Image

പാമോയില്‍: അന്വേഷണം ആറാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Published on 02 December, 2011
പാമോയില്‍: അന്വേഷണം ആറാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം ആറാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടരന്വേഷണ ഉത്തരവിന്റ ഭാഗമായി തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങളും ഹൈക്കോടതി റദ്ദാക്കി. കേസ് കാലതാമസം കൂടാതെ തീര്‍പ്പുകല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച കോടതി കക്ഷിചേരാന്‍ ആവശ്യപ്പെട്ടുള്ള വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജി തള്ളുകയും ചെയ്തു. തുടരന്വേഷണത്തിന് കാരണമായി വിജിലന്‍സ് കോടതി മുന്നോട്ടുവെച്ച വിധിയിലെ മൂന്ന് ഖണ്ഡികകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഐ.എ.എസ്. ഉദ്യോഗസ്ഥനായ ജിജി തോംസണ്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. പാമോയില്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്ന് സിവില്‍ സപ്ലൈസ് വകുപ്പ് എം.ഡി. ആയിരുന്ന ജിജി തോംസണ്‍ കേസില്‍ അഞ്ചാം പ്രതിയാണ്.

കേസന്വേഷണം ഇനിയും നീളുന്നത് ഐ.എ.എസ്. ഉദ്യോഗസ്ഥനായ തന്റെ സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുന്നുവെന്നും ജിജി തോംസന്റെ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സ്വമേധയാ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്ക് അധികാരമില്ലെന്നും ഹര്‍ജിയിലൂടെ ജിജി തോംസണ്‍ വാദിച്ചു.

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും എം.എല്‍.എയുമായ അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും കക്ഷിചേരാന്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. പാമോയില്‍ കേസിനെക്കുറിച്ച വിജിലന്‍സ് കോടതി ജഡ്ജ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് കത്തയച്ചതും വിമര്‍ശനമുണ്ടാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക