Image

അസൂയ (അദ്ധ്യായം 4: ലേഖന പരമ്പര) - കൊല്ലം തെല്‍മ, ടെക്‌സസ്

കൊല്ലം തെല്‍മ, ടെക്‌സസ് Published on 16 August, 2014
അസൂയ (അദ്ധ്യായം 4: ലേഖന പരമ്പര) - കൊല്ലം തെല്‍മ, ടെക്‌സസ്
അസൂയയെക്കുറിച്ച് പലതും നാം പഠിച്ചുകഴിഞ്ഞു. ദൈവത്തിന്റെ ശത്രുവിന്റെ എതിരാളിയുടെ കുത്തക. എതിരാളി സ്വര്‍ഗ്ഗലോകത്തുനിന്നും അന്ധകാരത്തിലേക്കു നിലം പതിച്ചതുതെന്നെ അസൂയയോടെ ദൈവത്തെ നോക്കിയതുകൊണ്ടാണ്.

നാമൊന്ന് ഇരുത്തിചിന്തിച്ചു നോക്കിയാല്‍, ലൂസിഫര്‍ എന്ന മാലാഖ കൊലപാതകം ചെയ്തില്ല, വ്യഭിചാരമോ മോഷണമോ നടത്തിയില്ല. സ്വര്‍ഗ്ഗത്തില്‍ നിന്നും അന്ധകാരത്തിലേക്കുള്ള പതനം- വെറും അസൂയ എന്ന പാപേഛേ മനസ്സിലൊന്നു നിരൂപിക്കുക മാത്രം  ചെയ്തതു കൊണ്ടാണ്.
നമുക്കൊക്കെ ഒരു ധാരണയുണ്ട്, നാം കുറ്റകൃത്യങ്ങളൊന്നും ചെയ്യാറില്ല. അതായത് കൊലപാതകം, മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യാത്തതുകൊണ്ട്, ദൈവത്തിന്റെ അരുമ മക്കളാണെന്നും, നാം പാപികളേ അല്ല എന്നും.

ലൂസിഫറും ഇത്തരം പാപങ്ങള്‍ ചെയ്തില്ലല്ലോ. 'അസൂയ'പ്പെടുകമാത്രമല്ലേ ചെയ്തുള്ളൂ, പിന്നെന്തുകൊണ്ട് ദൈവം കുപിതനായി? ദൈവം എന്തുകൊണ്ട് അവനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭ്രഷ്ട് കല്പിച്ചു?

അസൂയ എന്ന പാപം വളരെ ലഘുവായിട്ടാണ് നാം എടുക്കുന്നത്. പക്ഷെ ആ പാപത്തിന്റെ ഗൗരവം എത്രമാത്രമാണെന്ന് നാം മനസ്സിലാക്കുന്നില്ല. ലൂസിഫറും സൈന്യങ്ങളും ഒരു ദൃഢ നിശ്ചയമെടുത്തിരിക്കുകയാണ്. ഭൂമിയിലുള്ള എല്ലാ മനുഷ്യരിലും ഇതേ പാപേഛയില്‍ ജീവിക്കാന്‍ പരിശീലിപ്പിക്കുമെന്ന്. കാരണം അവര്‍ക്കു നഷ്ടപ്പെട്ട സ്വര്‍ഗം നാം നേടരുതെന്നുള്ളതാണു ലക്ഷ്യം.
വിശ്വസാഹിത്യകാരനായ മില്‍ട്ടന്‍, തന്റെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച “ദി പാരഡൈസ് ലോസ്റ്റ്” എന്ന കാവ്യ സമാഹാരത്തില്‍ പറയുന്നുണ്ട് എന്താണ് ഈ അന്ധകാര ശക്തികളുടെ ലക്ഷ്യമെന്ന്. മറ്റൊന്നുമല്ല, അവര്‍ ആദിയില്‍ ചെയ്ത അതേ കുറ്റകൃത്യം- അതായത് 'അസൂയ' ഭൂമിയിലുള്ള മനുഷ്യരില്‍ കുത്തിവച്ച് അവരേയും ദൈവകോപത്തിനിരകളാക്കി മാറ്റണമെന്ന്.
അസൂയ ദൈവത്തിന് തീരെ ഇഷ്ടമില്ലാത്ത പാപമാണെന്ന് നാമാരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? എത്ര ലാഘവത്തോടെയാണ് നാമതിനെ നിസ്സാരമായിക്കാണുന്നത്? ഇതിന്റെ കാരണം അത് മനസ്സുകൊണ്ടുമാത്രം ഉരുവാകുന്ന പ്രക്രിയയായതുകൊണ്ടാണ്. കോടതിയോ, മറ്റു നിയമങ്ങളോ വിലക്കുകല്പിക്കുന്നില്ല. ഒരു കോടതിയും അനുശാസിക്കുന്നില്ല 'നാം അസൂയപ്പെട്ടാല്‍ അറസ്റ്റു ചെയ്യപ്പെടുമെന്ന്'.

മനസ്സുകൊണ്ട് നാം ചെയ്യുന്ന ഈ പാപത്തിന് എന്തുമാത്രം വിലകൊടുക്കണമെന്ന് നാമറിയുന്നില്ല. കാരണം അസൂയ എന്ന വികാരം നമ്മില്‍ ഉടലെടുക്കുമ്പോള്‍ അവിടംകൊണ്ട് തീരുന്നില്ല… അതിന്റെ തുടര്‍ച്ചയായി ആ വ്യക്തിയോട് വെറുപ്പോടെ പെരുമാറിത്തുടങ്ങും. വെറുപ്പ് കഠിനമാകുമ്പോള്‍ ആ വ്യക്തിയുടെ നാശം കാണാന്‍ ആഗ്രഹിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ പാരപണിയലും, ആഭിചാരപ്രവര്‍ത്തിയില്‍ മുഴുകുകയും, അപവാദം പരത്തുകയും ഒക്കെ ചെയ്തുതുടങ്ങും. മുന്‍ ലക്കങ്ങളില്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങള്‍ നോക്കുമ്പോള്‍ - അസൂയകൊണ്ടെത്തിക്കുന്നത് കൊലപാതകത്തിലാണ്, വ്യക്തികളുടെ നാശത്തിലേക്കാണ്, അവരുടെ സത്‌പേരിന് കളങ്കം വരുത്തുകയാണ് എന്നു വേണ്ട, അത് ആഭിചാരം മുഖേന മറ്റുള്ളവരില്‍ രോഗങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നു.

അതു കൊണ്ടാണ് നേരത്തേ സൂചിപ്പിച്ചത്, അസൂയ ഉടലെടുത്താല്‍ അത് അവിടം കൊണ്ട് തീരുകയില്ലെന്ന്…. പിശാച്, നമ്മെക്കൊണ്ട് അതൊരു തുടര്‍ നാടകമാക്കി മാറ്റും. പിശാചിന്റെ ഈ തന്ത്രവും അതിന്റെ മര്‍മ്മവും മനസ്സിലാക്കുവാന്‍ പരിജ്ഞാനം ലഭിച്ചിട്ടുള്ളവര്‍, അസൂയ എന്ന പാപേഛയില്‍ നിന്ന് മുക്തി നേടും.

നാം ദൈവസ്‌നേഹികളാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ ദൈവത്തിന്റെ ശത്രു നമ്മേ അടിച്ചേല്‍പിക്കുന്നു യാതൊന്നും നാം സ്വീകരിക്കുകയില്ല. ആത്മീയ യുദ്ധത്തില്‍ ദൈവപക്ഷം ചേര്‍ന്ന് ദൈവത്തിന്റെ എതിരാളിക്കെതിരെ പോരാടി നാം വിജയം കൈവരിക്കും.

ദൈവത്തിന്റെ ശത്രു എന്തുകൊണ്ടാണ് ഈ പാപം മാത്രം പ്രത്യേകമായ എല്ലാവരിലും കുത്തി നിറക്കുന്നതെന്ന് മനസ്സിലാക്കണം. സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുവാന്‍ മാത്രമല്ല, ഈ ഭൂമിയിലായിരിക്കെ, ദൈവത്തിന്റെ സുരക്ഷ നമുക്ക് ലഭിക്കുവാതിരിക്കുവാന്‍ കൂടിയാണ്. ദൈവം നമുക്ക് വാഗ്ദാനം ചെയ്ത സുരക്ഷകളിലൊന്നാണഅ രോഗശാന്തി. ഇന്ന് എവിടെ തിരിഞ്ഞാലും ഒരു, തരത്തില്‍ അല്ലെങ്കില്‍  മറ്റൊരു തരത്തില്‍ രോഗങ്ങളാല്‍ ജനം വലയുന്നതായികാണാം. ഒരു ക്രിസ്തീയ ഗാനത്തിന്റെ ഈരടികള്‍ ഓര്‍മ്മ വരുന്നു. “വാഗ്ദത്തം ചെയ്തവന്‍, വാക്കു മാറുമോ? ഇല്ല, ഇല്ല, ഒരിക്കലുമില്ല”

പക്ഷെ നമുക്ക് രോഗശാന്തി കൈവരിക്കാന്‍ പറ്റിയില്ലെങ്കില്‍ ദൈവം വാക്കുമാറി എന്നാണോ അര്‍ത്ഥമാക്കുന്നത്? നാം ദൈവത്തില്‍ നിന്നകന്നുപോയതുകൊണ്ടാണ്. അസൂയ എന്ന പാപം, മറ്റൊരു പാപത്തിലേക്ക് നമ്മെ നയിക്കുമ്പോള്‍ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മില്‍ നിന്ന് പ്രത്യക്ഷമാകുന്നു. ആ അവസരം പിശാച് വിനിയോഗിക്കുന്നു. അപ്പോള്‍ അവന് നമ്മില്‍ ആധിപത്യം നടത്താന്‍ നാമനുവദിച്ചുകൊടുക്കുന്നു. പിന്നെ രോഗങ്ങള്‍, അപകടങ്ങള്‍, അനര്‍ത്ഥങ്ങള്‍ എന്നുവേണ്ട എല്ലാവിധ നാശീകരണങ്ങളും അവന്‍ കൈയ്യേറി നടത്തുന്നു. പക്ഷെ ദൈവത്തെ  നമ്മുടെയരികില്‍ നിന്ന് പറഞ്ഞു വിടാതെ, കൂട്ടത്തില്‍ നിര്‍ത്തിയാല്‍ അവന് ഒരു ചുക്കും നമ്മോടു ചെയ്യുവാന്‍ സാദ്ധ്യമല്ല.

ദൈവം നമുക്കു നല്‍കിയ വാഗ്ദാനം, സുരക്ഷ ഈ ഭൂമിയിലാരിക്കവെ, ആസ്വദിക്കണമെങ്കില്‍ ദൈവസാന്നിദ്ധ്യത്തെ അകറ്റിമാറ്റരുത്. ശത്രു എന്തിനാണ് അസൂയ എന്ന പാപം നമ്മേ അടിച്ചേല്‍പിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ? അതായത് ദൈവത്തെ നമ്മുടെ സമീപത്തുനിന്ന് ആട്ടിപ്പായിച്ചാല്‍, അവന് നമ്മുടെ സമീപം വേഗം എത്താം. നമ്മില്‍ ആധിപത്യം ഉറപ്പിക്കാം. അതായത്, ചോദിക്കാനും പറയാനും ഇനി ദൈവം അരികിലില്ലല്ലോ- അവനെന്തുമാകാം. നമുക്കും കുടുംബങ്ങള്‍ക്കും അനര്‍ത്ഥങ്ങള്‍ വരുത്തി വക്കാം, മറ്റു നാശനഷ്ടങ്ങള്‍ വരുത്തി വക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, കാര്യമറിയാതെ നാം പറയും “എല്ലാം വിധിവിളയാട്ടം” എന്ന്.
പക്ഷെ നമുക്ക് തെറ്റി. എല്ലാം, നാം തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുമ്പോള്‍ അതിനു വഴങ്ങുന്നതുകൊണ്ട്, പിശാച് നമുക്കു തരുന്ന പ്രതികരണങ്ങളാണ്. അതിന് നാം അവസരമൊരുക്കിക്കൊടുക്കരുത്. ദൈവത്തെ നമ്മുടെ സമീപത്തു നിന്ന് പറഞ്ഞുവിടുകയാണെങ്കില്‍, ശത്രുവിന് നമ്മുടെയും കുടുംബങ്ങളുടെയും മേല്‍ യഥേഷ്ടം വിഹരിക്കുവാന്‍ സുവര്‍ണ്ണാവസരം ലഭിക്കുന്നു. അസൂയയാണ് അവന്റെ 'തുറപ്പുഗുലാന്‍'. എത്ര നിസ്സാരമായിട്ടാണ് പിശാച്, ആദിയില്‍ ദൈവകോപം അവനിലുളവാക്കിയ അതേ പാപം നമോരുരുത്തരിലും വിതച്ച് അവന്‍ സാഫല്യം നേടുന്നു.

ഇതാ ഒരു കുട്ടിക്കഥ!
എന്നും അയല്‍പക്കത്തെ കുട്ടികള്‍ ഏഴുവയസ്സുള്ള അവനോടൊപ്പം കളിക്കുവാന്‍ വരുമായിരുന്നു. അവന്റെയപ്പച്ചന്‍ വരാന്തയിലിരുന്ന് കുട്ടികള്‍ മുറ്റത്ത് കളിക്കുന്നതും നോക്കിയിരിക്കും. എപ്പോഴെങ്കിലും കുട്ടികള്‍ ഏഴുവയസ്സുകാരനെ ഉപദ്രവിക്കുകയോ, തല്ലുപിടിക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍, അവന്‍ ഓടിവന്ന് അപ്പച്ചന്റെ മടിയില്‍ കയറി ഇരിക്കും. എന്നിട്ട് ആ കുട്ടികളെ നോക്കി കൈകൊട്ടിച്ചിരിക്കും. അപ്പച്ചന്റെ മടിയില്‍ കയറിരിക്കുമ്പോഴുണ്ടാകുന്ന സുരക്ഷിതാബോധമാണ്, ആ കൈ കൊട്ടിച്ചിരി.

ഇതേ തത്വമാണ് നാം ദൈവവുമായി സ്ഥാപിക്കേണ്ടത്. അസൂയ എന്ന പാപേച്ഛ നമ്മില്‍ ഉടലെടുക്കുമ്പോള്‍- അതു മറ്റു പാപങ്ങള്‍ക്കു വഴിത്തിരിവാകുന്നതിനുമുമ്പ്, അത്തരം ചിന്തകളെ വിട്ടകന്ന് ദൈവത്തോട് ചേര്‍ന്നു നില്‍ക്കുക. നാം ദൈവകരങ്ങളില്‍ സുരക്ഷിതരാകുമ്പോള്‍ പിശാച് ഇളിഭ്യനായി മടങ്ങിപ്പോകും, പിന്നീട് കൈകൊട്ടിച്ചിരിച്ചിട്ട് അവനോട് പറയണം.
“അസൂയ-മറ്റുപാപങ്ങളിലേക്കുള്ള വഴിത്തിരിവാണെന്ന പരിജ്ഞാനം കിട്ടിക്കഴിഞ്ഞു. ഇനി ദൈവസാന്നിദ്ധ്യം വെടിയാന്‍ ഞങ്ങള്‍ അജ്ഞരല്ല” എന്ന്.

എന്നിട്ട്, വേണ്ടി വന്നാല്‍ മോഹന്‍ലാലിന്റെ ഡയലോഗില്‍ പറയണം, “നിന്റെ വേലയിറക്ക് ഇനി ഇവിടെ ചിലവാക്കുകയില്ല, നീ പോടാ മോനേ ദിനേശാ”

 എന്നിട്ട്, വേണ്ടി വന്നാല്‍ മോഹന്‍ലാലിന്റെ ഡയലോഗില്‍ പറയണം,
“നിന്റെ വേലയിറക്ക് ഇനി ഇവിടെ ചിലവാകുകയില്ല, നീ പോടാ മോനേ ദിനേശാ…” എന്ന്.

(തുടരും)

(ശേഷം അടുത്തലക്കത്തില്‍)


അസൂയ (അദ്ധ്യായം 4: ലേഖന പരമ്പര) - കൊല്ലം തെല്‍മ, ടെക്‌സസ്
Join WhatsApp News
Dr.Snehalatha 2014-08-18 09:09:07
kollaam Thelma, lekhanam purogamikkunnunde. Waiting to see the next.
Roy John, Bangalore 2014-08-20 11:09:47
Excellent. Very interesting keep it up. Can't wait to read the next issue. Roy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക