Image

അസൂയ (അഞ്ചാം ഭാഗം: കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 23 August, 2014
അസൂയ (അഞ്ചാം ഭാഗം: കൊല്ലം തെല്‍മ, ടെക്‌സാസ്)
കഴിഞ്ഞ ലക്കത്തില്‍ ഏഴുവയസ്സുകാരന്റെ ഒരു കഥ പറഞ്ഞിരുന്നു. മറ്റു കുട്ടികള്‍ ഉപദ്രവിക്കുവാന്‍ തുടങ്ങുമ്പോള്‍, ചെക്കന്‍ ഓടിവന്ന് അപ്പച്ചന്റെ മടിയില്‍ കയറിയിരുന്ന്, അവരെ നോക്കി കൈകൊട്ടി ചിരിക്കും. അതിന്റെയര്‍ത്ഥം, താന്‍ സുരക്ഷിതനാണെന്നും അപ്പച്ചന്റെ മടിയിലിരിക്കുമ്പോള്‍ മറ്റുക്കുട്ടികള്‍ക്ക് ഉപദ്രവിക്കാന്‍ ധൈര്യമുണ്ടാകുകയില്ല എന്ന സുരക്ഷിതാബോധം!

സ്‌നേഹം എന്ന പ്രമാണം അഥവാ കല്പനയാണ് ദൈവം നമുക്ക് നല്‍കിയിട്ടുള്ളത്. 'ദൈവം സ്‌നേഹമാകുന്നു' എന്നു നമുക്കറിയാമെങ്കില്‍ സ്‌നേഹമില്ലാത്തയിടത്ത് ദൈവമില്ല എന്ന് എന്തുകൊണ്ട് നാം മനസ്സിലാക്കുന്നില്ല. 'അസൂയ' നമ്മെ നയിക്കുന്നത് വെറുപ്പിലേക്കും മറ്റുപാപങ്ങളിലേക്കുമാണെങ്കില്‍ ദൈവം അവിടെയില്ലല്ലോ. 'വെറുപ്പ്' അല്ലല്ലോ ദൈവം. പിന്നെ നാമെന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കിയിട്ട്- ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ ജീവിക്കുന്നത്?

ഒരു വായനക്കാരന്‍ സൂചിപ്പിച്ചതുപോലെ ആദിയിലും-ആദാമിന്റെ കാലത്തും തുടങ്ങിയതാണ് 'അസൂയ'  ഇപ്പോഴതിനെന്താണ് പുതുമ? പുതുമയുണ്ട്. പത്രോസെന്ന മീന്‍പിടുത്തക്കാരന്‍ സഭയുടെ അടിസ്ഥാനക്കല്ലായി മാറിയില്ലേ, ആടിനെ മേയ്ച്ചു നടക്കുന്നവര്‍ രാജാവും പ്രവാചകനുമായില്ലേ?
നമുക്ക് ലഭിച്ച പരിജ്ഞാനമാണ് നാമിവിടെ പങ്കുവയ്ക്കുവാന്‍ ശ്രമിക്കുന്നത്. പിശാച് നമ്മെ അസൂയ എന്ന പാപം ചെയ്യുവാന്‍ പ്രലോഭിപ്പിക്കുമ്പോള്‍ അവന്റെ തന്ത്രം, അതു നിമിത്തം നമ്മെ മറ്റുള്ള മാരകമായ പാപങ്ങളിലേക്ക് നയിക്കുവാന്‍ സാധിക്കുന്നു എന്നതാണ്. അവന്റെ തന്ത്രങ്ങള്‍ നമ്മെ ദൈവത്തില്‍ നിന്നകറ്റി മാറ്റുകയെന്നതാണ്. ദൈവത്തില്‍ നിന്ന് അകലെയാകുമ്പോള്‍ അവന് നമ്മെ ഉപദ്രവിക്കുവാന്‍ സാധിക്കുന്നു. ഏഴുവയസ്സുകാരന്റെ ഉദ്ദാഹരണകഥ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും.

അപ്പച്ചന്റെ മടിയിലേക്ക് അഭയം പ്രാപിക്കാതെ, ആ കുട്ടികളോടൊപ്പം അകലേക്ക് നീങ്ങിയാല്‍, ആ കുട്ടികള്‍ക്ക് ഉപദ്രവിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കുവാന്‍ സാധിക്കും.
ദൈവം രോഗശാന്തി നല്‍കുന്നവനാണ്, അനര്‍ത്ഥങ്ങളില്‍ വിടുവിക്കുന്നവനാണ്, ആപല്‍ഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നവനാണ്. പിശാച് നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുമ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍, നമുക്ക് ദൈവത്തിന്റെ സഹായം ലഭിക്കുകയില്ല. പാപവും വെറുപ്പും ഉള്ളയിടത്ത് ദൈവത്തിന്റെ സാന്നിദ്ധ്യമില്ല. ഇപ്പോള്‍ പിശാചിന്റെ തന്ത്രം മനസ്സിലായില്ലേ? നിങ്ങള്‍ പിശാചിന്റെ തന്ത്രങ്ങളെ അറിയാത്തവരല്ലല്ലോ”  എന്ന വാക്യത്തില്‍ എന്തെല്ലാം അര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കുക.

നമ്മെ ബാധിക്കുന്ന രോഗങ്ങള്‍, തീരാവ്യാധികള്‍, കുടുംബങ്ങളിലുണ്ടാകുന്ന അനര്‍ത്ഥങ്ങള്‍-അനിഷ്ട സംഭവങ്ങള്‍… ഒരു നിമിഷംകൊണ്ട് ആരും ചോദിച്ചുപോകും “ദൈവമെവിടെ? ഇത് ഞങ്ങള്‍ക്കെങ്ങനെ സംഭവിച്ചു? ദൈവം കൈവിട്ടുകളഞ്ഞതെന്തേ?” എന്നു തുടങ്ങി നൂറു ചോദ്യങ്ങള്‍? എന്നാല്‍ സത്യം ഇതാണ്, ദൈവം നമ്മളെ കൈവിട്ടതല്ല, നാം ദൈവത്തെയാണ് കൈവിട്ടുകളഞ്ഞത്. പാപം ചെയ്യാനുള്ള പ്രലോഭനമുണ്ടാകുമ്പോള്‍- അതായത് അസൂയ എന്ന പാപത്തില്‍ മുഴുകുവാനുള്ള പ്രലോഭനങ്ങളുണ്ടാകുമ്പോള്‍, ഇടംവലംനോക്കാതെ, ദൈവചിന്തമറന്നുകളഞ്ഞ് ആ പാപത്തില്‍ നാം മുഴുകി രസിക്കുമ്പോള്‍- നാമറിയാതെ തന്നെ ദൈവത്തില്‍ നിന്നകന്ന് പിശാചിനോടൊപ്പം കൈകോര്‍ത്തു പിടിക്കുന്നു.

ആ അവസരത്തില്‍ ദൈവം എങ്ങനെ രോഗശാന്തി നല്‍കും? കൈയ്യെത്താദൂരത്തിലല്ലേ നാം നില്‍ക്കുന്നത്? അനിഷ്ഠ സംഭവങ്ങള്‍ കുടുംബങ്ങളിലുണ്ടാകുമ്പോള്‍ ദൈവത്തിനെങ്ങനെ അതുതടയാന്‍ സാധിക്കും? ഒരു വിളിപ്പാടകലെയല്ലേ ദൈവത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നത്? എന്നിട്ട് “ദൈവം കൈവിട്ടുകളഞ്ഞു, ദൈവമില്ല, ദൈവം ക്രൂരമായി പെരുമാറി, ഇതായിരിക്കാം വിധി….”  എന്നൊക്കെയുള്ള ജല്പനങ്ങള്‍ നാം ഉരുവിടുന്നു.

“ഏതനര്‍ത്ഥങ്ങളിലും, അനിഷ്ടങ്ങളിലും രോഗങ്ങളിലും നമുക്കു തടയായി നില്‍ക്കുന്ന പരിചയും പാറയുമാണ് ദൈവം” എന്ന് ദൈവവാക്യത്തില്‍ പറയുന്നു. “ദൈവമാണ് സൗഖ്യങ്ങളുടെ രാജാവും രോഗവിമുക്തകനും” എന്ന ദൈവവാക്യം അനര്‍ത്ഥങ്ങളായി കാണരുത്.
ഏഴുവയസ്സുള്ള ആ കുട്ടിയുടെ കഥ എപ്പോഴും ഓര്‍ക്കുക. അപ്പച്ചനില്‍ നിന്ന് അകന്നുമാറിയിരുന്നെങ്കില്‍, മറ്റുകുട്ടികള്‍ ഉപദ്രവിക്കുമ്പോള്‍ “അപ്പച്ചാ, അപ്പച്ചാ” എന്നു വിളിച്ചിട്ടു കാര്യമില്ല. മറ്റു കുട്ടികള്‍ തല്ലിത്തകര്‍ക്കും. അതുപോലെ ദൈവത്തോടു പറ്റിച്ചേരാതെ പിശാചിന്റെ വഴി തിരഞ്ഞെടുപ്പ്- അവന്‍ 'അസൂയ'പ്പെടാന്‍ പ്രലോഭിപ്പിക്കുമ്പോള്‍, അതിനുവഴങ്ങി-അതേ തുടര്‍ന്ന് മറ്റുള്ള ഭീകര പാപങ്ങളിലേക്ക് അവന്‍ വഴിതെളിയിക്കുമ്പോള്‍ അവനോടൊപ്പം പോകുകയാണെങ്കില്‍ രോഗാതുരരാകുമ്പോള്‍, അനര്‍ത്ഥങ്ങള്‍ പിടികൂടുമ്പോള്‍ “ദൈവമേ, ദൈവമേ” എന്നു വിളിച്ചിട്ടുകാര്യമില്ല. പള്ളികളിലും മന്ദിരങ്ങളിലും മുടങ്ങാതെ പോയിട്ടും കാര്യമില്ല- കാരണം ദൈവം കൂടെയില്ലല്ലോ. കുടുംബ പ്രാര്‍ത്ഥനയും വേദപുസ്തക പാരായണവും നടത്തിയിട്ടു കാര്യമില്ല- കാരണം ദൈവം കൂടെയില്ലല്ലോ. പിശാചിന്റെ കൈകോര്‍ത്തു പിടിച്ചുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ നാം ചെയ്യുന്നതെങ്കില്‍, അവയെല്ലാം വെറും വ്യര്‍ത്ഥജല്പനങ്ങള്‍ ആയി മാറുകയേയുള്ളൂ. അതുകൊണ്ടുതന്നെയാണല്ലോ യേശു ഒരിക്കല്‍ പറഞ്ഞത് “നിങ്ങള്‍ അധരം കൊണ്ടുമാത്രമേ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നുള്ളൂ”  എന്ന്…. അതിന്റെയര്‍ത്ഥം ഗാഢമായി ചിന്തിച്ചാല്‍, പ്രവര്‍ത്തികൊണ്ട് നാം പിശാചിനോടൊപ്പമാണെന്നല്ലേ?
ഈ ലേഖനം മതപരമാകരുതെന്ന് ആഗ്രഹമുണ്ട്. പക്ഷെ സത്യം ഉറക്കെ വിളിച്ചു പറയാതെ വയ്യ.
ബൈബിളിലെ ഗലാത്യര്‍ അഞ്ചാം അദ്ധ്യായത്തില്‍ പത്തൊന്‍പതാം വാക്യത്തില്‍ ചില പാപങ്ങളുടെ പേരുകള്‍ പറയുന്നുണ്ട്. ആ കൂട്ടത്തില്‍ 'അസൂയ' എന്ന പാപം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം പാപത്തില്‍ ലയിച്ചു കഴിയുന്നവരെ ദൈവം കൈവിട്ടുകളയുന്നുവെന്ന്.(ദൈവരാജ്യം നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ ദൈവം കൈവിട്ടു എന്നതാണ് അര്‍ത്ഥം).
അതുപോലെ തന്നെ മുന്‍ ലക്കങ്ങളിലൊന്നില്‍ സൂചിപ്പിച്ചിരുന്നു ഒന്നു കൊരിന്ത്യരുടെ പതിമൂന്നാം അദ്ധ്യായത്തില്‍ 'സ്‌നേഹം' എന്നത് 'അസൂയ' അല്ല എന്ന്. അതായത് അസൂയപ്പെടുമ്പോള്‍ ദൈവത്തെ നഷ്ടപ്പെടുത്തുന്നു എന്ന്. ദൈവം സ്‌നേഹമാകുന്നു എങ്കില്‍ അസൂയപ്പെടുമ്പോള്‍ സ്‌നേഹത്തെ നഷ്ടപ്പെടുത്തുന്നു. അതായത് ദൈവത്തെ തന്നെ നഷ്ടപ്പെടുത്തുന്നു എന്നത് പകല്‍ പോലെ സത്യം.
എന്തുകൊണ്ടാണ് ദൈവത്തിന് 'അസൂയ' എന്ന പാപത്തോടു ഇത്ര വിരോധം? ലൂസിഫര്‍ മനസ്സില്‍ മാത്രം ഒന്ന് അസൂയയോടെ ചിന്തിച്ചതേയുള്ളൂ. ദൈവത്തിന് അത് സഹിച്ചില്ല. “ഓ അതൊരു നിസ്സാരകാര്യമല്ലേ? എല്ലാവര്‍ക്കും സാധാരണയായി ഉണ്ടാകാറുള്ളതല്ലേ?” എന്ന് നിസ്സാരമായി ദൈവം 'അസൂയ' യെ തള്ളിക്കളഞ്ഞില്ല. വളരെ ഗൗരവമായിത്തന്നെ ദൈവം ഇടപെട്ടു. ആ പരിജ്ഞാനമാണ് നമുക്ക് വേണ്ടത്.
പിശാചിനു നഷ്ടപ്പെട്ട സ്വര്‍ഗ്ഗം നാം നേടരുതെന്ന് അവന് നിര്‍ബന്ധമുണ്ട്. 'സ്വര്‍ഗ്ഗം'  എന്നു പറയുന്നത് 'ദൈവസാന്നിദ്ധ്യം' നഷ്ടപ്പെട്ടാല്‍, ഈ ഭൂമിയിലായിരിക്കെ തന്നെ നാം ആസ്വദിക്കേണ്ട ആരോഗ്യം(രോഗശാന്തി) അനര്‍ത്ഥങ്ങളും, അനിഷ്ടങ്ങളിലും, അപകടങ്ങളില്‍ നിന്നുമുള്ള വിടുതല്‍- ഈ വാഗ്ദത്തങ്ങളൊന്നും നമുക്കു ലഭിക്കുകയില്ല എന്ന് പിശാചിന് അറിയാം.
അതുകൊണ്ട് ദൈവസാന്നിദ്ധ്യത്തില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകുവാന്‍ അവന്‍ സദാജാഗരൂകനാണ്. ആദിയില്‍ അവനില്‍ ഉടലെടുത്ത അതേ പാപം തന്നെയാണ് ഇന്ന് സര്‍വ്വരിലും അവന് കുത്തിവക്കുന്നത്. അതിനൊരു അസാധാരണത്വം ഇല്ലെന്നും, അതിനൊരു പുതുമയും കല്പിക്കാനില്ലെന്നും(മുന്‍ലക്കത്തില്‍ വായക്കാരന് സൂചിപ്പിച്ചതുപോലെ) വെറും നിസ്സാരമായ ഒരു വികാരം മാത്രമാണെന്നും നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.

പക്ഷെ പിശാചിന്റെ തന്ത്രം മനസ്സിലാക്കുന്നവര്‍ക്ക് അസൂയ എന്ന പാപത്തിന്റെ ഗൗരവം അറിയുവാന്‍ സാധിക്കും. അവന്റെ തന്ത്രങ്ങളെ ഒന്നുകൂടി വിശകലനം ചെയ്യാം.
ഇതൊക്കെയാണ് പിശാചിന്റെ തന്ത്രങ്ങള്‍… അസൂയ നമ്മിലുള്ളവാകുമ്പോള്‍, ആ വ്യക്തിയെ വെറുക്കുവാന്‍ തുടങ്ങുന്നു.(വെറുപ്പ് 'ദൈവം സ്‌നേഹമാകുന്നു' എന്ന തത്വത്തിനെതിര് ദൈവം വെറുപ്പല്ല. ആ വ്യക്തിയുടെ ഏത് അനുഗ്രഹങ്ങളോടാണ് അസൂയ, ആ അനുഗ്രഹത്തെ നശിപ്പിക്കാനായി, തിന്മ അഥവാ 'ഈവിള്‍'  എന്ന പിശാചിന്റെ ഉല്പന്നം സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നു.( ദൈവം നന്മയാണ്, തിന്മയല്ല) അതേത്തുടര്‍ന്ന് നശീകരണം ആരംഭിക്കുന്നു. അപവാദം പരുത്തുക, ആഭിചാരം ചെയ്യുക, കണ്ണുപെടുക(കാരണം,  ആ അനുഗ്രഹത്തെ നശിപ്പിച്ചുകളയണമല്ലോ) പിശാച് നമ്മെക്കൊണ്ട് ചെയ്യിപ്പിക്കുന്ന മറ്റും ചില തിന്മകള്‍, ആര്‍ക്കെങ്കിലും എന്തെങ്കിലും വച്ചുനീട്ടുമ്പോള്‍ ഇടതുകൈ ഉപയോഗിച്ച് നീട്ടും. അതായത് ആ വ്യക്തിക്ക് അതൊടെ അധോഗതി ഉണ്ടാകണമെന്നുള്ളതാണ് അതിനര്‍ത്ഥം.

അതാണ് പിശാചിന്റെ തന്ത്രം. ഇത്തരം കാര്യങ്ങള്‍ ആരും ഉറക്കെ വിളിച്ചു പറയുകയില്ല കാരണം സത്യത്തിന്റെ മുഖം വികൃതമായിപ്പോകും.”

അതുകൊണ്ടുതന്നെയല്ലേ യേശു പണ്ടൊരിക്കല്‍ പറഞ്ഞത് അവര്‍ കേട്ടിട്ടും കേള്‍ക്കാത്തമട്ടിലും, കണ്ടിട്ടും കാണാത്തമട്ടിലും, എല്ലാം അറിഞ്ഞിട്ടും അറിയാത്തമട്ടിലും ജീവിക്കുന്നു.” എന്ന്.
അസൂയ എന്ന പാപം ചെയ്യിപ്പിച്ച്, സാത്താന്‍ ഇന്ന് നമ്മെയെല്ലാം ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ നിന്നുമകറ്റി അവന്റെ കൈപ്പിടിക്കുള്ളില്‍ വച്ച് കൊണ്ടു നടക്കുന്നു.

നാമോ, ദൈവത്തിന്റെ രോഗശാന്തി അനുഭവിക്കാതെ രോഗാതുരരായി ജീവിക്കുന്നു.അനര്‍ത്ഥങ്ങളില്‍പ്പെട്ട് കുടുംബങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തുന്നു. ഇനിയെങ്കിലും സത്യം മനസ്സിലാക്കി പിശാചിനെ ചെറുത്ത് അവന്‍ വച്ചു നീട്ടുന്ന, അവന്റെ ഉല്പന്നം സ്വീകരിക്കാതെ- ദൈവസാന്നിദ്ധ്യത്തില്‍ ജീവിക്കാം. ദൈവത്തിന്റെ വാഗ്ദത്വം ആസ്വദിക്കാം.

(തുടരും)

(ശേഷം അടുത്ത ലക്കത്തില്‍)
അസൂയ (അഞ്ചാം ഭാഗം: കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക