Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്രനോവല്‍ -ഭാഗം -2 : സാം നിലമ്പള്ളില്‍)

Published on 30 August, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്രനോവല്‍ -ഭാഗം -2 : സാം നിലമ്പള്ളില്‍)
അദ്ധ്യായം രണ്ട്‌

`എന്തിനാണമ്മേ പിള്ളാരെല്ലാം എന്നെ `വിഷക്കൂണെന്ന്‌' വിളിക്കുന്നത്‌?` സില്‍വിയ കരഞ്ഞുകൊണ്ടാണ്‌ ചോദിച്ചത്‌. സ്‌കൂളില്‍നിന്ന്‌ വന്നയുടനെ പുസ്‌തകസഞ്ചി വലിച്ചെറിഞ്ഞിട്ട്‌ അവള്‍ പറഞ്ഞു, `ഞാനിനി സ്‌കൂളില്‍പോകുന്നില്ല.'

എന്താണ്‌ മറുപടി പറയേണ്ടതെന്നറിയാതെ സെല്‍മ വിഷമിച്ചു. എല്ലാദിവസവും ഇതുപോലെ ഓരോ പരാതികളുമായിട്ടാണ്‌ മക്കള്‍ സ്‌കൂളില്‍നിന്ന്‌ വരിക. ക്‌ളാസില്‍ യഹൂദക്കുട്ടികളെ വേറെമാറ്റിയാണ്‌
ഇരുത്തിയിരിക്കുന്നത്‌; മറ്റ്‌ ജര്‍മന്‍പിള്ളാരോടൊപ്പം ഇടപെടാനോ, കളിക്കാനോ എന്തിന്‌ സംസാരിക്കാന്‍പോലും അനുവാദമില്ല. സില്‍വിയക്ക്‌ മാത്രമല്ല മകന്‍ സ്രുലേക്കിനും പരാതികള്‍ ഒരുപാടുണ്ട്‌. സഹപാഠികള്‍ അവനെ അട്ടയെന്നും, പുഴുവെന്നും മറ്റും വിളിക്കുമെന്ന്‌. കൊച്ചുകുട്ടികളുടെ മനസില്‍ വിദ്വേഷത്തിന്റെ വിഷംകുത്തിവെയ്‌ക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കിന്നതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌. ആരോട്‌ പരാതിപറയാനാണ്‌? ഇപ്പോള്‍ സ്‌കൂളില്‍ യഹൂദരായിട്ടുള്ള അദ്ധ്യാപകര്‍ ആരുമില്ല; എല്ലാവരേയും പിരിച്ചുവിട്ടു. ജര്‍മന്‍കാരോട്‌ പറഞ്ഞിട്ട്‌ ഫലവുമില്ല.

ഒരുദിവസം സെല്‍മ മക്കളുടെ സ്‌കൂളില്‍ പോയിരുന്നു. സില്‍വിയയുടെ ടീച്ചര്‍ ജര്‍മന്‍കാരിയാണെങ്കിലും മര്യാദക്കാരിയാണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ അവരോടാണ്‌ സംസാരിച്ചത്‌. `എനിക്കെന്തു ചെയ്യാന്‍ സാധിക്കും?` അവര്‍ ചോദിച്ചു. `എല്ലാം മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളാണ്‌; അനുസരിച്ചില്ലെങ്കില്‍ എന്റെ ജോലിപോകും. സത്യംപറഞ്ഞാല്‍ ഇത്തരം വിവേചനങ്ങളോട്‌ എനിക്ക്‌ യോജിപ്പില്ല.`

ഒന്നുംപറയാതെ സെല്‍മ തിരിച്ചുപോന്നു. എന്തൊക്കെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌? ഓരോദിവസം കഴിയുന്തോറും പേടിപ്പിക്കുന്ന വാര്‍ത്തകളാണ്‌ കേള്‍ക്കുന്നത്‌. ജൊസേക്കിന്റെ മൗനത്തിന്റെ കാരണം ഇപ്പോള്‍ സെല്‍മക്ക്‌ പിടികിട്ടുന്നുണ്ട്‌. അവന്റെ മനസില്‍ എന്തൊക്കെയോ കിടന്ന്‌ പുകയുകയാണ്‌. തന്നെ വിഷമിപ്പിക്കേണ്ട എന്നുകരുതിയാണ്‌ അവന്‍ ഒന്നും പുറത്തുപറയാത്തത്‌.

രാജ്യംവിട്ട്‌ പോകുന്നതിനെപ്പറ്റി പല യഹൂദരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷേ, എങ്ങോട്ടണ്‌ പോകേണ്ടത്‌? മാതൃരാജ്യമായ പാലസ്റ്റീനിലേക്ക്‌ പോയലോ? ആ പ്രദേശം ഇപ്പോള്‍ ബ്രിട്ടീഷ്‌ അധീനതയിലാണ്‌. അങ്ങോട്ടുള്ള കുടിയേറ്റം ബ്രിട്ടന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ലാത്ത പാലസ്റ്റീനില്‍ ചെന്നാല്‍ എങ്ങനെ ജീവിക്കും? വളരെക്കുറച്ച്‌ യഹൂദരെ അവിടിപ്പോള്‍ താമസമുള്ളു, ഭൂരിപക്ഷവും അറബികളാണ്‌. യഹൂദരടെ തിരിച്ചുവരവിനെ അവര്‍ ഇഷ്‌ടപ്പെടുന്നുണ്ടാവില്ല. പണമുള്ളവരൊക്കെ അമേരിക്കയിലേക്ക്‌ കുടിയേറുന്നുണ്ട്‌; ചിലരൊക്കെ ഇംഗ്‌ളണ്ടിലേക്കും ഫ്രാന്‍സിലേക്കും പോകുന്നതായി അറിഞ്ഞു. അവിടെയും കുടിയേറ്റത്തിന്‌ നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്‌. തുശ്ചവരുമാനംകൊണ്ട്‌ തട്ടിമുട്ടിജീവിക്കുന്ന ജൊസേക്കിനെപ്പോലുള്ളവര്‍ എങ്ങോട്ടുപോകും?

ഹിറ്റ്‌ലര്‍ യുദ്ധത്തിനുള്ള പുറപ്പാടാണെന്ന്‌ കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. ഒന്നാം യുദ്ധത്തിന്‌ശേഷമുള്ള വാഴ്‌സായ്‌ ഉടമ്പടിപ്രകാരം ജര്‍മനിക്ക്‌ എയര്‍ഫോര്‍സും, നേവിയും രൂപീകരിക്കാന്‍ അനുവാദമില്ല. രാജ്യസുരക്ഷക്ക്‌ ആവശ്യമായ പട്ടാളത്തെയും പോലീസിനേയും മാത്രമേ നിലനിര്‍ത്താന്‍ പാടുള്ളു. ഹിറ്റലര്‍ ഉടമ്പടി ലംഘിച്ചെന്നുമാത്രമല്ല സഖ്യകക്ഷികളെ വെല്ലുവിളിക്കുകയും ചെയ്‌തു. സാമ്പത്തികമാന്ദ്യം അലട്ടുന്ന അമേരിക്കയും, ബ്രിട്ടനും ഉടനെ മറ്റൊരു യുദ്ധത്തിന്‌ പുറപ്പെടില്ല എന്ന നല്ലബോധ്യം അയാള്‍ക്കുണ്ട്‌. അതുകൊണ്ടാണ്‌ വാഴ്‌സായ്‌ ഉടമ്പടി കാറ്റില്‍ പറത്തി എയര്‍ഫോര്‍സും നേവിയും രൂപീകരിച്ചത്‌. ആയുധനിര്‍മാണ ഫാക്‌ട്ടറികള്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്‌.

ജനങ്ങളെ ആവേശംകൊള്ളിക്കുന്ന പ്രസംഗശൈലിയാണ്‌ ഹിറ്റ്‌ലറുടേത്‌. അയാളുടെ ഒരേയൊരു കോളിറ്റിയും അതുമാത്രമാണ്‌.

ബാക്കിയെല്ലാം സൂത്രങ്ങളും കൗശലങ്ങളുമാണ്‌. സോവ്യറ്റ്‌ യൂണിയനുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടണ്‌ പോളണ്ടിനെ ആക്രമിച്ചത്‌.

പോളണ്ടില്‍ കാലുറപ്പിക്കുക എന്നുള്ളതായിരുന്നു ഉദ്ദേശം; അതിനുശേഷം സോവ്യറ്റിനെ കീഴ്‌പ്പെടുത്തുക. പോളണ്ടിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ കൈവശംവെയ്‌ക്കാന്‍ സോവ്യറ്റ്‌ യൂണിയനെ അനുവദിക്കുകയും ചെയ്‌തു. അങ്ങന മഹാമനസ്‌കത കാണിച്ച ജര്‍മനി തങ്ങളെ ആക്രമിക്കുമെന്ന സ്റ്റാലിനും കൂട്ടരും സ്വപ്‌നത്തില്‍പോലും കരുതിക്കാണുകയില്ല.

യുദ്ധത്തിന്റെ മറവിലാണ്‌ ഹിറ്റ്‌ലര്‍ കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്‌. ജര്‍മന്‍ സമൂഹത്തെ ശുദ്ധീകരിക്കുക എന്നുപറഞ്ഞ്‌ `യൂത്താന്‍ഷ്യാ' എന്നൊരു പരിപാടി ആവിഷ്‌ക്കരിച്ചു. അതായത്‌ രാഷ്‌ട്രത്തിനും സമൂഹത്തിനും ആവശ്യമില്ലാത്തവരെ ഉന്മൂലനം ചെയ്യുക. രോഗബാധിതരും, അന്ധരും, ബധിരരും, മാനസികവൈകല്ല്യങ്ങള്‍ ഉള്ളവരും ഒക്കെ സമൂഹത്തിനും രാഷ്‌ട്രത്തിനും ഒരു ഭാരമാണ്‌. അങ്ങനെയുളളവരെ ദയാവധത്തിന്‌ വിധേയമാക്കാന്‍ ഒരുപറ്റം ഡോക്‌ട്ടര്‍മാരെ ഏല്‍പ്പിച്ചു. ഒരുലക്ഷത്തില്‍പരം മുതിര്‍ന്ന പൗരന്മാരും അവശരും അങ്ങനെകൊലചെയ്യപ്പെട്ടു. ഒരു ബാദ്ധ്യത ഒഴിഞ്ഞുകിട്ടിയ സമാധാനത്തോടെ അവരുടെ ബന്ധുക്കളും ഇത്തരം ക്രൂരതയുടെനേരെ കണ്ണടച്ചു. പിന്നീട്‌ മനസാക്ഷിക്കുത്ത്‌ അനുഭവിച്ചവരാണ്‌ പ്രതിക്ഷേധിച്ചത്‌. അതില്‍ നാസികളും കത്തോലിക്കാസഭയും ഉള്‍പ്പെട്ടതിനാല്‍ യൂത്താന്‍ഷ്യാ പരിപാടി ഹിറ്റ്‌ലര്‍ ഉപേക്ഷിച്ചു.

അതിനുശേഷമാണ്‌ യഹൂദരെ ഉന്മൂലനം ചെയ്യാനുള്ള കരുനീക്കങ്ങളുമായി ഹിറ്റ്‌ലര്‍ പുറപ്പെട്ടത്‌. സമൂഹത്തിലെ കാന്‍സറായ അവരെ യൂറോപ്പില്‍നിന്നുതന്നെ അവരെ തുടച്ചുമാറ്റണം. ഏതുരാജ്യത്തായാലും അവിടെ വേരുറപ്പിക്കുകയും അവിടുത്തെ സാമൂഹ്യ സാമ്പത്തിക മേഘലകളെ കീഴടക്കുകയും ചെയ്യുക എന്നുള്ളത്‌ യഹൂദരുടെ ലക്ഷ്യമാണ്‌. ജര്‍മനിയിലെതന്നെ ബാങ്കിങ്ങും, ബിസിനസ്സും എല്ലാം അവരുടെ നിയന്ത്രണത്തിലാണ്‌. ഡോക്‌ട്ടേഴ്‌സും ലോയേഴ്‌സും മറ്റ്‌ പ്രൊഫഷണല്‍സും ഭൂരിഭാഗവും അവരാണ്‌. ഇങ്ങനെപോയാല്‍ വളരെ താമസിയാതെ രാജ്യത്തിന്റെ ഭരണംതന്നെ യഹൂദരുടെ നിയന്ത്രണത്തിലായിത്തീരും. അതുകൊണ്ട്‌ അവരെ എങ്ങനെയെങ്കിലും ജര്‍മനിയില്‍നിന്ന്‌ പുറന്തള്ളണം. ജീവിതം ദുഃസഹമാക്കിത്തീര്‍ത്താല്‍ കുറെപ്പേരെങ്കിലും തനിയെ കുടിയൊഴിയും. പിന്നെ ബാക്കിവരുന്നതിനെ കൈകാര്യം ചെയ്‌താല്‍ മതിയല്ലോ. ആ ഉദ്ദേശത്തോടുകൂടിയാണ്‌ ഹിറ്റലറുടെ ഭീകരപോലീസായ എസ്സെസ്സിനെ ഒരുരാത്രി അഴിച്ചുവിട്ടത്‌. മഫ്‌ത്തിയില്‍ ഇറങ്ങിയ എസ്സെസ്സ്‌ ഒരുരാത്രികൊണ്ട്‌ യഹൂദരുടെ ബിസിനസ്സ്‌ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്‌തു.

പേരുപോലെതന്നെ ഗോള്‍ഡ്‌മാന്റെ ബിസിനസ്സ്‌ സ്വര്‍ണവുമായി ബന്ധപ്പെട്ടതായിരുന്നു. ബോണ്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ഒരു ജ്യൂവലറിഷോപ്പ്‌. കുടുംബസമേതം ബര്‍ലിനില്‍ പോയിട്ട്‌ ട്രെയിനില്‍ തിരിച്ചുവരുമ്പോള്‍ തന്റെകട കൊള്ളയടിക്കപ്പെട്ട വിവരം അയാള്‍ അറിഞ്ഞിരുന്നില്ല.. രാത്രി എട്ടുമണിക്കുമുന്‍പ്‌ വീടുപൂകേണ്ടതുകൊണ്ട്‌ നേരത്തെതന്നെ തിരിച്ചതാണ്‌. രാത്രിഎട്ടുമണികഴിഞ്ഞാല്‍ യഹൂദരെ വീടിനുവെളിയില്‍ കാണരുതെന്നാണ്‌ പുതിയ നിയമങ്ങളില്‍ ഒന്ന്‌. ഏഴുമണിക്ക്‌ ട്രെയിന്‍ ബോണിലെത്തും, അരമണിക്കൂറുകൊണ്ട്‌ വീട്ടിലെത്താം. ഇതൊക്കെയായിരുന്നു കണക്കുകൂട്ടല്‍.

ട്രെയിന്‍ ഇടക്കൊരു സ്റ്റേഷനില്‍ രണ്ടുമണിക്കൂര്‍ പിടിച്ചിട്ടപ്പോള്‍ ഗോള്‍ഡ്‌മാന്‍ വല്ലാതെ പരിഭ്രമിച്ചു. കര്‍ഫ്യൂ തുടങ്ങന്നതിന്‌ മുന്‍പ്‌ വീട്ടിലെത്താന്‍ സാധിക്കില്ല. വഴിയില്‍ എസ്സെസ്സ്‌ പിടികൂടിയാല്‍ ചാട്ടവാറടിയും ചിലപ്പോള്‍ ജയില്‍വാസവും ആയിരിക്കും ശിക്ഷ. തന്റെ ഭാര്യക്കും മക്കള്‍ക്കും ചാട്ടവാറടി കൊള്ളാതിരിക്കാന്‍ ഇടക്കൊരു സ്റ്റേഷനില്‍ ഇറങ്ങാമെന്ന്‌ തീരുമാനിച്ചു. അതൊരു ചെറിയ സ്റ്റേഷനായിരുന്നു. അഞ്ചോ ആറോ യാത്രക്കാര്‍മാത്രമേ ഗോള്‍ഡ്‌മാന്റെ കുടുംബത്തെ കൂടാതെ അവിടെ ഇറങ്ങാനുണ്ടായിരുന്നുള്ളു. അന്നുരാത്രി ഹോട്ടലില്‍ തങ്ങിയിട്ട്‌ നാളെരാവിലെ യാത്രതുടരാം എന്നായിരുന്നു ഉദ്ദേശം.

അവിടെ ഇറങ്ങികഴിഞ്ഞപ്പോഴാണ്‌ മണ്ടത്തരമായിപ്പോയതെന്ന്‌ ഗോള്‍ഡ്‌മാന്‌ മനസിലാക്കിയത്‌. ചുറ്റുപാടും ശത്രുക്കളെ വീക്ഷിക്കുന്നതുപോലത്തെ കണ്ണുകള്‍. ഇവിടെ താമസിക്കാന്‍ പറ്റിയ ഹോട്ടലുകള്‍ വല്ലതുമണ്ടോയെന്ന്‌ സ്റ്റേഷന്‍ മാസ്റ്ററോട്‌ ചോദിച്ചപ്പോള്‍ അയാള്‍ കുറെനേരം തന്റെ കോട്ടില്‍ തുന്നിയിരിക്കുന്ന മഞ്ഞ നക്ഷത്രത്തിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു, എന്തോ അത്ഭുതംകാണുന്നതുപോലെ.

`നിങ്ങള്‍ എത്രയുംപെട്ടന്ന്‌ ഇവിടുന്ന്‌ രക്ഷപെട്ടൊ. ഈ ടൗണില്‍ ഇപ്പോള്‍ ഒറ്റ യഹൂദന്‍പോലും അവശേഷിക്കുന്നില്ല. എല്ലാവരേയും പോലീസ്‌ അറസ്റ്റ്‌ചെയ്‌തുകൊണ്ട്‌ പോയി.' അയാള്‍ പറഞ്ഞു.

`ഞാന്‍ ഈരാത്രിയില്‍ എന്റെ കുടുംബത്തേയുംകൊണ്ട്‌ എങ്ങോട്ടുപോകും? ഈ പട്ടണം എനിക്ക്‌ പരിചയമില്ലാത്തതാണ്‌.' ഗോള്‍ഡ്‌മാന്‍ തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി.

`നിങ്ങള്‍ എന്തിനിവിടെ ഇറങ്ങി? നിങ്ങളെ സഹായിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക്‌ വിഷമമുണ്ട്‌.'

`ഞങ്ങള്‍ ഈ രാത്രി ഇവിടെ സ്‌റ്റേഷനില്‍തന്നെ കഴിഞ്ഞോളാം, വെയിറ്റിങ്ങ്‌ റൂമുണ്ടെങ്കില്‍ തുറന്നുതന്നാല്‍ ഉപകാരമായിരിക്കും.'

`എനിക്കത്‌ ചെയ്യാന്‍ സാധ്യമല്ല; എന്റെ പണിപോകാന്‍ വേറൊന്നുംവേണ്ട. നിങ്ങള്‍ മറ്റെന്തെങ്കിലും മാര്‍ഗം നോക്ക്‌.'

`സാര്‍ ഞങ്ങളെ സഹായിക്കണം,` ഗോള്‍ഡ്‌മാന്‍ തന്റെ വിരലില്‍നിന്ന്‌ രത്‌നംപതിച്ച സ്വര്‍ണമോതിരം ഊരിക്കൊടുത്തുകൊണ്ട്‌ പറഞ്ഞു. `ഇതെന്റെ സമ്മാനമായി സ്വീകരിക്കണം.'

മോതിരംകണ്ട സ്റ്റേഷന്‍മാസ്റ്ററുടെ കണ്ണുകള്‍ വികസിച്ചു. അയാളുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടര്‍ന്നു. അല്‍പനേരത്തെ ആലോചനക്ക്‌ ശേഷം അയാള്‍ പറഞ്ഞു. `നിങ്ങളെ ഞാന്‍ ബാത്ത്‌റൂമില്‍ അടച്ചിടാം. ഈ രാത്രി ശബ്‌ദമുണ്ടാക്കാതെ അതിനകത്ത്‌ കഴിഞ്ഞോളണം. പോലീസ്‌ കറങ്ങിനടക്കുകയാണെന്ന്‌ അറിയാമല്ലോ. അവര്‍ പിടികൂടിയാല്‍ നിങ്ങളുടേയും എന്റേയും കാര്യംപോക്കാ.'

അന്നുരാത്രി ബാത്ത്‌റൂമിലെ വെറുംതറയില്‍ കുത്തിയിരുന്ന്‌ അവര്‍ നേരംവെളുപ്പിച്ചു. രാവിലെ മാസ്റ്റര്‍വന്ന്‌ അവരെ തുറന്നുവിട്ടു.

പിറ്റേന്ന്‌ ബോണിലെത്തിയ ഗോള്‍ഡ്‌മാനെ കാത്തിരുന്നത്‌ മറ്റൊരു ദുരന്തമായിരുന്നു. തന്റെ കട തല്ലിത്തകര്‍ത്ത്‌ കൊള്ളയടിക്കപ്പെട്ടത്‌ അയള്‍ നിസഹായനായി നോക്കിനിന്നു. ഒരുതരി സ്വര്‍ണംപോലും അവിടെ അവശേഷിച്ചിരുന്നില്ല.

***
പോളണ്ട്‌ കീഴടക്കിയതിന്‌ ശേഷമാണ്‌ യഹൂദരെ ജര്‍മനിയില്‍നിന്ന്‌ നിഷ്‌ക്കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്‌. ഒരുദിവസം സൂപ്പര്‍വൈസര്‍ യഹൂദജോലിക്കാരെ മാത്രമായി ഒരു ഹാളില്‍ വിളിച്ചുകൂട്ടി. അവിടെ കറുത്ത യൂണിഫോം അണിഞ്ഞ ഒരു ഓഫീസറും ഉണ്ടായിരുന്നു.

കറുത്ത യൂണിഫോം ഹിറ്റ്‌ലറുടെ എസ്സെസ്സ്‌ ഭീകരപ്പോലീസിന്റേതാണെന്ന്‌ അറിയാവുന്ന ജോസേക്കിനും കൂട്ടര്‍ക്കും എന്തോ പന്തികേട്‌ അനുഭവപ്പെട്ടു. ഒരുമുഖവുരകൂടാതെ അയാള്‍ സംസാരിച്ചുതുടങ്ങി.`നമ്മള്‍ പോളണ്ടിലെ ലാന്‍ട്രന്റില്‍ ഒരു പുതിയ ഫാക്‌ട്ടറി പണിതുടങ്ങിയിട്ടുണ്ട്‌. നിങ്ങളെ അങ്ങോട്ട്‌ സ്ഥലംമാറ്റാനുള്ള ഉത്തരവുമായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. കുടുംബസഹിതം പോകേണ്ടവര്‍ക്ക്‌ അങ്ങനെപോകാം. അവിടെ നിങ്ങള്‍ക്ക്‌ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്‌.'

`പോകാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്കോ?' ചെറുപ്പക്കാരനായ കോഹന്‍ ചോദിച്ചു.

അതുകേട്ട്‌ സൂപ്പര്‍വൈസര്‍ ചിരിച്ചു. എന്തോ തമാശകേട്ടതുപോലെ അയാള്‍ പിന്നെയും ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു, `നീ പോകും. പോകാതിരിക്കാന്‍ നിനക്ക്‌ സാദ്ധ്യമല്ല.'

അയാള്‍ പറഞ്ഞതില്‍ എന്തോ ഗൂഢാര്‍ത്ഥംഇല്ലേ എന്ന്‌ തോന്നിയതിനാല്‍ ആരും വേറൊന്നും ചോദിച്ചില്ല. ഒരു ഉള്‍ഭയം എല്ലാവരേയും ബാധിച്ചുകഴിഞ്ഞിരുന്നു. പോളണ്ടില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടന്ന്‌ ജനസംസാരമുണ്ട്‌. ഹിറ്റ്‌ലര്‍ പത്രങ്ങള്‍ക്കും റേഡിയോയിക്കുമൊക്കെ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ വാര്‍ത്തകള്‍ സത്യസന്ധമായിട്ട്‌ അറിയാന്‍ കഴിയുന്നില്ല. നാസികള്‍ പ്രചരിപ്പിക്കുന്നതെല്ലാം അര്‍ദ്ധസത്യങ്ങളാണെന്ന്‌ എല്ലാവര്‍ക്കും അറിയാം.രാജ്യതാല്‍പര്യത്തിന്റെപേരില്‍ ആരും ചോദ്യംചെയ്യുന്നില്ലെന്നു മാത്രം.

`നമ്മളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ മാറ്റാനുള്ള നാസികളുടെ അടവല്ലേ ഇതെന്ന്‌ എനിക്ക്‌ സംശയമുണ്ട്‌.' ജോലികഴിഞ്ഞിറങ്ങിയപ്പോള്‍ ജൊസേക്ക്‌ സ്റ്റെഫാനോട്‌ പറഞ്ഞു.

`ആയിരിക്കാം. അങ്ങനെ പോകേണ്ടിവരികയാണെങ്കില്‍ കുടുംബത്തെ കൊണ്ടുപോകാന്‍ നിനക്ക്‌ ഉദ്ദേശമുണ്ടോ?'

`അല്ലാതെ അവരെ ഇവിടെ ഇട്ടിട്ട്‌പോകാനോ? മരിക്കുന്നെങ്കില്‍ എല്ലാവരും ഒന്നിച്ചാകാം.'

`മരിക്കുന്നതിനെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ വരട്ടെ,' സ്റ്റെഫാന്‍ പറഞ്ഞു. `നീ കുടുംബത്തെ കൊണ്ടുപോകുന്നെങ്കില്‍ ഞാനും അതുപോലെ ചെയ്യാം.'

`അതാണ്‌ നല്ലത്‌. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും അവരുടെ തള്ളയേം ഇവിടെ ഒറ്റക്കാക്കിയിട്ട്‌ പോയാല്‍ അവര്‍ക്കെന്ത്‌ സുരക്ഷിതത്ത്വമാണ്‌ ഉള്ളത്‌? പ്രത്യകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍.'

`നീപറഞ്ഞത്‌ ശരിയാണ്‌. അതിനിടക്ക്‌ മറ്റൊരുകാര്യം നിന്നോട്‌ പറയാന്‍ ഞാന്‍ വിട്ടുപോയി. നമ്മുടെ സിനഗോഗില്‍ വരുന്ന യാക്കോബ്‌മുപ്പനില്ലേ? അയാള്‍ ഇന്നലെ മരിച്ചു. യാതൊരസുഖവും അങ്ങേര്‍ക്ക്‌ ഇല്ലായിരുന്നു. ഇന്നലെ രാവിലെ എസ്സെസ്സുകാര്‍വന്ന്‌ അങ്ങേരെ വിളിച്ചുകൊണ്ടപോയി. വൈകിട്ട്‌ ആശുപത്രിയില്‍ കിടന്ന്‌ മരിച്ചെന്നാ പറയുന്നത്‌.'

`ദയാവധം,' ജൊസേക്ക്‌ പറഞ്ഞത്‌ സ്റ്റെഫാന്‌ മനസിലായില്ല.

`നീയെന്താ പറഞ്ഞത്‌?' അയാള്‍ ചോദിച്ചു.

`സമൂഹത്തിനും രാജ്യത്തിനും വേണ്ടാത്തവരെ കൊന്നൊടുക്കുന്ന ഹിറ്റ്‌ലറുടെ പരിപാടി. മൂപ്പന്‍ ഭാഗ്യവാനാ. നമ്മുടെ ദുരിതങ്ങളൊന്നും കാണാതെ പോകാന്‍ സാധിച്ചില്ലേ?'

`നീ പറയുന്നത്‌ സത്യമാണോ? നാസികള്‍ മൂപ്പനെ കൊന്നതാണോ?' സ്റ്റെഫാന്‌ വിശ്വസം വന്നില്ല.

`സത്യം. വയസുചെന്നവരും, രോഗികളുമൊക്കെ രാജ്യത്തിന്‌ ഭാരമാണെന്നാണ്‌ ഹിറ്റ്‌ലര്‍ പറയുന്നത്‌. അവരെ നേരത്തെ പറഞ്ഞുവിട്ടാല്‍ അത്രയും ആഹാരത്തിന്റെയും മരുന്നിന്റെയും പണം ലാഭിക്കാമല്ലോ. ആ പണംകൊണ്ട്‌ ഒരുതോക്കുകൂടി നിര്‍മിക്കാന്‍ സാധിച്ചലോ?'

`ആരാണ്‌ ഈ അരുംകൊല ചെയ്യുന്നത്‌?'

`ഒരുപറ്റം ഡോക്‌ട്ടര്‍മാര്‍. അവര്‍ രോഗിക്ക്‌ ഒരു ഇഞ്ചക്‌ഷന്‍കൊടുക്കുന്നു. നിമിഷങ്ങള്‍ കഴിയുമ്പോള്‍ രണ്ട്‌ അറ്റന്‍ഡമാര്‍വിന്ന്‌ ശവം എടുത്തുകൊണ്ട്‌ പോകും; അടുത്തയാള്‍ക്ക്‌ കിടക്കാന്‍ ഒരു കട്ടിലുകൂടി ഒഴിയുന്നു.'

ജൊസേക്ക്‌ പറഞ്ഞത്‌ വിശ്വസിക്കാനാകാതെ അവന്‍ നടന്നു.

(തുടരും....)

സാം നലമ്പള്ളില്‍
sam3nilam@yahoo.com



നോവലിന്റെ ഒന്നാം ഭാഗം വായിക്കുക....
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്രനോവല്‍ -ഭാഗം -2 : സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക