീകരണം (കഥ: സാം നിലമ്പള്ളില്‍)
Join WhatsApp News
Thampuran 2014-08-16 11:41:22
ഉമിക്കരി വായിലിട്ടു പല്ല് തേച്ചിട്ട് നീട്ടി തുപ്പിയ അനുഭൂതി.  ഇതു എഴുതിയ സാമിനും ഇതിനെക്കുറിച് പ്രഭാഷണം തയാറാക്കിയ വിധ്യധര്നും നമോവാകം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക