Image

ഹനുമാന്‌ ഒരു മകന്‍! 'മകരധ്വജന്‍.' ദൃശ്വവിസ്‌മയമെരുക്കി പ്രശാന്ത്‌ നാരായണന്‍

അനില്‍ പെണ്ണുക്കര Published on 03 September, 2014
ഹനുമാന്‌ ഒരു മകന്‍! 'മകരധ്വജന്‍.' ദൃശ്വവിസ്‌മയമെരുക്കി പ്രശാന്ത്‌ നാരായണന്‍
മലയാളത്തിന്റെ അതുല്യനടന്‍ മോഹന്‍ലാലിനെ നാടകനടനാക്കിയ അനുഗ്രഹീത സംവിധായകനാണ്‌ പ്രശാന്ത്‌ നാരായണന്‍. 'ഛായമുഖി' എന്ന നാടകത്തിലൂടെ പ്രണയത്തിന്റെ ആരും കാണാത്ത ഭാവങ്ങള്‍ അവതരിപ്പിച്ച പ്രശാന്ത്‌ നാരായണന്‍ നാടക ആസ്വാദകര്‍ക്ക്‌ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച്‌ വീണ്ടും കടന്നു വരുന്നു മകരധ്വജനിലൂടെ.

തുരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന മകരധ്വജന്റെ ആദ്യ അവതരണം തന്നെ വിസ്‌മയ ഭരിതമായിരുന്നു.

ഹനുമാന്‌ ഒരു മകനോ?
അതും നിത്യബ്രഹ്മചാരിയായ ഹനുമാനോ?
നാടകത്തിന്റെ അരങ്ങില്‍ മകരധ്വജനും ഹനുമാനും കാണികളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.
നിത്യ ബ്രഹ്മചാരിയായ ഹനുമാന്‌ താനറിയാതെ മകരി യെന്ന മത്സ്യകന്യകയില്‍ ജനിച്ച മകനാണ്‌ മകരധ്വജന്‍. അച്ഛനും മകനും ആദ്യമായി കണ്ടു മുട്ടുന്ന രംഗങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ മകരധ്വജന്റെ ഇതിവൃത്തം.

പുത്രസ്‌നേഹത്തിനും, കടമയ്‌ക്കും മുന്നില്‍ ആകുലനാകുന്ന ഹനുമാനെ ഈ നാടകത്തില്‍ നമുക്ക്‌ കാണാം. ഇന്നത്തെ തലമുറയുടെ പ്രതിപുരുഷനായി ഹനുമാന്‍ മാറുന്നു. ആദ്യമായി ഹനുമാന്‍ മകരധ്വജനെ കാണുന്നതുള്‍പ്പെടെയുള്ള സന്ദര്‍ഭം മുതല്‍ തുടര്‍ന്നുള്ള ഉജ്വല മഹൂര്‍ത്തങ്ങളും കാണികള്‍ അത്ഭുതത്തോടെയാണ്‌ കണ്ടത്‌.

മനോഹരമായ ദ്യശ്യസംവിധാനവും, ഗാനങ്ങളും ഈണങ്ങളുമൊരുക്കിയാണ്‌ മകരധ്വജന്‍ കാണികള്‍ക്ക്‌ മുന്‍പില്‍ എത്തിയത്‌. ഈ നാടകത്തിലെ ഓരോ കഥാപാത്രവും കാണികളുടെ മനസില്‍ കയറിക്കൂടി എന്നതാണ്‌ പരമാര്‍ത്ഥം.

ഹനുമാനായി പ്രശസ്‌ത തിയോറ്റര്‍ ആര്‍ട്ടിസ്‌റ്റ്‌ അജിത്‌ സിങ്‌ പാലാവത്തും, മകരധ്വജനായി അനൂപും, മകരിയായി ചലചിത്ര നടി പാര്‍വതി നമ്പ്യാരും അരങ്ങു തകര്‍ത്തു.

പ്രശാന്ത്‌ നാരായണന്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ച മകരധ്വജന്റെ ആദ്യ അവതരണത്തിന്‌ തിരിതെളിച്ചത്‌ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരാണ്‌. ഇന്‍ക്രിയേഷന്‍ പ്രാഡക്ഷന്‍ ഗ്രൂപ്പ്‌ അരങ്ങിലെത്തിക്കുന്ന മകരധ്വജന്‍ ഉടന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിലെത്തിക്കാനാണ്‌ പ്രശാന്ത്‌ നാരായണന്റെ ശ്രമം.
ഹനുമാന്‌ ഒരു മകന്‍! 'മകരധ്വജന്‍.' ദൃശ്വവിസ്‌മയമെരുക്കി പ്രശാന്ത്‌ നാരായണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക