Image

ഇന്‍ഡ്യയുടെ വിധി നിര്‍ണ്ണയത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?

ജോണി പ്ലാത്തോട്ടം Published on 08 June, 2011
ഇന്‍ഡ്യയുടെ വിധി നിര്‍ണ്ണയത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?
ഒരു അന്നാഹസാരെയെയോ രാംദേവിനെയോ ഏല്പിക്കാവുന്ന ഉത്തരവാദിത്വം മാത്രമായി രാഷ്ട്രീയത്തേയും അഴിമതിവിരുദ്ധപ്രക്ഷോഭത്തേയും നമ്മള്‍ കാണരുത്. അന്നാഹസാരെയുടെ നിരാഹാരസമരത്തിലൂടെ വെളിപ്പെട്ട സര്‍വ്വപ്രധാനമായ ഒരു കാര്യമുണ്ട്. ഇന്‍ഡ്യയിലെ ജനങ്ങളുടെ മനസ്സില്‍ അഴിമതിക്കെതിരെ ധാര്‍മ്മികരോഷത്തിന്റെ തിളയ്ക്കുന്ന ലാവയുണ്ട് എന്ന വസ്തുതയാണത്. ഇക്കാര്യം ബോധ്യംവന്നതുകൊണ്ടു മാത്രമാണ് ഇന്‍ഡ്യാഗവണ്‍മെന്റ് ഹസാരെയുടെ ഡിമാന്റ് അംഗീകരിച്ചുകൊണ്ട് എത്രയും വേഗം അദ്ദേഹത്തിന്റെ നിരാഹാരസമരം അവസാനിപ്പിച്ചത്.

ബാബാ രാംദേവിന്റെ വിശ്വാസ്യതയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. എങ്കിലും അദ്ദേഹം തന്റെ സത്യാഗ്രഹത്തിന് അടിസ്ഥാനമായി മുന്നോട്ടുവച്ച കാര്യങ്ങള്‍ ഇന്‍ഡ്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം ജീവല്‍പ്രധാനമാണ്. വിധി നിര്‍ണ്ണായകമാണ്. രാംദേവ് ഉന്നയിക്കുന്ന എല്ലാ പോയിന്റുകളും അത്യന്തം പ്രധാന്യമര്‍ഹിക്കുന്നവ തന്നെയാണ്. എങ്കിലും നമ്മുടെ കുറേയാളുകള്‍ വിദേശത്തുകൊണ്ടുപോയി കുന്നുകൂട്ടിയിട്ടിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്തു രാജ്യത്തിന്റെ പൊതുമുതലാക്കുക എന്ന ആവശ്യത്തിനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത്. അന്നഹസാരെയുടെ സമരത്തിന്റെ രണ്ടാംഘട്ടമായിത്തന്നെ ഇതിനെ കാണാം. ഘസാരേ ഉന്നയിച്ച ലോക്പാല്‍ ബില്ല്, അഴിമതി തടയാന്‍ വേണ്ടിയുള്ളതാണ്. ഇതാകട്ടെ അഴിമതിക്കാരുടെ കഷ്ടകാലത്തിന് പകല്‍പോലെ പരസ്യപ്പെട്ട കള്ളപ്പണത്തിന്റെ നിക്ഷേപം പിടിച്ചെടുക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ്.

ഇന്‍ഡ്യാക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ തുക പേടിപ്പെടുത്തുന്നത്ര വലുതാണ്. ഒരു സ്വിസ് ബാങ്ക് ഡയറക്ടര്‍ തന്നെ വെളിപ്പെടുത്തിയതാണ് ഈ വിവരം. ലോകത്തുള്ള എല്ലാ വികസിത, അവികസിത രാജ്യങ്ങളിലെയും എല്ലാ കള്ളന്മാരുംകൂടി നിക്ഷേപിച്ചിരിക്കുന്ന മൊത്തം സംഖ്യയേക്കാളധികം വരും ഇന്‍ഡ്യാക്കാര്‍ മാത്രം നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം! 280 ലക്ഷം എന്നായിരുന്നു ഒരു വെളിപ്പെടുത്തല്‍. 440 ലക്ഷംകോടി എന്നും ഇപ്പോള്‍ കേള്‍ക്കുന്നു. 280 ലക്ഷം കോടിയാണെങ്കില്‍ തന്നെ അതു പിടിച്ചെടുത്തു വിനിയോഗിച്ചാല്‍ ഇന്‍ഡ്യയിലെ മുഴുവന്‍ ജനങ്ങളുടെയും പട്ടിണിമാറ്റാനും നികുതിഭാരമില്ലാത്ത ബജറ്റവതരിപ്പിക്കാനും എണ്ണമറ്റ വികസനപദ്ധതികള്‍ നടപ്പാക്കാനും സാധിക്കും. ചുരുക്കത്തില്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിച്ച് ഒരു വികസിത രാജ്യമായി അടിത്തറയിട്ടു നിര്‍ത്താന്‍ കഴിയും. നമ്മുടെ ഗവണ്‍മെന്റിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആ കള്ളപ്പണം മരവിപ്പിക്കാനും ബാങ്ക് അധികൃതരില്‍ നിന്ന് നിക്ഷേപത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കാനും കഴിയും.

നികുതി വെട്ടിക്കാന്‍ മാത്രമല്ല സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. നേരായ വഴിയില്‍ സമ്പാദിച്ച പണമല്ല അത്. ചതിച്ചും വഞ്ചിച്ചും കൊന്നും നേടിയ പണമാണ്. ലഹരിമരുന്നുവിറ്റും ചാരവൃത്തി നടത്തിയും നേടിയ പണമുണ്ടതില്‍. തീവ്രവാദപ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവച്ച പണവും അക്കൂടെയുണ്ട്. ഇന്‍ഡ്യയിലെ കുട്ടികള്‍ പട്ടിണികൊണ്ടും രോഗംകൊണ്ടും മരിക്കുമ്പോള്‍, കോടിക്കണക്കായ പാവപ്പെട്ടവര്‍ നരകിച്ചു ജീവിക്കുമ്പോള്‍, അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ വേണ്ടി സാധാരണക്കാരില്‍ നിന്ന് കനത്ത നികുതി പിരിക്കുമ്പോഴാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവരുടെ സഹായമുള്ള വെറും മാഫിയക്കാരുമായ കുറെയാളുകള്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം തട്ടിയെടുത്തു വിദേശബാങ്കുകളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്!

നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരേയൊരു രാഷ്ട്രീയ പ്രവര്‍ത്തനമേയുള്ളൂ. ഈ കള്ളപ്പണത്തിന്റെ രാജാക്കന്മാരുടെ വിവരങ്ങള്‍ ഗവണ്‍മെന്റു വെളിപ്പെടുത്തണം. ഈ മഹാപാപികളെ വിചാരണ ചെയ്തു തുറുങ്കിലടയ്ക്കണം. കള്ളപ്പണമെല്ലാം കണ്ടു കെട്ടണം. ഇതിലൂടെ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഇന്‍ഡ്യാമഹാരാജ്യത്തെ രക്ഷിക്കാമെന്നിരിക്കുമ്പോള്‍, ചരിത്രം നമ്മെയീ നിര്‍ണ്ണായക കാലസന്ധിയിലെത്തിച്ചിരിക്കുമ്പോള്‍ ഇതില്‍കൂടുതല്‍ പ്രാധാന്യമുള്ള എന്തു രാഷ്ട്രീയവിഷയമാണു നമുക്കുള്ളത്. ദീനരേയും ദരിദ്രരേയും ഇതുപോലെ രക്ഷിക്കാന്‍ കഴിയുന്ന മറ്റെന്ത് ആതുരസേവനമാണുള്ളത്. ഇതിനേക്കാള്‍ കൂടിയ ആത്മീയവേലയെന്താണുള്ളത്? ഇതിനേക്കാള്‍ വലിയ നൈതിക ദൗത്യമെന്താണുള്ളത്?

കള്ളപ്പണ പ്രഭുക്കന്മാരെ രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ചിലര്‍ കേന്ദ്രഗവണ്‍മെന്റിലുണ്ടെന്നു നമുക്കറിയാം. ആരും ആവശ്യപ്പെടാതെതന്നെ ഇന്‍ഡ്യക്കാരായ ഏതാനും കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ സ്വിസ്ബാങ്കുകാര്‍ കുറേമുമ്പ് നമ്മുടെ ഗവണ്‍മെന്റിനു കൈമാറിയിരുന്നു. സുപ്രീം കോടതി കളിയാക്കിയിട്ടുപോലും ആ പേരുവിവരം വെളിപ്പെടുത്താന്‍- സോണിയാഗാന്ധിക്കും എ.കെ. ആന്റണിക്കും നിര്‍ണ്ണായക സ്വാധീനമുള്ള- കേന്ദ്രഗവണ്‍മെന്റു തയ്യാറായില്ല എന്നോര്‍ക്കണം. ആ കേന്ദ്രഗവണ്‍മെന്റിനെ കള്ളപ്പണവേട്ടയ്ക്ക നിര്‍ബന്ധിതരാക്കണമെങ്കില്‍ നാം അന്നാഹസാരേയ്ക്കും രാംദേവിനും പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? മുഴുവന്‍ ജനങ്ങളുടെയും നാവില്‍ ഈ രാഷ്ട്രീയ ആവശ്യം തിളയ്ക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ ഉണരണം. ഏതു തുറയില്‍പെട്ടവരാണെങ്കിലും നമുക്കോരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതു മാത്രം ഇതിനായി ചെയ്താല്‍ മതിയാകും.

ഈ മഹാദൗത്യത്തിന്റെ സന്ദേശം ഇ-മെയിലിലൂടെ സുഹൃത്തുക്കള്‍ക്ക് എത്തിക്കുക. (ഇക്കാലത്ത് ഇതിന്റെ സാധ്യത അപാരമാണ്) സംസാരവിഷയമാക്കുക. (ഇതിലും പ്രധാനപ്പെട്ട മറ്റെന്തു വാര്‍ത്തയാണ്, സംസാരവിഷയമാണുള്ളത്?) എഴുതാന്‍ കഴിയുന്നവര്‍ ഈ വിഷയം മാധ്യമങ്ങളിലെഴുതുക. പോസ്റ്ററിങ്ങു നടത്തുക, നാടകം, ചിത്രകല തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ആവിഷ്‌കരിക്കുക. അണിചേരാനും മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്താനും കഴിയുന്നവര്‍ മാത്രം അതു ചെയ്യുക. രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയമേറ്റെടുക്കാന്‍ നേതാക്കന്മാരെ പ്രേരിപ്പിക്കുക. അവര്‍ വഴങ്ങിയാലും ഇല്ലെങ്കിലും അണികളില്‍ ആശയം പ്രചരിപ്പിക്കുക. ഗാന്ധിജിയോടു ബന്ധപ്പെട്ട സംഘടനകളിലെ അംഗങ്ങള്‍ അടിയന്തരമായി ഒരു ദിവസത്തെ ഉപവാസസമരമെങ്കിലും നടത്തുക. അങ്ങനെ ആ മഹാത്മാവിന്റെ പേരിനോടു നീതി പുലര്‍ത്തുക. ഗാന്ധിജി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ക്വിറ്റിന്‍ഡ്യാ സമരത്തിനു കൊടുത്തതിലും പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുത്തു പ്രക്ഷോഭണം നടത്തുമായിരുന്നു എന്നു തീര്‍ച്ചയാണ്.

ലോകമെമ്പാടും പൗരബോധം ഉണര്‍ന്ന സവിശേഷകാലമാണിത്. സാധാരണ ജനങ്ങളുടെ മുന്നേറ്റത്തിനു മുന്നില്‍ അജയ്യമെന്നു കരുതപ്പെട്ടിരുന്ന സ്വേച്ഛാധികാരങ്ങള്‍ പോലും നിലം പൊത്തുന്നു. നൈതിക വിജയങ്ങളുടെ ഒരു വസന്തം! രാജ്യത്തിനും നമുക്കും വരും തലമുറകള്‍ക്കുവേണ്ടി കള്ളപ്പണക്കാരെ തുറങ്കിലടയ്ക്കുകയും കൊള്ളമുതല്‍ പിടിച്ചെടുക്കുകയും ചെയ്യാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുക. അതിനുവേണ്ടി പ്രധാനമന്ത്രിക്ക് ഒരു കാര്‍ഡയയ്ക്കാം. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് ഇ- മെയില്‍ അയയ്ക്കാം. അതുമല്ലെങ്കില്‍ നാലുപേരോട് ഈ വിഷയം സംസാരിക്കാം. ഏതു ചെറിയ ത്യാഗത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക