Image

ഓണം...സുഖമുള്ള ഓര്‍മ്മകള്‍- മാവേലിനാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 18 August, 2014
ഓണം...സുഖമുള്ള ഓര്‍മ്മകള്‍- മാവേലിനാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ-  അനില്‍ പെണ്ണുക്കര
മാവോലിനാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

ദുഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍.
 
ഇങ്ങനെ വര്‍ണ്ണിക്കപ്പെടുന്ന മഹാബലി ചക്രവര്‍ത്തി ഇവിടെ ഭരണം നടത്തിയിരുന്ന ആ നല്ലനാളെയുടെ ഒരു ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഈ മഹോത്സവം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇത് കൊണ്ടാടുന്നു.
മഹാബലിയില്‍ അന്തര്‍ല്ലീനമായിരുന്ന അഹങ്കാരത്തെ ഇല്ലായ്മചെയ്ത് അദ്ദേഹത്തിനുമേല്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ വാമനമൂര്‍ത്തിയുടെ അവതാരസുദിനംകൂടിയാണ് ഈ മഹോത്സവദിനം എന്നത് തിരുവോണ മഹോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ്. എല്ലാഗ്രഹങ്ങളും നക്ഷത്രങ്ങളും ശുഭസൂചകമായി നിന്ന അഭിജിത്തെന്ന മുഹൂര്‍ത്തവും, വിജയദശമിതിഥിയും, നട്ടുച്ചസമയവും ഒത്തുചേര്‍ന്ന ശ്രാവണമാസത്തിലെ തിരുവോണനക്ഷത്രത്തുന്നാള്‍ വിഷ്ണുഭഗവാന്‍ വാമനമൂര്‍ത്തിയയി അവതാരം ചെയ്തുവെന്നാണ് ഐതിഹ്യം.
ശംഖുചക്രഗദാപത്മങ്ങള്‍ ധരിച്ചും, പീതാംബരമുടുത്തും,മനോഹരങ്ങളായ വള, തോള്‍വള, കിരീടം, അരഞ്ഞാണ്‍, മണിനൂപുരം, വനമാല, കൗസ്തുഭം എന്നിവയാല്‍ അലംകൃതമായതുമായ ഭഗവത്‌രൂപം ദര്‍ശിച്ച് ബ്രഹ്മാദിദേവകള്‍ ഭഗവാനെ ആവോളം സ്തുതിച്ചു. പിന്നീട് ഭഗവാന്‍ ബ്രഹ്മചാരിക്കുട്ടിയുടെ രൂപം കൈക്കൊണ്ടു.
അങ്ങനെ വാമനാവതാരമായി വടുരൂപിയായ ഉണ്ണി അതീവ തേജസ്വിയായി വളര്‍ന്നുവന്നു. ഉപനയനം യഥാകാലം നടത്തപ്പെട്ടു. നര്‍മ്മദ്യൂ തീരത്ത് ഭൃഗുകച്ഛമെന്ന സ്ഥലത്ത് മഹാബലിയാഗം നടത്തുന്നതറിഞ്ഞ് ഉണ്ണി ബ്രഹ്മര്‍ഷിമാരോടൊപ്പം അങ്ങോട്ടു പുറപ്പെട്ടു. അതി തോജസ്വിയായ ആ ബ്രഹ്മചാരി യാഗശാലയിലെത്തിയപ്പോള്‍ അവിടെ സന്നിഹിതരായിരുന്നു ഋത്വിക്കുകളും, മുനിമാരും സദസ്യരും എഴുന്നേറ്റ് ആ ബ്രഹ്മചാരിയെ സ്വീകരിക്കുകയും വന്ദിക്കുകയും ചെയ്തു. ഉടന്‍തന്നെ മഹാബലി  അവിടുത്തെ തൃപ്പാദം കഴുകിച്ചതീര്‍ത്ഥം തനിക്കും അവിടെ കൂടിയിരുന്ന സകലര്‍ക്കും തളിച്ച് ധന്യനായി. എന്നു മാത്രമല്ല ആ ബ്രഹ്മചാരിക്ക് അത്യൂഷ്മളമായ വരവേല്പ് നല്കുകയും അവിടെ എത്തി തന്നെ അനുഗ്രഹിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. അനന്തരം മഹാബലി വിനയാന്വിതനായി ആ ബ്രഹ്മചാരിയോട് ഇപ്രകാരം പറഞ്ഞു: “ബ്രഹ്മര്‍ഷിമാരുടെ ഉടലാര്‍ന്ന തപസ്സുപോലെയുള്ള അവിടുന്നഴുന്നള്ളിയതുകൊണ്ട് എന്റെ വംശം ശുദ്ധവും ധന്യവുമായി. പിതൃക്കള്‍ തൃപ്തരായി. ഈ യജ്ഞവും സഫലമായി. അല്ലയോ ബ്രാഹ്മണകുമാരാ ഞാനെന്ത് അഭീഷ്ടമാണ് അവിടുത്തേയ്ക്ക് സാധിച്ചുതരോണ്ടത്? പശു, സ്വര്‍ണ്ണം, രമ്യഹര്‍മ്മ്യങ്ങള്‍, മൃഷ്ടാന്നഭോജനം, വിപ്രകന്യക, ഗ്രാമങ്ങള്‍, ആന, കുതിര, തേര് എല്ലാം ഇവിടെ സുലഭമാണ്. എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളൂ.”
മഹാബലിയുടെ ധാര്‍മ്മികത മുറ്റിനില്‍ക്കുന്ന വാക്കുകളെ അഭിനന്ദിച്ചുകൊണ്ട് ബ്രഹ്മചാരി പറഞ്ഞു: “ ഉത്കൃഷ്ട വംശജനായ അങ്ങുടെ വാക്കുകള്‍ കേട്ടപ്പോള്‍ത്തന്നെ എനിക്കും തൃപ്തിയായി. അങ്ങയുടെ പൂര്‍വ്വികന്മാരെല്ലാം മഹാവീരന്മാരും അതീവ ഉദാരമതികളുമായിരുന്നുവെന്നും എനിക്കറിയാം. പക്ഷേ എനിക്ക് അങ്ങു പറഞ്ഞതൊന്നും വേണ്ട. എന്തു തരുവാനും കഴിവുള്ള അങ്ങയോട് എനിക്കു യോജിച്ച മൂന്നടി മണ്ണുതരുവാന്‍ മാത്രമേ ഞാന്‍ അപേക്ഷിക്കുന്നുള്ളൂ.” ഇതുകേട്ടപ്പോള്‍ മഹാബലിക്ക് പരിഹാസമാണ് തോന്നിയത്. അദ്ദേഹം പറഞ്ഞു: “ത്രിഭുവനപതിയായ എന്നോട് മൂന്നടി മണ്ണു ചോദിക്കുകയോ?  കുട്ടി ഇത്ര വിഡ്ഢിയാണെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അത് എനിക്ക് ദുഷ്‌പേരുണ്ടാകുന്നതിന് ഇടയാകും. അതിനാല്‍ എന്നോട് വസ്തൃതമായ ഭൂമി ചോദിക്കൂ.”  ഇത് കേട്ട് ബ്രഹ്മചാരി തറപ്പിച്ചു പറഞ്ഞു. “തൃഷ്ണതയുള്ളവര്‍ക്ക് അങ്ങ് യഥേഷ്ടം ദാനം ചെയ്തുകൊള്ളുക. എനിക്ക് മൂന്നടിമണ്ണുമാത്രം മതി. ധനം വേണ്ട ത്രയേ പാടുള്ളൂ.”
            ബ്രഹ്മചാരിയോട് വെറുതെ തര്‍ക്കിക്കുന്നതില്‍ ഒരു കാര്യൂമില്ലെന്ന് മഹാബലിക്കു ബോധ്യമായി. അദ്ദേഹം മൂന്നടി മണ്ണുനല്‍കാമെന്നു സമ്മതിച്ചു. “കുട്ടി ചോദിച്ച മണ്ണ് ഇഷ്ടംപോലെ വാങ്ങിക്കൊള്ളൂ.”മഹാബലി പറഞ്ഞു. മഹാബലിയുടെ ഈ പ്രതിജ്ഞകേട്ട് ശുക്രാചാര്യര്‍ അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം ഉപദേശിച്ചു: “അങ്ങ് ഇപ്രകാരം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നു. ഈ ബ്രഹ്മചാരി ആരാണെന്നറിയുമോ? സാക്ഷാല്‍ മഹാവിഷ്ണുവാണ്. മൂന്നുലോകങ്ങളും തന്റെ പാദങ്ങള്‍കൊണ്ട് അളന്നെടുത്ത് അദ്ദേഹം അങ്ങയെ നിരാധാരനാക്കും. അത്‌കൊണ്ട് വാക്കുമാറണം.”
            മഹാബലി വാക്കുമാറാന്‍ തയ്യാറല്ലായിരുന്നു. ഇതില്‍ കുപിതനായ ശുക്രാചാര്യര്‍ “പണ്ഡിതമാനിയായ നിന്റെ സമ്പത്ത് നശിച്ചു പോകട്ടെ” എന്ന് മാഹാബലിയെ ശപിച്ചു. മഹാബലി പത്്‌നീസമേതനായി വടുരൂപിയായ വാമനന് കൈയില്‍ ജലമൊഴിച്ചുകൊണ്ട് പദത്ര പരിമിതമായ ഭൂമി ദാനംചെയ്തു.
            മഹാബലി വാമനന് ഭൂമി ദാനം ചെയ്ത ആശ നിമഷത്തില്‍ത്തന്നെ വാമനന്‍ വിശ്വരൂപനായിത്തീര്‍ന്നു. അവിടുത്തെ തൃപ്പാദത്തിന്റെ രണ്ട് അടികൊണ്ടുതന്നെ ലോകങ്ങളെല്ലാം അളന്നെടുത്തു.  അങ്ങനെ ആ തൃപ്പാദം സത്യലോകത്തിലുമെത്തി. ഇതുകണ്ട് ബ്രഹ്മാവ് ആ തൃപ്പാദം കഴുകി സ്വയം കൃതാര്‍ത്ഥനായി. ആ തീര്‍ത്ഥമാണ് ഗംഗയെന്ന് വിശ്വസിക്കപ്പെടുന്നു. ദേവന്മാര്‍, മുനിമാര്‍, ഗന്ധര്‍വ്വന്മാര്‍, കിന്നരന്മാര്‍ മുതലായവരെല്ലാം ഭഗവാനെ ആവോളം സ്തുതിച്ചു. ജാംബവാന്‍ പെരുമ്പറകൊട്ടി വാമനമൂര്‍ത്തിയുടെ വിജയം ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. വാക്കുപാലിക്കാന്‍ കഴിയാതിരുന്ന മഹാബലിയെ ഭഗവാന്‍ ഗുരുഡനെക്കൊണ്ട് യാഗശാലയില്‍ ബന്ധിപ്പിച്ചു. അതിനുശേഷം മഹാബലിയുടെ മേല്‍ ഇപ്രകാരം അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞു.
            “ഹേ അസുരേശ്വരാ, മൂന്നടി ഭൂമിയാണ് അങ്ങെനിക്ക് ദാനം ചെയ്തത്. രണ്ടടികൊണ്ടുതന്നെ ഭൂമി മുഴുവന്‍ ഞാന്‍ അളന്നുകഴിഞ്ഞു. മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലമെവിടെ? പ്രതി അങ്ങയ്ക്ക് നിരയവാസ (നിലവാസം)മാണ് ഞാന്‍ വിധിച്ചിരിക്കുന്നത്. വേഗം അങ്ങോട്ടു പോയ്‌ക്കൊള്ളുക. ഗുരുവിന്റെ അനുമോദനവും കിട്ടിയ്യിട്ടുണ്ടല്ലോ?”
            ഇപ്രകാരം അധിക്ഷേപിക്കപ്പെട്ട മഹാബലി തലതാഴിത്തിക്കൊണ്ടു പറഞ്ഞു. “അല്ലയോ ഉത്തമശ്ലോകനായ ഭഗവാനെ, അവിടുന്നെന്റെ വാക്ക് കളവാണെന്നു കരുതരുതേ. അവിടുന്ന് ഭയവുണ്ടായി മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വെച്ച് എന്നെ സത്യവാനാക്കേണമേ.”
            ഇതുകേട്ടതോടുകൂടി ഭഗവാന്‍ അതീവ പ്രസന്നനായിത്തീര്‍ന്നു. ഈ സമയത്ത് പ്രഹ്ലാദന്‍ അവിടെയെത്തി ഭഗവാനെ സ്തുതിച്ച് ഇങ്ങനെ പറഞ്ഞു.
            “ഭഗവാനെ, അവിടുന്നു തന്നെയാണ് ബലിക്ക് ഇന്ദ്രപദവി നല്‍കിയത്. ഇന്ന് അത് അവിടുന്നു തിരിച്ചെടുത്തു. അത് ഏറ്റവും ഉചിതമായി. ആത്മാവിനെ മോഹിപ്പിക്കുന്ന സ്വര്‍ഗ്ഗസമ്പത്ത് തിരിച്ചെടുത്തത്് വലിയ അനുഗ്രഹമായി എന്ന് ഞാന്‍ കരുതുന്നു. അവിടുത്തെ പാദസ്പര്‍ശം ശിരസ്സിലേയ്ക്കാന്‍ അവസരം ലഭിച്ച എന്റെ ഈ പിന്‍ഗാമി എന്നെക്കാള്‍ ഭാഗ്യവാനാണ്. ജഗദീശ്വരനായ ഭഗവാനെ ഞാന്‍ നമസ്‌കരിക്കുന്നു.” ഇതുകണ്ട് വികാരതരളിതനായ ബ്രഹ്മാവ് ഭഗവാനോടു ചോദിച്ചു: “ ഭഗവാനെ ഭക്തന്മാരുടെ അര്‍ഘ്യപാദ്യാദികള്‍കൊണ്ടുതന്നെ അവിടുന്ന് സന്തുഷ്ടനാക്കുന്നു. എങ്കില്‍ സര്‍വ്വസ്വവും അവിടുത്തെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച ഈ മഹാബലിയെ ഇപ്രകാരം സങ്കടത്തിലാഴ്ത്തുന്നതു ശരിയോ?” ഭഗവാന്‍ ഉടന്‍ അരുളിച്ചെയ്തു.
            “അസുരന്മാരുടെ യശസ്സ് ഉയര്‍ത്തിയ ഈ മഹാബലി അജയ്യമായ മായയെ ജയിച്ചുകഴിഞ്ഞിരിക്കുന്നു. എന്തു ദുഃഖമനുഭവിച്ചിട്ടും സത്യത്തില്‍നിന്നും അണുവിടപോലും വ്യതിചലിക്കാത്ത മഹാനാണിദ്ദേഹം. ലോകങ്ങള്‍ അളന്നെടുത്ത് ഇദ്ദേഹത്തെ ‘ത്രിഭൂവനപതി '  എന്ന അഹങ്കാരം ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയാണ്. ഇദ്ദേഹത്തെ ഗരുഡനെക്കൊണ്ട ബന്ധിപ്പിച്ചത് ഇദ്ദേഹത്തെ ദേഹാഭിമാനത്തില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ എനിക്ക് ഭക്തശ്രേഷ്ഠനായ ഇദ്ദേഹത്തിന്റെ ഭൃത്യനാകേണ്ടിവന്നു. ഇന്നു മുതല്‍ മഹാബലി സ്വര്‍ഗ്ഗത്തിലുള്ളവര്‍കൂടി കൊതിക്കുന്ന സുതലലോകത്തിന്റെ അധിപനായിത്തീര്‍ന്നിരിക്കുന്നു. അടുത്ത മന്വന്തരത്തില്‍ ഇന്ദ്രപദവും ഇദ്ദേഹത്തിനു ലഭിക്കും. ഈ വിരോചനപുത്രന്റെ മഹത്ത്വം വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത്. ഇത്രയും പറഞ്ഞതിനു ശേഷം ഭഗവാന്‍ മഹാബലിയെ അനുഗ്രഹിച്ച് അരുളിച്ചെയ്തു.
            “അസിരേശ്വരനായ അേങ്ങയ്ക്ക് മംഗളമുണ്ടാകട്ടെ. സ്വര്‍ഗ്ഗവാസികളും പ്രാര്‍ത്ഥിക്കുന്ന സുതലത്തിലേയ്ക്ക് ബന്ധുമിത്രാദികള്‍ക്കൊപ്പം സകുടുംബം രക്ഷിക്കുന്നതാണ. അവിടെ ഞാന്‍ അങ്ങുടെ ഭൃത്യന്റെ നിലയിലെന്നും വര്‍ത്തിക്കുന്നാതാണ്.”
            ഭഗവാന്റെ കാരുണ്യമോര്‍ത്ത് മഹാബലി ആനന്ദബലാഷ്പംതൂകി. അതിനു ശേഷം അദ്ദേഹം പ്രഹ്ലാദനോടും ബന്ധുമിത്രാദികളോടുമൊപ്പം സുതലത്തില്‍ചെന്ന് അവിടുത്തെ അധിപനായി വാണു. ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം വീണ്ടെടുത്തുകൊടുക്കുകയും ചെയ്തു.
            മഹാബലി സുതലത്തിലോയ്ക്ക് ഗമിക്കുന്നിനുമുമ്പ് ‘ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ വന്നു കാണുവാനുള്ള ആഗ്രഹം ഭഗവാനെ അറിയിക്കുകയും ഭഗവാന്‍ സദയം അതിനുള്ള അനുവാദം കൊടുക്കുകയും ചെയ്തു എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. അങ്ങനെ മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനെത്തുന്ന സുദിനമാണ് തിരുവോണം എന്ന് കരുതപ്പെടുന്നു.
            മഹാബലി പ്രജാക്ഷേമതല്പരനും ഭരണനിപുണനുമായ ഒരു ചക്രവര്‍ത്തിയായിരുന്നു. “മാവേലിനാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ...”  എന്ന തുടങ്ങുന്ന പാട്ടില്‍നിന്ന് ഇതു വ്യക്തമാകുന്നു. എങ്കിലും ശക്തിഗര്‍വ്വം മൂലം സ്വര്‍ഗ്ഗം പിടിച്ചടക്കിയത് അവിഹിതമായിപ്പോയി. അതു തിരുത്താന്‍ വേണ്ടിയാണ് ഭഗവാന്‍ രണ്ടുരൂപം ധരിക്കേണ്ടിവന്ന അവതാരവും ഇതുതന്നെയാണ്. അങ്ങനെ വാമനാവതാരത്തിന്റെ സുദിനം കൂടിയാണ് തിരുവോണം. ആത്മനിവേദത്തില്‍ കൂടി ഭഗവാനെ ഇത്രമാത്രം സ്വാധീനിച്ച ഒരു ഭക്തശ്രേഷ്ഠന്‍ മഹാബലിയോപ്പോലെ വേറെ ആരുമില്ല.
1

മഴമേഘതുടിയും വില്ലും കൊണ്ടെത്തിയ ചിങ്ങമാസം...
ആടിയൊഴിയുന്ന ആഹ്ലാദത്തിമിര്‍പ്പിലാണ്‌ മലയാളം...

മൂദേവിയെ പടിയിറക്കി ശ്രീദേവിയെ കുടിയിരുത്തുന്ന തിരക്കിലാണ്‌ മലനാട്‌... പുത്തന്‍കലയും മുറവും... പുത്തരിയും... പുത്തന്‍കലത്തില്‍ പായസവും... എല്ലാ വിധത്തിലും ആതുരതകളെ ആട്ടിയറക്കി ഐശ്വര്യത്തിന്റെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‌ക്കാന്‍ ഒരുങ്ങുന്നു മലയാളികള്‍...

അതെ, ചിങ്ങമെത്തി..! പൊന്നോണവും! ഇനി ഇല്ലം നിറയും.. വല്ലം നിറയും.. പറനിറയും അറനിറയും.. പൂവണിക്കൊമ്പുകളില്‍ ഊഞ്ഞാലുകള്‍... ചില്ലാട്ടം... പാട്ടുകള്‍...! മുറ്റത്ത്‌ പൂക്കളും.. തുമ്പയും തെറ്റിയും മുക്കുറ്റിയും തുളസിയും ഓണപ്പൂവും... എല്ലാം വേണം.. തിരുവാതിരയും കുമ്മിയടിയും... കളികള്‍, മത്സരങ്ങള്‍... വഞ്ചിപ്പാട്ടു മേളയും... പുഴകള്‍ തുഴക്കുത്തുകളാല്‍ പുളകംകൊള്ളുന്നു. തീരങ്ങള്‍ ആവേശത്താല്‍ ഇളകിമറിയുന്നു....

ഉപ്പേരിയും, പപ്പടവും പുത്തന്റെ മണവും.. തിരുവോണം വന്നു കഴിഞ്ഞു... ഓരോ മലയാളിയുടെ മനസ്സിലും തിരുവേണമൊരുക്കത്തിന്റെയും... ആഹ്ലാദത്തിന്റെയും നിറംമാറാത്ത ചിത്രങ്ങളാണ്‌ ഉണ്ടാവുക... എന്റെ ഓണം.. മതിര്‍ന്നവര്‍ ഒരുപാട്‌ ഓണമുണ്ടവര്‍ ഭൂതലത്തില്‍ സുഖമുള്ള ആ ദിനങ്ങളിലോക്ക്‌ ഊളിയിട്ടുപോകുന്നു... പുത്തന്‍തലവും എല്ലാദിവസവും എന്നപോലെ ഈ ദിവസവും കഴിച്ചുകൂട്ടുന്നു. ഓണമാണ്‌ എന്നു പറഞ്ഞ്‌ മാതാപിതാക്കള്‍ ഒരുക്കുന്നതോ, ഒരുക്കിവെച്ചിരിക്കുന്നത്‌ വാങ്ങി വിളമ്പുന്നതോ മാത്രമൊരു വ്യത്യാസമായി അവര്‍ തോന്നിയേക്കാം.

ഓണം എന്ന മലയാളിയുടെ ദേശീയോത്സവത്തിന്റെ സുഖമുള്ള ഓര്‍മ്മയും പ്രസക്തിയും അവര്‍ക്കറിഞ്ഞുകൂടാ. ഓരോ മലയാളിയുടേയും ഹൃദയത്തെ നിര്‍മ്മലവും സുഗന്ധപൂരിതവുമാക്കുന്ന നിത്യഹരിതമായ ഓര്‍മ്മയാണ്‌; ജീവിതത്തിന്റെ ഭാഗമാണ്‌ ഓണം! വിഷുവും ഓണവും തിരുവാതിരയും ഇല്ലാതെ എന്തു കേരളം? കോരളീയര്‍? അവരെവിടെയാകട്ടെ, ഈ ' സുഖമുള്ള ഓര്‍മ്മകളെ' ആഘോഷിക്കാതെ വിടുവാനാകുമോ?

ഇല്ലായ്‌മകളുടെ നടുവില്‍, ഉഗ്രശാസനരായ കാരണവന്മാരുടെ മുമ്പില്‍ മനസ്സുനിറയെ ഉണ്ണാനും ഉടുക്കാനും സ്വാതന്ത്ര്യത്തിന്റെ കാറ്റത്ത്‌ ആടിപ്പാടി നടക്കാനും ഓണം നല്‍കിയിരുന്ന അവസരം ഏതൊരു കേരളീയനാണ്‌ മറക്കാനാവുന്നത്‌! പഞ്ഞമാസത്തിന്റെ ഇല്ലായ്‌മകളെ പുഴയൊഴുക്കി അലകളില്‍ വള്ളമേറി തുഴഞ്ഞ്‌ ഉല്ലസിക്കുന്നത്‌ ഒരു ഉയിര്‍ത്തെഴുന്നേല്‌പിന്റെ ചിത്രമാണ്‌! ഓണം പലര്‍ക്കും പലതരത്തിലാണ്‌ ഹൃദ്യമായ ഓര്‍മ്മയാകുന്നത്‌; അനുഭവമാകുന്നത്‌.

ചിലര്‍ക്ക്‌ പുത്തന്റെ മണമാണ്‌... ചിലര്‍ക്ക്‌ ഊഞ്ഞാലിന്റെ ആയമാണ്‌... വേറെചിലര്‍ക്ക്‌ നിറഞ്ഞ പറയും പത്തായവും... പപ്പടത്തിന്റെ ഉപ്പേരിയുടെ... വറുത്തും പൊടുച്ചും ഇടിച്ചും ഇടഞ്ഞും ധൃതികൂട്ടുന്ന അമ്മയുടെ ജോലിത്തിരക്കിലാണ്‌... ഗീരവപ്രകൃതനായ അച്ഛന്‍ മക്കള്‍ക്കായി കായ നുറുക്കി ഉപ്പേരി വറുക്കുന്നു ചിത്രമാണ്‌! മറ്റു ചിലര്‍ക്ക്‌ ഒരടുക്കു വെറ്റിലയുടെയും ഒരുകെട്ട്‌ കാലിപോലയുടേയും നിറമാണ്‌... ചിലര്‍ക്ക്‌ ഇത്‌ ഒത്തുകൂടലിന്റെ ആവേശമാണ്‌....

ഓണം... അതു മലയാളികളെ, എവിടെയിരുന്നാലും കുട്ടിക്കെട്ടുന്ന അദൃശ്യമായ, മണ്ണിന്റെ മണമുള്ള ഏന്തോ ദിവ്യമായ കരുത്തിള്ള വിശ്വാസവും എന്തുമാകട്ടെ, അതു പകര്‍ന്നുനല്‍കുന്ന സമത്വവും സാഹോദര്യവും ആത്മബന്ധത്തിന്റെ ശക്തിയും ശക്തവും സുഖകരവുമാണ്‌! ഒരു നാടിനൊപ്പം ജനതയ്‌ക്കൊപ്പം മണ്ണും വിണ്ണും ഒരുമിച്ച്‌ ഒരുങ്ങുന്ന കാലം. പാഴ്‌ചെടികള്‍പോലും പൂക്കള്‍ മന്ദസ്‌മിതവും സ്വാഗതവുമരുളുന്ന കാലം. ചിങ്ങത്തിന്‌ പൊന്നിന്റെ ഭംഗിയും പൊലിമയുമാണ്‌... വലിപ്പച്ചെറുപ്പങ്ങള്‍ക്ക്‌ ഇവിടെ സ്ഥാനമില്ല. എല്ലാവരും ഓണം ആഘോഷിക്കുന്നു; മതഭേദമെന്യേ...! വാസ്‌തവത്തിന്റെ വികാരങ്ങള്‍ക്കപ്പുറം ഓണം നിറമുള്ള ഭൂതകാലാവേശവും വെച്ചുപുലര്‍ത്തുന്നവരാണ്‌. അവരുടെ തിരക്കുപിടച്ച നിറംമങ്ങിയ ജീവിതയാത്ര വര്‍ണ്ണശബളിതമായ ഗതകാലസ്‌മരണകളും മലനാടിന്റെ മണവുമായി ഓണം വരുന്നു. നമുക്കൊഴിഞ്ഞു നില്‍ക്കാനാവില്ല.... ഓണം... അതെന്നും ഓണം തന്നെയാണ്‌. നമുക്ക്‌ എന്തോ നഷ്ടപ്പെട്ടുപോയ നല്ല നാളുകളുടെ വേദനിപ്പിക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍!

ഓണം...സുഖമുള്ള ഓര്‍മ്മകള്‍- മാവേലിനാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ-  അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക