Image

മലനിരകളുടെ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 31- ജോര്‍ജ്‌ തുമ്പയില്‍)

Published on 16 August, 2014
മലനിരകളുടെ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 31- ജോര്‍ജ്‌ തുമ്പയില്‍)
കേരളത്തിലെ യാത്രാ ഇടങ്ങളെക്കുറിച്ച്‌ എഴുതി തുടങ്ങിയിട്ട്‌ നീണ്ട മുപ്പത്‌ ആഴ്‌ചകള്‍ പിന്നിടുന്നു. പലരും ചോദിച്ച ഒരു ചോദ്യമുണ്ട്‌, എന്നാണ്‌ മൂന്നാറിനെക്കുറിച്ച്‌ എഴുതുന്നത്‌. ഞങ്ങള്‍ കാണാത്ത മൂന്നാറിനെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌... ഇതാ, ഇനി മൂന്നാറിന്റെ കാഴ്‌ചകളിലേക്ക്‌ കടക്കുകയാണ്‌. അതിനു മുന്‍പ്‌ പറയട്ടെ, നേരിട്ടും ഫോണില്‍ വിളിച്ചും ഇമെയ്‌ലിലൂടെയും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാകണമെന്നും അറിയിക്കുന്നു.

-ലേഖകന്‍


മലകളുടെ നാടാണ്‌ മലനാടായ ഹൈറേഞ്ച്‌. എന്നു പറഞ്ഞതു പോലെ മൂന്ന്‌ ആറുകളുടെ സംഗമഭൂമിയാണ്‌ മൂന്നാര്‍. ഇവിടേക്കുള്ള ഓരോ യാത്രയും എനിക്ക്‌ ഒരു സ്വകാര്യമായ സുഖം കൂടി പകര്‍ന്നു തരുന്നുണ്ട്‌. അടുത്ത ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വഭാഗ്യങ്ങളാണത്‌. ഒരിക്കലും ഞാനത്‌ നഷ്ടപ്പെടുത്തിയിരുന്നില്ല. മൂന്നാറിലേക്കുള്ള യാത്രയും അങ്ങനെ തന്നെയായിരുന്നു. കുമളിയില്‍ നിന്നാണ്‌ ഞാന്‍ മൂന്നാര്‍ യാത്ര പ്ലാന്‍ ചെയ്‌തത്‌. ശരിക്കും സൂര്യനെല്ലിയിലേക്കാണ്‌ യാത്രാ പദ്ധതി ഒരുക്കിയത്‌. അത്‌ മൂന്നാറിലേക്ക്‌ നീണ്ടു എന്നു മാത്രം. കുമളി, നെടുങ്കണ്ടം, ശാന്തമ്പാറ, പൂപ്പാറ, ചിന്നക്കനാല്‍, സൂര്യനെല്ലി ഇങ്ങനെയാണ്‌ റോഡ്‌. ഇത്‌ മൂന്നാറിലേക്ക്‌ മാറുന്നില്ല എന്നത്‌ സത്യമാണ്‌. അതു കൊണ്ട്‌ സൂര്യനെല്ലിയിലെ ബന്ധുവീട്ടില്‍ തങ്ങിയതിനു ശേഷം തിരികെ ചിന്നക്കനാല്‍, ദേവികുളം വഴി മൂന്നാറിലെത്തുകയായിരുന്നു ഉദ്ദേശം. ഞങ്ങളോടൊപ്പം യാത്രയ്‌ക്ക്‌ സുഹൃത്ത്‌ കുരുവിളയും കുടുംബവും ഉണ്ട്‌.

കുരുവിള കുടുംബത്തോടൊപ്പം മുരുക്കടി എസ്റ്റേറ്റിനകത്ത്‌ തന്നെയുള്ള കൊച്ചമ്മയുടെയും അപ്പാപ്പന്റെയും ക്വാര്‍ട്ടേഴ്‌സിലായിരുന്നു രാത്രി കിടപ്പ്‌. മുരുക്കടി എസ്റ്റേറ്റ്‌ ഇപ്പോഴില്ല. നയപരമായ പാളിച്ചകളും മറ്റും മൂലം അത്‌ നാമാവശേഷമായി. എസ്‌റ്റേറ്റിലെ അയ്യാ (റൈട്ടര്‍) ആയിരുന്നു അപ്പാപ്പന്‍. കുമരകത്താണ്‌ വീട്‌. രണ്ട്‌ മക്കള്‍. എബി ഫ്‌ളോറിഡയിലും മകള്‍ സുനി ഭര്‍ത്താവ്‌ സന്തോഷിനൊപ്പം സൂര്യനെല്ലി എസ്റ്റേറ്റിലും. അപ്പാപ്പനായിരുന്നു തേക്കടി ബോട്ട്‌ യാത്രയിലും മറ്റും ഞങ്ങള്‍ക്ക്‌ കൂട്ട്‌. അപ്പാപ്പന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞിട്ട്‌ ഇപ്പോള്‍ നാലു വര്‍ഷമായി.

കുമളി ടൗണില്‍ നിന്നും ചെളിമട ജംഗ്‌ഷനില്‍ നിന്ന്‌ തിരിഞ്ഞ്‌ നയനാന്ദകരമായ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ്‌ മുരുക്കടിയിലേക്കുള്ള യാത്ര. ആദ്യ കാലങ്ങളില്‍ നടന്നായിരുന്നു ഇതിലേയുള്ള യാത്ര. പിന്നീട്‌, കാളവണ്ടിയായി, തുടര്‍ന്ന്‌ മഹീന്ദ്രയുടെ ഫോര്‍ വീല്‍ ജീപ്പ്‌ വന്നു. ഇപ്പോള്‍ റോഡ്‌ ഒക്കെ ഭംഗിയാക്കിയിട്ടുണ്ട്‌. ബസ്‌ റൂട്ടായി മാറിയതോടെ, ഗതാഗതതിരക്കും ഈ റോഡില്‍ വര്‍ധിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ആനവിലാസം വഴി ഇതിലെ കട്ടപ്പനയ്‌ക്കും പോകാം. ഇവിടെയുള്ള ഏതു മലയുടെ മുകളില്‍ നിന്നു നോക്കിയാലും തേക്കടി തടാകവും മുല്ലപ്പെരിയാറുമൊക്കെ നല്ല ഭംഗിയായി കാണാം.

രാവിലെ തന്നെ റെഡിയായി കൊച്ചമ്മയുടെ ആതിഥ്യമര്യാദകളും സ്വീകരിച്ചാണ്‌ ഞങ്ങള്‍ ഏലവും കുരുമുളകും മണക്കുന്ന കുമളിയിലെ വഴികളിലൂടെ ഇറങ്ങിയത്‌. അന്ന്‌ ഞങ്ങളോടൊപ്പം എന്റെ രണ്ടാമത്തെ അമ്മാച്ചന്റെ മകനായ ജെബിയുമുണ്ടായിരുന്നു. കുമളിയിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു ജെബി. വ്യാപാരി വ്യവസായി സംഘടനയുടെ നേതാവ്‌. തേക്കടി ബോട്ട്‌ ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ മറ്റുള്ളവരോടൊപ്പം പ്രയത്‌നിച്ച വ്യക്തി. ജെബി ഇന്നില്ല. ഒട്ടേറെ പേരുടെ മനസ്സില്‍ വിങ്ങലുണ്ടാക്കി രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹൃദയാഘാതം മൂലം ആ ചെറുപ്പക്കാരന്‍ ഈ ലോകത്തോട്‌ വിടവാങ്ങി. അന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം കുമളി നഗരം കടകമ്പോളങ്ങള്‍ അടച്ച്‌ ആ വീരപുത്രനെ യാത്രയാക്കി. ഇന്നും ഇപ്പോള്‍ ഈ യാത്രയിലും ഈ നിമിഷവും ജെബി മനസ്സിലെ വിങ്ങലാവുകയാണ്‌. ഏത്‌ അവധിക്ക്‌ നാട്ടില്‍ ചെന്നാലും ഏതു കാര്യത്തിനും എപ്പോഴും വിളിപ്പുറത്തായിരുന്നു ജെബി. കല്യാണം കഴിച്ച്‌ രണ്ട്‌ കുട്ടികളായി കുടുംബപ്രാരാബ്ധക്കാരനായി മാറിയെങ്കിലും ജോര്‍ജ്‌ കുട്ടിച്ചായന്റെ ഏതു കാര്യത്തിനും ജെബി എന്നുമുണ്ടായിരുന്നു. അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല. വീട്ടുകാരുടെ ഏതു കാര്യത്തിനും പിന്നെ കുമളിക്കാരുടെ ഏതു കാര്യത്തിനും അങ്ങനെ തന്നെയായിരുന്നു. അവസാനമായി ഞങ്ങള്‍ കൂടിയത്‌ കാഞ്ഞിരപ്പള്ളിയിലെ ജോസ്‌ തേന്‍പ്ലാക്കലിന്റെ (ഫൈന്‍ ആര്‍ട്‌സ്‌ നടന്‍) വീട്ടില്‍ വച്ചായിരുന്നു.

ആ ഓര്‍മ്മയില്‍ നിന്നും മാറിയത്‌ കുരുവിളയുടെ മൂന്നാറിനെക്കുറച്ചുള്ള അന്വേഷണമായിരുന്നു. മൂന്നാര്‍ ഒരു അത്ഭുതമാണെന്ന്‌ ഞാന്‍ കുരുവിളയോട്‌ പറഞ്ഞു, പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന അത്ഭുതം. അത്‌ പറഞ്ഞറിയിക്കാന്‍ വയ്യ. കണ്ട്‌ തന്നെ അറിയണം, അനുഭവിച്ചു തന്നെ അറിയണം. ലോകത്തില്‍ കണ്ടിരിക്കേണ്ട ഡെസ്‌റ്റിനേഷനുകളില്‍ ഒന്ന്‌. മൂന്നാറിലാണ്‌ കേരളത്തില്‍ ആദ്യമായി ട്രെയ്‌ന്‍ ഓടിയത്‌ എന്നു പറഞ്ഞപ്പോള്‍ കുരുവിള ഒന്നു അമ്പരന്നു. മൂന്നാറിലെ മലമടക്കുകളില്‍ തീവണ്ടിയോ..? ഇന്നും റെയില്‍വേ എത്തിനോക്കാത്ത കേരളത്തിലെ ജില്ലകളിലൊന്നാണ്‌ ഇടുക്കി. അവിടെ ട്രെയ്‌ന്‍ ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന്‌ ഞാന്‍ കുരുവിളയോട്‌ പറഞ്ഞു.

അതുമൊരു കാലം... മൂന്നാറിന്റെ ചരിത്രം തുടങ്ങുന്നത്‌ ഇന്നും ഇന്നലെയുമൊന്നുമല്ല, അതങ്ങ്‌ 1870-ല്‍ നിന്നാണ്‌. മണ്‍റോ സായിപ്പാണ്‌ 136,600 ഏക്കറോളം വരുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പൂഞ്ഞാര്‍ രാജകുടുംബത്തില്‍ നിന്ന്‌ വാങ്ങി കാപ്പി, ഏലം തുടങ്ങിയ സുഗന്ധ വ്യഞ്‌ജന വിളകള്‍ കൃഷി ചെയ്‌തത്‌. പിന്നീട്‌ 1880 ല്‍ കൃഷി തത്‌പരനായ സായിപ്പ്‌, ഷാര്‍പ്പ്‌ ആണ്‌ ഇവിടെ തേയിലക്കൃഷി കൊണ്ടുവന്നത്‌.1895-ല്‍ മണ്‍റോയുടെ കൃഷിയിടങ്ങള്‍ മെസറസ്‌ കമ്പനി ഏറ്റെടുക്കുകയും പിന്നീട്‌ 1976 ല്‍ ടാറ്റ അവിടെ തേയിലക്കൃഷിയിലും കച്ചവടത്തിലും ആധിപത്യം സ്ഥാപിച്ച്‌ ലോകത്തിലെ തന്നെ ഏറ്റവും വലിയ തേയിലക്കമ്പനിയായി മാറുകയും ചെയ്‌തുവെന്നത്‌ ചരിത്രം. ഇന്നും ടാറ്റാ ഭരിക്കുന്ന സ്ഥലമാണ്‌ മൂന്നാര്‍. അവിടേക്കാണ്‌ ഞങ്ങളുടെ യാത്ര.

ഞങ്ങള്‍ക്ക്‌ മൂന്നാറില്‍ കാണേണ്ടതായ ഒരുപാട്‌ സംഗതികളുണ്ട്‌. വിശാലമായ തേയില തോട്ടങ്ങള്‍, കൊളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയ്‌ക്കു പുറമേ, വരയാടുകള്‍ ഉള്ള ലോകത്തിലെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നായ ഇരവികുളം ദേശീയോദ്യാനവും ഞങ്ങളുടെ സന്ദര്‍ശ പട്ടികയിലുണ്ട്‌. മൂന്നാറില്‍ നിന്ന്‌ 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട്‌ ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുമുണ്ട്‌. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട്‌ സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ്‌ പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്‌. ഇതിന്‌ മുമ്പ്‌ ഇങ്ങനെ മലനിറഞ്ഞ്‌ കുറിഞ്ഞി പൂത്തത്‌ 2006ലാണ്‌.

ആനമുടി, മൂന്നാര്‍ പട്ടണത്തില്‍ നിന്ന്‌ 13 കി. മീ. അകലെയുള്ള മാട്ടുപെട്ടി, ചിത്തിരപുരത്തു നിന്ന്‌ 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍, പവര്‍ഹൗസ്‌ വെള്ളച്ചാട്ടമെന്ന്‌ അറിയപ്പെടുന്ന ചിന്നക്കനാല്‍, ഇവിടെ നിന്ന്‌ ഏഴു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ എത്തുന്ന നല്ല ക്ലാസിക്ക്‌ ലുക്കോടു കൂടിയ ആനയിറങ്ങല്‍, സമുദ്രനിരപ്പില്‍ നിന്ന്‌ 1700 മീറ്റര്‍ ഉയരത്തിലുള്ള ടോപ്‌ സ്‌റ്റേഷന്‍ എന്നിവയൊക്കയും കാണാനുള്ള യാത്രയാണിത്‌. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശമായ ഇവിടെ നിന്നും കേരളത്തിലെ പച്ചക്കറി ഗ്രാമമായ വട്ടവടയിലേക്ക്‌ അധികം ദൂരമില്ല.

ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്‌. വാഹനം മെല്ലെ നീങ്ങിത്തുടങ്ങി. ശാന്തമ്പാറയാണ്‌ ഞങ്ങള്‍ക്ക്‌ ഉച്ചഭക്ഷണം. എല്ലാവരും നല്ല ഉന്മേഷത്തിലായിരുന്നു, സന്തോഷത്തിലും. കാരണം, ഇനി കാണാനിരിക്കുന്നത്‌ കാഴ്‌ചകളുടെ പൂരമാണല്ലോ..

(തുടരും)
മലനിരകളുടെ മൂന്നാര്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 31- ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക