Image

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണം: ഐ.എം.എ

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണം: ഐ.എം.എ
ഷിക്കാഗോ: കേരളത്തിലെ നാലു ജില്ലകളിലെ നാല്‍പ്പത്‌ ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി അനിശ്ചിതമായി നീളുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാജ്യത്തിന്റെ പരമാധികാരിയായ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ സത്വര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഇല്ലിനോയി മലയാളി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ദശകങ്ങളായി പരിഹാരം കാണാതെ കിടക്കുന്ന ഈ പ്രശ്‌നം സമീപകാലത്തെ അടിക്കടിയുണ്ടാകുന്ന ഭൂമികുലുക്കങ്ങളും മറ്റ്‌ അസാധാരണ പ്രകൃതിക്ഷോഭങ്ങളും മൂലം കൂടുതലായി ഭയാനകമായി ഒരു ജനതയുടെ അസ്‌തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതരത്തില്‍ രാക്ഷസരൂപം പ്രാപിച്ചിരിക്കുകയാണ്‌.

രണ്ട്‌ അയല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നടക്കുന്ന കേവലം ഒരു വെള്ളം പങ്കുവെയ്‌ക്കല്‍ തര്‍ക്കമായി ഈ വിഷയത്തെ ലഘൂകരിച്ച്‌ കണാതെ, കാലപ്പഴക്കംകൊണ്ട്‌ പൊട്ടിത്തകരലിന്റെ വക്കില്‍ നില്‍ക്കുന്ന ഒരു അണക്കെട്ടിന്റെ സമീപത്തും, ഡേഞ്ചര്‍ ലോണിലും താമസിക്കുന്ന നിസ്സഹായരായ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ തുടച്ചുമാറ്റിക്കൊണ്ട്‌ സുനാമിയേക്കാള്‍ ഭയാനകമായി ഒരു സംസ്ഥാനത്തിന്റെ ഭൂപടം തന്നെ മാറ്റിയെഴുതപ്പെട്ടേക്കാവുന്ന മനുഷ്യനിര്‍മ്മിത മഹാദുരന്തമായി കണ്ട്‌, പ്രധാന മന്ത്രിയും, കേന്ദ്ര മന്ത്രിസഭയും എത്രയും പെട്ടെന്ന്‌ തന്നെ ഇതില്‍ ഇടപെട്ട്‌, മുന്‍ഗണനാ ക്രമത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, ട്രഷറര്‍ മാത്യു കളത്തില്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അമ്പത്‌ വര്‍ഷത്തെ ആയുസ്സ്‌ മാത്രം പ്രതീക്ഷിച്ചുകൊണ്ട്‌ 1895-ല്‍ കുമ്മായവും സുര്‍ക്കിയും ഉപയോഗിച്ച്‌ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ 116 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്‌. സംഭരണികളിലെ ജലനിരപ്പ്‌ ഉയരുന്നതിനനുസരിച്ച്‌ അണക്കെട്ടിന്റെ അപകട സാധ്യതയും ഉയരുന്നു. മദ്ധ്യതിരുവിതാംകൂറില്‍ മാത്രമല്ല, തമിഴ്‌നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ നാല്‌ ജില്ലകളിലേയും ജലസേചന സ്രോതസായി ഒരു നൂറ്റാണ്ടിലധികം നിലനിന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ സമീപത്തു തന്നെ ആധുനിക സാങ്കേതിക വിദ്യയും അസംസ്‌കൃത വസ്‌തുക്കളുമുപയോഗിച്ചുകൊണ്ട്‌, ഭൂചലനങ്ങളെ ചെറുക്കുന്ന രീതിയില്‍ ദൃഢതയും ദീര്‍ഘായുസ്സുമുള്ള മറ്റൊരു അണക്കെട്ട്‌ നിര്‍മ്മിക്കുക എന്നതാണ്‌ പരിഹാരമായി ജലവിഭവ രംഗത്തെ വിദഗ്‌ധര്‍ ദീര്‍ഘനാളായി അഭിപ്രായപ്പെടുന്നത്‌. പുതുതായി ഒരു അണക്കെട്ട്‌ നിര്‍മ്മിച്ചാല്‍ ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും ഉടമ്പടി പ്രകാരവും അല്ലാതെയുമായി വഴിതിരിച്ചുകൊണ്ടുപോകുന്ന ജലസമ്പത്ത്‌ തങ്ങള്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ തമിഴ്‌നാട്‌ ആശങ്കപ്പെടുന്നു.

അണക്കെട്ട്‌ തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ നാലു ജില്ലകളും ഭൂപടത്തില്‍ നിന്ന്‌ തുടച്ചുമാറ്റപ്പെടും എന്ന്‌ വിവിധ പഠനങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. തലയ്‌ക്കു മുകളില്‍ തുറിച്ചു നോക്കുന്ന ഈ ഭയാനക സത്യവുമായി ഉറക്കം നഷ്‌ടപ്പെട്ടുകൊണ്ട്‌ അണക്കെട്ടിന്റെ അടിവാരങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നീതിക്കുവേണ്ടി സമരം ചെയ്‌തുവരികയാണ്‌. അടുത്തകാലത്തായി തുടരെത്തുടരെയുണ്ടാകുന്ന ഭൂമി കുലുക്കങ്ങളാണ്‌ ഇടുക്കിക്കാരുടെ മാത്രം പ്രശ്‌നമായി അജ്ഞതകൊണ്ട്‌ നിസ്സാരവത്‌കരിക്കപ്പെട്ട ഈ പ്രശ്‌നത്തെ മലയാളി സമൂഹമൊന്നാകെയും അതുവഴി രാഷ്‌ട്രീയ നേതാക്കളും ഗൗരവമായി കണ്ടു തുടങ്ങിയത്‌. ആളിക്കത്തിക്കപ്പെട്ട വികാത്തള്ളലില്‍ തമിഴ്‌ ജനതയും പ്രാദേശിക വിഭാഗീയതയോടെ പൊട്ടിത്തെറിയുടെ വക്കില്‍ ശൗര്യത്തോടെ നിലകൊള്ളുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന്‌ ശക്തനായ ഒരു മൂന്നാം ശക്തിയുടെ മധ്യസ്ഥത അനിവാര്യമായിരിക്കുന്നു. രാഷ്‌ട്രീയത്തിനതീതമായി, ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി കണ്ട്‌ രണ്ട്‌ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരേയും സാങ്കേതിക വിദഗ്‌ധരേയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്‌ വഴിയൊരുക്കണമെന്ന്‌ അസോസിയേഷന്‍ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.

അമേരിക്കയിലും മറ്റ്‌ രാജ്യങ്ങളിലുമുള്ള എല്ലാ പ്രവാസി മലയാളികളും, സംഘടനകളും ഈ പ്രശ്‌നത്തില്‍ സജീവ ശ്രദ്ധ ചെലുത്തിക്കൊണ്ട്‌ വമ്പിച്ച ജനവികാരം സൃഷ്‌ടിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ ഐ.എം.എ നേതാക്കള്‍ ആഹ്വാനം ചേയ്‌തു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയും, മറ്റ്‌ സമാന മാര്‍ഗ്ഗങ്ങളിലൂടെയും ഇങ്ങനെ രൂപീകരിക്കപ്പെട്ട പൊതു വികാരവും സമ്മര്‍ദ്ദവുമാണ്‌ ഇന്ത്യയില്‍ മാരകമായ ആ കീടനാശിനി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്‌. നാട്ടില്‍ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ അറിയുന്ന രാഷ്‌ട്രീയ നേതാക്കളിലും സാംസ്‌കാരിക നായകരിലും സമ്മര്‍ദ്ദം ചെലുത്തി, ജീവിക്കാനുള്ള എല്ലാ മനുഷ്യരുടേയും അവകാശമായി ഇതിനെ കണ്ട്‌ ലോക മനസാക്ഷിയും ശ്രദ്ധയും മുല്ലപ്പെരിയാറിലേക്ക്‌ തിരിക്കുവാന്‍ എല്ലാ പ്രവാസി മലയാളി സംഘടനകളും മുന്‍കൈ എടുക്കണമെന്ന്‌ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണം: ഐ.എം.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക