Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച

മണ്ണിക്കരോട്ട്‌ Published on 19 August, 2014
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച
ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക'യുടെ 2014 ഓഗസ്റ്റ്‌ സമ്മേളനം 17-ാം തീയതി വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കംമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു. ജോസഫ്‌ തച്ചാറ രചിച്ച 'വ്യക്തിത്വ ദുഃഖം' എന്ന കഥയും സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പൊതുവായ ചര്‍ച്ചയുമായിരുന്നു വിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. അതോടൊപ്പം അവതരണവിഷയങ്ങളെക്കുറിച്ച്‌ ചുരുക്കമായി സംസാരിച്ചു. സ്വാതന്ത്ര്യം എന്ന വാക്കുകൊണ്ട്‌ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രമല്ല പൊതുവായ ഒരു ചര്‍ച്ചയാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്‌ ജോസഫ്‌ തച്ചാറയുടെ വ്യക്തിത്വ ദുഃഖം എന്ന കഥ പാരായണം ചെയ്‌തു. സ്വന്തം വ്യക്തിത്വത്തിന്റെ ഒരു അന്വേഷകനെയാണ്‌ തച്ചാറ ഈ കഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന്‌ സദസ്യര്‍ വിലയിരുത്തി. അതില്‍ ഒരു പരിധിവരെ കഥാകൃത്ത്‌ വിജയിക്കുകയും ചെയ്‌തായി അറിയിച്ചു. ചെറുപ്പത്തില്‍ വീട്ടുപേരും അച്ഛന്റെ പേരും സ്വന്തം പേരും ചേര്‍ത്തുച്ചരിക്കുന്നതില്‍ അഭിമാനംകൊണ്ട കഥാനായകന്‍ കോളെജിലെത്തിയപ്പോള്‍ സ്ഥിതി മാറി. താന്‍ അതില്‍നിന്നൊക്കെ വേറിട്ട വ്യക്തിയാണെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയായി. അങ്ങനെ കാലം കടന്നുപോയി. എന്നാല്‍ ചെറുപ്പം മുതലെ അയാളെ അറിയാവുന്ന ഒരാള്‍ ഒരിക്കല്‍ വീട്ടുപേരും അച്ഛന്റെ പേരും ചേര്‍ത്ത്‌ വിളിക്കുന്നതോട്‌ കഥ അവസാനിക്കുന്നു.

തുടര്‍ന്ന്‌ സ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച ടോം വിരിപ്പന്‍ നയിച്ചു. അദ്ദേഹത്തിന്റെ ഉപക്രമത്തില്‍ സ്വാതന്ത്ര്യം ഒരു ബഹുമുഖ വിഷയമാണെന്നും അതില്‍ കുറച്ചെങ്കിലും മനസിലാക്കാന്‍ നല്ല പഠനവും നീണ്ട ചര്‍ച്ചയും ആവശ്യമാണെന്ന്‌ അറിയിച്ചു. ഒരാളും പൂര്‍ണ്ണമായും സ്വതന്ത്ര്യരല്ല. മിക്കവരും അറിഞ്ഞോ അറിയാതെയൊ ചങ്ങലയില്‍ ബന്ധിച്ച സ്വാതന്ത്ര്യമാണ്‌ അനുഭവിക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്‌ തോമസ്‌ കളത്തൂര്‍ സ്വാതന്ത്ര്യം എന്ന വിഷയത്തെ സംക്ഷീകരിച്ച്‌ ആമുഖപ്രസംഗം നടത്തി. സ്വാതന്ത്ര്യം വ്യക്തിയില്‍നിന്ന്‌ തുടങ്ങണമെന്ന്‌ അദ്ദേഹം അറിയിച്ചു. അതായത്‌ അവനവന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഓരോരുത്തരും ബോധമുള്ളവരായിരിക്കണം. അതുപോലെ സ്വാതന്ത്ര്യം സ്‌നേഹത്തില്‍ അധിഷ്‌ഠിതമായിരിക്കണം. എന്നാല്‍ ആവശ്യമായാല്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യമാണെന്ന്‌ അദ്ദേഹം അറിയിച്ചു. അതോടൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ നാം കടപ്പെട്ടവരാണെന്ന ബോധം മറക്കെരുതെന്ന്‌ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു.

എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ജി. പുത്തന്‍കുരിശിനു പറയാനുണ്ടായിരുന്നത്‌. എഴുത്തുകാര്‍ സ്വതന്ത്രരായി ചിന്തിക്കാന്‍ കഴിയുന്നവരായിരിക്കണം. ആ ചിന്തയിലൂടെ അവരുടെ രചനകള്‍ പുരോഗമിക്കണം. സ്വാതന്ത്ര്യം അമിതാഗ്രഹത്തിന്‌ വഴിതെളിക്കുന്നെങ്കില്‍ അത്‌ ദുസ്വാതന്ത്ര്യമായി മാറുമെന്ന്‌ പുത്തന്‍കുരിശ്‌ അറിയിച്ചു. വ്യക്തി സ്വതന്ത്രനാണെന്ന്‌ സ്വയം മനസിലാക്കെണമെന്ന്‌ ടി.ജെ. ഫിലിപ്പ്‌ അറിയിച്ചു. അതിന്‌ അറിവു സമ്പാദിക്കണം. അറിവിലൂടെയാണ്‌ നാം സ്വതന്തരരാകുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യയില്‍ ഇല്ലാതിരിക്കുന്നത്‌ സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന്‌ എ.സി. ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ഉത്തരവാദിത്വത്തിലും ചുമതലയിലും അധിഷ്‌ഠിതമായിരിക്കണമെന്ന്‌ അദ്ദേഹം അറിയിച്ചു. പൊന്നു പിള്ളയുടെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യം എന്ന വാക്കിന്‌ ആരും ശരിയായ നിര്‍വ്വചനം കൊടുത്തിട്ടില്ലെന്നുള്ളതാണ്‌. ഇന്ന്‌ പാവപ്പെട്ടവര്‍ക്കാണ്‌ തീരെ സ്വാതന്ത്രമില്ലാത്തതെന്ന്‌ അവര്‍ എടുത്തുപറഞ്ഞു.

മനുഷ്യന്‍ ആന്തരികമായി സ്വതന്ത്രനാകണം. എങ്കിലെ ബാഹ്യസ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയുകയുള്ളു എന്നുള്ളതായിരുന്നു ടോം പുന്നൂസിന്റെ അഭിപ്രായം. ഒരാളുടെ സ്വാതന്ത്ര്യത്തില്‍ മറ്റൊരാള്‍ കൈകടത്തുന്നതാണ്‌ ഏറ്റവും വലിയ അസ്വാതന്ത്ര്യമെന്ന്‌ ഷിജു ജോര്‍ജ്‌ വിവരിച്ചു. സ്വാതന്ത്ര്യത്തിന്‌ നിയന്ത്രണമുണ്ടാകണം. അത്‌ പരിമിതിയ്‌ക്കുള്ളിലായിരിക്കണമെന്ന്‌ മണ്ണിക്കരോട്ട്‌ അഭിപ്രായപ്പെട്ടു. ഇവിടെ ആര്‍ക്കും സ്വാതന്ത്ര്യം ഇല്ലെന്നായിരുന്നു ജോസഫ്‌ തച്ചാറയുടെ അഭിപ്രായം. ജോര്‍ജ്‌ ഏബ്രഹാം, സജി പുല്ലാട്‌ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ജി. പുത്തന്‍കുരിശിന്റെ നന്ദിപ്രസംഗത്തോടെ 6.30-തിന്‌ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌:

മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net),

ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക