Image

മദ്യവിമുക്ത കേരളം - സ്വപ്നം പൂവിടുമോ വാടിക്കരിയുമോ? (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 25 August, 2014
മദ്യവിമുക്ത കേരളം - സ്വപ്നം പൂവിടുമോ വാടിക്കരിയുമോ? (മീട്ടു റഹ്‌മത്ത്‌ കലാം)
നിഷിദ്ധമാക്കപ്പെട്ടതിനോടുള്ള ആസക്തി മനുഷ്യസജഹമാണ്‌. അരുത്‌ എന്ന്‌ കല്‍പിക്കപ്പെട്ടതു ചെയ്യാനുള്ള പ്രവണത ആദത്തിന്റേയും ഹവ്വയുടേയും കാലത്ത്‌ തുടങ്ങിയതാണല്ലോ. `ഈ കനി ഭക്ഷിക്കരുത്‌. അത്‌ നിനക്ക്‌ വിലക്കപ്പെട്ടിരിക്കുന്നു'. എന്ന്‌ ദൈവം പറഞ്ഞില്ലായിരുന്നുവെങ്കില്‍ സ്വര്‍ഗ്ഗിത്തിലെ മറ്റ്‌ വൃക്ഷങ്ങളിലേപ്പോലെ തന്നെ ആ പഴം ശ്രദ്ധിക്കപ്പെടാതെയും പ്രത്യേക കൊതി തോന്നാതെയും പോകുമായിരുന്നു. മനുഷ്യന്റെ ഈ സ്വഭാവവും മദ്യത്തെ ചൊല്ലിയുള്ള സമകാലീന തീരുമാനങ്ങളും കൂട്ടിവായിക്കുകയാണ്‌ ഇവിടെ.

കേരളത്തില്‍ പൂര്‍ണ്ണമായ മദ്യനിരോധനം നടപ്പാകാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ തന്നെ മദ്യം കൂടാതെ ജീവിതമില്ലെന്ന്‌ ശപഥം ചെയ്‌തവര്‍ അതിനെ മറികടക്കാനുള്ള വഴികള്‍ മെനഞ്ഞിട്ടുണ്ടാകും. മദ്യത്തിന്റെ ലഭ്യത മറ്റുവഴിക്ക്‌ ഉറപ്പാക്കുന്ന പദ്ധതികള്‍ മാത്രമല്ല, ഈ നിയമം പ്രാബല്യത്തില്‍ വരാതിരിക്കാനുള്ള പണികളും അവര്‍ കണ്ടുവെയ്‌ക്കും.

അഞ്ച്‌ നക്ഷത്രങ്ങളുടെ തിളക്കത്തില്‍ നിരഞ്ഞു പൊന്തുന്ന മദ്യം, നക്ഷത്രത്തിന്റെ എണ്ണം കുറഞ്ഞാല്‍ നിഷിദ്ധമാക്കുന്ന പുതിയ നിയമം അസമത്വത്തിന്റെ സമവാക്യമാകുകയാണ്‌. ജനക്ഷേമവും വരുംതലമുറയോടുള്ള കരുതലും ലക്ഷ്യമിട്ടാണ്‌ ഇങ്ങനെയൊരു തീരുമാനമെന്ന്‌ ജനത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും അവനവന്റെ പ്രതിഛായ മിനുക്കിയെടുക്കാനുള്ള പെടാപ്പാടാണിതൊക്കെ എന്ന്‌ സാധാരണക്കാര്‍ക്കുപോലും അറിയാം.

കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി വി.എം. സുധീരന്‍ സ്ഥാനമേറ്റതു മുതല്‍ മന്ത്രിസഭയില്‍ തലവേദനയും ജലദോഷവും ഒഴിഞ്ഞ നേരമില്ല. ഒടുവില്‍ 418 ബാറുകള്‍ അടച്ചുപൂട്ടണമെന്ന അഭിപ്രായത്തില്‍ വി.എം. സുധീരന്‍ പാറപോലെ ഉറച്ചുനിന്നതിന്‌ കോണ്‍ഗ്രസിനകത്തുള്ളവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരേ രംഗത്തുവന്നിരുന്നു. മദ്യം നിരോധിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും കെ.പി.സി.സി അദ്ധ്യക്ഷന്‌ മാത്രമാകും എന്നുതന്നെ ഒരു ഘട്ടത്തില്‍ കേരള രാഷ്‌ട്രീയം വിലയിരുത്തി. സമയ ബന്ധിതമായി പ്രശ്‌നം പരിഹരിക്കണമെന്ന്‌ ഹൈക്കോടതി പറയുകയും, മുസ്‌ലീം ലീഗും കേരളാ കോണ്‍ഗ്രസും ചേര്‍ന്ന്‌ സുധീരന്റെ നിലപാട്‌ ശരിവെയ്‌ക്കുകയും ചെയ്‌തപ്പോള്‍ എല്ലാ കണ്ണുകളും ഇനിയെന്ത്‌ എന്ന ചോദ്യവുമായി സര്‍ക്കാരിനു നേരേ നോക്കി.

വലിയ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അടിപതറാനുള്ള നിരവധി പ്രശ്‌നങ്ങള്‍ സുനാമി പോലെ തന്റെ മുന്നിലേക്ക്‌ ഉയര്‍ന്നുവന്നിട്ടും പതിവ്‌ ചിരിയുമായി നിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാറുകളുടെ പ്രശ്‌നത്തില്‍ എല്ലാവരേയും കടത്തിവെട്ടി ഒരു ചരിത്രരേഖ തന്നെ സൃഷ്‌ടിക്കുകയായിരുന്നു.

ചര്‍ച്ചയ്‌ക്കുപോലും ഇട നല്‍കാതെ 418 ബാറുകള്‍ക്കുപുറമെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 എണ്ണം കൂടി പൂട്ടണമെന്നും, ഔട്ട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും 10 ശതമാനം വീതം അടച്ച്‌ പത്തുവര്‍ഷം കൊണ്ട്‌ കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കണമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലൈസന്‍സ്‌ ഫീസ്‌ തിരിച്ചുനല്‍കിയാണ്‌ ബാറുകള്‍ പൂട്ടുന്നത്‌. 39 കോടി രൂപ ഈ ഇനത്തില്‍ ബാറുടമകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കേണ്ടിവരും. ബാര്‍ ജീവനക്കാരുടെ പുനരധിവാസം മറ്റൊരു പ്രധാന വെല്ലുവിളിയാണ്‌. മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ ബാറുകള്‍ പൂട്ടിയാല്‍ സ്വാഭാവിക നീതി നിക്ഷേധിക്കപ്പെട്ടെന്ന പേരില്‍ ബാറുടമകള്‍ക്ക്‌ കോടതിയെ സമീപിക്കാം.

സംസ്ഥാനത്ത്‌ വിറ്റഴിക്കപ്പെടുന്ന 80 ശതമാനം മദ്യവും വിദേശ മദ്യഷാപ്പുകള്‍ വഴിയാണ്‌. 20 ശതമാനം മാത്രമേ ബാര്‍ ഹോട്ടല്‍ വഴിയുള്ളൂ. ബിവറേജസ്‌ കോര്‍പ്പറേഷന്റേയും, കണ്‍സ്യൂമര്‍ ഫെഡിന്റേയും ഔട്ട്‌ലെറ്റുകളാണ്‌ കേരളത്തില്‍ വന്‍തോതില്‍ മദ്യം വിറ്റഴിയാന്‍ കാരണമായത്‌. അതുകൊണ്ടുതന്നെ അവയ്‌ക്ക്‌ കടിഞ്ഞാണിടുകയാണ്‌ ആദ്യം വേണ്ടത്‌.

ഇന്ന്‌ കേരളത്തില്‍ ഏറ്റവും വിശ്വാസ്യതയോടെ ലാഭപ്രതീക്ഷയുള്ള നിക്ഷേപമേഖലയാണ്‌ ടൂറിസം. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ നാട്ടില്‍ സുരക്ഷിതമായ മദ്യം ലഭിക്കുമെന്നാണ്‌ വിനോദസഞ്ചാരികളുടെ വിശ്വാസം. ഈ രംഗത്ത്‌ കേരളത്തിലെ കര്‍ശനമായ പരിശോധനകളും, വ്യവസ്ഥകളും വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഘടകങ്ങളാണ്‌. സന്ദര്‍ശനത്തിനെത്തുന്നവരില്‍ 70 ശതമാനം പേര്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉപയോഗിക്കുന്നു എന്നാണ്‌ ടൂറിസം പ്രമോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്‌. ടൂറിസ്റ്റുകളില്‍ 85 ശതമാനവും സാധാരണ ഹോട്ടലുകളും ഹോം സ്റ്റേയും ആശ്രയിക്കുന്നവരാണ്‌. ഇപ്പോഴത്തെ നിരോധനം സഞ്ചാരികളുടെ എണ്ണവും നിക്ഷേപ സാധ്യതകളും കുറയ്‌ക്കാന്‍ കാരണമാകും.

സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുന്നതോടെ സര്‍ക്കാരിന്‌ നികുതിപ്പണം നല്‍കാതെയുള്ള മദ്യവില്‍പ്പന കൊഴുക്കുമെന്നതിന്‌ ഗുജറാത്തും നാഗാലാന്റും മണിപ്പൂരും മിസോറാമും ഹരിയാനയും പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌. അയല്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ വ്യാജനും കള്ളക്കടത്തും പെരുകാനുള്ള സാധ്യത ഏറെയാണ്‌. കേരളത്തിലെ മദ്യപരില്‍ നൂറില്‍ അഞ്ചുപേരെങ്കിലും തനിയെ വാറ്റാന്‍ അറിയുന്നവരാണെന്നതും ഒരു ഭീഷണിയാണ്‌. ലഭ്യത കുറയുമ്പോള്‍ തേളും അട്ടയും ബാറ്ററിയുമൊക്കെ ഇട്ടുണ്ടാക്കുന്ന വിഷമദ്യം വീണ്ടും ദുരന്തം സൃഷ്‌ടിച്ചേക്കാം.

ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കേരളം പോലൊരു സംസ്ഥാനത്ത്‌ കശുമാങ്ങ, മുന്തിരി, ചക്ക തുടങ്ങി പല പഴങ്ങളും ഔഷധങ്ങള്‍ക്കായി നീരൂറ്റിയശേഷം പാഴായി തഴയപ്പെടുന്നുണ്ട്‌. ഇവയില്‍ നിന്ന്‌ വീര്യം കുറഞ്ഞതും ശരീരത്തിനു ഗുണമുള്ളതുമായ മദ്യം വികസിപ്പിക്കാമെന്ന്‌ ചില ഗവേഷകര്‍ പറയുന്നുണ്ട്‌. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ലഹരി ഇല്ലാത്തതും സുരക്ഷിതവുമായ മദ്യം ലഭ്യമാക്കണം എന്ന ആശയവും മുന്നോട്ടുവന്നിട്ടുണ്ട്‌.

ഭാവിതലമുറയെ മുന്നില്‍ കണ്ടാണ്‌ മദ്യവര്‍ജ്ജനം എന്ന സ്വപ്‌നം ഘട്ടംഘട്ടമായി നടപ്പാക്കാന്‍ പോകുന്നതെങ്കില്‍ മദ്യനിരോധനത്തനേക്കാള്‍ ആവശ്യം ബോധവത്‌കരണമാണ്‌. മദ്യം വാങ്ങുവാനുള്ള പ്രായപരിധി നിയമാനുസൃതം പാലിക്കപ്പെടുന്നുണ്ടെന്ന്‌ പോലീസ്‌ ഉറപ്പുവരുത്തണം. കൂടുതല്‍ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുന്നതും മദ്യാസക്തി കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനോടൊപ്പം ഇപ്പോള്‍ തീരുമാനിച്ചപോലെ ബീവേറേജസ്‌ ഔട്ട്‌ലെറ്റുകള്‍ പത്തുശതമാനം വീതം അടച്ചുപൂട്ടി പത്തുവര്‍ഷംകൊണ്ട്‌ സ്വപ്‌നത്തിന്റെ അടുത്തെങ്കിലും എത്താം. പൂര്‍ണ്ണ മദ്യനിരോധനം എന്ന ആശയം വിജയിക്കണമെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ ശ്രമിക്കണം. ഭരണഘടനയുടെ നാല്‍പ്പത്തിയേഴാം വകുപ്പില്‍ ഇത്‌ നിര്‍ദേശിച്ചിട്ടുള്ളതാണ്‌.

എന്തുതന്നെ ആയാലും, പുതിയ നിയമം കേരളത്തില്‍ കൊണ്ടുവന്ന മാറ്റം അറിയാന്‍ അധികം കാത്തിരിക്കേണ്ട. ഓണത്തിന്‌ മലയാളികള്‍ പുതുതായി കുടിച്ചു സൃഷ്‌ടിച്ച റെക്കോര്‍ഡ്‌ എന്ന തലക്കെട്ട്‌ പത്രങ്ങളില്‍ കാണാതിരുന്നാല്‍, അതുതന്നെ ഒരു ശുഭസൂചനയാണ്‌.
മദ്യവിമുക്ത കേരളം - സ്വപ്നം പൂവിടുമോ വാടിക്കരിയുമോ? (മീട്ടു റഹ്‌മത്ത്‌ കലാം)മദ്യവിമുക്ത കേരളം - സ്വപ്നം പൂവിടുമോ വാടിക്കരിയുമോ? (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക