Image

`ഒക്യൂപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ക്ക്‌ മേയറുടെ മുന്നറിയിപ്പ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 03 December, 2011
`ഒക്യൂപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ക്ക്‌ മേയറുടെ മുന്നറിയിപ്പ്‌
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ഒക്ടോബര്‍ 21 മുതല്‍ ആല്‍ബനി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അക്കാഡമി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന `ഒക്യൂപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ക്ക്‌ അവസാനം ആല്‍ബനി മേയര്‍ ജെറി ജെന്നിംഗ്‌സിന്റെ മുന്നറിയിപ്പ്‌.

ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ക്ക്‌ തലവേദന സൃഷ്ടിച്ചുകൊണ്ട്‌ ആല്‍ബനി നഗരത്തില്‍ പ്രകടനം നടത്തിയവരെ അറസ്റ്റു ചെയ്യുകയോ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയുടെ ആവശ്യം നിരാകരിച്ച്‌ പ്രകടനക്കാര്‍ക്ക്‌ അനുകൂല നിലപാടെടുത്ത മേയര്‍ക്ക്‌ അവസാനം കടുത്ത തീരുമാനമെടുക്കേണ്ടതായി വന്നു. ഡിസംബര്‍ 2, വെള്ളിയാഴ്‌ചയാണ്‌ മേയറുടെ സന്ദേശം പ്രകടനക്കാര്‍ക്ക്‌ കൈമാറിയത്‌.

ഡിസംബര്‍ 22 വരെ മാത്രമേ പ്രകടനക്കാര്‍ക്ക്‌ പാര്‍ക്കില്‍ കഴിഞ്ഞുകൂടാനുള്ള അനുമതിയുള്ളൂ  എന്നാണ്‌ മേയറുടെ ഓഫീസ്‌ അറിയിച്ചിരിക്കുന്നത്‌. ഗവര്‍ണര്‍ക്കുവേണ്ടി തന്റെ തീരുമാനം മാറ്റിയതല്ല, മറിച്ച്‌ പ്രകടനക്കാര്‍ പാര്‍ക്കില്‍ വരുത്തിവെച്ച നാശനഷ്ടങ്ങളും, ആരോഗ്യ സംരക്ഷണത്തിലും സുരക്ഷയിലും വീഴ്‌ച വരുത്തിയതിനുമാണ്‌ ഇങ്ങനെ ഒരു തീരുമാനമെടുക്കേണ്ടിവന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രകടനക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഡിസംബര്‍ 22 വരെ അവര്‍ക്ക്‌ പാര്‍ക്കില്‍ തുടരാം. പക്ഷേ, പാര്‍ക്കില്‍ വരുത്തിവെച്ച ഗൗരവമേറിയതും ആരോഗ്യത്തിനു ഹാനികരമായേക്കാവുന്നതുമായ പല പ്രശ്‌നങ്ങളും ഡിസംബര്‍ 6-നകം അവര്‍ പരിഹരിക്കണം. തന്നെയുമല്ല, ടെന്റുകളില്‍ ഹീറ്ററുകള്‍ ഉപയോഗിക്കുക വഴി പ്രകടനക്കാരുടെയും പൊതുജനങ്ങളുടേയും സുരക്ഷയും ഭീഷണിയിലാണ്‌. അക്കാര്യവും മേയര്‍ കണക്കിലെടുക്കേണ്ടതുണ്ട്‌. മേയറുടെ ഓഫീസ്‌ അറിയിച്ചു.

ഡസന്‍ കണക്കിന്‌ ടെന്റുകളാണ്‌ പാര്‍ക്കില്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ആല്‍ബനിയിലെ അതികഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ ടെന്റുകളില്‍ അനേകം ഹീറ്ററുകള്‍ ഉപയോഗിക്കേണ്ടിവരും. അഗ്നിശമന സേനാ വിഭാഗം അതിനു അനുവദിക്കുകയുമില്ല. അതുകൊണ്ടുതന്നെ തനിക്ക്‌ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു എന്ന്‌ മേയര്‍ അറിയിച്ചു. എന്നിരുന്നാലും, പ്രകടനക്കാര്‍ക്ക്‌ പകല്‍ സമയങ്ങളില്‍ നഗരത്തില്‍ സമരം ചെയ്യാനുള്ള അനുമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
`ഒക്യൂപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ക്ക്‌ മേയറുടെ മുന്നറിയിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക