Image

രാമായണത്തിലൂടെ- രാമായണം ഒരു സമൂഹമാണ്, അത് ഒരു വ്യവസ്ഥയാണ്, ജീവിതരീതിയാണ്.

അനില്‍ പെണ്ണുക്കര Published on 16 August, 2014
രാമായണത്തിലൂടെ- രാമായണം ഒരു സമൂഹമാണ്, അത് ഒരു വ്യവസ്ഥയാണ്, ജീവിതരീതിയാണ്.
അധ്യാത്മരാമായണം ഒരു മതഗ്രന്ഥമല്ല എന്ന് കര്‍ക്കിടകം അവസാനിക്കുന്ന സമയത്ത് ഒന്നുകൂടി പറയട്ടെ. നിലവിളക്കിന്റെ മുന്നില്‍ വച്ചതുകൊണ്ടോ ഹിന്ദുക്കള്‍  പാരായണഗ്രന്ഥമായി ഉപയോഗിക്കുന്നതുകൊണ്ടോ ഒരു ഗ്രന്ഥം മതഗ്രന്ഥമാക്കില്ല.

മഹാഭാരതവും, രാമായണവും ഉപനിഷത്തുകളും മറ്റും ഹൈന്ദവ മതഗ്രന്ഥങ്ങളാണെന്ന ഒരു മിഥ്യാധാരണ ഹൈന്ദവരും ഹൈന്ദവേതരരും വച്ചു പുലര്‍ത്തുന്നുണ്ട്. ഹിന്ദു മിത്തോളജിയിലെ കഥാപാത്രങ്ങളുടെ കഥപറയുന്നതുകൊണ്ടോ അവരുടെ ഇതിവൃത്തം പ്രതിപാദ്യവിഷയമായതുകൊണ്ടോ ഒരു കൃതി മതഗ്രന്ഥമാകില്ല. ഹിന്ദുമതത്തിലെ  ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതക്രമങ്ങള്‍ എന്നിവ വിവരിക്കുന്ന പുസ്തകങ്ങള് മാത്രമെ ഹൈന്ദവമതഗ്രന്ഥത്തിന്റെ തലത്തിലേക്ക് വരൂ. രാമായണവും മഹാഭാരതവും ഉപനിഷത്തുകളും ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസങ്ങളെയോ, ആചാരങ്ങളെയോ പ്രതിപാദിക്കുന്നവയല്ല. അവ സര്‍വ്വ മനുഷ്യരുടേയും ചിത്തവൃത്തികളെയും ജീവിതതത്വചിന്താപദ്ധതികളെയും ലിംഗവര്‍ഗ്ഗദേശകാലങ്ങള്‍ക്കതീതമായി ചര്‍ച്ച ചെയ്യപ്പെടുന്ന ആധ്യാത്മിക ഗ്രന്ഥങ്ങളാണ്. മറ്റു മതങ്ങളെപ്പോലെ നിയതമായ ഒരു ചട്ടക്കൂട് ഹിന്ദുമതത്തിനില്ല. ഹിന്ദുത്വം ഒരു മതമല്ല. അത് ഒരു വ്യവസ്ഥയാണ്. എല്ലാ വിഭാഗത്തില്‍പ്പെട്ട ചരാചരങ്ങളുടെയും ജീവിതത്തെയും ജീവിത സംസ്‌കൃതികളെയും തത്വനിരൂപണം ചെയ്യുന്ന കൃതികളാണ് പുരാണങ്ങളടക്കമുള്ളവ. അവ സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാനായി പരസഹസ്രം കഥാപാത്രങ്ങളിലൂടെ ചിലകാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നുമാത്രം.

രാമായണത്തിലെ വാക്യങ്ങളും ഉപദേശങ്ങളും ശ്രദ്ധിക്കുക. അവ പ്രപഞ്ചത്തില്‍ ജന്മമെടുത്ത ഒരു ജീവന്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്നും എങ്ങനെയാണ് നിലനില്‍ക്കേണ്ടതെന്നും വ്യക്തമാക്കുന്നവയാണ്. മതപരമായ സങ്കുചിതത്തില്‍നിന്ന് ഒഴിവാക്കി ചിന്തിക്കുമ്പോഴേ അവയെ ആഴത്തിലും പരപ്പിലും തിരിച്ചറിയാന്‍ കഴിയൂ. രാമായണത്തെ പൊതിഞ്ഞു നില്‍ക്കുന്ന മതവിശ്വാസം തന്നെയാണ് അതിന്റെ ഭക്തി ഭാവത്തിന് കാരണം. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളുടെയും പിന്നിലുള്ള ഭക്തിഭാവത്തിന്റെ കാരണം അതിലെ മതവിശ്വാസവും ആദ്ധ്യാത്മിക ചിന്തയുമാണ്.
രാമായണത്തില്‍ ഭക്തിമാത്രം അന്വേഷിച്ചു പോകുന്നവര്‍ക്കാണ് തെറ്റുപറ്റുന്നത്. രാമായത്തിലെ ഒരു ഭാവം മാത്രമാണ് ഭക്തി. അത് ആവശ്യമുള്ളവര്‍ക്ക് എടുക്കാം. രാമായണത്തെ ഒരു ജീവിതവ്യാഖ്യാനമായിട്ട് എടുക്കുന്നവര്‍ക്ക് അതിനെ എങ്ങനെ സമീപിക്കാം.

കരുണ കണ്ടെത്തുന്നവര്‍ക്ക് അതാകാം. തത്വചിന്ത കണ്ടെത്തുന്നവര്‍ക്ക് അതുമാകാം. എല്ലാ ജീവിതഭാവങ്ങളും രാമായണത്തിലുണ്ട്. ഒരു പ്രകൃതിശാസ്ത്രഗ്രന്ഥമായി രാമായണത്തെ കാണരുതോ? മനുഷ്യപ്രകൃതിയുടെ വൈവിദ്ധ്യം ഇത്രമാത്രം പ്രകടമായിട്ടുള്ള ഒരു കൃതി മലയാളത്തില്‍ മറ്റൊന്നില്ല. ഇത്തരത്തില്‍ വ്യത്യസ്തമാനങ്ങളുള്ള ഒരു ഇതിവൃത്തത്തിനുള്ളില്‍ സമഗ്രമായി നിറയുവാന്‍ അതുവരെ മലയാളഭാഷയ്ക്ക് ശക്തിയില്ലായിരുന്നു. അതിനുള്ള സാമഗ്രികളും ഇല്ലായിരുന്നു. ദുര്‍ബലമായ മലയാളത്തിന് പുറത്ത് സംസ്‌കൃതം കെട്ടിവച്ച് അതുവരെ എല്ലാവരും കവിത എഴുതിയിരുന്നു. എഴുത്തച്ഛന്‍ അതൊന്ന് മാറ്റി ചിന്തിച്ചു. ഏതു ഭാവവും രസവും സൃഷ്ടിക്കാന്‍ പാകത്തില്‍ അദ്ദേഹം മലയാളത്തെ സജ്ജമാക്കി.ഈ കാരണം കൊണ്ട് എഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവായി. എഴുത്തച്ഛനില്‍ ഞാന്‍ ഒരു അച്ഛനെ കാണുന്നു. രണ്ടാമത്തെ എഴുത്തിന്റെ അച്ഛനായി കാണുന്നുള്ളൂ. കാരണം മാതാവിന്റെ മുലപ്പാലാണ് മാതൃഭാഷയെങ്കില്‍ ആ മുലപ്പാല്‍ കുടിക്കാന്‍ എനിക്ക് ഇടയാക്കിയത് ഭാഷയുടെ ഈ പിതാവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക