Image

ഹോളോക്കോസ്റ്റ്‌- നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്രനോവല്‍: ഭാഗം-1: സാം നലമ്പള്ളില്‍)

Published on 24 August, 2014
ഹോളോക്കോസ്റ്റ്‌- നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്രനോവല്‍: ഭാഗം-1: സാം നലമ്പള്ളില്‍)
1943. ഫെബ്രുവരിയിലെ അതിശൈത്യമുള്ള സന്ധ്യക്കാണ്‌ ഐക്ക്‌മാന്‍ അവളുടെടെവീട്ടില്‍ വന്നുകയറിയത്‌. ട്രൈവറെ ഒഴിവാക്കി അയാള്‍തന്നെയാണ്‌ പുതിയ മെഴ്‌സ്‌ഡീസ്‌ ബെന്‍സ്‌ ഓടിച്ചുകൊണ്ടുവന്നത്‌. സ്വന്തമല്ലെങ്കിലും സ്വന്തംപോലെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തന്നിരിക്കുന്ന കാര്‍ തന്റെ വെപ്പാട്ടിയെ കാണിക്കണം എന്നൊരു ഉദ്ദേശംകൂടി ഉണ്ടായിരുന്നു ഇപ്പോഴത്തെ വരവില്‍.

വെളിയില്‍ രണ്ടടി ഉയരത്തില്‍ മഞ്ഞുവീണുകിടക്കുന്ന ഈ രാത്രിയില്‍ തന്റെ വിഐപി കസ്റ്റമര്‍ വരുമെന്ന്‌ മറിയ പ്രതീക്ഷിച്ചിരുന്നില്ല. ഇയാള്‍ വരവ്‌ തുടങ്ങിയതിനുശേഷം പഴയ അലവലാതി കാമുകന്മാരെയെല്ലാം അവള്‍ ഒഴിവാക്കിയിരിക്കയാണ്‌. ഇവന്‍ വന്നതിന്‌ ശേഷമാണ്‌ അന്തസ്സായി ജീവിക്കാനുള്ള വക തനിക്കുണ്ടായതെന്ന്‌ അവള്‍ ഓര്‍ത്തു. അതിനുള്ള കടപ്പാട്‌ അവള്‍ക്ക്‌ അയാളോടുണ്ട്‌.

`ഹണി, ഈരാത്രിയില്‍ നീ വരുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,' അയാളുടെ ഓവര്‍ക്കോട്ട്‌ ഊരിക്കൊണ്ട്‌ അവള്‍ പറഞ്ഞു. `നിന്നെ ഐസുപോലെ തണുത്തിരിക്കുന്നു. ഞാന്‍ നിനക്ക്‌ ഒരുഗ്‌ളാസ്‌ റെഡ്‌വൈന്‍ എടുക്കട്ടെ.`

`ഷുവര്‍,' ഹെര്‍ത്തിനുസമീപംചെന്ന്‌ മരവിച്ച കൈകള്‍ ചൂടാക്കികൊണ്ട്‌ അയാള്‍ പറഞ്ഞു. `ഈ രാത്രിയില്‍ വരണമെന്ന്‌ ഞാനും വിചാരിച്ചതല്ല. പിന്നെ നിന്നെ ഓര്‍ത്തപ്പോള്‍ രക്തത്തിന്‌ ചൂടുപിടിക്കുന്നതുപോലെ തോന്നി.'

അതുകേട്ട്‌ അവള്‍ ചിരിച്ചു.

`എന്നെ മാത്രമെയുള്ളോ, അതോ നിന്റെ വെപ്പാട്ടിമാരെയെല്ലാം ഓര്‍ക്കുമ്പോള്‍ രക്തം തിളക്കുമോ? നിന്റെ ഭാര്യയെ നീ ഓര്‍ക്കാറില്ലേ?'

`വെറ അങ്ങുദൂരെയല്ലേ, ഓസ്‌ട്രിയായില്‍? അവിടെ ഞാന്‍പോയിട്ട്‌ വര്‍ഷം ഒന്നാകാന്‍പോകുന്നു. ഭാര്യയേം മക്കളേം കാണാന്‍ എനിക്ക്‌ ആഗ്രഹമില്ലെന്നാണോ നീ വിചാരിക്കുന്നത്‌?' മറിയകൊടുത്ത വൈന്‍ നുണഞ്ഞുകൊണ്ട്‌ അയാള്‍ കൗച്ചില്‍ ഇരുന്നു.

പലരാജ്യങ്ങളിലായി മൂന്നാല്‌ വെപ്പാട്ടിമാരും ഓസ്‌ട്രിയയില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയും അയാള്‍ക്കുണ്ട്‌. സ്‌നേഹം കൂടുതല്‍ ഭാര്യയോടാണെങ്കിലും രക്തം തിളക്കുന്നതായി തോന്നുന്നത്‌ മറിയയെ ഓര്‍ക്കുമ്പോളാണ്‌. ചെക്കോസ്‌ളാവേക്ക്യയിലും, പോളണ്ടിലുമൊക്കെ ആയിരിക്കുമ്പോള്‍ മറ്റുള്ളവരുടെയടുത്ത്‌ പോകുമെന്നുമാത്രം.

മടുപ്പിക്കുന്നപണി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ മനസിന്‌ ഒരുന്മേഷം നല്‍കാന്‍ ഈ പെണ്ണുങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ സാധിക്കുക? കുടുംബമാണെങ്കില്‍ എളുപ്പന്നൊന്നും ചെന്നുപറ്റാന്‍ വയ്യാത്തസഥലത്ത്‌. മറിയയുടെ മണംപിടിച്ച്‌ കിടക്കുമ്പോള്‍ മനസിനെ അലട്ടുന്ന കാര്യങ്ങളെല്ലാം അയാള്‍ മറക്കും.

`ഐക്ക,്‌ നിനക്ക്‌ വിശക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആഹാരം പാചകംചെയ്യാം.' അവള്‍ പറഞ്ഞു. `ഇന്നലത്തെ ശേഷിപ്പ്‌ പൊട്ടറ്റോസാലഡ്‌ തിന്നിട്ട്‌ കിടക്കാമെന്നാണ്‌ ഞാന്‍ വിചാരിച്ചത്‌.'

`നീയിനി കുക്ക്‌ ചെയ്യുകയും ഒന്നും വേണ്ട. എനിക്ക്‌ വലിയ വിശപ്പൊന്നും ഇല്ല. ഈ വൈന്‍തന്നെ ധാരാളം.'

പെണ്ണുപോലെ ചുവന്ന വൈനും ഐക്ക്‌മാന്റെ ബലഹീനതയാണ്‌. ഒരുദിവസം പലപ്പോഴായി ഒരുബോട്ടില്‍ അകത്താക്കും. തല മരവിച്ചിരുന്നെങ്കിലേ മനസിനെ നോവിക്കാതെ പണിചെയ്യാന്‍ സാധിക്കൂ; യഹൂദരെ കൂട്ടക്കൊല ചെയ്യുകയെന്ന അവന്റെ പണി. അതിന്‌ തന്റെ നേതാവ്‌ ഹിറ്റ്‌ലര്‍ കേള്‍ക്കാന്‍സുഖമുള്ള മറ്റൊരുപേരാണ്‌ നല്‍കിയിരിക്കുന്നത്‌. `യഹൂദ പ്രശ്‌നത്തിന്‌ അന്തിമപരിഹാരം.' The final solution of Jewish question.

ഓരോദിവസവും ആയിരക്കണക്കിന്‌ ആളുകളെ പലവിധത്തില്‍ കൊന്നൊടുക്കുമ്പോള്‍പോലും ഐക്ക്‌മാന്‌ മനസാക്ഷിക്കുത്ത്‌ അനുഭവപ്പെടാറില്ല. താന്‍ ആരെയും കൊന്നിട്ടില്ലല്ലോ. സീനിയര്‍ സ്റ്റോം (Senior Storm ) ഡിപ്പാര്‍ട്ടുന്റ്‌ തലവന്‍ എന്നനിലക്ക്‌ മുകളില്‍നിന്നുള്ള ആജ്ഞകള്‍ അനുസരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എസ്സെസ്സ്‌ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ ജര്‍മന്‍ പോലീസ്‌ ഫോര്‍സിന്റെ ലെഫ്‌റ്റനന്റ്‌ കേണലാണ്‌ ഐക്കമാന്‍. പോളണ്ട്‌, ചെക്കോസ്‌ളാവേക്കിയ, ഹങ്കറി മുതലായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ലക്ഷക്കണക്കിന്‌ യഹൂദരെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യമാണ്‌ അയാള്‍ ഏറ്റെടുത്തിരിക്കുന്നത്‌. ഏല്‍പ്പിച്ചിക്കുന്ന ജോലി ഭംഗിയായിചെയ്‌ത്‌ ഫ്യൂരറുടെ (ലീഡര്‍) പ്രീതിസമ്പാതിക്കുക എന്ന ഒരുദ്ദേശമേ ഐക്ക്‌മാനുള്ളു.

ദി തേഡ്‌ റൈച്ച്‌ (The Third Reich) എന്നാണ്‌ ഹിറ്റ്‌ലര്‍ ജര്‍മനിക്ക്‌ പേരിട്ടത്‌. എന്നുവെച്ചാല്‍ മൂന്നാം സാമ്രാജ്യം. ഈ സാമ്രാജ്യം കിഴക്കോട്ട്‌ റഷ്യവരെയും തെക്കോട്ട്‌ ഫ്രാന്‍സും കടന്ന്‌ സ്‌പെയിന്‍ വരെയും വ്യാപിപ്പിക്കുന്നതിനെപ്പറ്റിയാണ്‌ ഹിറ്റ്‌ലര്‍ സ്വപ്‌നംകണ്ടത്‌. ഈരാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന്‌ യഹൂദര്‍ സാമ്രാജ്യത്തിന്റെ ശത്രുക്കളാണ്‌. അവരെ ഉന്മൂലനം ചെയ്യുക. അതിന്‌ പറ്റിയ ആളാണ്‌ ഐക്ക്‌മാന്‍

ഇപ്പോള്‍ റെഡ്‌വൈനിന്റെ ലഹരിയില്‍ മറിയയുടെ സമീപം ബ്‌ളാങ്കറ്റിനടിയില്‍ കിടന്നുകൊണ്ട്‌ ഐക്ക്‌ ആലോചനയില്‍ മുഴുകി. യൂറോപ്പില്‍ ആകെക്കൂടി ഒരുകോടിയില്‍പരം യഹൂദരെങ്കിലും കാണും. അത്രയുംപേരെ വെടിവെച്ചുകൊല്ലുക അസാധ്യം. കുടിവെള്ളത്തിലോ ആഹാരത്തിലോ വിഷംചേര്‍ത്ത്‌ കൊടുത്താലോ? എന്നാലും ലക്ഷങ്ങളെ ഒറ്റയടിക്ക്‌ കൊല്ലാന്‍ സാദ്ധ്യമല്ല. പിന്നെന്താണൊരു മാര്‍ഗം? തലപുകച്ചിട്ട്‌ കാര്യമില്ല. അയാള്‍ മറിയയുടെ വശത്തേക്ക്‌ തിരിഞ്ഞുകിടന്നു.

നൈറ്റ്‌ ലാമ്പിന്റെ വെളിച്ചത്തില്‍ അവളുടെ മുഖംകാണാം. പാവം ഉറങ്ങുകയാണ്‌. താന്‍ ആരാണെന്നോ, ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ എന്താണെന്നോ അവള്‍ക്കറിയില്ല. ഒരുപക്ഷേ, അറിഞ്ഞാല്‍ അവള്‍തന്നെ വെറുക്കുമോ? സാദ്ധ്യതയില്ല. അവള്‍ വെറുമൊരു വേശ്യയല്ലേ? താന്‍കൊടുക്കുന്ന പണമാണ്‌ അവള്‍ക്ക്‌ പ്രധാനം. കഴിഞ്ഞപ്രവശ്യം വന്നപ്പോള്‍ വിലപിടിപ്പുള്ള ഒരു ബ്രെയ്‌സ്‌ലറ്റാണ്‌ കൊണ്ടുവന്ന്‌ കൊടുത്തത്‌, രത്‌നങ്ങള്‍ പതിച്ചത്‌; ധനവാനായ ഒരു യഹൂദനില്‍നിന്ന്‌ അപഹരിച്ചതായിരുന്നു. സ്വര്‍ണവും പണവും ഇതുപോലെ കൈവരുമ്പോള്‍ അതില്‍ ഒരുപങ്ക്‌ മറിയക്ക്‌ കൊടുക്കാന്‍ സന്തോഷമേയുള്ളു. വിഷയസംതൃപ്‌തി പൂര്‍ണമായി അനുഭവിക്കുന്നത്‌ അവളെ സമീപിക്കുമ്പോളാണ്‌. നൈറ്റ്‌ലാമ്പിന്റെ വെളിച്ചത്തില്‍ അയാള്‍ അവളെ നോക്കിക്കൊണ്ട്‌ കിടന്നു.

മറിയ സുന്ദരിയാണ്‌, നല്ല ആരോഗ്യമുള്ളവള്‍. അവളിപ്പോള്‍ തന്റെ സ്വന്തമാണ്‌. ഒരു വ്യവസ്ഥ മാത്രമേ അവളോട്‌ ആവശ്യപ്പെട്ടിട്ടുള്ളു. താനല്ലാതെ മറ്റൊരു പുരുഷനെ അവളുടെ കിടപ്പറയിലേക്ക്‌ സ്വീകരിക്കരുത്‌. അവള്‍ അത്‌ പാലിക്കുന്നുണ്ടെന്നാണ്‌ വിശ്വാസം. അവന്‍ അവളെ പുണര്‍ന്ന്‌ ചുംബിച്ചു. ഉറക്കത്തിനിടയില്‍ അവള്‍ പുഞ്ചിരിക്കുന്നത്‌ ഐക്ക്‌ കണ്ടു.


അദ്ധ്യായം ഒന്ന്‌


ഉരുളന്‍കിഴങ്ങ്‌ എട്ടെണ്ണം തൊലികളഞ്ഞ്‌ ഗ്രേറ്റിങ്ങ്‌ ബോര്‍ഡില്‍വെച്ച്‌ ചുരണ്ടിയെടുത്തുകഴിഞ്ഞപ്പോളാണ്‌ സവാളയുള്ളി ഇല്ലല്ലോ എന്നകാര്യം സെല്‍മ ഓര്‍ത്തത്‌. പച്ചക്കറിക്കൂട പരതിനോക്കിയപ്പോള്‍ ചെറിയത്‌ രണ്ടെണ്ണംകിട്ടി. അതില്‍ ഒരെണ്ണത്തിന്റെപുറം അല്‍പം ചീഞ്ഞതാണ്‌. സാരമില്ല, പുറത്തെ രണ്ടിതളുകള്‍ അടര്‍ത്തികളഞ്ഞാല്‍മതി; അകം നല്ലതായിരിക്കും. അടുക്കളയിലേക്ക്‌ ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ്‌ ഇന്നലെത്തന്നെ ജൊസേക്കിന്റെ കയ്യില്‍ കൊടുത്തതാണ്‌. വൈകിട്ട്‌ ജോലികഴിഞ്ഞ്‌ നേരെയിങ്ങ്‌ പോന്നു. ചോദിച്ചപ്പോള്‍ പറയുകയാ വാങ്ങിക്കാന്‍ മറന്നുപോയെന്ന്‌. ഇങ്ങനത്തെ ഭര്‍ത്താക്കന്മാരുണ്ടായാല്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ വിഷമിച്ചതുതന്നെ. ഇന്ന്‌ ഹനൂക്കാ ഉത്സവത്തിന്റെ ആദ്യദിവസമാണെന്നുള്ള ഓര്‍മയെങ്കിലും വേണ്ടേ? എട്ടു ദിവസത്തെ ആഘോഷമാണ്‌. എണ്ണയില്‍ പൊരിച്ച ആഹാരമാണ്‌ ഹനൂക്കാ ആചാരത്തിന്റെ വിശേഷവിഭവം. അതൊരു പഴയ സംഭവത്തിന്റെ ഓര്‍മക്കുവേണ്ടിയിട്ടാണ്‌ യഹൂദര്‍ ആചരിക്കുന്നത്‌.

അര്‍മീനിയക്കാര്‍ ജറുസലേം കീഴടക്കിയിട്ട്‌ അവരുടെ ദൈവങ്ങളെ യഹൂദരുടെ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചു. ഗ്രീക്ക്‌ ദൈവങ്ങളെ വണങ്ങാന്‍ വിസമ്മതിച്ച യഹൂദര്‍ സംഘടിച്ച്‌ യുദ്ധംചെയ്‌ത്‌ ശത്രുക്കളെ പുറത്താക്കി തങ്ങളുടെ ദേവാലയം വീണ്ടെടുത്തു. വിദേശികള്‍ അശുദ്ധമാക്കിയ ദേവാലയം ശുദ്ധീകരിക്കാന്‍ എണ്ണയില്‍തിരിയിട്ടു കത്തിച്ച്‌ എട്ടുദിവസം പുകക്കണമെന്നതാണ്‌ ആചാരം. പക്ഷേ, ഒരുദിവസം പുകക്കാനുള്ള എണ്ണമാത്രമേ അവരുടെ കൈവശം ഉണ്ടായിരുന്നുള്ളു. എന്തായാലും ആചാരം മുടങ്ങാതിരിക്കാന്‍ ഒന്നാംദിവസം അവര്‍ തിരികത്തിച്ചു. അത്ഭുതമെന്നുപറയട്ടെ ഒരുദിവസത്തേക്ക്‌ മാതം ഉണ്ടായിരുന്ന എണ്ണകൊണ്ട്‌ എട്ടുദിവസവും അവര്‍ തിരികൊളുത്തി. അതിന്റെ ഓര്‍മക്കാണ്‌ യഹൂദര്‍ ഹനൂക്കാ ഉത്സവം ആഘോഷിക്കുന്നതും എണ്ണപ്പലഹാരം കഴിക്കുന്നതും.

എട്ട്‌ ഉരുളന്‍കിഴങ്ങ്‌ എട്ടുദിവത്തിന്റെ ഓര്‍മക്കാണ്‌. ചുരണ്ടിയെടുത്ത ഉരുളന്‍കിഴങ്ങിന്റെകൂടെ സവാളഅരിഞ്ഞതും ചേര്‍ത്ത്‌ കൈകൊണ്ട്‌ ഞെക്കിപ്പിഴിഞ്ഞ്‌ വെള്ളംകളഞ്ഞിട്ട്‌ രണ്ടുമുട്ടയും റൊട്ടിപ്പൊടിയും പാകത്തിന്‌ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുഴച്ചെടുക്കും. പാത്രത്തില്‍ എണ്ണ തിളക്കുമ്പോള്‍ കുഴച്ചുവെച്ചിരിക്കുന്ന ഉരുളന്‍കിഴങ്ങ്‌ മിശ്രിതം കൈവെള്ളയില്‍ പരത്തി വടചുട്ടെടുക്കുന്നതുപോലെ പൊരിച്ചെടുക്കും. ഇതാണ്‌ ഹനൂക്ക ഉത്സവത്തിലെ പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്ന്‌.

ജൊസേക്ക്‌ ജോലികഴിഞ്ഞെത്തുമ്പോള്‍ സന്ധ്യയാകും. അവന്‌ ആയുധനിര്‍മാണ ഫാക്‌ട്ടറിയിലാണ്‌ ജോലി. ഹിറ്റ്‌ലര്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതുകൊണ്ട്‌ ഫാക്‌ട്ടറി ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ജോലിക്കാരെല്ലാവരും, പ്രത്യേകിച്ച്‌ വിദഗ്‌ധതൊഴിലാളികള്‍, പന്ത്രണ്ടുമണിക്കൂര്‍ ജോലിചെയ്യണമെന്നാണ്‌ ആജ്ഞ; ആഴ്‌ചയുടെ ഏഴുദിവസവും. പക്ഷേ, ജൊസേക്കും മറ്റുയഹൂദത്തൊഴിലാളികളും ശബത്ത്‌ ദിവസമായ ശനിയാഴ്‌ച ജോലിചെയ്യാറില്ല. യുദ്ധം ഉണ്ടാവുകയാണെങ്കില്‍ എല്ലാദിവസവും ജോലിചെയ്യേണ്ടിവരും എന്നാണ്‌ ജര്‍മന്‍കാരന്‍ സൂപ്പര്‍വൈസര്‍ പറഞ്ഞിരിക്കുന്നത്‌; അനുസരിക്കാത്തവര്‍ ശിക്ഷനേരിടേണ്ടിവരുമെന്ന്‌.

എന്തൊക്കെയോ ദുരന്തങ്ങള്‍ സംഭവിക്കാന്‍പോകുന്നു എന്നൊരു ധാരണ യഹൂദരുടെ ഇടയില്‍ മുളപൊട്ടിയിട്ടുണ്ട്‌. അതിന്റെ ലക്ഷണങ്ങളാണ്‌ നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. ജര്‍മന്‍കാര്‍ തങ്ങളെ രണ്ടാംതരം പൗരന്മാരെപ്പോലെ വീക്ഷിക്കാന്‍തുടങ്ങിയിട്ട്‌ നാളുകള്‍ കുറെയായി. നാസികളുടെ പ്രധാനപ്പെട്ട അജണ്ടതന്നെ യഹൂദരെ ഉന്മൂലനം ചെയ്യണം എന്നുള്ളതാണ്‌. അധികാരം അവരുടെ കൈകളില്‍ വന്നുചേര്‍ന്നപ്പോള്‍ യഹൂദസമൂഹം വിറകൊണ്ടു. യഹൂദരോടുള്ള ജര്‍മന്‍കാരുടെ വിദ്വേഷവും, അസൂയയും മുതലെടുത്താണ്‌ ഹിറ്റ്‌ലര്‍ അധികാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്‌. സമൂഹത്തില്‍ ചില വിവേചനങ്ങള്‍ ഉണ്ടാകുമെന്നല്ലാതെ മറ്റ്‌ അനിഷ്‌ഠ സംഭവങ്ങളൊന്നും അവര്‍ പ്രതീക്ഷിച്ചില്ല.

ജൊസേക്ക്‌ അടുത്തകാലത്തായി അത്ര സന്തോഷവാനല്ലെന്ന്‌ സെല്‍മ ശ്രദ്ധിച്ചിട്ടുണ്ട്‌. മക്കളോടൊപ്പമുള്ള കളിയും ചിരയുമൊന്നും ഇപ്പോഴില്ല. അവധിദിവസങ്ങളിലെ പിയാനോവായനയും പാട്ടുപാടലും കേട്ടിട്ട്‌ അനേകമാസങ്ങളായി. വീട്ടില്‍ അധികം സംസാരമില്ല, എന്തെങ്കിലും ചോദിച്ചാല്‍ ഒന്നോരണ്ടോ വാക്കില്‍ മറുപടി പറയും. `എന്താണിത്ര ആലോചിക്കാന്‍?` ഒരിക്കല്‍ ചോദിച്ചു.

`ഒന്നുമില്ല, നീ നിന്റെ കാര്യംനോക്ക്‌,` ദേഷ്യമാണ്‌.

ജോലിഭാരംകൊണ്ടാണ്‌ ഭാവമാറ്റമെന്ന്‌ മനസിലാക്കാനുള്ള ബുദ്ധിയൊക്കെ സെല്‍മക്കുണ്ട്‌. ഹിറ്റലറുടെ ആള്‍ക്കാര്‍ യഹൂദത്തൊഴിലാളികളെ അടിമകളെപ്പോലെയാണ്‌ കണക്കാക്കുന്നത്‌. ഇനിമുതല്‍ നാലുമണിക്കൂര്‍ രാജ്യത്തിനുവേണ്ടി ജോലിചെയ്യണമെന്ന്‌; അതായത്‌ പന്ത്രണ്ടുമണിക്കൂര്‍ ജോലിചെയ്‌താല്‍ എട്ടുമണിക്കൂറിന്റെ ശമ്പളമേ കിട്ടത്തുള്ളു. ബാക്കി നാലുമണിക്കൂര്‍ ശമ്പളമില്ലാതെ ജോലിചെയ്യണം. യുദ്ധം ആരംഭിക്കുകയാണെങ്കില്‍ അത്‌ ആറുമണിക്കൂറായി തീരാനും സാധ്യതയുണ്ടെന്ന്‌ സംസാരമുണ്ട്‌. ഇത്തരം `രാജ്യസ്‌നേഹം' യഹൂദര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്‌.

ജൊസേക്ക്‌ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വീട്ടില്‍ പറയാറില്ല. അയല്‍വക്കകൂട്ടായ്‌മയില്‍ മറ്റുസ്‌ത്രീകള്‍ പറഞ്ഞുള്ള അറിവാണ്‌ സെല്‍മക്ക്‌. യഹൂദര്‍ക്ക്‌ ജര്‍മന്‍ പൗരത്വം നിഷേധിക്കാന്‍ പോകുന്നെന്ന്‌. ഇതൊക്കെ എന്തൊരു അന്യായമാണ്‌? നൂറ്റാണ്ടുകളായി ഈ രാജ്യത്ത്‌ ജീവിക്കുകയും, രാജ്യത്തിന്റെ അഭിവൃത്തിക്കുവേണ്ടി ജര്‍മന്‍കാരെപ്പോലെതന്നെ പണിയെടുക്കകയും ചെയ്‌തിട്ടുള്ള തങ്ങള്‍ക്ക്‌ പൗരത്വത്തിന്‌ അവകാശമില്ലെന്നോ?

എവിടുന്നോ വലിഞ്ഞുകയറിവന്ന ഒരുവന്‍ ഇരുട്ടിവെളുത്തപ്പോഴേക്കും ജര്‍മനിയുടെ നേതാവായി. യഥാര്‍ധത്തില്‍ ഹിറ്റ്‌ലര്‍ ജര്‍മന്‍കാരനല്ല, ഓസ്‌ട്രിയക്കാരനാണ്‌. എട്ടാംക്‌ളാസ്സില്‍ പഠിപ്പുനിറുത്തി കൂലിവേലകള്‍ ചെയ്‌ത്‌ ഗതികെട്ടപ്പോള്‍ ജര്‍മനിയിലേക്ക്‌ കുടിയേറിയതാണ്‌. ഇവിടെവന്ന്‌ ഫാസിസ്റ്റുകളുടെ നാസിപാര്‍ട്ടിയില്‍ചേര്‍ന്ന്‌ അവരുടെ മീറ്റിങ്ങുകളിലും, ഗൂഢാലോചനകളിലും പങ്കെടുത്ത്‌ ചെറിയൊരു നേതാവിയി. നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിനാണ്‌ പോലീസ്‌ അറസ്റ്റുചെയ്‌തത്‌. ഒന്‍പതുമാസത്തെ ജയില്‍വാസംകഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോഴേക്കും രാജ്യംമൊത്തം
അറിയപ്പെടുന്ന നേതാവായിമാറി. പിന്നീടുള്ള വളര്‍ച്ച പെട്ടന്നായിരുന്നു. ജൂതവിരോധം മുതലെടുത്ത്‌ നാസികള്‍ അടുത്ത പാര്‍ലമെന്റ്‌ ഇലക്ഷനില്‍ ഭൂരിപക്ഷം കൈവരിച്ചു; ഹിറ്റ്‌ലര്‍ ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

ഒന്നാം ലോകയുദ്ധം പരാജയപ്പെട്ടത്‌ യഹൂദര്‍ പിന്നില്‍നിന്ന്‌ കുത്തിയതുകൊണ്ടാണെന്ന്‌ ഹിറ്റ്‌ലറും നാസികളും പറഞ്ഞുപരത്തിയത്‌ ജര്‍മന്‍ പൗരന്മാര്‍ വിശ്വസിച്ചിരിക്കയാണ്‌. അങ്ങനെയുളള രാജ്യദ്രോഹികളെ നാടുകടത്തണം; അവരുടെ വസ്‌തുവകകള്‍ പിടിച്ചെടുക്കണം; വേണ്ടിവന്നാല്‍ ഉന്മൂലനംചെയ്യണം. ഇങ്ങനെയുള്ള സംസാരം ഇപ്പോള്‍ എവിടെയും കേള്‍ക്കാം. എന്തൊക്കെയോ ദുരന്തങ്ങള്‍ സംഭവിക്കാന്‍പോകുന്നു എന്നൊരു ചിന്തയാണ്‌ ജൊസേക്കിന്റെ മൗനത്തിന്‌ കാരണം. അതൊക്കെപറഞ്ഞ്‌ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ വെറുതെ വിഷമിപ്പിക്കുന്നത്‌ എന്തിനാണ്‌?

`നൂറ്റാണ്ടുകളായി ഈരാജ്യത്ത്‌ ജീവിക്കുന്ന ലക്ഷക്കണക്കിന്‌ യഹൂദരെ നാടുകടത്താനും, ഉന്മൂലനംചെയ്യാനും ഒക്കുന്നകാര്യമാണെന്ന്‌ ആരും വിശ്വസിക്കുന്നില്ല. ഹിറ്റ്‌ലറുടെ ഭരണം നിലനില്‍ക്കുന്നിടത്തോളം കുറെ പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. ഈ മനുഷ്യനും അയാളുടെ പാര്‍ട്ടിയും അനന്തമായിട്ടൊന്നും ജര്‍മനിയെ ഭരിക്കാന്‍ പോകുന്നില്ലല്ലോ; കൂടിവന്നാല്‍ എട്ടോപത്തോ വര്‍ഷം. അതുകഴിയുമ്പോള്‍ ജര്‍മന്‍കാര്‍തന്നെ ഇയാളുടെ ഭരണത്തിന്‌ അറുതിവരുത്തിക്കൊള്ളും. അതുവരെ കുറെ ബുദ്ധിമുട്ടുകള്‍ സഹിക്കുകതന്നെ. യഹൂദവംശത്തിന്‌ ഇതൊന്നും അത്ര പുത്തരിയല്ല. ഈജിപ്‌തില്‍ അടിമകളായി കഴിഞ്ഞിരുന്നകാലം മുതല്‍ കഷ്‌ടപ്പാടുകളും, വിവേചനവും പീഡനങ്ങളും അതിജീവിച്ച്‌ വളര്‍ന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. ഇതുപോലത്തെ ഒരുജനസമൂഹം ലോകത്തില്‍ എവിടെയും ഇല്ല.' ഇതൊക്കെയാണ്‌ റാബി കഴിഞ്ഞദിവസം പ്രസംഗത്തില്‍ പറഞ്ഞത്‌.

`ഫറോവ്‌ മുതലുള്ളവര്‍ ശ്രമിച്ചതല്ലേ നമ്മളെ നശിപ്പിക്കാന്‍; എന്നിട്ടെന്തായി? പിന്നെയാണോ ഈ മുറിമീശക്കാരന്‍?' യാക്കോബ്‌മൂപ്പന്‍ സിനഗോഗിന്റെ മൂലക്കിരുന്ന്‌ പിറുപിറുത്തു. `യഹോവയുടെ ജനമായ നമ്മെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല.`

മൂപ്പന്‍ പറഞ്ഞത്‌ അംഗികരിക്കുന്നമട്ടില്‍ അടുത്തിരുന്നവരെല്ലാം തലകുലുക്കി. അയാള്‍ പിന്നെയും എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു. മൂപ്പന്‍ അവരുടെ സമൂഹത്തിലെ പ്രായംകൂടിയ വ്യക്തിയാണ്‌, നൂറുവയസിന്‌ മേലെ ആയിക്കാണും. ഇപ്പോഴും ആരോഗ്യത്തിന്‌ ഒരു കുഴപ്പവുമില്ല. കണ്ണും, കാതും ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓര്‍മശക്തിക്ക്‌ ഒരുകുറവും ഇതുവരെയില്ല. ഒരുമൈല്‍ദൂരം നടന്നാണ്‌ സിനഗോഗില്‍ വരുന്നത്‌. ഹിറ്റ്‌ലറെയും നാസികളെയും തരംകിട്ടുമ്പോളൊക്കെ വിമര്‍ശിച്ചുകൊണ്ടിരിക്കും.

യാക്കോബ്‌മൂപ്പന്‍ മാത്രമല്ല സിനഗോഗില്‍ വരുന്നവരെല്ലാം ചര്‍ച്ചചെയ്യുന്നത്‌ ഈ വിഷയംതന്നെയാണ്‌. ഓരോദിവസം കഴിയുന്താറും ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്‌ക്കരമായി തീര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മറ്റെന്തുവിഷയത്തെപ്പറ്റിയാണ്‌ സംസാരിക്കാനുള്ളത്‌? തെരുവുപട്ടികളെ കാണുന്നതുപോലെയാണ്‌ ജര്‍മന്‍കാര്‍ ജൂതരെ ഇപ്പോള്‍ വീക്ഷിക്കുന്നത്‌. കൊച്ചുകുട്ടികള്‍വരെ തെരുവില്‍ തങ്ങളെകാണുമ്പോള്‍ പരിഹസിക്കയും തുപ്പുകയും ചെയ്യും. ഇതെല്ലാം നാസികളുടെ പ്രചരണത്തിന്റെ ഫലമാണ്‌. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. തങ്ങളും ജര്‍മന്‍പൗരന്മാരെപ്പോലെ എല്ലാവിധ സ്വാതന്ത്ര്യവും സമത്വവും ആസ്വതിച്ച്‌ ഈ രാജ്യത്തെ തങ്ങളുടെ മാതൃരാജ്യമായി കണക്കാക്കി ജീവിച്ചുവരികയായിരുന്നു. പെട്ടന്നാണ്‌ എല്ലാം തകിടംമറിഞ്ഞത്‌.

യഹൂദര്‍ അവരുടെ വസ്‌തുവകകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്‌ ഏറ്റവുംപുതിയ ഓര്‍ഡര്‍. അതിന്റെ ആവശ്യം എന്തിനാണെന്നാ ജൊസേക്കിന്‌ മനസിലാകാത്തത്‌. വീട്ടിലുള്ള ഫര്‍ണിച്ചറിന്റെ കണക്കുവരെ കൊടുക്കണമെന്ന്‌. ഇങ്ങനെയുമുണ്ടോ ഒരു ഭരണം? ജര്‍മനിയില്‍ ഉടനീളം യഹൂദരുടെ ബിസിനസ്സ്‌ ഒരുദിവസത്തേക്ക്‌ ബഹിഷ്‌ക്കരിച്ചു. സ്ഥിരമായ ബഹിഷ്‌ക്കരണത്തന്റെ മുന്നോടിയാണ്‌ അതെന്നുള്ളത്‌ ആര്‍ക്കാണ്‌ മനസിലാകാത്തത്‌? സമൂഹത്തില്‍ തങ്ങളെ ഒറ്റപ്പെടുത്താനുള്ള പരിപാടികളാണ്‌ ഹിറ്റ്‌ലറും നാസികളും ആസൂത്രണം ചെയ്യുന്നത്‌. മഞ്ഞനിറത്തിലുള്ള നക്ഷത്രഛിഹ്നം (Star of David) അവരുടെ വസ്‌ത്രങ്ങളില്‍ വെളിയില്‍ കാണത്തക്കവിധം ധരിച്ചിരിക്കണം, ഒറ്റനോട്ടത്തില്‍തന്നെ യഹൂദനാണെന്ന്‌ തിരിച്ചറിയാനാണ്‌. യഹൂദ ഡോക്‌ട്ടര്‍മാര്‍ ജര്‍മന്‍കാരെ ചികില്‍സിക്കാന്‍ പാടില്ല, വക്കീലന്മാര്‍ യഹൂദരുടെ കേസുകള്‍മാത്രമേ വാദിക്കാവു. ഇപ്പോള്‍ വന്നുവന്ന്‌ തങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലികളും നിഷേധിച്ചിരിക്കയാണ്‌. ഇതിനൊക്കെ പുറമേയാണ്‌ രാത്രി എട്ടുമണി കഴിഞ്ഞുള്ള കര്‍ഫ്യു. കര്‍ഫ്യു തുടങ്ങിക്കഴിഞ്ഞാല്‍ യഹൂദരെ അവരുടെ വീടിനുവെളിയില്‍ കാണാന്‍ പാടില്ല. എട്ടുമണിക്ക്‌ മുന്‍പ്‌ വീടുപൂകിക്കൊള്ളണം. നിയമം ലംഘിക്കുന്നവര്‍ക്ക്‌ ചാട്ടവാറടിയാണ്‌ ശിക്ഷ.

ആയുധനിര്‍മാണശാലയില്‍ യഹൂദരായ നിര്‍മാണത്തൊഴിയാളികളെ ആവശ്യമുണ്ട്‌, യുദ്ധത്തിന്റെമണം അടിക്കുന്നതുകൊണ്ട്‌. അതുകൊണ്ടാണ്‌ ജൊസേക്കിനെപ്പോലുള്ളവര്‍ നിലനിന്നുപോരുന്നത്‌. അവനൊരു വിദഗ്‌ധത്തൊഴിലാളിയാണ്‌. യന്ത്രത്തോക്കിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ നിര്‍മിക്കാന്‍ അവനെപ്പോലെ അറിയാവുന്നവര്‍ വളരെക്കുറച്ചുപേരെയുള്ളു.

`നീയെന്തിനാടാ ജൊസേക്കേ വെറുതെ വിഷമിക്കുന്നത്‌?' ഫാക്‌ട്ടറിയില്‍ കൂടെജോലിചെയ്യുന്ന സ്റ്റെഫാന്‍ ചോദിച്ചു. ഹിറ്റ്‌ലര്‍ നമ്മളെ കൊന്ന്‌ കുഴിച്ചുമൂടാനൊന്നും പോകുന്നില്ല. ഈ രാജ്യത്തിന്റെ സമ്പത്ത്‌ നമ്മുടെ ആളുകളുടെ കയ്യിലാ. അതിന്റെ അസൂയയാ ഇവന്മാര്‍ക്ക്‌.`

`പക്ഷേ, നമ്മള്‍ നാടുവിടണമെന്ന്‌ പറയുന്നതോ?'

`അത്‌ ഈ പറയുന്നതുപോലെ എളുപ്പമുള്ള കാര്യമാണോ? നമ്മള്‍ ഒന്നുംരണ്ടും പേരൊന്നുമല്ലല്ലോ പിടിച്ച്‌ നാടുകടത്താന്‍. ജര്‍മന്‍കാരുടെ വോട്ടുകിട്ടാന്‍വേണ്ടി നാസികള്‍ എടുത്ത അടവല്ലേ ഇത്തരം സംസാരങ്ങള്‍.'

`എന്തോ എനിക്ക്‌ ഒരു സമാധാനവുമില്ല. എന്തൊക്കെയോ ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോകുന്നെന്ന്‌ മനസ്‌ പറയുന്നു.'

`ഒന്നും സംഭവിക്കില്ല.' സ്റ്റെഫാന്‍ സമാധാനിപ്പിച്ചു. `വെറുതെ ഓരോന്ന്‌ ആലോചിച്ച്‌ മനസ്‌ പുണ്ണാക്കേണ്ട. നീയും ഞാനുമൊക്കെ പോയിക്കഴിഞ്ഞാല്‍ ഈ ഫാക്‌ട്ടറി എങ്ങനെ പ്രവര്‍ത്തിക്കും? ഹിറ്റ്‌ലര്‍ക്ക്‌ യുദ്ധംചെയ്യാന്‍ തോക്ക്‌ ആരുണ്ടാക്കും? ഇവിടുത്തെ വിദഗ്‌ധ തൊഴിലാളികളെല്ലാംതന്നെ നമ്മുടെ ആള്‍ക്കാരല്ലേ?'

`അതൊക്കെ ശരിതന്നെ, എന്നാലും'. ജൊസേക്ക്‌ മുഴുമിപ്പിക്കാന്‍ സ്റ്റെഫാന്‍ അനുവദിച്ചില്ല.

`ഒരെന്നാലുമില്ല. നീ സമാധാനത്തോടെ പോയിക്കിടന്ന്‌ ഉറങ്ങ്‌. ഓക്കേ, നാളെക്കാണാം.'

അവര്‍ രണ്ടുവഴിക്ക്‌ പോയി.

(തുടരും....)


സാം നലമ്പള്ളില്‍
sam3nilam@yahoo.com
ഹോളോക്കോസ്റ്റ്‌- നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്രനോവല്‍: ഭാഗം-1: സാം നലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക