Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-12

Published on 03 December, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-12
അഞ്ച്
യേശുവിന്റെ ആതുരസേവയില്‍ പങ്കെടുക്കാനെനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉടനെ അങ്ങനെ ചെയ്യുന്നതിന് പല വൈഷമ്യങ്ങളും കണ്ടു. കുടുംബം പരമ്പരയായി നടത്തിവന്നിരുന്ന കച്ചോടം ആരെ ഏല്‍പ്പിക്കണമെന്നത് ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഒടുവില്‍ അത് നടത്തിക്കൊണ്ടുപോകാന്‍ സബദിനെ ഏല്‍പ്പിച്ചു.
യേശു ഏതുതരത്തില്‍ പെട്ടയാളാണെന്നും അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസക്കാമോയെന്നും എനിക്ക് തീര്‍ച്ചപ്പെടുത്താനായില്ല. ഒരടുത്ത അനുയായിയായി ഒരു സ്ത്രീയായ എന്നെ അദ്ദേഹം സ്വീകരിക്കുമോയെന്നും ഞാന്‍ സംശയിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന ആലോചനകള്‍ക്ക് ശേഷം ആതുരസേവയ്ക്കായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ തന്നെ തീരുമാനിച്ചു.
അതുവരെയുള്ള എന്റെ ജീവിതത്തെപറ്റി ഞാനാലോചിച്ചു. എന്നിലെ സ്ത്രീ മാതൃത്വത്തിനുള്ള തൃഷ്ണയും സ്വാതന്ത്ര്യവും ഒരേ സമയം ആഗ്രഹിച്ചു. ഇതില്‍ ചിലര്‍ വൈരുദ്ധ്യം കണ്ടേക്കാം. എന്നാല്‍ സ്ത്രീ സങ്കല്പത്തിന്റെ അളവുകള്‍ക്ക് ഒരു പുതിയ മാനം കൊടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിരുന്നതുകൊണ്ട് സ്ത്രീയാകാന്‍ മാതൃത്വം കൂടിയേ കഴിയൂ എന്നു വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണ് ഭര്‍ത്തൃമഹിതയായി കഴിഞ്ഞതും. പുരുഷന്മാരുടെ അഹന്തയെ ഞാന്‍ പുച്ഛിച്ചു. എന്റെ യൗവ്വനം മുതല്‍ ഞാന്‍ ഭാവന ചെയ്ത ആദര്‍ശം, ഇച്ഛാശക്തിയും ധര്‍മ്മനിഷ്ഠയുമുള്ള ഒരു സ്ത്രീയും, യോഗ്യനായ ഒരു പുരുഷനും എന്നില്‍ത്തന്നെയുണ്ടെന്നാണ്. ഇത് ജന്മനായുണ്ടായ ഒരു ചേതോവികാരമായിരിക്കാം. കീഴ് വഴക്കങ്ങളോട് പൊരുത്തപ്പെട്ടുപോകാനും എനിക്ക് കഴിഞ്ഞിരുന്നില്ല. ഗര്‍വ്വും അഹങ്കാരവുമുള്ളവരെ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അന്തഃസ്സാര ശൂന്യരായ ഇവര്‍ സമുദായത്തിന്റെ മേല്‍ത്തട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. ഇവരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
രതിസുഖം ഞാന്‍ ആദ്യം അനുഭവിച്ചത് സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തരുണിയില്‍ നിന്നാണ്. അത് പാപമായിരിക്കാം. ആ ചിന്ത എപ്പോഴുമെന്നെ സങ്കടപ്പെടുത്തിയിരുന്നു. എന്നാല്‍ ശൃംഗാരം പ്രകടിപ്പിക്കുകയോ പുരുഷന്മാരെ വശീകരിക്കുകയോ ചെയ്യുന്ന സ്വഭാവമെനിക്കില്ലായിരുന്നു. അഹന്തയുമില്ലായിരുന്നു. സ്വാഭാവികമായിട്ടാണ് ഞാനെന്നും പെരുമാറിയിരുന്നത്. മറ്റുള്ളവരുടെ മേല്‍ സ്വാധീനം ചെലുത്താനുള്ള ശക്തി എനിക്കു തന്നു. എന്നെ വളര്‍ത്തിക്കൊണ്ടുവന്ന സാഹചര്യവും കുടുംബ സുകൃതവും കൊണ്ടാണ് ഈ സ്വഭാവവിശേഷങ്ങള്‍ എനിക്ക് കിട്ടിയതെന്നു തോന്നുന്നു. ഇങ്ങനെ എന്നെപ്പറ്റി വിസ്തരിച്ച് ഇപ്പോഴെഴുതുന്നതില്‍ വൈഷമ്യമുണ്ട്. എങ്കിലും പില്‍ക്കാലത്ത് എനിക്കുണ്ടായ മാനസിക വളര്‍ച്ചയെക്കുറിച്ച് അറിയാന്‍ ഇതുപകരിക്കുമെന്നു വിശ്വസിച്ചാണങ്ങനെ ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാതന്ത്ര്യാഭിവാഞ്ഛയും ധൈഷണികനിലപാടും അന്നത്തെ സ്ത്രീകളില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു.
ഈ കാഴ്ചപ്പാടിലൂടെയുള്ള ആലോചന പുതുമയുള്ളതും ലോകോപകാരപ്രദവുമായ ഒരു പുതിയ പന്ഥാവില്‍ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. യേശുവിനെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടെങ്കിലേ കഴിയുകയുള്ളൂ എന്ന ഉള്‍ക്കാഴ്ചയും എനിക്കുണ്ടായിരുന്നു.
ജോര്‍ദ്ദാന്‍ നദീതീരത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് കഫര്‍ന്നഹൂമിലേക്ക് പോകുമ്പോള്‍ തന്നെ അനുഗമിക്കണമെന്ന യേശുവിന്റെ സന്ദേശവും കൊണ്ട് ജേക്കബ്ബ് വീണ്ടും മഗ്ദലനില്‍ വന്ന് എന്നെ കണ്ടതും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള എന്റെ നിശ്ചയത്തിനു മാറ്റുകൂട്ടി.
“മേരിക്ക് എന്റെ സന്ദേശം കിട്ടിയിരിക്കുമല്ലോ?” യേശു എന്നെ കണ്ടയുടനെ ചോദിച്ചു.
“കിട്ടി, ജേക്കബ്ബ് എന്നോടൊത്ത് രണ്ടുദിവസം താമസിച്ചിട്ടാണ് പോയത്…” ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
“എന്താണ് പറയാനുള്ളത്? മടിക്കണ്ടാ” അടുത്തുനിര്‍ത്തി എന്റെ ശിരസ്സില്‍ വിരലോടിച്ചുകൊണ്ടു പറഞ്ഞു. എന്തെങ്കിലും കാരണവശാല്‍ ഞാന്‍ അസ്വസ്ഥയാകുമ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ അദ്ദേഹം ചെയ്യുന്ന സ്ഥിരം പ്രവൃത്തിയാണിത്.
“ഞാനൊരു സ്ത്രീയും അവിവാഹിതയുമായതുകൊണ്ട് അവിടുത്തെ സഭയില്‍ ചേരുന്നതിനോട് അങ്ങയുടെ ശിഷ്യരില്‍ ചിലര്‍ക്കെങ്കിലും എതിര്‍പ്പുണ്ട്” എന്റെ മനസ്സില്‍ വേദന നിറഞ്ഞിരുന്നു.
“മേരീ, നീയൊരു സ്ത്രീയും അവിവാഹിതയുമാണെന്ന കാര്യം ഈശ്വരസേവ ചെയ്യാന്‍ നിന്നെ യോഗ്യയാക്കുന്നില്ല. നമ്മുടെ മുമ്പിലുള്ള വെല്ലുവിളി നേരിടാന്‍ എല്ലാവരുടെ ശക്തിയും ആവശ്യമാണ്. അതുകൊണ്ട് നമുക്കിപ്പോള്‍ പ്രാര്‍ത്ഥിക്കാം”.
ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു.
കഫര്‍ന്നഹൂം ഗലീലി കടല്‍ക്കരയുള്ള ഒരു ചെറിയ പട്ടണമാണ്. വലിയ ഗ്രാമമെന്നു പറയുന്നതാകും ശരി. അവിടുത്തെ ജനങ്ങളില്‍ ഏറിയ പങ്കും മണ്ണിന്റെ മക്കളായിരുന്നു. അവരുടെ ഇടയിലാണ് സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന് യേശു ആദ്യമായി പ്രസംഗിച്ചുതുടങ്ങിയത്.
യേശുവിന്റെ സഭയില്‍ ശിഷ്യന്മാരായി ആദ്യം രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. പീറ്ററും അദ്ദേഹത്തിന്റെ സഹോദരന്‍ ആന്‍ഡ്രൂസും. ഇവര്‍ ശിഷ്യരായത് ആകസ്മികമായിട്ടാണ്. ഒരു സായാഹ്നത്തില്‍ അദ്ദേഹം ഗലീലി കടല്‍തീരത്തു കൂടെ നടക്കുമ്പോള്‍ അതികായകരായ രണ്ടു മീന്‍പിടുത്തക്കാര്‍ കടലിലേക്ക് വലയെറിഞ്ഞ് മീന്‍പിടിക്കാന്‍ ശ്രമിച്ചിരുന്നു. പീറ്ററും ആന്‍ഡ്രൂസും. ഉഗ്രമായ കടല്‍കാറ്റ്. ഇളകിമറിയുന്ന തിര. അവരിരുന്ന ചെറിയ തോണി ഏതുനിമിഷവും മറിഞ്ഞുവീഴാമെന്ന അവസ്ഥ. കിണഞ്ഞുശ്രമിച്ചതുകൊണ്ട് പരിചയസമ്പന്നരായ അവര്‍ക്ക് തോണി കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞെങ്കിലും വല കൈവിട്ടുപോയിരുന്നു. നിരാശയോടെ കടലിലേക്ക് കണ്ണെറിഞ്ഞുനിന്ന അവരോട്.
“എന്റെ പിന്നാലെ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നു കല്പിച്ചു. ഏതോ മാസ്മരശക്തി കൊണ്ടന്നപോലെ അവരിരുവരും യേശുവിനെ പിന്‍തുടര്‍ന്നു.
പിന്നീട് പല അവസരങ്ങളിലായി ജേക്കബ്ബ്, അയാളുടെ സഹോരന്‍ ജോണ്‍ , ഫിലിപ്പ്, ബാര്‍ത്തലോമ്യ, തോമസ്, അല്‍ക്കയുടെ മകന്‍ (എന്റെ വീട്ടിലെ അല്‍ക്കയല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)ജേക്കബ്ബ്, ദദ്ദായി, സൈമണ്‍, മാത്യൂ, യേശുവിനെ ഒറ്റിക്കൊടുത്ത ജൂദാസ് എന്നീ പത്തുപേര്‍ കൂടെവന്നു.
കഫര്‍ന്ന ഹൂമില്‍ താമസിക്കുന്ന കാലത്ത് ഞങ്ങള്‍ ദിവസവും പുലര്‍ച്ചെയെഴുന്നേറ്റ് ദിനകൃത്യങ്ങള്‍ കഴിഞ്ഞ് ഒരു കൂടാരത്തില്‍ ഒത്തുച്ചേരും. ഇത് പ്രാര്‍ത്ഥനാസമയമാണ്. ശിഷ്യര്‍ക്ക് ഉപദേശം കൊടുക്കുന്നതും ഈ സമയത്തുതന്നെ. കൂടാരത്തിനു നടുവിലിട്ടിരിക്കുന്ന മരത്തോലില്‍ ഒരു കമ്പിളി പുതപ്പ് വിരിച്ച് യേശു അതിലിരിക്കും. ഞങ്ങള്‍ ചുറ്റുംകൂടും.
പ്രാര്‍ത്ഥിക്കേണ്ട രീതിയെപ്പറ്റി യേശു പറഞ്ഞതിങ്ങനെയാണ്. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ! നിന്റെ രാജ്യം വരണമേ! ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരണമേ! ദുഷ്ടരില്‍നിന്ന് ഞങ്ങളെ വിടുവിക്കണമേ! എന്നാണ്.
യേശുവിന്റെ ശിഷ്യരായ ഞങ്ങള്‍ ഇതിന്റെ സാരാശം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കും. അവരത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അതില്‍നിന്ന് ആത്മധൈര്യം വീണ്ടെടുക്കുകയും ചെയ്തു.
പ്രാര്‍ത്ഥനകഴിഞ്ഞാല്‍ പ്രഭാതഭക്ഷണം. അപ്പവും വീഞ്ഞും എപ്പോഴുമുണ്ടാകും. ദദ്ദായിക്കാണതിന്റെ ചുമതലയെങ്കിലും, നാല്‍പ്പതോളംപേര്‍ക്കുള്ള ഭക്ഷണത്തിന്റെ ചിലവ് വഹിക്കാന്‍ തക്ക സാമ്പത്തികശേഷിയുണ്ടായിരുന്നത് എനിക്കും ജോ ആനക്കുമായിരുന്നു. ജോആന നല്ല ഭരണസാമര്‍ത്ഥ്യമുള്ള സ്ത്രീയായിരുന്നു. ആന്റിപസ് രാജാവിന്റെ കൊട്ടാരം വിചാരിപ്പുകാരനും വളരെ ധനവാനുമായിരുന്ന ചൂസയായിരുന്നു അവരുടെ ഭര്‍ത്താവ്. എന്നെപ്പോലെ ദുഷ്‌പ്രേതാവേശം കൊണ്ട് കഠിനദുഃഖമനുഭവിച്ചിരുന്ന അവരെ യേശുവാണ് സ്വതന്ത്രയാക്കിയത്. അന്നു മുതല്‍ ജോആന സുവിശേഷ പ്രചരണത്തില്‍ പങ്കുചേര്‍ന്നു താമസം ഞങ്ങളുടെ കൂടെയാക്കി. രാജാവിനെ ഭയന്ന് ചൂസാ അവരെ കൈവെടിഞ്ഞെങ്കിലും വളരെയധികം പണം കൊടുത്താണ് യാത്ര അയച്ചത്. ദൈനംദിന ചിലവുകളും ഭരണകാര്യങ്ങളുമെല്ലാം ഞങ്ങള്‍ രണ്ടുപേരും കൂടെ കഴിയുന്നത്ര ഭംഗിയായി നിര്‍വഹിച്ചു.
പ്രാര്‍ത്ഥനയും പ്രഭാതഭക്ഷണവും കഴിഞ്ഞാല്‍ ഒരു രണ്ടു മണിക്കൂറെങ്കിലും പട്ടണം ചുറ്റി നടന്ന് ജനങ്ങളോട് സംസാരിക്കും. അവരുടെ ജീവിതപ്രശ്‌നങ്ങള്‍ നേരിട്ടറിയാനുള്ള താല്‍പ്പര്യം കൊണ്ടാണ് യേശു ഈ പരിപാടി തുടങ്ങിയത്. ഭൂരഹിതരായ കര്‍ഷകരുടെ സാമ്പത്തിക പരാധീനതയും, നികുതി പിരിവുകാരുടെ അനീതിയുമെല്ലാം അടുത്തറിയാന്‍ അദ്ദേഹമെപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഉച്ചസമയത്ത് കടുത്ത ചൂടാണ്. ഞങ്ങള്‍ക്കല്പം വിശ്രമം കിട്ടുന്ന ഇടവേള. ചിലര്‍ക്കെങ്കിലും അല്പനേരം ഉറക്കം തരപ്പെടുത്താന്‍ കഴിയും.
സായാഹനമായാല്‍ വീണ്ടും പട്ടണം ചുറ്റിയുള്ള പ്രദക്ഷിണം. എല്ലാ ദിവസവും യേശുവിന്റെ സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റിയുള്ള പ്രസംഗം കേള്‍ക്കാന്‍ അമ്പതോ അറുപതോ ആളുകള്‍ വന്നുചേരും. പകല്‍സമയത്തെ ജോലിയെല്ലാം കഴിഞ്ഞ് ആത്മശാന്തിക്കുവേണ്ടി ഈ പുതിയ പ്രവാചകന്‍ പറയുന്നതെന്താണെന്നറിയാന്‍ അവര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു. പ്രദക്ഷിണപരിപാടികള്‍ക്ക് ഞങ്ങള്‍ അല്‍പ്പം മേളക്കൊഴുപ്പും കൊടുത്തു. ദദ്ദായിക്ക് ഉടുക്കുപോലൊരു ഉപകരണം കൊട്ടി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. ബാര്‍ത്തലോമിനും, തോമസിനും സംഗീതവാസനയുണ്ടായിരുന്നതുകൊണ്ട് അവര്‍ യേശുവിന്റെ വചനങ്ങളെ സങ്കീര്‍ത്തനങ്ങളാക്കി തരം കിട്ടുമ്പോഴൊക്കെ പാടിയിരുന്നു. വഴിനീളെ നടന്ന് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന ഞങ്ങളോട് പൊതുജനങ്ങള്‍ പൊതുവെ ബഹുമാനവും ഔദാര്യവുമാണ് കാണിച്ചിരുന്നത്.
മാത്യൂ, യേശുവിന്റെ ശിഷ്യരിലൊരാളായ കഥ അല്‍പ്പം രസകരമാണ്. അതിവിടെ പറയാം. കഫര്‍ന്നഹും ആന്റിപസ് രാജാവിന്റെയും അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരന്‍ ഹാരോഡ് ഫിലിപ്പിന്റെയും രാജ്യങ്ങളും അതിര്‍ത്തിയിലാണ് സ്ഥിതിചെയ്തിരുന്നത്. അതുകൊണ്ട് പട്ടണത്തിന്റെ നടുവില്‍ ചുങ്കം പിരിവുകാരുടെ ഒരു വലിയ ആഫീസുണ്ടായിരുന്നു. അതിന്റെ മേലധികാരിയായി ലെവി എന്നുവിളിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനാണ് അന്ന് ജോലി നോക്കിയിരുന്നത്. ആഫീസിന്റെ വരാന്തയില്‍ ഇട്ടിരുന്ന ചെറിയ മേശകള്‍ക്കടുത്ത് പിരിവുകാര്‍ ജാഗ്രതയിലിരിക്കും. അവരുടെ സില്‍ബന്ധികള്‍ കടന്നുപോകുന്ന കച്ചോടക്കാരുടെയും കൃഷിക്കാരുടെയും പലതരം സാധനങ്ങളുടെ കണക്കും തൂക്കവും പിരിവുകാരെ അറിയിക്കും. ചുങ്കമായി അവര്‍ നിശ്ചയിക്കുന്ന, മിക്കവാറും അമിതമായ തുക അടച്ചിട്ടേ കഫര്‍ന്നഹും വിട്ടുപോകാന്‍ അവരെ അനുവദിക്കയുള്ളൂ. റോമന്‍ സെനികരും അവിടെയൊക്കെ സദാ റോന്തുചുറ്റിക്കൊണ്ടിരിക്കുന്നതു കാണാം.
ഒരുദിവസം ഏതോ ആവശ്യത്തിന് ഞാനും ജോആനയും കൂടെ യേശുവിനെ അന്വേഷിച്ച് നടക്കുമ്പോഴാണ് അദ്ദേഹത്തിനെ ചുങ്കം ഓഫീസിനുമുമ്പില്‍ കണ്ടത്. സ്വര്‍ണ്ണനിറം പൂശിയ ഒരു വലിയ കസേരയിലിരുന്ന ഉദ്യോഗസ്ഥനോട് യേശു കയര്‍ത്തുതന്നെയാണ് സംസാരിച്ചിരുന്നത്. ഞങ്ങള്‍ അല്പം അകലെ മാറിനിന്ന് എല്ലാം നോക്കിക്കണ്ടതേയുള്ളൂ. വിലകൂടിയ വസ്ത്രംകൊണ്ട് നിര്‍മ്മിച്ച കോട്ടും തലപ്പാവും ധരിച്ച ഉദ്യോഗസ്ഥന്‍ മുമ്പിലിരുന്ന തടിച്ച കണക്കുപുസ്തകത്തിലേക്ക് വിരല്‍ചൂണ്ടി അയാള്‍ ചെയ്തത് ന്യായീകരിക്കാനെന്ന മട്ടില്‍ എന്തൊക്കെയോ പറയുന്നുണ്ട്. നിങ്ങളീ ജോലി ഇഷ്ടപ്പെടുന്നില്ല…! അല്ലേ?” യേശു അയാളോടു ചോദിച്ചു.
“ഇതെന്റെ ജോലിയാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും” അയാള്‍ മറുപടിയെന്നോണം മന്ത്രിച്ചു. അതില്‍ നിരാശ കലര്‍ന്നിരുന്നു.
“ലെവി, നിങ്ങളുടെ ഗോത്രക്കാര്‍ക്ക് ചേര്‍ന്ന പണിയല്ലിത്”. യേശു അയാളുടെ അടുത്തേക്ക് നീങ്ങിനിന്നു പറഞ്ഞു. “അവര്‍ ഈശ്വരസേവ ചെയ്യാന്‍ ജനിച്ചവരാണ്. നീ അത് അറിയുന്നില്ലേ?”
“ജറുസലേമില്‍ പോയി ഭജനമിരിക്കാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമില്ല”. ലെവി ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
“നിങ്ങള്‍ക്ക് അഴിമതിക്കു കൂട്ടുനിന്ന് പണമുണ്ടാക്കാനാണ് താല്‍പ്പര്യം” യേശു അയാളെ കുറ്റപ്പെടുത്തി.
ലെവി തലതാഴ്ത്തി മൗനം പൂണ്ടിരുന്നതേയുള്ളൂ. അന്നു രാത്രി ലെവി കൂടാരത്തില്‍ വന്നു. ഞങ്ങളുടെ സഭയില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം യേശുവിനെ അറിയിച്ചു. അയാളുടെ ജീവിതകാലം മുഴുവന്‍ സുവിശേഷ പ്രവര്‍ത്തകനായി നീക്കിവെക്കാനായിരുന്ന തീരുമാനം. യേശു അദ്ദേഹത്തിന് മാത്യൂ എന്ന പുതിയ പേരു നല്‍കി അനുഗ്രഹിച്ചു!
ഇടയ്ക്കിടെ ശിഷ്യന്മാരുടെ സംശയങ്ങള്‍ക്കും, ആശങ്കകള്‍ക്കും വിരാമമിടാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചിലപ്പോഴത് ചോദ്യോത്തര രൂപത്തിലായിരിക്കും നടത്തുക.
“യേശുവേ നമ്മുടെ ദൗത്യമെന്താണ്” ബാര്‍ത്തലോമിന്റെ സംശയമായിരുന്നു അത്.
“ജനങ്ങളെ പിടികൂടി കഷ്ടപ്പെടുത്തുന്ന സാത്താനെ നശിപ്പിക്കുക. അതായിരിക്കണം നമ്മുടെ ദൗത്യം”
“ഞങ്ങളെന്താണ് ചെയ്യേണ്ടത്?” ഫിലിപ്പ് ചോദിച്ചു.
“നാം ഒന്നിച്ചു പ്രവര്‍ത്തിക്കണം. വിശദമായ കാര്യങ്ങല്‍ ഞാന്‍ അപ്പോഴപ്പോള്‍ നിങ്ങളെ പറഞ്ഞു മനസിലാക്കാം”. യേശു ഉറപ്പു നല്‍കി.
എന്നെ പിന്തുടരൂ! സൗമ്യനായിട്ടാണ് അത് പറഞ്ഞത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം അതില്‍ പ്രകടമായിരുന്നു. ശിഷ്യര്‍ക്കും അത് മനസ്സിലായി.
ഞാന്‍ അദ്ദേഹത്തെ അടുത്തറിയാന്‍ ആഗ്രഹിച്ചു. എപ്പോള്‍ വേണമെങ്കിലും അടുത്തുചെല്ലാനും എന്തും ചോദിക്കാനുമുള്ള സ്വാതന്ത്യം അദ്ദേഹം എനിക്കു തന്നിരുന്നു.
യേശുവിനോടുള്ള എന്റെ സ്‌നേഹം ഏതു തരത്തിലായിരുന്നു എന്ന് നിശ്ചയമില്ല. അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹവായ്പും. എന്റെ മനസ് അദ്ദേഹത്തില്‍ തന്നെ ലീനമായിരുന്നു. അത് തീര്‍ച്ചയാണ്. തഴച്ചുവളര്‍ത്തിയ മുടി പിന്നിലേക്ക് ഒതുക്കിവെച്ചിരിക്കും. ആത്മീയശാന്തി പ്രസരിക്കുന്ന മുഖത്ത് ശോകം, അമര്‍ഷം, സന്തോഷം എന്നീ വികാരങ്ങള്‍ മാറിമാറിവരുന്നതു കാണാം. ഒരു സാധാരണ ഗ്രാമീണന്റെ വേഷം. ലളിതജീവിതത്തില്‍ താല്‍പ്പര്യം. സാധാരണ ജനങ്ങളോടിടപ്പെടാന്‍ ഇതെല്ലാം അദ്ദേഹത്തെ സഹായിച്ചു.
ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സംഭാഷണശൈലി ലളിതമായിരുന്നു. ചിലപ്പോഴത് ചൂടുപിടിച്ച സംവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ഒരിക്കല്‍ യേശു ഈശ്വരചിന്തയെപ്പറ്റി സംസാരിക്കുകയായിരുന്നു. “സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍ നിങ്ങള്‍ എന്നും പ്രിയപ്പെട്ടവരാണ്. അദ്ദേഹം നിങ്ങളുടെ പിതാവാണ്. ഒരു ശിശു പിതാവിന്റെ അടുത്തുപോകുന്ന നിഷ്‌കളങ്കതയോടെ നിങ്ങളും നിങ്ങളുടെ പിതാവിന്റെയടുത്തു പോകണം. ചടങ്ങുകളോ നിവേദ്യമോ ഒന്നും ഇവിടെ ആവശ്യമില്ല.”
“ഇത് ഈശ്വരനിന്ദയാണ്” സദസ്യരില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. അയാളുടെ അജ്ഞത അതില്‍ പ്രകടമായിരുന്നു.
“ഒരിക്കിലുമല്ല” യേശു ദൃഢസ്വരത്തിലാണ് പറഞ്ഞത്. “ദൈവം ആഗ്രഹിക്കുന്നത് കാരുണ്യമാണ്. ബലിയാടുകളോ, നിങ്ങളുടെ നാണയമോ അല്ല. അറ്റുള്ളവരില്‍ കരുണ കാണിക്കുക, അവര്‍ക്കാണ് കരുണ ലഭിക്കുന്നത്. യേശു തുടര്‍ന്നു:- “ദൈവരാജ്യം ആസന്നമായിരിക്കുന്നു. അത് നിങ്ങളുടെയിടയില്‍ തന്നെയുണ്ട്. അവിടെ പ്രവേശിക്കണമോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങളുടെ ഹൃദയം അതിനുവേണ്ടി ഒരുക്കിയാല്‍ ഈ നിമിഷം അത് സാധിക്കും”.

“മോശയുടെ നിയമത്തില്‍ പരിശുദ്ധിയുടെ കാര്യം പറയുന്നില്ലേ?”മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ സ്വരമല്‍പ്പം ഉയര്‍ത്തി ചോദിച്ചു.
“സഹോദരീ, പരിശുദ്ധിയും നിയമവും ഒക്കെ വേണ്ടതു തന്നെ. പക്ഷേ, അതുമാത്രം പോരാ, നിങ്ങളുടെ സഹോദരന്മാരോടും സഹോദരികളോടും നിങ്ങള്‍ കരുണ കാണിക്കുന്നുണ്ടോ? അവര്‍ക്ക് ആപത്തുവരുന്ന സമയത്ത് സഹായഹസ്തം നീട്ടാറുണ്ടോ?” യേശു ആരാഞ്ഞു. “സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള പ്രധാന യോഗ്യതകളിലൊന്നിതാണ്” അദ്ദേഹം ശാന്തസ്വരത്തില്‍ കൂട്ടിചേര്‍ത്തു.
യേശുവും ശിഷ്യരും കഫര്‍ഹൂമില്‍ താമസിക്കുന്ന കാലത്ത് ഒരു സായാഹ്നത്തില്‍ തടിച്ചുപൊക്കമുള്ള ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. ഇസ്രയേലി സൈന്യത്തിലെ ഒരു ശതാധിപനാണെന്നു വിനയാന്വിതനായി പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്.
“എന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത്?” യേശു അയാളെ സ്വീകരിച്ചിരുത്തി ചോദിച്ചു.
“ബഹുമാന്യനായ രക്ഷകാ, എന്റെ കൗമാരപ്രായത്തിലുള്ള കുട്ടിപക്ഷപാതം പിടിപെട്ട് തളര്‍ന്നു കിടക്കുകയാണ്. അവന്‍ അനുഭവിക്കുന്ന കഠിനമായ വേദന ഞാനെങ്ങനെയാണ് അങ്ങയെ മനസ്സിലാക്കുന്നത്. അവിടുന്ന് ദയവായി അവന്റെ ദീനം ഭേദമാക്കി അവനെ രക്ഷിക്കണം” എന്ന് യാചനാസ്വരത്തില്‍ പറഞ്ഞു.
“ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്ന് ആ കുട്ടിയെ സൗഖ്യമാക്കും” യേശു അയാളെ സമാധാനിപ്പിച്ചു.
“അങ്ങയുടെ സാന്നിദ്ധ്യംകൊണ്ട് പവിത്രമാക്കാന്‍ തക്ക യോഗ്യത എന്റെ വീടിനില്ല. അവിടുത്തെ അതിഥിയായി സ്വീകരിക്കാനും ഞാന്‍ അര്‍ഹനല്ല. എന്നിരിക്കിലും, പ്രഭോ അങ്ങ് ഒരു വാക്കു കല്‍പ്പിച്ചാല്‍ എന്റെ മകന് സൗഖ്യം വരും” ശതാധിപന്‍ സവിനയം പറഞ്ഞു.
അയാള്‍ തുടര്‍ന്നു..“ഞാന്‍ ഉന്നതാധികാരമുള്ള ഒരു സൈനിക ഉദ്യോഗസ്ഥനാണ്. എന്റെ കീഴില്‍ പടയാളികളുണ്ട്. ഞാന്‍ കല്‍പ്പിക്കുന്നതെന്തും അവര്‍ അനുസരിക്കും.”
യേശുവിന് അതിശയം തോന്നി. പടനായകന് തന്നിലുള്ള വിശ്വാസം കണ്ട് നീ വിശ്വസിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ എന്ന് ആശംസിച്ചു. ആ നിമിഷത്തില്‍ അയാളുടെ മകന്റെ രോഗം മാറുകയും ആ ബാലന്‍ എഴുന്നേറ്റു നടക്കുകയും ചെയ്തു.
യേശുവിന്റെ ആതുരസേവ കഫര്‍ന്നഹൂമിയും, ഗലീലിയായിലെ മറ്റു സമീപ പ്രദേശങ്ങളിലും നാട്ടുകാര്‍ അിറഞ്ഞതോടെ അവര്‍ ഇളകിമറിഞ്ഞുവെന്നുതന്നെ പറയാം. അദ്ദേഹത്തിനെ ഒരു നോക്കുകാണാനോ, അങ്കവസ്ത്രത്തില്‍ തൊട്ട് സായൂജ്യമടയാനോ ആളുകള്‍ തിക്കും തിരക്കും കാണിച്ചു.
അന്നൊരു സാബത്ത് ദിവസമായിരുന്നു. സന്ധ്യകഴിഞ്ഞാണ് നാട്ടുകാരില്‍ ചിലര്‍ ബധിരനും, അന്ധനുമായ ഒരു മദ്ധ്യവയസകനെ യേശുവിന്റെ മുമ്പില്‍ കൊണ്ടുവന്നത്. അയാളുടെ ചുക്കിച്ചുളിഞ്ഞ മുഖവും മെല്ലിച്ച ശരീരവും കുറെശ്ശെ വിറയ്ക്കുന്നുണ്ടായിരുന്നു. ആ മനുഷ്യന്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നും ഒരു കുടുംബം പുലര്‍ത്തേണ്ട ചുമതല അയാള്‍ക്കുണ്ടെന്നും നാട്ടുകാര്‍ സവിനയം അറിയിച്ചു.
യേശു അയാളുടെ മുഖത്തേക്കു തന്നെ ഇമവെട്ടാതെ കുറച്ചു നേരം നോക്കി നിന്നു. അല്‍പ്പനേരം കഴിഞ്ഞ്,
നിന്റെ അന്ധതും ബധിരതയും മാറട്ടെ! എന്നു ദൃഢസ്വരത്തില്‍ പറഞ്ഞു.
അവിടെ കൂടിയിരുന്നവരെല്ലാം വിസ്മയിച്ചു. ആ സാധുമനുഷ്യന്‍ അയാളുടെ കാഴ്ചയും ശ്രവണശക്തിയും തിരിച്ചുകിട്ടി. എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടതെന്നറിയാതെ യേശുവിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിച്ച അയാളോട് “നിന്റെ ഹൃദയം ദൈവത്തിനുവേണ്ടി സമര്‍പ്പിക്കുക, നിനക്ക് നന്മവരട്ടെ!” എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു.
യേശുവിന്റെ സഭാപ്രവര്‍ത്തനം കാരഗൃഹത്തിലായിരുന്ന സ്‌നാപകജോണിന്റെ ചെവിയിലുമെത്തി. അക്കാലത്ത് ആന്റിപസിന്റെയും റോമന്‍ അധികാരികളുടെയും ചാരന്മാര്‍ എല്ലായിടത്തുമുണ്ടായിരുന്നു. അതുകൊണ്ട് സന്ദേശങ്ങള്‍ വളരെ വിശ്വസ്തരായവര്‍ മുഖാന്തിരമേ കൈമാറിയിരുന്നുള്ളൂ. ജോണിന്റെ അടുത്ത ശിഷ്യരില്‍ ചിലര്‍ യേശുവിനെ കണ്ട് വിവരം അറിയിച്ചു. ജനങ്ങളുടെ രക്ഷകനായി വരുന്നയാള്‍ യേശു തന്നെയോ, അതോ മറ്റൊരാളെ അവര്‍ കാത്തിരിക്കണോ?” ഇതിനുത്തരമായിരുന്നു ജോണിനറിയേണ്ടിയിരുന്നത്.
യേശു ഒരു ചെറിയ പ്രസംഗരൂപേണയാണിതിനു മറുപടി പറഞ്ഞത്. അന്ധര്‍ക്ക് കാഴ്ച ലഭിക്കുന്നു, മുടന്തര്‍ നടക്കുന്നു, ചെകിടര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, ദരിദ്രരില്‍ ദരിദ്രരായവരോട് സുവിശേഷം അറിയിക്കുന്നു. ഇങ്ങനെ നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും ജോണിനെ അറിയിക്കുക”.
അവര്‍ പോയശേഷം യേശു തന്റെ ശിഷ്യരോട് ചോദിച്ചു. നിങ്ങള്‍ എന്തുകാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റില്‍ ഉലയുന്ന ഇല കാണാനോ? അതോ നേരിയ (പട്ട്) വസ്ത്രം ധരിച്ച മനുഷ്യനെയോ? നേരിയ വസ്ത്രം ധരിക്കുന്നവര്‍ രാജകൊട്ടാരത്തിലാണ് താമസിക്കുന്നത്” അല്‍പ്പം നിര്‍ത്തിയിട്ട് വീണ്ടും തുടര്‍ന്നു:- “പ്രവാചകരിലും മഹത്വമുള്ള ഒരു പ്രവാചകനെ കാണാനോ എന്നു ചോദിച്ചാല്‍ ഞാന്‍ അതെയെന്നുപറയും. ദൈവദൂതനായി എനിക്ക് വഴികാട്ടിയായി വന്നവര്‍ ആയിരങ്ങളെ ജ്ഞാനസ്‌നാനം ചെയ്യിച്ച ജോണ്‍തന്നെ. ഇതുവരെ സ്ത്രീകളില്‍ ജനിച്ചവരില്‍ അയാളെക്കാള്‍ വലിയവന്‍ ആരുമില്ല. ഇത് സത്യം”.
സ്്‌നാപകജോണിനെ തടവിലാക്കിയ വിവരമറിഞ്ഞ് യേശു സങ്കടത്തിലായി. കുറേക്കാലമായി ജോണിനെ തടവിലാക്കാന്‍ ആന്റിപസ് രാജാവ് പദ്ധതിയിട്ടിരുന്നു. ജനരോഷം ഭയന്ന് ഇതുവരെ അക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നേയുള്ളൂ. യേശുവിനെത്തന്നെ തടവിലാക്കാന്‍ ആന്റിപസ് മടിക്കയില്ലെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് നസറത്തിലേക്ക് മടങ്ങി കുറച്ചുദിവസം അവിടെ താമസിക്കാന്‍ തീരുമാനിച്ചു.
കഫര്‍ന്നഹൂമില്‍ നിന്ന് നസറത്തിലേക്ക് ഞാനും യേശുവും മാത്രമാണ് പോയത്. ഒരു ദിവസത്തെ യാത്ര. നസറത്ത് ഒരു മലമ്പ്രദേശമായതുകൊണ്ട് യാത്ര ഞങ്ങളെ ക്ഷീണിപ്പിച്ചു. അന്തിവെയില്‍ മായുന്നതിനു മുമ്പുതന്നെ അവിടെയെത്തി. നാല്‍പ്പതോ അമ്പതോ വീടുകളുള്ള ഒരു ചെറിയ ഗ്രാമം. പ്രധാന നിരത്തില്‍ നിന്ന് വലത്തോട്ടു പോകുന്ന ഒരു നടപ്പാത ചെന്നവസാനിക്കുന്നിടത്താണ് യേശുവിന്റെ വീട്. അവിടെയുള്ളതില്‍ ഒരു കിണര്‍ . ഞങ്ങളവിടെ ചെന്നപ്പോള്‍ യേശുവിന്റെ മൂത്ത സഹോദരന്‍ ജയിംസ് ഒരു പണിക്കാരനോട് എന്തോ സംസാരിച്ചുകൊണ്ട് വീടിനു മുമ്പില്‍ തന്നെയുണ്ടായിരുന്നു. ഇരുവരും ആലിംഗനം ചെയ്തു സ്‌നേഹം പങ്കുവെച്ചു.
യേശുവും ഞാനും വീട്ടിനുള്ളിലേക്ക് കടന്നു. ഒരു ചെറിയ സ്വീകരണമുറി കഴിഞ്ഞ് ചെല്ലുന്ന അങ്കണത്തില്‍ വെച്ചാണ് ഞാന്‍ യേശുവിന്റെ അമ്മ മറിയത്തിനെ ആദ്യമായി കണ്ടത്. ശാലീനയായ ഒരു സ്ത്രീ. കരുണവഴിയുന്ന കണ്ണുകളും ചുണ്ടില്‍ വിടര്‍ന്ന മന്ദസ്മിതവുമായി അവര്‍ ഞങ്ങളെ സ്വീകരിച്ചു. വാര്‍ദ്ധക്യത്തിലേക്ക് കടന്നിരുന്നെങ്കിലും പ്രസരിപ്പുള്ള പെരുമാറ്റം. വാക്കുകളില്‍ ആത്മാര്‍ത്ഥതയും സ്‌നേഹവും പ്രകടമായിരുന്നു.
“ഇത് മഗ്ദലനിലെ മേരി, എന്റെ ഒരു ശിഷ്യ” ഇങ്ങനെയാണ് മറിയത്തിന് യേശു എന്നെ പരിചയപ്പെടുത്തിയത്. ഇതേപ്പറ്റി കൂടുതലൊന്നു അന്വേഷിച്ചില്ല.
“എന്റെ മകനേ നീ ഇപ്പോഴെങ്കിലും ഞങ്ങളെ വന്നു കണ്ടല്ലോ” എന്നുപറഞ്ഞത് അമ്മ മകനെ കെട്ടിപ്പിടിച്ചു. മൂര്‍ദ്ദാവില്‍ ചുംബിച്ചു. മകനെ കാണാതെ മാസങ്ങള്‍ കഴിഞ്ഞുപോയതില്‍ ആ അമ്മയ്ക്ക് വ്യസനമുണ്ടായിരുന്നെങ്കിലും അതു പുറമെ കാണിച്ചില്ല.
യേശുവിന്റെ അടുത്ത പരിപാടികളെക്കുറിച്ച് ജയിംസും മറ്റു സഹോദരന്മാരും പലതും ചോദിച്ചെങ്കിലും അക്കാര്യങ്ങളെല്ലാം പിന്നീട് സംസാരിക്കാമെന്നുപറഞ്ഞ് അദ്ദേഹം ഒഴിയുകയാണ് ചെയ്തത്.
നേരം വളരെ ഇരുട്ടിയിരുന്നു. അമ്മ ഞങ്ങള്‍ക്ക് വേണ്ടി പാകം ചെയ്ത യഹൂദരീതിയിലുള്ള ഭക്ഷണം കഴിച്ച് കിടക്കയെ ശരണം പ്രാപിച്ചു.
Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-12
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക