Image

മുല്ലപ്പെരിയാര്‍ പ്രശ്‌നം - ഫൊക്കാന പിന്തുണ പ്രഖ്യാപിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 02 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നം - ഫൊക്കാന പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്‌: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാദ്ധ്യസ്ഥരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും നീതിന്യായ കോടതികളുടേയും നിരുത്തരവാദിത്വപരമായ സമീപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാകരുതെന്ന്‌ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഒരു പ്രമേയത്തിലൂടെ കേരള സാര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമാകാനുള്ള പ്രധാന കാരണം കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ കമ്മിറ്റി വിലയിരുത്തി. അപകടകരമാംവിധം ജലനിരപ്പ്‌ ഉയര്‍ന്നിട്ടും മന്ത്രിമാര്‍ പതിവു പല്ലവി തുടരുന്നതും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക്‌ വിമാനം കയറുന്നതും വെറും പ്രഹസനമാണെന്നും, ഭീതിതരായി കഴിയുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉടനടി പരിഹാരം കാണണമെന്നും പ്രസിഡന്റ്‌ ജി.കെ. പിള്ള പ്രസ്‌താവിച്ചു.

തമിഴ്‌നാടിന്റെ ദുര്‍വാശിക്കു മുന്‍പില്‍ കേരളം തോറ്റുകൊടുക്കേണ്ട ആവശ്യമില്ല. 117 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്‌ ബലക്ഷയം സംഭവിക്കുകയും, തുടര്‍ച്ചയായി ഭൂകമ്പങ്ങളുണ്ടാകുകയും ചെയ്യുന്ന സ്ഥിതിക്ക്‌ പുതിയൊരു അണക്കെട്ട്‌ നിര്‍മ്മിച്ച്‌ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാകണമെന്ന്‌ ഫൊക്കാന നേതാക്കള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

യുദ്ധാകാലാടിസ്ഥാനത്തില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മാണം ആരംഭിക്കുകയോ, പ്രശ്‌നപരിഹാരത്തിനായി കക്ഷിരാഷ്ട്രീയമന്യേ ഒറ്റക്കെട്ടായി നിന്ന്‌ പ്രതിവിധി കണ്ടെത്തുകയോ ചെയ്യണമെന്ന്‌ ഫൊക്കാന ആഹ്വാനം ചെയ്‌തു. ഇത്‌ ഒരു വിഭാഗത്തിന്റേയോ, ഒരു പ്രദേശത്തിന്റേയോ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ മൊത്തം പ്രശ്‌നമാണ്‌. അതുകൊണ്ട്‌ എല്ലാ ജനങ്ങളും ഒരുമിച്ച്‌ നിന്ന്‌ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ നേരിടണമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന്‌ എല്ലാ നേതാക്കളും ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം - ഫൊക്കാന പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക