Image

മാര്‍ക്കിന്റെ പത്താം വാര്‍ഷികവും കുടുംബമേളയും പ്രൗഢഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 03 December, 2011
മാര്‍ക്കിന്റെ പത്താം വാര്‍ഷികവും കുടുംബമേളയും പ്രൗഢഗംഭീരമായി
ഷിക്കാഗോ: മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞ മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ (മാര്‍ക്ക്‌) ഷിക്കാഗോ സീറോ മലബാര്‍ പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പത്താം വാര്‍ഷികവും കുടുംബ സംഗമവും വര്‍ണ്ണാഭമായ പരിപാടികളോടെ പ്രൗഢംഭീരമായി ആഘോഷിച്ചു.

നവംബര്‍ 19-ന്‌ വൈകുന്നേരം ആറുമണിയോടുകൂടി മാര്‍ക്ക്‌ പ്രസിഡന്റ്‌ ജോസഫ്‌ കുന്നേലിന്റെ ആധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡോ. ലത കാലായില്‍ മുഖ്യാതിഥിയായിരുന്നു.

മാര്‍ക്ക്‌ കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്‌ത പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച്‌ ജീവകാരുണ്യ പദ്ധതികളെക്കുറിച്ച്‌ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രസിഡന്റ്‌ ജോസഫ്‌ കുന്നേല്‍ ഹൃസ്വമായി വിവരിക്കുകയും, സഹകരണത്തോടുകൂടി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചാല്‍ സമൂഹ നന്മയ്‌ക്കുവേണ്ടി ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്നും പ്രസ്‌താവിച്ചു.

മാര്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ജെസ്സി റിന്‍സി മുഖ്യാതിഥി ഡോ. ലത കാലായിലിനെ സദസ്സിന്‌ പരിചയപ്പെടുത്തി. നമ്മുടെ സമൂഹത്തില്‍ കഷ്‌ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കണമെന്നും, മാര്‍ക്കിന്റെ നേതൃത്വത്തില്‍ മറ്റ്‌ പ്രൊഫഷണല്‍ സംഘടനകളുമായി സഹകരിച്ച്‌ മെഡിക്കല്‍ ക്യാമ്പുകളും മറ്റും നടത്തി ജനങ്ങളെ ബോധവത്‌കരിക്കണമെന്നും, ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്തവര്‍ക്കും മറ്റ്‌ ഏജന്‍സികളുടെ സഹായം പ്രയോജനപ്പെടുത്തണമെന്നും ഡോ. ആന്‍ കാലായില്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തു. തുടര്‍ന്ന്‌ ഡോ. ആന്‍ കാലായില്‍ ഭദ്രദീപം തെളിയിച്ച്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

സെക്രട്ടറി വിജയ്‌ വിന്‍സെന്റ്‌ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സദസിന്‌ പരിചയപ്പെടുത്തി. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ റ്റോം കാലായില്‍ തന്റെ പ്രസംഗത്തില്‍ സ്ഥാനമൊഴിയുന്ന ഭരണസമിതിക്ക്‌ നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവരുടേയും സഹകരണവും പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

പ്രശസ്‌ത പിന്നണി ഗായകന്‍ ഫ്രാങ്കോ സൈമണ്‍, ജെസ്സി തര്യത്ത്‌, റോസ്‌മേരി തര്യത്ത്‌ എന്നിവര്‍ നയിച്ച സംഗീത സന്ധ്യ ആഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. നേഹ ഹരിദാസ്‌, അഞ്‌ജലി കൊട്ടുകാപ്പള്ളി, ദിവ്യ ചിറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തനൃത്യങ്ങള്‍ കാണികളുടെ മനംകവരുന്നതായിരുന്നു. ഷൈനി ഹരിദാസും, ഷൈനി ലൂക്കോസും കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

അസോസിയേഷന്റെ സമ്മര്‍ പിക്‌നിക്കില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായിട്ടുള്ളവര്‍ക്കുള്ള സമ്മാനങ്ങള്‍ ജോര്‍ജ്‌ പ്ലാമൂട്ടിലിന്റെ നേതൃത്വത്തില്‍ തദവസരത്തില്‍ വിതരണം ചെയ്‌തു.

സെക്രട്ടറി വിജയ്‌ വിന്‍സെന്റ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റ്റോം കാലായിലും റെഞ്ചി വര്‍ഗീസും പരിപാടികളുടെ അവതാരകരായിരുന്നു.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന്‌ നേതൃത്വം നല്‍കിയ റെഞ്ചി വര്‍ഗീസ്‌, സജി തോമസ്‌, ഫിലിപ്പ്‌ സ്റ്റീഫന്‍, റ്റോം കാലായില്‍, സ്‌കറിയാക്കുട്ടി തോമസ്‌, റെജിമോന്‍ ജേക്കബ്‌, ലൂക്കോസ്‌ ജോസഫ്‌ എന്നിവരുടെ സംഘടനാപാടവം പ്രശംസാര്‍ഹമാണ്‌. സെക്രട്ടറി വിജയ്‌ വിന്‍സെന്റ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മാര്‍ക്കിന്റെ പത്താം വാര്‍ഷികവും കുടുംബമേളയും പ്രൗഢഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക