Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 15- ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്,ന്യൂജേഴ്‌സി Published on 21 August, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 15- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 15
കൊച്ചുകോര എന്ന കറുത്ത മനുഷ്യന്‍

ട്രെയിന്‍ ദാദറില്‍ എത്തിയപ്പോള്‍ ഗോപാല്‍ അതീവ ശ്രദ്ധാലുവായി. അയാള്‍ പ്ലാറ്റ്‌ഫോമിന്റെ പരിസരങ്ങളിലേക്ക് കണ്ണുകളോടിച്ചു. ആരെങ്കിലും തന്നെ കാത്തു നില്‍ക്കുന്നതായി അയാള്‍ക്ക് കണ്ടെത്താനായില്ല. പെട്ടെന്നൊരാള്‍ പുറകില്‍നിന്ന് ഗോപാലിന്റെ തോളില്‍ കൈവച്ചു. ഗോപാല്‍ ഞെട്ടലോടെ ഒന്നു ചാടി.

“ഹലോ, ഗോപാല്‍” അയാള്‍ ഗോപാലിനെ അഭിവാദ്യം ചെയ്തു. ഗോപാല്‍ തല ഉയര്‍ത്തി ചോദ്യഭാവത്തില്‍ അയാളെ നോക്കി. ആ മനുഷ്യന്‍ കൈ മുഖത്തോടു ചേര്‍ത്ത് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. “ചോദ്യങ്ങളൊന്നും വേണ്ട. എന്റെ പിന്നാലെ വന്നാല്‍ മതി.”
അവര്‍ റെയില്‍വെ സ്റ്റേഷന് പുറത്തെത്തി. ഒരു അംബാസഡര്‍ കാര്‍ അവരെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. ഇടതുകൈകൊണ്ട് മുഖം മറച്ച് ഡ്രൈവര്‍ സീറ്റില്‍ ചാരിക്കിടക്കുന്നു. ഗോപാലിനോടൊപ്പമുണ്ടായിരുന്ന ആള്‍ സ്വയം പരിചയപ്പെടുത്തി, ബല്‍ബീര്‍സിംഗ്. അയാള്‍ പുറകിലത്തെ ഡോര്‍ തുറന്നുകൊടുത്തു. ആദ്യം ഗോപാല്‍ കാറിനുള്ളിലേക്ക് കയറി. ഗോപാലിന്റെ തൊട്ടടുത്തായി അയാളും. ആ മനുഷ്യന്‍ ഒന്നു സംസാരിച്ചില്ല. ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി.
ഗോപാല്‍ കാറിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ശിവജി പാര്‍ക്ക് അയാള്‍ കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ ബീച്ച് റോഡിലേക്ക് തിരിഞ്ഞു. റോഡ് അവസാനിക്കുന്ന സ്ഥലത്തോട് കാര്‍ അടുത്തു. ഗോപാല്‍ കാര്‍ നിര്‍ത്തിയ പരിസരം വീക്ഷിച്ചു. ഒരു ഇറാനിയന്‍ റെസ്റ്റോറന്റ് തൊട്ടടുത്തായി കണ്ടു. റെസ്റ്റോറന്റിന്റെ രണ്ടാമത്തെ നിലയിലുള്ള റിസപ്ഷന്‍ റൂമിന്റെ സമീപത്തേക്ക് ഗോപാലിനെ അയാള്‍ കൊണ്ടു നിര്‍ത്തി. ഇവിടെ ഇട്ടിരുന്ന ഒരു കസേരയില്‍ ഗോപാല്‍ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഉയരം കുറഞ്ഞ ഒരു കറുത്ത മനുഷ്യന്‍ ആ മുറിയിലേക്ക് കടന്നുവന്നു. ഗോപാല്‍ എഴുന്നേറ്റു നിന്ന് നമസ്‌കാരം പറഞ്ഞു. അയാള്‍ അടുത്തേക്ക് ചെന്ന് ഗോപാലിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.

ആ കുറിയ മനുഷ്യന്‍ ഗോപാലിനോടു പറഞ്ഞു: "മദ്രാസിയെന്നാണ് ഞാന്‍ പൊതുവെ അറിയപ്പെടുന്നത്. എന്റെ യഥാര്‍ത്ഥ പേര് കൊച്ചുകോര എന്നാണ്. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളില്‍ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ചോട്ടാ രാജ ഇന്ന് ഇവിടെയെത്താന്‍ സാദ്ധ്യതയില്ല. അതുകൊണ്ട് നിങ്ങളുടെ വിഷയം ഞാന്‍ കൈകാര്യം ചെയ്യാം. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വളരെ ലളിതമാണ്. അതുപോലെതന്നെ നേരെ വാ, നേരെ പോ എന്ന മട്ടിലുള്ളതും. ചില അടയാളങ്ങള്‍ പ്രത്യേകം മാര്‍ക്കു ചെയ്തിട്ടുള്ള കെട്ടുകള്‍ അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമാണ് വരുന്നത്. ആംസ്റ്റര്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നീ മേല്‍വിലാസങ്ങളിലാണ് സാധനങ്ങള്‍ എത്തുന്നത്. ഈ കെട്ടുകള്‍ വിമാനങ്ങളില്‍നിന്ന് ഇറക്കിയാലുടന്‍ കസ്റ്റംസുകാരുടെ ശ്രദ്ധയില്‍പെടാതെ രഹസ്യമായി അണ്‍ക്ലെയംഡ് ബാഗേജസിന്റെ കൂട്ടത്തിലേക്ക് മാറ്റണം. അവിടെനിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന വിമാനങ്ങളില്‍ അവ എത്തിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കണം. അതനുസരിച്ച് കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തു തീര്‍ത്താല്‍ നിങ്ങളുടെ ജോലി കഴിഞ്ഞു. നിങ്ങള്‍ ചെയ്ത ജോലിക്കനുസരിച്ചുള്ള പ്രതിഫലം നിങ്ങള്‍ക്കു കിട്ടിയിരിക്കും.

ഗോപാല്‍ അയാളോട് പറഞ്ഞു: "സര്‍, എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍നിന്ന് ഒന്നു മാറണമെന്നുണ്ട്. രണ്ടു പെണ്‍മക്കളുണ്ട്. അവര്‍ കോളജിലേക്കും സ്‌ക്കൂളിലേക്കും പോകാനുള്ള തയ്യാറെടുപ്പിലാണ്.”

“പേടിക്കേണ്ട ഞങ്ങളുടെ ആളുകളുടെ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ പ്രത്യേകം താല്പര്യം കാണിക്കുന്നവരാണ്. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നവര്‍ക്കുവേണ്ടി ചില പ്രത്യേക സ്ഥലങ്ങളില്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങളുണ്ട്. എന്റെ ഡ്രൈവര്‍ നിങ്ങളെ അവിടെ കൊണ്ടുപോയി കാണിക്കും. ചുറ്റുപാടും ഉള്ളവരുമായ അധികം ഇടപഴകാതിരുന്നാല്‍ മതി. കുല്‍കാമി എന്ന പേരിലായിരിക്കണം നിങ്ങള്‍ അവിടെ അറിയപ്പെടേണ്ടത്. നിങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നോ എന്താണ് ജോലിയെന്നോ ആരും അറിയാന്‍ പാടില്ല. നിങ്ങളുടെ ഭാര്യയും മക്കളും ഇത് വളരെയധികം ശ്രദ്ധിക്കണം. ഈ നിര്‍ദ്ദേശം എപ്പോഴും ഓര്‍ത്തിരിക്കണമെന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഏതെങ്കിലും ഒരു ചവറ്റുകൂനയില്‍ താങ്കളുടെ ജീവിതം അവസാനിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

  അയാള്‍ പറഞ്ഞതെല്ലാം സമ്മതിച്ചിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍  ഗോപാല്‍ കണ്ണെടുക്കാതെ മദ്രാസിയുടെ മുഖത്തേക്ക് നോക്കി ക്കൊണ്ടിരുന്നു. കുടുംബത്തിന്റെ ഭാവിക്കും സുരക്ഷയ്ക്കും വേണ്ടി ഗോപാല്‍ എന്തുനും ഏതിനും ഒരുക്കമായിരുന്നു. അധോലോകവുമായുള്ള ബന്ധത്തിലെ ധാര്‍മ്മികതയെക്കുറിച്ച് ഗോപാല്‍ ചിന്തിച്ചു. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അയാള്‍ ഒരുക്കമായി. ശില്പയുടെ നിഷ്‌കളങ്കമായ മുഖവും നല്ല ജീവിതത്തെക്കുറിച്ചുളള നിറമുള്ള അവളുടെ സ്വപ്നങ്ങളും ഒരു ചല്ച്ചിത്രത്തിലെന്നപോലെ ഗോപാലിന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. കോളേജില്‍  പഠിച്ച് ഡിഗ്രിയെടുക്കണമെന്നും സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ജോലി സമ്പാദിക്കണമെന്നുള്ള അപര്‍ണയുടെ ആഗ്രഹത്തെക്കുറിച്ച് അയാള്‍ ഓര്‍ത്തു. ഇപ്പോഴത്തെ തന്റെ വരുമാനംകൊണ്ട് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഒരു പോര്‍ട്ടര്‍ എന്ന തൊഴിലാളിയുടെ ജീവിതം അവസാനിക്കുകയാണ്. കൊച്ചുകോരയുടെ അടുത്തുനിന്നും ഗോപാല്‍ മടങ്ങി.

 അപ്പാര്‍ട്ടുമെന്റ് കാണിക്കാനായി ബല്‍ബീര്‍സിംഗ്, ഗോപാലിനെ കൂട്ടിക്കൊണ്ടു പോയി. ഗോപാല്‍ ചിന്തിച്ചു ജീവിതത്തില്‍ ഇതുപോലെ വിജയകരമായ ഒരു നേട്ടം കൈവരിക്കാന്‍ ഇനിയൊരിക്കലും കഴിയില്ല. ഗ്യാസ്സ്റ്റൗവും അടുക്കളയും പൈപ്പ് വെള്ളവും പാശ്ചാത്യമാതൃകയിലുള്ള കക്കൂസും കുളിമുറിയും ഒക്കെയുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ തന്റെ മക്കള്‍ക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. സുന്ദരികളായ രണ്ടു പെണ്‍കുട്ടികളുടെ പിതാവെന്ന നിലയില്‍ അയാള്‍ അവര്‍ക്കു വേണ്ടിയാണ് ഇതു നേടിയത്. ഗോപാലിന്റെ കണ്ണുകള്‍ നിറഞ്ഞുതൂകി. ബല്‍ബീര്‍സിംഗ് കാണാതെ  ഗോപാല്‍ കണ്ണുനീര്‍ തുടച്ചു. അയാള്‍ സംതൃപ്തിയോടെ തിരിഞ്ഞു നോക്കി. ആ സ്ഥലം നിരീക്ഷിക്കുന്നതിന് കാവല്‍ക്കാരനായ ഒരു ഗൂര്‍ഖയെ കണ്ടപ്പോള്‍ ഗോപാലിന് കുറച്ചുകൂടി സന്തോഷം തോന്നി. തന്റെ ചേരിയിലേക്ക് ഗോപാല്‍ മടങ്ങി. അന്ന് വൈകിട്ട് ചേരിയിലെ താമസക്കാരെ കാണിക്കാന്‍ പുതിയ അപ്പാര്‍ട്ടുമെന്റിന്റെ താക്കോലും അയാളുടെ കൈയിലുണ്ടായിരുന്നു.

   കള്ളക്കടത്തുമായി ഗോപാലിനുള്ള ബന്ധത്തെക്കുറിച്ച് ലക്ഷ്മിക്ക് ഒന്നുമറിയില്ലായിരുന്നു.എന്നാല്‍ എന്തൊക്കെയോ സംഭവിക്കുന്നതായി അവര്‍ മനസ്സിലാക്കി.ജോലി ഇല്ലാത്ത ദിവസങ്ങളിലും അയാള്‍ മറ്റെന്തൊക്കെയോ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട് എന്ന് ലക്ഷ്മിക്ക് മനസ്സിലായി. ഇതിലെല്ലാം അപര്‍ണയ്ക്ക് യാതൊരു വ്യക്തതയുമില്ലായിരുന്നു. ശില്പയുടെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി അച്ഛന്‍ എന്തോ പുതിയ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് അവള്‍ വിചാരിച്ചു. 


അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 15- ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക