Image

ഗാസയിലെ കണ്ണുനീര്‍ (കാരൂര്‍ സോമന്‍)

Published on 03 September, 2014
ഗാസയിലെ കണ്ണുനീര്‍ (കാരൂര്‍ സോമന്‍)
ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ (2014 ഓഗസ്റ്റ്‌ 24- ഞായറാഴ്‌ച) പ്രസിദ്ധീകരിച്ച ഒരു ചിത്രമാണിത്‌. പലസ്‌തീനിലെ യുദ്ധഭൂമിയായ ഗാസയില്‍ നിന്നുമാണ്‌ ഈ ഷോട്ട്‌. മാസങ്ങളായി തുടരുന്ന ഹമാസ്‌-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷോട്ടില്‍ പ്രതിഫലിക്കുന്നത്‌ യുദ്ധത്തിന്റെ തീവ്രതയാണ്‌. ഈ ചിത്രം ലോകമെമ്പാടുമുള്ള സമാധാനപ്രിയര്‍ക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നിഴലിക്കും എന്നുറപ്പ്‌.

റോബര്‍ട്ടോ ഷിമിറ്റ്‌ എന്ന ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ ഗാസയില്‍ നിന്നും പകര്‍ത്തിയതാണ്‌ ഈ ചിത്രങ്ങള്‍. ആദ്യ ഷോട്ടില്‍ ബോംബ്‌ പൊട്ടുന്നതിനു മുന്‍പുള്ള ശാന്തത കാണാം. രണ്ടാം ഷോട്ടില്‍ കൃത്യമായി ഫ്രെയിമിനുള്ളിലേക്ക്‌ കയറി ബോംബ്‌ പൊട്ടുന്നു. മൂന്നാമത്തെ ചിത്രത്തില്‍ സബ്‌ജക്‌ടായി നില്‍ക്കുന്നവര്‍ സ്‌ഫോടനത്തിന്റെ ശക്തിയായി നിലംപതിക്കുന്നതും പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ കൃത്യമായി തന്നെ ലഭിച്ചിരിക്കുന്നു. സ്‌ഫോടത്തിനിടയിലും ക്യാമറയിലെ ദൃശ്യങ്ങള്‍ക്ക്‌ കാര്യമായ ഷെയ്‌ക്കിങ്ങ്‌ സംഭവിച്ചിട്ടില്ലെന്നത്‌ അത്ഭുതപ്പെടുത്തുന്നു. വരും ദിവസങ്ങളില്‍ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമായി ഇതു മാറും എന്നുറപ്പ്‌.

മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തുള്ള ഒരു സ്വയംഭരണാധികാരമുണ്ടെന്ന്‌ അവകാശപ്പെടുന്ന പ്രദേശമാണ്‌ ഗാസ സ്‌ട്രിപ്പ്‌ . തെക്കുപടിഞ്ഞാറ്‌ ഈജിപ്‌റ്റ്‌ (11 കിലോമീറ്റര്‍); കിഴക്കും വടക്കും ഇസ്രായേല്‍ (51 കിലോമീറ്റര്‍) എന്നിവയാണ്‌ അതിര്‍ത്തികള്‍. 2007 മുതല്‍ ഈ പ്രദേശം പ്രായോഗികതലത്തില്‍ ഹമാസ്‌ എന്ന സംഘടനയാണ്‌ ഭരിക്കുന്നത്‌. 2012 മുതല്‍ ഐക്യരാഷ്ട്രസഭ ഈ പ്രദേശം പലസ്‌തീന്‍ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു. റാമള്ളായിലെ പലസ്‌തീനിയന്‍ ഭരണകൂടം ഈ പ്രദേശത്തിന്റെ മേല്‍ അധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ്‌ അവകാശപ്പെടുന്നത്‌ പലസ്‌തീനിയന്‍ അഥോറിറ്റിയുടെ അധികാരം തങ്ങള്‍ക്കാണ്‌ ലഭിക്കേണ്ടതെന്നാണ്‌. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സമരസപ്പെട്ട്‌ മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാവട്ടെ ഇതുവരെ വിജയിച്ചിട്ടില്ല. അതിനിടയില്‍ ഹമാസിനെ തീവ്രവാദി സംഘടനയായി വിശേഷിപ്പിച്ച്‌ ഇസ്രയേല്‍ നടത്തുന്ന യുദ്ധം മറ്റൊരു ഭാഗത്തും തുടരുന്നു.

ഗാസയിലെ പലസ്‌തീന്‍ ജനതയുടെ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്‌. വാര്‍ഷിക ജനസംഖ്യാവര്‍ദ്ധനവ്‌ ഏകദേശം 3.2% ആണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യാവര്‍ദ്ധനയുള്ള രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ്‌ ഈ പ്രദേശം. ഈ പ്രദേശത്തിന്റെ നീളം 41 കിലോമീറ്ററും വീതി 6 മുതല്‍ 12 വരെ കിലോമീറ്ററുമാണ്‌. ആകെ വിസ്‌തീര്‍ണ്ണം 365 ചതുരശ്ര കിലോമീറ്ററാണ്‌. ജനസംഖ്യ 17 ലക്ഷത്തോളവും.

1948ലെ യുദ്ധം അവസാനിച്ചതോടെയാണ്‌ ഗാസ സ്‌ട്രിപ്പിന്റെ വടക്കും കിഴക്കുമുള്ള അതിര്‍ത്തികള്‍ രൂപപ്പെട്ടത്‌. ഇത്‌ ഇസ്രായേലും ഈജിപ്‌റ്റും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറനുസരിച്ച്‌ 1949 ഫെബ്രുവരി 24ന്‌ അംഗീകരിക്കപ്പെട്ടു. ഒത്തു തീര്‍പ്പിന്റെ അഞ്ചാം ആര്‍ട്ടിക്കിള്‍ ഈ അതിര്‍ത്തി ഒരു അന്താരാഷ്ട്ര അതിര്‍ത്തിയാകില്ല എന്ന്‌ വ്യവസ്ഥ ചെയ്‌തിരുന്നു. ആദ്യം ഗാസ സ്‌ട്രിപ്പിന്റെ ഭരണം നടത്തിയിരുന്നത്‌ 1948ല്‍ അറബ്‌ ലീഗ്‌ സ്ഥാപിച്ച പാലസ്‌തീന്‍ ഭരണകൂടമായിരുന്നു. ഈജിപ്‌റ്റിന്റെ സൈനിക നിയന്ത്രണത്തിന്‍ കീഴില്‍ ഒരു പാവ സര്‍ക്കാര്‍ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവര്‍ത്തിച്ചിരുന്നത്‌. ഇത്‌ ഐക്യ അറബ്‌ റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട്‌ 1959ല്‍ പിരിച്ചുവിടപ്പെടുകയും ചെയ്‌തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത്‌ ഈജിപ്‌ഷ്യന്‍ സൈനിക ഗവര്‍ണറായിരുന്നു. ഇസ്രായേല്‍ 1967ല്‍ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്‌റ്റില്‍ നിന്ന്‌ പിടിച്ചെടുത്തു. 1993ല്‍ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തില്‍ പാലസ്‌തീന്‍ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്‌തീനിയന്‍ അഥോറിറ്റിക്ക്‌ നല്‍കപ്പെട്ടു. ആകാശം, ജലം അതിര്‍ത്തി കടക്കുന്ന സ്ഥാനങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഇസ്രായേല്‍ തുടര്‍ന്നും കൈവശം വച്ചു. ഈജിപ്‌റ്റുമായുള്ള കര അതിര്‍ത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005ല്‍ ഇസ്രായേല്‍ ഗാസ സ്‌ട്രിപ്പില്‍ നിന്ന്‌ ഏകപക്ഷീയമായി പിന്‍വാങ്ങി. 2006ലെ പലസ്‌തീനിയന്‍ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതല്‍ ഹമാസ്‌ ഗാസ സ്‌ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്‌തീന്‍ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
ഗാസയിലെ കണ്ണുനീര്‍ (കാരൂര്‍ സോമന്‍)ഗാസയിലെ കണ്ണുനീര്‍ (കാരൂര്‍ സോമന്‍)ഗാസയിലെ കണ്ണുനീര്‍ (കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക