Image

തമിഴ്‌നാടിന്റെ പ്രതികരണം പ്രതീക്ഷിച്ച രീതിയിലല്ല: മുഖ്യമന്ത്രി

Published on 02 December, 2011
തമിഴ്‌നാടിന്റെ പ്രതികരണം പ്രതീക്ഷിച്ച രീതിയിലല്ല: മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉന്നയിച്ച് സംസ്ഥാനം അയച്ച കത്തിന് തമിഴ്‌നാട് നല്‍കിയ മറുപടി പ്രതീക്ഷിച്ച രീതിയിലായില്ലെന്ന് ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ആശങ്ക മനസിലാക്കി തമിഴ്‌നാട് സഹകരിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. പ്രധാനമന്ത്രി, സോണിയാഗാന്ധി, ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തോട് കേരളം സഹകരിക്കുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതിയ ഡാം നിര്‍മ്മിക്കുക, ജലനിരപ്പ് 120 അടിയായി താഴ്ത്തുക എന്നിവയാണ് കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. അതേസമയം ഡാം സുരക്ഷ സംബന്ധിച്ച് നിലവിലെ സംസ്ഥാന നിലപാടിന് വിരുദ്ധമായ രീതിയില്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു അഭിപ്രായം തനിക്കില്ലെന്നും എ.ജി. അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക