Image

മായാത്ത `കട'പ്പാടുകള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 04 September, 2014
മായാത്ത `കട'പ്പാടുകള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും ഗ്രാമം തന്നേയും ഇപ്പോള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കയാണ്‌.. എഴുത്തുകാര്‍പോലും അതിനെ അവഗണിക്കുന്നു. ശ്രീ ചെറിയാന്‍ ചാരുവിളയില്‍ കുറേക്കാലം പ്രവാസിയായി കഴിഞ്ഞത്‌കൊണ്ടായിരിക്കാം അദ്ദേഹം ഗ്രഹാതുരത്വത്തോടെ ഗ്രാമ ജീവിതവും അവിടത്തെ കഷ്‌ടപ്പാട്‌നിറഞ്ഞ ജീവിതവും തന്റെ ആദ്യത്തെ നോവലിനു ഇതിവ്രുത്തമായിസ്വീകരിച്ചത്‌. നാട്ടില്‍നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഒരു കുടുംബത്തിനു ഇവിടത്തെ സാഹചര്യങ്ങള്‍ സ്രുഷ്‌ടിക്കുന്ന ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതും മക്കളുടെ പ്രവാസം കൊണ്ട്‌ നാട്ടില്‍ തനിച്ച്‌ കഴിയേണ്ടിവരുന്ന മാതാപിതാക്കളുടെ ദു:ഖവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ പ്രവാസികള്‍ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ കഴിയാതെ വലയുന്നത്‌ മാത്രമല്ല നാട്ടില്‍ കൂടെയുള്ളവര്‍പോലും അവരെ അവഗണിക്കുന്ന സത്യവും ശ്രീ ചെറിയാന്‍ വായനക്കാര്‍ക്ക്‌ വളരെബോദ്ധ്യപ്പെടും വിധം വിവരിക്കുന്നു. മക്കള്‍ക്ക്‌വേണ്ടിയുള്ള മാതാപിതാക്കളുടെ ത്യാഗത്തിനും സ്‌നേഹത്തിനും ഒരു കാലത്തും കുറവ്‌വരുന്നില്ല. എന്നാല്‍ മക്കള്‍ അവരുടെ കടമയും കര്‍ത്തവ്യങ്ങളും പലപ്പാഴും മറക്കുന്നതിനു കാലം സാക്ഷിയാകുന്നുണ്ട്‌. ഗ്രാമത്തില്‍മാത്രമല്ല ജീവിതത്തിന്റെ എല്ലാതുറകളിലും വിസ്‌മരിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ ദുശ്ശകുനങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു. നന്മയും ഈശര വിശ്വാസവും എപ്പോഴും കൈവിടാതെ ജീവിക്കുന്ന ശ്രീ ചെറിയാന്‍ ഈ സ്‌മസ്യകളിലേക്ക്‌ തന്റെ കലാപരമായ കഴിവ്‌ ഉപയോഗിക്കയാണ്‌.ഈ നോവലില്‍ ഉടനീളം അദ്ദേഹം ഊന്നല്‍ കൊടുക്കുന്നത്‌ ദൈവസ്‌നേഹത്തിന്റെ മഹത്വമാണ്‌. മാതപിതാക്കള്‍ ദൈവതുല്യരാണ്‌. അത്‌കൊണ്ട്‌ അവരെ ഈശ്വരനെ പോലെസ്‌നേഹിക്കുകയെന്ന സന്ദേശമാണ്‌. മനുഷ്യ സഹജമായ തെുറ്റുകളിലേക്ക്‌ വഴുതിവീണാലും പിടിച്ച്‌്‌ ഏണിക്കാന്‍ പാശ്‌ചാത്താപവും നന്മയുടെ വഴിയിലൂടെയുള്ള സഞ്ചാരവും സഹായകമാകുമെന്നും അതാണ്‌ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം ഓരോ കഥാപാത്രങ്ങളിലൂടേയും അറിയിക്കുന്നു.

ആധുനികതയുടെ യാന്ത്രികതയില്‍ മാനുഷികമൂല്യങ്ങള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌ അദ്ദേഹം കാണുന്നുണ്ട്‌. എന്താണു മനുഷ്യജീവിതം? അതിന്റെ ഉദ്ദേശ്യമെന്ത്‌? ഓരോ കൃതികളിലും അതിന്റെ രചയിതാക്കള്‍ അവരവരുടെ അറിവും പരിചയവുമുപയോഗിച്ച്‌ ഇതിനു ഉത്തരം കാണുന്നു. അതിനുവേണ്ടി കഥാപാത്രങ്ങളെ അവരുടെ ചുറ്റുപാടില്‍നിന്നും കണ്ടെത്തുന്നു. എഴുത്തുകാരന്റെ ആദര്‍ശങ്ങളും, സങ്കല്‍പ്പങ്ങളും അവര്‍ സൃഷ്‌ടിക്കുന്ന കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു. ശ്രീചെറിയാന്റെ രചനകളിലെല്ലാം നിറഞ്ഞ്‌ നില്‍ക്കുന്നത്‌ ഈശ്വരസ്‌നേഹമാണ്‌. ഈശ്വരന്റെ അനുഗ്രഹമാണ്‌. ഈ ലോകത്ത്‌ ആരും തന്നെ തിന്മയുടെ വഴിയിലൂടെ സഞ്ചരിച്ച്‌ ജീവിതം നരകത്തില്‍ കൊണ്ടെത്തിക്കരുതെന്ന്‌ അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെനാട്ടിന്‍പുറത്തിന്റെ ലളിതമായ ചുറ്റുപാടില്‍ ജീവിച്ചു പോന്ന ഒരു നിര്‍ദ്ധനകുടുംബത്തിന്റെ പശ്‌ചാത്തലത്തില്‍ നോവലിസ്‌റ്റ്‌ പറയുന്നു, `ശാന്തിതീരത്ത്‌' എന്ന്‌ പേരിട്ടിരിക്കുന്ന ഈ നോവല്‍ ആധുനിക നോവലുകളില്‍നിന്നും ആവിഷ്‌കാരത്തിലും അവതരണത്തിും വ്യത്യസ്‌ഥമാണു്‌. അല്ലെങ്കില്‍ തന്നെ നോവല്‍രചന എങ്ങനെവേണമെന്നത്‌്‌ നോവലിസ്‌റ്റിന്റെ ആവിഷക്കാരസ്വാതന്ത്ര്യമാണല്ലോ. എല്ലാവരും നോവല്‍രചനയുടെ എല്ലാ നിബന്ധനകളും പാലിച്ച്‌ എഴുതിയാലും അത്‌ ഒരു തികഞ്ഞനോവല്‍ ആകണമെന്നില്ല. ശ്രീ ചെറിയാന്‍ അദ്ദേഹത്തിനു പറയാനുള്ള കഥ അദ്ദേഹത്തിന്റേതായ രീതിയില്‍ ആവിഷ്‌കരിച്ചു. നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ തികവിനേക്കാള്‍ തന്റെ കഥ വായനക്കാരില്‍ എത്തണം, അവരില്‍ അത്‌സ്വാധീനം ചെലുത്തണമെന്ന്‌ നല്ല ഉദ്ദേശ്യമാണു അദ്ദേഹത്തിന്‌.

`ശരീരം കൃഷി ഭൂമിയാണ്‌. മനസ്സ്‌ കൃഷിക്കാരനും. പുണ്യപാപങ്ങളായ വിത്തുകള്‍ ! ഏതുവിത്തു വിതക്കുന്നുവോ അത്‌കൊയ്യാം.`(പുറം 141)''

മേല്‍പ്പറഞ്ഞ തത്വത്തെ ശ്രീചെറിയാന്‍ നോവലിന്റെ ഇതിവ്രുത്തത്തോട്‌ മുറുക്കിപിടിക്കുന്നു. യൗവ്വനാരംഭത്തില്‍ തോന്നുന്ന മതിഭ്രമത്തില്‍ ജീവിതം ഹോമിക്കപ്പെട്ടുപോകുമായിരുന്ന ഒരു കുമാരി ആത്മധൈര്യം കൈവരിച്ച്‌്‌ കര്‍ത്താവിന്റെ നിത്യമണവാട്ടിയായിനന്മയുടെ വഴി കണ്ടെത്തുന്നു. ദൈവത്തില്‍ ഉറച്ച്‌ വിശ്വസിച്ച്‌്‌ അദ്ദേഹവുമായി നിരന്തരം പ്രാര്‍ത്ഥനയിലൂടെ ബന്ധ്‌പ്പെട്ട്‌ താറുമാറായിപോകുമായിരുന്ന ഭര്‍ത്താവിന്റെ ജീവിതം വീണ്ടെടുക്കുന്ന കുലീനയായ ഭാര്യപ്രയാസങ്ങളെ എങ്ങനെനേരിട്ട്‌ ജയിക്കാമെന്ന്‌ കാണിച്ചു തരുന്നു.വേലക്കാരിയായെത്തുന്ന ഒരു സാധുപെണ്‍കുട്ടിവരെ ഹ്രുദയശുദ്ധിയോടെ സേവനമനുഷ്‌ഠിച്ച്‌ ദൈവീക തലം പൂണ്ടുനില്‍ക്കുന്നു. ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ മക്കളെ വളര്‍ത്തിയസ്‌നേഹമയിയായ ഒരമ്മ വാര്‍ദ്ധക്യകാലത്ത്‌ കൂടെയുള്ളമകന്റെ ധിക്കാരത്തിനും അഹങ്കാരത്തിനും ഇരയായി ഏകാന്തപഥികയാകുന്നെങ്കിലും അവരെ ശുശ്രൂഷിക്കാന്‍ മാലഖയെപോലെ വേലക്കാരിയായ പെണ്‍കുട്ടിയെത്തുന്നു. മാത്രുത്വത്തിന്റെമഹത്വം ജന്മം നല്‍കാത്ത മക്കള്‍ പോലും അവരെ സഹായിക്കാന്‍ എത്തുന്നു എന്നതാണു. ഈ ഒരു ലോകതത്വം ശ്രീചെറിയാന്‍ തന്റെനോവലിലൂടെ വ്യക്‌തമാക്കുന്നു.ജന്മം നല്‍കിയ മകന്‍ അവഗണിച്ചിട്ടും എവിടെനിന്നോ വന്ന ഒരു പെണ്‍കുട്ടി അവരെ സ്‌നേഹിക്കുന്നു.അവിടെ ഒരു ബന്ധം ഉടലെടുക്കുന്നു.മമതയുടെ മുലപ്പാല്‍ അവിടെ ചുരന്നു ഒഴുകുന്നു. അമ്മ നഷ്‌ടപ്പെടുമ്പോള്‍ എല്ലാം മനസ്സിലാക്കുന്ന മകന്‍ പാശ്‌ചാത്തപിച്ച്‌ അമ്മയുടെ ഓര്‍മ്മക്കായി ഒരു സ്‌നേഹസദനം സ്‌ഥാപിക്കാന്‍ ഒരുങ്ങുന്നു. അവിടെ സ്വന്തം മക്കള്‍ ഉപേക്ഷിച്ച നിര്‍ഭാഗ്യവാന്മാര്‍വരുന്നു.അവരെസ്‌നേഹത്തോടെ പരിചരിക്കുന്നത്‌ വേറെ ആരൊ ജന്മം കൊടുത്ത മക്കള്‍.മാതാപിതാക്കളെ ചില കാരണവശാല്‍ മക്കള്‍ ഉപേക്ഷിച്ചാലും മക്കളുടെ മനസ്സില്‍ മാതാപിതാക്കള്‍ എന്നുമുണ്ട്‌ എന്ന്‌ ശ്രീ ചെറിയാന്‍ ഈ സ്‌നേഹസദനം എന്ന സങ്കല്‍പ്പത്തിലൂടെ നമ്മെബോദ്ധ്യപ്പെടുത്തുന്നു. ശ്രീ ചെറിയാന്‍നന്മയുടേയും ദൈവകാരുണ്യത്തിന്റേയും പ്രവാചകനാണ്‌്‌. എല്ലാവര്‍ക്കും നന്മവരണമെന്ന ആവേശംകൊണ്ട്‌ നോവലില്‍ പലയിടത്തും യാദൃശ്‌ചിക സൗഭാഗ്യങ്ങളുടെ ഒരു നീണ്ടനിര അദ്ദേഹം സൃഷ്‌ടിച്ചിരിക്കുന്നത്‌ കാണാം. സുന്ദരിയായ പെണ്‍കുട്ടിയെ അമേരിക്കകാരന്‍ വിവാഹം കഴിക്കുന്നു, ഒരാള്‍ ഐ.എ.എസ്‌നേടുന്നു. ഒരാള്‍ക്ക്‌ ലോട്ടറിയടിക്കുന്നു അങ്ങനെപോകുന്നു കഥാപാത്രങ്ങളെരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ത്വര.

ഇന്ന്‌സമൂഹത്തെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണു ആലംബമില്ലാത്ത വാര്‍ദ്ധക്യകാല ജീവിതം.മാതാപിതാക്കളോട്‌ സ്‌നേഹമുള്ള മക്കള്‍ പണിതുയര്‍ത്തുന്ന സ്‌നേഹസദനങ്ങള്‍ അതിനുപരിഹാരമാകുമെന്ന ഒരു സന്ദേശം ഈ നോവല്‍പകരുന്നു. മക്കളുടെ കടപ്പാടുകളുടെ മായാത്ത പാടുമായി അത്തരം സ്‌നേഹസദനങ്ങള്‍ നിലനില്‍ക്കും.ജീവിതായോധനത്തിന്റെ പരിമിതികളില്‍ നിസ്സഹായരാകുന്ന മക്കള്‍ക്കും ഇത്‌ അനുഗ്രഹമാണ്‌.

ശ്രീ ചെറിയാന്‍ ചാരുവിളയില്‍ എന്ന വ്യക്‌തിക്ക്‌ സാഹിത്യസപര്യ ഒരു ഹരമാണു്‌. അഭിലഷണീയമായ ആ സാഹിത്യാഭിനിവേശത്തെപ്രായം ഒരിക്കലും ബാധിക്കുന്നില്ല. ഇനിയും നല്ല നല്ല രചനകളിലൂടെ സമൂഹത്തിനും വ്യക്‌തികള്‍ക്കും നന്മപകരാന്‍ അദ്ദേഹത്തിന്റെ തൂലികയിലെ മഷിവറ്റാതിരിക്കട്ടെ. ശ്രീ ചെറിയാന്‍ സാറിനു ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ഈ വരികള്‍ ഉപസംഹരിക്കുന്നു.

ശുഭം

മായാത്ത `കട'പ്പാടുകള്‍ (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Truth man 2014-09-05 18:02:52
I would like to get this novel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക