Image

ആനത്താരകള്‍ക്കരുകിലൂടെ...(പ്രകൃതിയുടെ നിഴലുകള്‍ തേടി- 32: ജോര്‍ജ്‌ തുമ്പയില്‍)

Published on 23 August, 2014
ആനത്താരകള്‍ക്കരുകിലൂടെ...(പ്രകൃതിയുടെ നിഴലുകള്‍ തേടി- 32: ജോര്‍ജ്‌ തുമ്പയില്‍)
ദൂരെ നിന്നേ കാണാം, മതിക്കെട്ടാന്‍ ചോലയുടെ സൗന്ദര്യം. കേരളത്തിലെ ഹരിതവനങ്ങളില്‍ ഏറ്റവും മുന്തിയതും സൗന്ദര്യമാര്‍ന്നതുമായ വനാന്തര്‍ഭാഗമാണിത്‌. ഇവിടെയാണ്‌ വ്യാപകമായ കൈയേറ്റമുണ്ടായതായി ആക്ഷേപമുണ്ടായത്‌. പല നിറത്തിലുള്ള വൃക്ഷങ്ങളുടെ നിറച്ചാര്‍ത്ത്‌, ഉത്സവങ്ങള്‍ക്ക്‌ കെട്ടിയുയര്‍ത്തുന്ന തോരണങ്ങള്‍ പോലെ തോന്നിച്ചു. ഞങ്ങള്‍ ശാന്തമ്പാറയില്‍ നിന്നും പൂപ്പാറയിലേക്കുള്ള വഴിയിലാണ്‌. നേരിയ തണുപ്പ്‌ ഉണ്ട്‌. എസി ക്ലൈമറ്റ്‌. നല്ല സുഖകരമായ അന്തരീക്ഷം. അതിലുമേറെ മനസ്സിനെ കുളിര്‍പ്പിക്കുന്ന പച്ചപ്പിന്റെ ഹരിതമനോഹരമായ നയനാന്ദകരമായ ദൃശ്യഭംഗിയാണ്‌ കുളിര്‍മ്മയുണ്ടാക്കിയത്‌. പൂപ്പാറയിലെ തേയിലത്തോട്ടത്തിനു നടുവിലൂടെയാണ്‌ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌. ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങളെ തേയിലക്കാടുകളെന്നാണ്‌ സംബോധന ചെയ്യുന്നതെങ്കില്‍ ഇവിടെ ഇതിനെ തേയില പൂന്തോട്ടമെന്നു വിളിക്കേണ്ടി വരും. മെത്തവിരിച്ചതു പോലെ വിരിച്ചിട്ടിരിക്കുന്ന അതിമനോഹരവും വിശാലവുമായ ഭൂഭാഗം. സുന്ദരമായി തന്നെ പരിപാലിച്ചിരിക്കുന്നു. ചെടികള്‍ക്കെല്ലാം ഒരേ പൊക്കം. കണ്ടാല്‍ വാരിയെടുത്തു ഓമനിക്കാന്‍ തോന്നുന്നുവെന്നു കുരുവിള പറഞ്ഞു. അത്‌ തികച്ചും ശരിയാണെന്ന്‌ എനിക്കും തോന്നി.

ഞങ്ങളുടെ വാഹനം പൂപ്പാറ ജംഗ്‌ഷന്‍ പിന്നിട്ടു. ഇവിടെ വഴി രണ്ടായി തിരിയുന്നുണ്ട്‌. പൂപ്പാറയില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞാല്‍ തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂര്‍ എന്ന സ്ഥലത്തേക്കുള്ള വഴിയാണ്‌. ബോഡിമെട്ട്‌ എന്ന സ്ഥലത്തു നിന്നു നോക്കിയാല്‍ തമിഴ്‌നാടിന്റെ ഭൂപ്രദേശം വലിയൊരു അളവില്‍ കാണാം. സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഇടമാണിത്‌. കാഴ്‌ചയ്‌ക്ക്‌ അതിസുന്ദരം. ഞാന്‍ ഒരിക്കല്‍ ഇവിടെ പോയിട്ടുണ്ട്‌. എന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ യാത്ര അവിടേയ്‌ക്കില്ല. പൂപ്പാറയില്‍ നിന്നും ആനയിറങ്കല്‍ ഡാമിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയയും കടന്ന്‌ ചിന്നക്കനാല്‍ വഴി സൂര്യനെല്ലിയിലെത്തുകയാണ്‌ ഞങ്ങളുടെ ഉദ്ദേശം. അവിടെ സന്തോഷും സുനിയും ഞങ്ങളെ കാത്തിരിക്കുന്നുണ്ട്‌. അവരുടെ വീട്ടിലാണ്‌ ഞങ്ങളുടെ ഇന്നത്തെ രാത്രി. ഇരുവര്‍ക്കുമൊപ്പം മക്കളായ ജിതിനും ജെന്നിയെയും കൂട്ടിയാണ്‌ നാളത്തെ ഞങ്ങളുടെ മൂന്നാര്‍ കറക്കം.

പൂപ്പാറയില്‍ നിന്നും ഞങ്ങള്‍ ആനയിറങ്കല്‍ ഡാമിലെ വെള്ളക്കെട്ട്‌ കാണുന്ന വ്യൂ പോയിന്റില്‍ വണ്ടി നിര്‍ത്തി. മഞ്ഞ്‌ പലയിടത്തു നിന്നായി പുക പോലെ ഉയര്‍ന്നു വരുന്നുണ്ട്‌. വഴിയില്‍ മൂടല്‍ മഞ്ഞ്‌ പടരുന്നതിനു മുന്‍പ്‌ ഇവിടം കടക്കേണ്ടതുണ്ട്‌. കാരണം, ആനകളുടെ വിഹാരരംഗമാണ്‌ ഇവിടം. അതു കൊണ്ടാണ്‌ ഈ സ്ഥലത്തിന്‌ ആനയിറങ്കല്‍ എന്ന പേരും കിട്ടിയത്‌. മൂന്നാറിലേക്ക്‌ ഇവിടെ നിന്നും 22 കിലോമീറ്റര്‍ ദൂരമുണ്ട്‌. ഒരു വശം വനമേഖലയാലും മറ്റു വശങ്ങള്‍ ടാറ്റയുടെ ടീ പ്ലാന്റേഷനാലും ചുറ്റപ്പെട്ട അണക്കെട്ടിന്റെ സൗന്ദര്യം പറഞ്ഞറിയിക്കുക വയ്യ. സമയം കുറവായതിനാല്‍ ഞങ്ങള്‍ ഡാമിലേക്ക്‌ ഇറങ്ങിയില്ല. കുരുവിള ചിത്രങ്ങള്‍ ക്യാമറയിലാക്കുന്ന തിരക്കിലായിരുന്നു. കുമളി-മൂന്നാര്‍ പാതയ്‌ക്കു സമീപമാണ്‌ അണക്കെട്ടിന്റെ സ്ഥാനം.

കുത്തുങ്കല്‍, പന്നിയാര്‍ പവര്‍ഹൗസുകളില്‍ വൈദ്യുതി ഉല്‍പാദനത്തിനായി ഇവിടെനിന്നുമാണ്‌ ജലമെത്തിക്കുന്നതെന്നു ഞാന്‍ കുരുവിളയോടു പറഞ്ഞു. സൂര്യനെല്ലി, ചിന്നക്കനാല്‍, പെരിയകനാല്‍, ബിയല്‍റാം എന്നിവിടങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലെ ജലവും തമിഴ്‌നാട്‌ അതിര്‍ത്തിയിലെ മലകളില്‍നിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ്‌ ഈ അണക്കെട്ടില്‍ സംഭരിക്കുന്നത്‌. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംഭരണി നിറഞ്ഞുകവിയാറുണ്ട്‌. അണക്കെട്ടില്‍ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാര്‍ പുഴയിലൂടെ കുത്തുങ്കലിലും പൊന്‍മുടിയിലും എത്തിക്കുന്നു. ഇവിടെ നിന്നും നോക്കിയാല്‍ മതികെട്ടാന്‍ചോല ദൂരെയായി തെളിഞ്ഞു കാണാം. ഈ ചോലയുടെ ഒരറ്റം മുന്‍പ്‌ തേക്കടി-പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ്‌ വനത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതം വരെ 1600 ചതുരശ്രകിലോമീറ്ററോളം നീളുന്ന പ്രദേശം. ഇതിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ കുരുവിള ശരിക്കും അത്ഭുതപ്പെട്ടു പോയി. കേരളത്തിലെ അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങളില്‍ പ്രകൃതിഭംഗി വാരിക്കോരിയാണ്‌ ദൈവം നല്‍കിയിരിക്കുന്നതെന്നു കുരുവിള പറഞ്ഞപ്പോള്‍ ശരിയാണെന്നു ഞാനും സമ്മതിച്ചു. ഒരുകാലത്ത്‌ നിബിഡ നിത്യഹരിത വനങ്ങളും പുല്‍മേടുകളും ചോലക്കാടുകളുമായിരുന്ന സ്ഥലത്തു കൂടിയാണ്‌ ഇപ്പോള്‍ ഞങ്ങളുടെ യാത്ര. കോളനി വാഴ്‌ചക്കാലത്ത്‌ വ്യാപകമായി തോട്ടങ്ങളായി മാറ്റപ്പെട്ട ഈ സമ്പന്ന ജൈവവൈവിധ്യ മേഖല തുടര്‍ന്നിങ്ങോട്ട്‌ കുടിയേറ്റങ്ങള്‍ക്കു വിധേയമായിയെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. ഇതിന്റെ ഫലമായി സ്വാഭാവിക വനങ്ങള്‍ വ്യപകമായി നശിപ്പിക്കപ്പെടുകയും അവശേഷിച്ച വനങ്ങള്‍ ആവാസവ്യവസ്ഥാ ദ്വീപുകള്‍

പോലെ ഒറ്റപ്പെടുകയും ചെയ്‌തു. ഇതുകൊണ്ടുണ്ടായ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന്‌ വലിയ ജീവികളായ ആനകള്‍ മുതലായവയുടെ സ്വാഭാവിക സ്വതന്ത്രവിഹാരം തടസ്സപ്പെട്ടു എന്നതാണ്‌. ഇത്തരം തടസ്സപ്പെടുത്തലുകളോടുള്ള പ്രതികരണമാണ്‌ ആനയിറങ്കല്‍- ചിന്നക്കനാല്‍ ഭാഗങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണം. ഞങ്ങള്‍ യാത്ര ചെയ്‌തു കൊണ്ടിരിക്കുന്ന റോഡുകളില്‍ മിക്കപ്പോഴും ആനയെ പകലും കാണുക പതിവാണെന്നു ഡ്രൈവര്‍ പറഞ്ഞു. രാത്രിയില്‍ ഈ റൂട്ടിലൂടെ അധികമാരും അങ്ങനെ സഞ്ചരിക്കാറില്ലത്രേ. മൂടല്‍മഞ്ഞും, കൊടുംവളവുകളും കയറ്റങ്ങളും കടന്ന്‌ ചെല്ലുന്നത്‌ കാട്ടാനകളുടെ മുന്നിലേക്കാണെങ്കില്‍ പറയാനില്ല, പിന്നത്തെ കാര്യം ! ഇക്കാര്യം പറഞ്ഞപ്പോള്‍ കുരുവിളയുടെ ഭാര്യയുടെ മുഖഭാവത്തു പൊന്തി വന്ന ഭീതി കണ്ട്‌ ഞങ്ങള്‍ ശരിക്കും ചിരിച്ചു പോയി. വണ്ടി ഓടി കൊണ്ടിരുന്നു. ഞങ്ങളുടെ സംഭാഷമത്രയും ആനകളെക്കുറിച്ചായി. കാട്ടാനകള്‍ എന്തിന്‌ മനുഷ്യനെ ഉപദ്രവിക്കുന്നുവെന്നായിരുന്നു കുരുവിളയുടെ സംശയം. ഞാന്‍ അതിനെക്കുറിച്ച്‌ വാചാലമായി.

ഏകദശം 200 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തലമല എന്നാണ്‌ ഇന്നത്തെ ആനയിറങ്കല്‍ പ്രദേശം അറിയപ്പെട്ടിരുന്നത്‌. വിശാലമായ പുല്‍മേടുകളും ചോലക്കാടുകളും ബോഡിമേടു മുതല്‍ ചൊക്രൂടി വരെയുള്ള പ്രദേശങ്ങളെ ആനകളുടെയും കാട്ടുപോത്തുകളുടെയും വിഹാരരംഗമാക്കി മാറ്റിയിരിക്കുന്നു. ആനയിറങ്കല്‍ ഭാഗത്തുള്ള നിബിഡ വനങ്ങളില്‍ നിന്നും ചെറിയ ഏലത്തോട്ടങ്ങളില്‍ നിന്നും ആനക്കൂട്ടങ്ങള്‍ സൂര്യനള എന്ന അരുവിയുടെ ഭാഗമായ നല്ലതണ്ണി എന്ന ചതുപ്പിലേക്ക്‌ ഇറങ്ങാറുണ്ടായിരുന്നു.

1897ല്‍ ഉടുമ്പന്‍ ചോല താലൂക്ക്‌ കാര്‍ഡമം ഫില്‍ റിസര്‍ച്ച്‌ ആയി പ്രഖ്യാപിച്ചു. അതിനുശേഷം 1935ല്‍ ഇത്‌ സ്വകാര്യ വ്യക്തികള്‍ക്ക്‌ പാട്ടത്തിന്‌ കൈമാറി. ഇതോടെ മതികെട്ടാന്‍ ചോല എന്ന ചെറിയ വനത്തിലേക്ക്‌ ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി. അതോടൊപ്പം തന്നെ ആനയിറങ്കല്‍, മതികെട്ടാന്‍ചോല, സാക്കുളത്ത്‌ മേട്‌, ചതുരംഗപ്പാറ, കോട്ടമല, രാമക്കല്‍മേട്‌, കമ്പംമെട്ട്‌, ചെല്ലാര്‍കോവില്‍മെട്ട്‌, തേക്കടി തുടങ്ങിയ ചോലമലക്കാടുകള്‍ തമ്മിലള്ള പരസ്‌പര ബന്ധവും നഷ്ടമായി. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്ള പുല്‍മേടുകളില്‍ യൂക്കാലി/പൈന്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചതോടെ ആനകള്‍ക്ക്‌ അവിടെ കൂടുതല്‍ സുരക്ഷിതമായി തങ്ങാനുള്ള സ്ഥലം ലഭിച്ചു. എന്നാല്‍ ഇവിടെയുള്ള 410 ഹെക്ടര്‍ പൈന്‍ തോട്ടങ്ങളിലും 130 ഹെക്ടര്‍ യൂക്കാലി തോട്ടങ്ങളും 2002ല്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്ക്‌ പതിച്ചു നല്‍കിയതോടെയാണ്‌ ആനകളുടെ ആക്രമണം വര്‍ദ്ധിപ്പിച്ചത്‌.

ഇതിനു പുറമേ, പശ്ചിമഘട്ടത്തിന്റെ മകുടമായ ചതുരംഗപ്പാറ പുല്‍മേടുകളില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ സ്ഥാപിച്ച കാറ്റാടിയന്ത്രങ്ങള്‍ ആനയിറങ്കലില്‍ നിന്നും തേക്കടിയിലേക്കുള്ള ആനത്താരയിലാണ്‌. ആനകളുടെ പ്രാദേശിക സഞ്ചാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടനാഴിയാണ്‌ ഇതോടെ നഷ്ടമായി. ആനയിറങ്കലിനു പുറമേ ,മതികെട്ടാന്‍ ചോല, പാപ്പാത്തി ചോല, 60 ഏക്കര്‍ ചോല, ചിന്നക്കനാല്‍, പന്തടിക്കുളം, സൂര്യനെല്ലി, സിങ്ങ്‌കണ്ടം, നിഢീര്‍ നഗര്‍, ബി.എല്‍ റാം, ചെമ്പകത്തൊഴുകുടി, പെരിയകനാല്‍, മൂലത്തറ എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യമുണ്ട്‌. ഞങ്ങള്‍ ചിന്നക്കനാലും പെരിയകനാലും കടന്ന്‌ സൂര്യനെല്ലി റോഡിലേക്ക്‌ കയറി. വഴിയില്‍ മൂടല്‍മഞ്ഞ്‌ കനത്തു നിന്നു, ഒപ്പം കുളിരും...

(തുടരും)
ആനത്താരകള്‍ക്കരുകിലൂടെ...(പ്രകൃതിയുടെ നിഴലുകള്‍ തേടി- 32: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക