Image

പര്‍ണ്ണാശ്രമ സ്‌മരണകള്‍ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 01 December, 2011
പര്‍ണ്ണാശ്രമ സ്‌മരണകള്‍ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

പച്ചിലപ്പൂവനം പൂത്തുലഞ്ഞുച്ചത്തില്‍
പാടും കുയിലുകള്‍ ആര്‍ക്കും കിളികളും
പഞ്ചവര്‍ണ്ണാങ്കിത മന്ദാരസൂനങ്ങള്‍
പഞ്ചരസങ്ങളുതിര്‍ക്കു മാരാമവും
കോരിച്ചൊരിയുന്ന വാര്‍മഴത്തുള്ളിതന്‍
താരാട്ടിലാകെ മറന്നുറങ്ങുന്നതും
തുള്ളിക്കൊരു കുടം വീതം തിമിര്‍ക്കുന്ന
വെള്ളപ്പളുങ്കിന്‍ മണിനാദകീര്‍ത്തനം
ആലോലമാട്ടിയുറക്കിയ രാവുകള്‍
ആനന്ദരോമാഞ്ചമേകും സ്മരണകള്‍;
ആതിരരാവിലെ ആറുമണിക്കൊരു
പാതിരാപ്പൂവിന്റെ ചാരുതയാര്‍ന്നൊരു
'താര'യൊരു കൊച്ചു താരകം പോലെന്റെ
ചാരിയ വാതിലില്‍ മുട്ടിവിളിച്ചെത്തി
വാടാത്ത പുഞ്ചിരിപ്പുവധരം പേറി
ചൂടുള്ളൊരു കട്ടന്‍കാപ്പി യേകുന്നതും,
അച്ചൂടുകാപ്പി നുണഞ്ഞിറക്കീടവേ
ആനന്ദമൂര്‍ച്ചയില്‍ ലീനയായ് നിന്നതും,
എട്ടുമണിക്കെത്തും 'ബ്രേക്ക്ഫാസ്റ്റും', പിന്നെയാ -
നട്ടുച്ചക്കെത്തും 'ലഞ്ചും', അത്താഴക്കഞ്ഞി,
ഈവിധം സ്വാദിഷ്ടഭോജ്യങ്ങളിത്രനാള്‍
ഈ ജീവിതത്തില്‍ ഭുജിച്ചോയെന്നോര്‍ത്തുഞാന്‍!
കൈകാല്‍കള്‍ മേനിയാകെത്തളര്‍ന്നാധിയില്‍
ഏകാന്ത ദുഃഖത്തിന്‍ ഊഷരഭൂമിയില്‍
മാറാത്ത വ്യാധിയെന്നോര്‍ത്തു ശോകത്തിന്റെ
മാറാപ്പും പേറിയുഴന്നവരെത്രപേര്‍
ആശ്വാസീര്‍ത്ഥമാമിച്ചഷകം തേടി
വിശ്വത്തിന്‍ വിദൂരകോണില്‍ നിന്നെത്തുന്നു!
ഔഷധവീര്യവും രോഗശുശ്രൂഷയും
ഔഷധിക്കൊപ്പമാമാശ്രമ ശാന്തിയും
മാലാഖപോലെ സുസ്‌മേരവദനയായ്
ശാലീന സുന്ദരി 'ഡാര്‍ലി' ഡോക്ടര്‍, പ്രാത –
കാലത്തിലാശ്വാസദൂതനെപ്പാലതാ –
പേലവമന്ദാനിലന്റെ സംശുദ്ധിയില്‍
പാലൊളിപ്പുഞ്ചിരി സാന്ത്വന സംപ്രീതി
മാലകറ്റും നിലാവായാണയുന്നതും,
ആതുരശുശ്രൂഷാ ശുഷ്‌ക്കാന്തിയാളുന്ന
ആതങ്കമാറ്റുമാ 'നേഴ്‌സ'സും മറ്റെല്ലാ –
വൈവിധ്യമാര്‍ന്ന ശുശ്രൂഷകള്‍ ചെയ്യുവോര്‍
ആവുംവിധം തൃപ്തി രോഗാര്‍ത്തര്‍ക്കേകിയും,
പര്‍ണ്ണാശ്രമത്തിന്‍ പ്രതീതിയുണര്‍ത്തുമാ –
വര്‍ണ്ണാഭതിങ്ങും പ്രശാന്ത വിശാന്തിയില്‍
സര്‍വ്വം മറന്നു തപസ്വിനിയെന്നപോല്‍
സര്‍വ്വേശനന്മകള്‍ ഓര്‍ത്തും സ്തവം ചെയ്തും
രണ്ടുദശവാസരങ്ങള്‍ സമാധിയില്‍
ഇണ്ടലകന്നേതോ വിണ്ണവവാസത്തില്‍
ഏകാന്ത സ്വപ്ന വിലോല വിഭൂതിയില്‍
നാകീയസന്തുഷ്ടിയാര്‍ന്നു വസിച്ചിതേന്‍!
2
മന്ദസ്മിതാസ്യര്‍ വിനീതത്വമാര്‍ജ്ജിച്ചോര്‍
'മന്ന'ത്തിന്‍ പിന്‍മുറക്കാരാം സഹോദരര്‍
സാഹോദര്യത്തിന്റെ മാധുര്യ ശ്രംഖല
സ്‌നേഹബന്ധത്തിന്റെ പൊട്ടാത്ത കണ്ണികള്‍
കെട്ടുറപ്പോടൈക്യബന്ധത്താല്‍ ബന്ധിച്ച
മുക്തിപ്രദാനമാണീയാതുരാശ്രമം,
ആതുരശുശ്രൂഷാരംഗത്തു ശ്രംഗമായ്
ഖ്യാദിയേറും മഹാമേരുവായ്ത്തീരട്ടെ!
'ശ്രീശങ്കരായുര്‍വ്വേദാസ്പത്രി' യാര്‍ത്തര്‍ക്കൊ –
രാശ്വാസ കേന്ദ്രമായ് ക്കീര്‍ത്തിയാര്‍ജ്ജിക്കട്ടെ!
___________

(കേരളത്തില്‍ ചങ്ങനാശ്ശേരിയിലെ ശ്രീശങ്കരായുര്‍വ്വേദാശുപത്രിയില്‍ രണ്ടാഴ്ചക്കാലം
ചികിത്സാര്‍ത്ഥം ചെലവഴിച്ച നാളുകളുടെ അനുസ്മരണം)
പര്‍ണ്ണാശ്രമ സ്‌മരണകള്‍ (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക