Image

ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ പുതിയ പന്ഥാവിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2011
ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ പുതിയ പന്ഥാവിലേക്ക്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി 2004-ല്‍ രൂപീകരിച്ച ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (എഫ്‌.ഐ.സി.എ.എ) എന്ന സംഘടനയുടെ ഒരു നാഷണല്‍ ടെലി കോണ്‍ഫറന്‍സ്‌ മീറ്റിംഗ്‌ ഇക്കഴിഞ്ഞ നവംബര്‍ 23-ന്‌ നടക്കുകയുണ്ടായി. അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും, വിവിധ സംഘടനകളില്‍ സാരഥ്യംവഹിച്ചിട്ടുള്ളയാളുമായ ശ്രീ എം.സി ജോര്‍ജ്‌ മീറ്റിംഗിന്റെ മോഡറേറ്ററായിരുന്നു. കാത്തലിക്‌ അസോസിയേഷനില്‍ തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റായും, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനായും സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹമാണ്‌ എഫ്‌.ഐ.സി.സി.എയുടെ മുഖ്യശില്‍പികളില്‍ ഒരാള്‍. ഇപ്പോള്‍ അദ്ദേഹം ടെക്‌സാസില്‍ ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന കാത്തലിക്‌ അസോസിയേഷനുകളുടെ സംഘടനാ നേതാക്കള്‍ പ്രസ്‌തുത മീറ്റിംഗില്‍ പങ്കെടുക്കുയുണ്ടായി. `ഫിക്കാ' ഫെഡറേഷന്റെ ഭാരവാഹികളെല്ലാംതന്നെ അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരും നേതാക്കളുമാണ്‌.

ഫെഡറേഷന്റെ പ്രസിഡന്റ്‌ ജോര്‍ജ്‌ ഇടയോടി ജോലിയില്‍ നിന്നും വിരമിച്ച്‌ നാട്ടില്‍ അവധിക്ക്‌ പോയതിനാല്‍ താല്‍സ്ഥാനം വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ കല്ലുപുരയെ ഏല്‍പ്പിച്ചിരിക്കുകയാണ്‌. ജേക്കബ്‌ കല്ലുപുരയ്‌ക്കല്‍ ബോസ്റ്റണില്‍ അറിയപ്പെടുന്ന ഒരു അറ്റോര്‍ണിയും, ഇന്റര്‍നാഷണല്‍ ബിസിനസ്സിലും ബാങ്കിംഗിലും, ഇന്‍വെസ്റ്റ്‌മെന്റ്‌ മേഖലയിലും സ്‌പെഷലൈസ്‌ ചെയ്‌തിട്ടുള്ളയാളുമാണ്‌. കാത്തലിക്‌ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാനും ആയിരുന്നിട്ടുള്ള സിറിയക്‌ തോട്ടമാണ്‌ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി. അദ്ദേഹം ക്‌നാനായ സമുദായത്തിലെ അറിയപ്പെടുന്ന സംഘാടകനും നേതാവും കൂടിയാണ്‌.

ന്യൂയോര്‍ക്ക്‌ ട്രൈസ്റ്റേറ്റില്‍ സമീപകാലം വരെ പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ജെ. ഗ്രിഗറി ഫെഡറേഷന്റെ ബൈലോ കമ്മിറ്റി ചെയര്‍മാനും കാത്തലിക്‌ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാണ്‌.

ഈയിടെ ന്യൂയോര്‍ക്ക്‌ റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്സേച്ചര്‍ ആയി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായി നിന്ന്‌ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആനി പോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്റെ (എഫ്‌.ഐ.സി.എ.എ) ജോയിന്റ്‌ സെക്രട്ടറിയും സജീവാംഗവുംകൂടിയായിരുന്നു എന്നുള്ളത്‌ അസോസിയേഷനില്‍ പുതിയ ഉണര്‍വ്‌ ഉണ്ടാക്കുന്നതിനും അമേരിക്കയില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന കാത്തലിക്‌ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ വിലയിരുത്തുന്നതിനും കാരണമാക്കി.

ആനി പോളിന്റെ ഇലക്ഷന്‍ കാമ്പയിന്‍ മാനേജരായി പ്രവര്‍ത്തിക്കുകയും ന്യൂയോര്‍ക്ക്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയുടെ ഉന്നത വ്യക്തികള്‍ക്ക്‌ നല്‍കുന്ന `കെന്നത്ത്‌ സെബ്രോസ്‌കി 2011 സിവിക്‌ അവാര്‍ഡിന്‌' അര്‍ഹനുമായ ശ്രീ ഇന്നസെന്റ്‌ ഉലഹന്നാന്‍ ഫെഡറേഷന്റെ നാഷണല്‍ ട്രഷററും കാത്തലിക്‌ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും കൂടിയാണെന്നുള്ളത്‌ എഫ്‌.ഐ.സി.എ.എയെ സംബന്ധിച്ചടത്തോളം അഭിമാനിക്കാവുന്ന ഒന്നാണെന്ന്‌ കോണ്‍ഫറന്‍സ്‌ മീറ്റിംഗില്‍ വിലയിരുത്തുകയുണ്ടായി.

ബോസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `ലാസലേറ്റ്‌ മിഷനറി' സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന റവ.ഡോ. വില്യം കാളിയാടന്‍ ആയിരുന്ന പ്രസ്‌തുത മീറ്റിംഗ്‌ ആശീര്‍വദിച്ച്‌ പ്രാര്‍ത്ഥിച്ചതും, സംഘടനയ്‌ക്ക്‌ ആവശ്യമായ ആത്മീയ ചൈതന്യം പകര്‍ന്നതും. ആനി പോളിന്റെ വിജയം നമുക്കെല്ലാവര്‍ക്കും അഭിമാനിക്കത്തക്കതാണെന്നും അതുപോലെതന്നെ ഇന്നസെന്റിനെ പോലുള്ളവര്‍ക്ക്‌ സമീപഭാവിയില്‍ അമേരിക്കന്‍ മുഖ്യധാരയില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കാന്‍ സാധിക്കുമെന്നും അതിന്‌ കാത്തലിക്‌ സമൂഹം ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

ന്യൂയോര്‍ക്കിലെ കാത്തലിക്‌ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും എസ്‌.എം.സി.സി നാഷണല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ അംഗവുംകൂടിയായ ജോസ്‌ ഞാറക്കുന്നേല്‍, വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ന്യൂയോര്‍ക്ക്‌ റീജിയണല്‍ ജനറല്‍ സെക്രട്ടറിയും, എസ്‌.എം.സി.സി ഗവേണിംഗ്‌ കൗണ്‍സില്‍ അംഗവും, ഒരു പ്രമുഖ സാഹിത്യകാരനും സംഘാടകനും കൂടിയായ ഷോളി കുമ്പിളുവേലി, കാത്തലിക്‌ അസോസിയേഷന്റെ ആരംഭകാല പ്രവര്‍ത്തകനും, മുന്‍ പ്രസിഡന്റും എഴുത്തുകാരനും ഭാഷാ പണ്‌ഡിതനും നിയമജ്ഞനുംകൂടിയായ തോമസ്‌ ഇ. മാത്യു, മാത്യു തോയല്‍ എസ്‌.എം.സി.സിയുടെ ഫൗണ്ടിംഗ്‌ മെമ്പര്‍മാരിലൊരാളും ടെക്‌സാസിലെ റോയല്‍ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ ക്രിസ്‌ത്യന്‍ അഡല്‍ട്ട്‌ ഹോമിന്റെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌മാരില്‍ ഒരാളും കൂടിയായ തോമസ്‌ എം. തോമസ്‌ (ന്യൂജേഴ്‌സി), ടെക്‌സാസില്‍ നിന്നും ഫാന്‍സിമോള്‍ പള്ളാത്തുമഠം, കാലിഫോര്‍ണിയയില്‍ നിന്നും ജോസ്‌ ഞാറക്കുന്നേല്‍, ഫ്‌ളോറിഡയില്‍ നിന്നും ഗ്രേസ്‌ ജോര്‍ജ്‌, അറ്റ്‌ലാന്റയില്‍ നിന്നും സേവ്യര്‍ കൂട്ടപ്പിള്ളി, ചിക്കാഗോയില്‍ നിന്നും ജോസ്‌ കല്ലിടുക്കില്‍, ലോസ്‌ആഞ്ചലസില്‍ നിന്നും ജോസ്‌ പി. വര്‍ക്കി, ന്യൂയോര്‍ക്കില്‍ നിന്നും തോമസ്‌ കൂവള്ളൂര്‍ തുടങ്ങി നിരവധി അറിയപ്പെടുന്ന മഹദ്‌വ്യക്തികളെ കൂട്ടിയിണക്കാന്‍ ഈ മീറ്റിംഗിലൂടെ സാധിച്ചു എന്നുള്ളത്‌ ചരിത്രപരമായ ഒരു നേട്ടമായി സംഘടനാ ഭാരവാഹികള്‍ വിലയിരുത്തുകയുണ്ടായി.

ആനി പോളും ഇന്നസെന്റും സംഘടനയിലൂടെ പ്രവര്‍ത്തിച്ച്‌ തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിച്ചാണ്‌ അമേരിക്കന്‍ മുഖ്യധാരയിലേക്ക്‌ കടന്നുചെന്നതെന്നും അവരെ മാതൃകയാക്കി കാത്തലിക്‌ സമൂഹത്തെ യുവജനങ്ങളും സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരണമെന്നും, സംഘടനാ നേതാക്കള്‍ അതിനുള്ള ഉത്തേജനവും വേദികളും യുവജനങ്ങള്‍ക്ക്‌ നല്‍കണമെന്നും അങ്ങനെ ഭാവിയില്‍ അമേരിക്കന്‍ മുഖ്യധാരയില്‍ നിരവധി സ്ഥാനങ്ങള്‍ പിടിച്ചുപറ്റാന്‍ കാത്തലിക്‌ സമൂഹത്തിന്‌ ഇടവരട്ടെ എന്നും തന്റെ ഉപസംഹാര പ്രസംഗത്തില്‍ ജേക്കബ്‌ കല്ലുപുരയ്‌ക്കല്‍ പറയുകയുണ്ടായി.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താമസിയാതെ തന്നെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നേതാക്കളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ഒരു സമ്മേളനം ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റര്‍ ഏരിയയില്‍ വിളിച്ചുകൂട്ടേണ്ടതാണെന്നും ആ സമ്മേളനത്തില്‍ ആനി പോളിനേയും ഇന്നസെന്റ്‌ ഉലഹന്നാനേയും ആദരിക്കേണ്ടതാണെന്നും തീരുമാനിച്ചു. പ്രസ്‌തുത ചുമതല വഹിക്കാന്‍ ലോക്കല്‍ കോര്‍ഡിനേറ്റര്‍മാരായി തോമസ്‌ കൂവള്ളൂരിനേയും, ഷോളി കുമ്പിളുവേലി, ജോസ്‌ ഞാറക്കുന്നേല്‍, ജോര്‍ജ്‌ ജോസഫ്‌ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

അടുത്ത സമ്മറില്‍ ബോസ്റ്റണിലെ കേപ്‌കോട്‌ കേന്ദ്രീകരിച്ച്‌ മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും വേണ്ടി വെവ്വേറെ ഒരു നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തുന്നതിനും ആ ചുമതല ഫെഡറേഷന്റെ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ ജേക്കബ്‌ കല്ലുപുരയ്‌ക്കല്‍ ഏറ്റതായും അറിയിച്ചു.

ഇന്ത്യയില്‍ ജാര്‍ഘണ്ട്‌ സംസ്ഥാനത്ത്‌ സാമൂഹ്യ സേവനം നടത്തിക്കൊണ്ടിരുന്ന സിസ്റ്റര്‍ വത്സാ ജോണിനെ സാമൂഹ്യവിരുദ്ധര്‍ അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തിയതില്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (എഫ്‌.ഐ.സി.എ.എ) അതിശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തുകയും കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ഇന്ത്യന്‍ പ്രസിഡന്റിനോടും അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിക്കുകയും പ്രമേയം പാസാക്കി അയയ്‌ക്കുകയും ചെയ്‌തു. ഇന്ത്യയില്‍ ഇടയ്‌ക്കിടെ ന്യൂനപക്ഷങ്ങളുടെ മേല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഢനങ്ങളെ മൂകസാക്ഷികളായി നോക്കിക്കൊണ്ടിരിക്കാതെ അവയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരേണ്ടത്‌ നമ്മുടെ കടമയാണെന്ന്‌ എല്ലാവരും ഏകസ്വരത്തില്‍ പറയുകയുണ്ടായി. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക