Image

മുല്ലപ്പെരിയാര്‍: എ.ജിയുടെ പരാമര്‍ശം വിവാദമായി

Published on 02 December, 2011
മുല്ലപ്പെരിയാര്‍: എ.ജിയുടെ പരാമര്‍ശം വിവാദമായി
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകള്‍ക്ക് അപകടമുണ്ടാവില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വിവാദത്തിന് ഇടയാക്കി. എന്നാല്‍ ഇക്കാര്യം അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി നിഷേധിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന സര്‍ക്കാര്‍ നിലപാട് തന്നെയാണ് താന്‍ കോടതിയെ അറിയിച്ചതെന്ന് എ.ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ സംഭരണ ശേഷിയെക്കുറിച്ചാണ് താന്‍ കോടതിയെ അറിയിച്ചതെന്ന് എ.ജി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ജലവും ശേഖരിക്കാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരത്തുനിന്ന് 450 കുടുംബങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ പരിസരത്ത് മോക്ക് സുരക്ഷാ ഡ്രില്‍ നടത്തണമെന്നും കേരളം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങളും അപകടമുണ്ടായാല്‍ സൈന്യത്തിന്റെ സഹായം തേടാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കണമെന്നും ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക