Image

മുല്ലപ്പെരിയാര്‍; ആശങ്കയില്‍ നിന്നും ഭീതിയിലേക്ക്‌...

Published on 02 December, 2011
മുല്ലപ്പെരിയാര്‍; ആശങ്കയില്‍ നിന്നും ഭീതിയിലേക്ക്‌...
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ എന്നത്‌ കേരളീയ സമൂഹത്തിന്റെ കടുത്ത ആശങ്ക എന്നതില്‍ നിന്നും തികഞ്ഞ ഭീതിയിലേക്ക്‌ കടന്നിരിക്കുന്ന മണിക്കൂറുകളാണ്‌ കടന്നു പോയത്‌. ഒരു വശത്ത്‌ അപകടാവസ്ഥയിലായിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ഭീതി. മറുവശത്ത്‌ മുല്ലപ്പെരിയാര്‍ വിഷയം കേരളത്തെയും തമിഴ്‌നാടിനെയും ബദ്ധവൈരികളാക്കുന്ന ആഭ്യന്തര പ്രശ്‌നമാക്കി മാറ്റുമോ എന്നുള്ള ഭയം.

മുല്ലപ്പെരിയാര്‍ ഇരുസംസ്ഥാനങ്ങളെയും പ്രശ്‌നത്തിലാക്കുന്ന ആഭ്യന്തര വിഷയമായി മാറുന്നതിനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്‌. ഇടുക്കിയിലെ ജനങ്ങള്‍ ജയലളിതയുടെ കോലം കത്തിച്ചും, ഹര്‍ത്താല്‍ നടത്തിയും പ്രക്ഷോഭം ശക്തമാക്കുമ്പോഴും യാതൊരു വിട്ടുവീഴ്‌ചകള്‍ക്കും തയാറാകാതെ നില്‍ക്കുകയാണ്‌ തമിഴ്‌നാട്‌. ഇപ്പോഴുള്ള അണക്കെട്ട്‌ പൊളിച്ചു മാറ്റി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കപ്പെടുമ്പോള്‍ അണക്കെട്ടിലുള്ള തങ്ങളുടെ അവകാശങ്ങള്‍ നഷ്‌ടപ്പെടുമെന്നതാണ്‌ തമിഴ്‌നാടിനെ മുമ്പില്‍ നില്‍ക്കുന്ന ദുരന്തം കണ്ടില്ലെന്ന്‌ നടിക്കാനും വാദിക്കാനും പ്രേരിപ്പിക്കുന്നതെങ്കില്‍, പ്രശ്‌നത്തിന്റെ രൂക്ഷത കേന്ദ്രത്തെയും പ്രധാന മന്ത്രിയെയും ബോധ്യപ്പെടുത്തുന്നതില്‍ ഒരുപരിധി വരെ പരാജയപ്പെടുകയുമാണ്‌ കേരളം.

ഇതിനൊപ്പമാണ്‌ തമിഴ്‌നാട്ടില്‍ എം.ഡി.എം.കെ നേതാവ്‌ വൈക്ക കേരളത്തിന്റെ ആവശ്യങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന്‌ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞുകൊണ്ടും കമ്പം തേനി മേഖലയിലെ കര്‍ഷകരെ സംഘടിപ്പിച്ച്‌ സമരം നടത്തിയുമൊക്കെ പ്രതിഷേധിക്കാന്‍ വൈക്കോയും അനുയായികളും തയാറെടുക്കുമ്പോള്‍ ഇത്‌ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്നും കേരളത്തിന്‌ വിരുദ്ധമായി കടുത്ത തീരുമാനങ്ങള്‍ എടുത്തുപോന്നിട്ടുള്ള നേതാവാണ്‌ വൈക്കോ. വൈക്കോയുടെ നേതൃത്ത്വത്തില്‍ തമിഴ്‌നാട്‌ സമരത്തിനിറങ്ങുമ്പോള്‍ തമിഴ്‌നാടിന്റേത്‌ തീര്‍ത്തും രാഷ്‌ട്രീയ ലക്ഷ്യമാണെന്നുള്ളതിന്‌ തര്‍ക്കവുമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അവകാശം തമിഴ്‌നാടിന്‌ എന്ന കാര്യത്തില്‍ തമിഴകത്തെ രാഷ്‌ട്രീയ കക്ഷികളും എന്തിന്‌ ബദ്ധ വൈരികളായ ജയലളിതയും കരുണാനിധിയും പോലും ഒറ്റക്കെട്ടാകുമ്പോള്‍ കേരളത്തിനെതിരെ കടുത്ത പ്രതിരോധമാകും വരും ദിവസങ്ങളില്‍ തമിഴ്‌നാട്‌ തീര്‍ക്കുക.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളാ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ അയച്ച കത്തിന്‌ അവര്‍ നല്‍കിയ മറുപടിയില്‍ കേരളത്തിന്റെ ആശങ്കകള്‍ വെറുതെയാണെന്ന നിലപാട്‌ ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ സമീപ സമയത്ത്‌ തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായെന്നത്‌ തെറ്റായ പ്രചരണമാണെന്ന്‌ പോലും ജയലളിത പറയുന്നു. ഇവിടെ തമിഴ്‌നാടിലെ രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ നിന്ന്‌ എന്തെങ്കിലും ഔദാര്യം പ്രതീക്ഷിക്കുന്നതിലും കഥയില്ല എന്നതാണ്‌ സത്യം.

ഇങ്ങനെയുള്ളപ്പോള്‍, തമിഴ്‌നാടിനോടും, കേന്ദ്രത്തോടും ശക്തമായ ഒരു സമര്‍ദ്ദതന്ത്രം പ്രയോഗിക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ കഴിയാതെവരുമ്പോള്‍, കേരളത്തിലെ ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും ഇടുക്കിയിലും മധ്യതിരുവതാംകൂര്‍ മേഖലയിലുമുള്ള ജനങ്ങള്‍ക്ക്‌ ഇനി എന്നും ആശങ്ക ഒഴിയാത്ത ദിനങ്ങളായിരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ്‌ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്ത്വങ്ങളുടെ പിടിപ്പുകേട്‌ കൂടുതല്‍ വ്യക്തമാകുന്നത്‌. എങ്ങനെയാണ്‌ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ വലിയൊരു ആശങ്കയും ഭീതിയുമായി വളര്‍ന്നു വന്നത്‌.

മുല്ലപ്പെരിയാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങളാണ്‌ (22 തുടര്‍ചലനങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി മുല്ലപ്പെരിയാര്‍ മേഖലയില്‍ സംഭവിച്ചത്‌) ദുര്‍ബലമായി നില്‍ക്കുന്ന അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചത്‌. റിക്‌ടര്‍ സെക്‌യിലില്‍ ആറിന്‌ മുകളിലുള്ള ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകരുമെന്നാണ്‌ റൂര്‍ക്കി ഐഐടി പഠനത്തില്‍ വ്യക്തമാക്കിയത്‌. എന്നാല്‍ ഇതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പു തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ദുര്‍ബലമാണെന്ന്‌ വിദഗ്‌ധര്‍ ശരിവെച്ചതാണ്‌. വെറും അറുപത്‌ വര്‍ഷം മാത്രമാണ്‌ ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ത്ത്‌ നിര്‍മ്മിച്ച അണക്കെട്ടിന്റെ കാലവധി എന്ന്‌ കൊച്ചുകുട്ടികള്‍ക്ക്‌ പോലും അറിയാം. നിര്‍മ്മാണ സമയത്ത്‌ 152 അടി വരെയാണ്‌ മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കാന്‍ അനുമതിയുണ്ടായിരുന്നത്‌. എന്നാല്‍ മുപ്പത്‌ കൊല്ലം മുമ്പ്‌ ഗുരുതരമായ കേടുപാടുകള്‍ അണക്കെട്ടില്‍ കണ്ടതിനെ തുടര്‍ന്നാണ്‌ വിദഗ്‌ധ സമതിയുടെ നിര്‍ദ്ദേശ പ്രകാരം ജലനിരപ്പ്‌ 136 അടിയാക്കി കുറച്ചത്‌. എന്നാല്‍ പിന്നീട്‌ അണക്കെട്ട്‌ കൂടുതല്‍ ദുര്‍ബലമായി വന്നപ്പോള്‍ ജലനിരപ്പ്‌ വീണ്ടും കുറക്കുക മാത്രമേ താത്‌കാലിക രക്ഷയായിട്ടുള്ളു എന്ന അവസ്ഥ വന്നു. ഇതിനൊക്കെ പുറമേ അണക്കെട്ടിലെ വിള്ളലുകള്‍ കണ്ടെത്തിയതും അണക്കെട്ട്‌ നിര്‍മ്മിച്ചിരിക്കുന്ന സുര്‍ക്കി ടണ്‍ കണക്കിന്‌ ഒലിച്ചു പോകുന്നത്‌ വിദഗ്‌ധ സമതി കണ്ടെത്തിയുമൊക്കെ പകല്‍പോലെ നമുക്ക്‌ മുമ്പിലുണ്ടായിരുന്നിട്ടും നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പ്രധാന അജണ്ടയായി ഒരിക്കലും മുല്ലപ്പെരിയാര്‍ കടന്നു വന്നിരുന്നില്ല.

ആലോചിച്ചു നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും സമീപകാല തിരഞ്ഞെടുപ്പുകളിലും മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഒരു വിഷയമേ ആയിരുന്നില്ല. മുല്ലപ്പെരിയാര്‍ ഒരു വിഷയമായി കടന്നു വരാതിരിക്കാന്‍ എല്ലാ പ്രമുഖ രാഷ്‌ട്രീയ കക്ഷികളും എപ്പോഴും ശ്രമിക്കുകയും ചെയ്‌തിരുന്നു. മുല്ലപ്പെരിയാര്‍ അത്രവേഗം കൈകാര്യം ചെയ്യാനാവുന്ന വിഷയമല്ല എന്നത്‌ ജനങ്ങളേക്കാള്‍ നന്നായി രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ അറിയാമെന്നതാണ്‌ യാഥാര്‍ഥ്യം. 2006ല്‍ രൂപപ്പെട്ടതാണ്‌ മുല്ലപ്പെരിയാര്‍ സമര സമിതി. അന്ന്‌ മുതല്‍ രാഷ്‌ട്രീയ താത്‌പര്യങ്ങളില്ലാതെ മുല്ലപ്പെരിയാര്‍ സമര സമിതി പുതിയ അണക്കെട്ടിന്‌ വേണ്ടി സമരം നടത്തുന്നു. അതായത്‌ അഞ്ച്‌ വര്‍ഷങ്ങളായി തുടരുന്ന സമരം. ഈ സമരങ്ങളൊന്നും കാര്യമാത്ര പ്രസക്തമായി മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഏത്‌ രാഷ്‌ട്രീയ കക്ഷിയാണ്‌ ഇവിടെ ശ്രമിച്ചിട്ടുള്ളത്‌. മഴകനക്കുമ്പോള്‍, അണക്കെട്ടിലെ വെള്ളം ഉയരുമ്പോള്‍, കാണിക്കുന്ന ആശങ്കകള്‍ക്ക്‌ അപ്പുറം കേരള രാഷ്‌ട്രീയ നേതൃത്വങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ മുല്ലപ്പെരിയാറിനെ അടിയന്തര ജനകീയ പ്രശ്‌നമായി എടുത്തിരുന്നെങ്കില്‍ ഇന്ന്‌ 35 ലക്ഷം ജനങ്ങളെ ബാധിച്ചിരിക്കുന്ന ഭീതി ഒഴിവാക്കമായിരുന്നു.

എന്നാല്‍ ഇത്രയും കാലം കാണിക്കാത്ത ജാഗ്രതയോടെ ഇന്ന്‌ മുല്ലപ്പെരിയാര്‍ സമരത്തെ ഹൈജാക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളെയാണ്‌ കേരളത്തില്‍ കാണുന്നത്‌. സി.പി.എം ഉള്‍പ്പാര്‍ട്ടിപ്പോര്‌ പോലും ഈ വൈകാരിക വിഷയത്തിലും മാറി നിന്നില്ല എന്നത്‌ ഏറെ ചിരിയുണര്‍ത്തുന്നു. കഴിഞ്ഞ ദിവസം നടത്ത എല്‍.ഡി.എഫ്‌ യോഗം മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്‌തതിനു ശേഷം, മുല്ലപ്പെരിയാറിലേക്ക്‌ ഒറ്റക്ക്‌ പോയി സന്ദര്‍ശനം നടത്താനായിരുന്നു വി.എസിനു താത്‌പര്യം. എന്നാല്‍ വി.എസ്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ക്ക്‌ ഒപ്പം പോയാല്‍ മതിയെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റിന്റെ താക്കീത്‌ ഉടന്‍ എത്തി. സി.പി.എം ഉള്‍പ്പാര്‍ട്ടിപ്പോരിന്റെ ഭാഗമായിട്ടുണ്ടാതാണ്‌ ഈ സംഭവങ്ങള്‍.

മുന്നണി കൂടുമാറ്റവും, ലയനവുമൊക്കെ കൊണ്ട്‌ നിശബ്‌ദനായി നിന്നിരുന്ന പി.ജെ ജോസഫ്‌ ശക്തിപ്രാപിക്കുന്ന കാഴ്‌ചയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാണാന്‍ കഴിയും. പി.ജെ ജോസഫിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഹൈജാക്ക്‌ ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ ഏറെക്കുറെ കഴിഞ്ഞിട്ടുമുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞു കൊണ്ടാവണം മുല്ലപ്പെരിയാര്‍ സമര സമതിക്കൊപ്പം എല്‍.ഡി.എഫിലെ ബിജിമോള്‍ എം.എല്‍.എ സമരം ആരംഭിച്ചതും, അണക്കെട്ടിനുള്ള പണം ജനങ്ങളില്‍ നിന്നും കണ്ടെത്തി നല്‍കാമെന്നുള്ള വി.എസിന്റെ പ്രഖ്യാപനവുമെല്ലാം. സി.പി.എം പോളിറ്റ്‌ ബ്യൂറോയിക്ക്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട്‌ സ്വീകരിക്കാന്‍ കഴിയാത്തത്‌ എല്‍.ഡി.എഫിനുള്ള സി.പി.എമ്മിനെ സമര്‍ദ്ദത്തിലാക്കുന്നുണ്ട്‌. എല്‍.ഡി.എഫ്‌ യോഗത്തില്‍ സി.പി.എമ്മിനെതിരെ ഘടക കക്ഷികള്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. തമിഴ്‌നാട്ടിലെ സി.പി.എം പുതിയ അണക്കെട്ടിന്‌ എതിരാണ്‌ എന്നതാണ്‌ സി.പി.എമ്മിനെ കുഴക്കുന്ന പ്രശ്‌നം.

കേന്ദ്രം ഭരിക്കുന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നണിയായിട്ടുപോലും കേന്ദ്രഗവണ്‍മെന്റില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ വരുന്നതാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകത്തെയും യു.ഡി.എഫ്‌ ഗവണ്‍മെന്റിനെയും സമര്‍ദ്ദത്തിലാക്കുന്നത്‌. ഇങ്ങനെ വരുമ്പോള്‍ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വരും ദിവസങ്ങള്‍ എത്ര വേഗം മുന്നോട്ടു പോകാന്‍ കഴിയുമെന്ന്‌ കാത്തിരുന്നു കാണേണ്ടി വരും. ഇടുക്കിയില്‍ ഉയര്‍ന്നിരിക്കുന്ന പൊതുജനരോക്ഷവും സമരങ്ങളും തമിഴ്‌നാടിനെ അലോസരപ്പെടുത്തുമെന്നത്‌ വരും ദിവസങ്ങളില്‍ കൂടുതല്‍ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക്‌ പോകുമെന്നത്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും പറയാന്‍ കഴിയില്ല.

അണക്കെട്ടിന്‌ കടുത്ത പ്രശ്‌നത്തിലേക്ക്‌ നീങ്ങിയാല്‍ പ്രതീക്ഷിക്കാവുന്ന അപകടങ്ങള്‍ നേരിടുന്നതിന്‌ വിദഗ്‌ധ സംഘം 2007ല്‍ പഠനങ്ങള്‍ക്ക്‌ ശേഷം ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നു. ഈ പദ്ധതി ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിനില്‍ക്കുകയാണ്‌. കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേട്‌ മനസിലാക്കാന്‍ ഇതിലും വലിയ ഉദാഹരണമെന്നും ആവിശ്യവുമില്ല.

ഇങ്ങനെയുള്ള രാഷ്‌ട്രീയ കാലാവസ്ഥയില്‍ അനുകൂലമായ ഒരു കോടതി വിധിയിലാണ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനുകൂലമായ ഒരു വിധി ഉണ്ടാകുന്നത്‌ വരെ മലയാളി സമൂഹവും ഭീതിയുടെ മുള്‍മുനയില്‍ തന്നെയാവും എന്ന കാര്യത്തില്‍ ഇനി സംശയവും വേണ്ട.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക